ADVERTISEMENT

രണ്ടു വഴികൾ. ഒന്ന്, എല്ലാവരും സഞ്ചരിക്കുന്ന, സുഖകരമായ വഴി. രണ്ടാമത്തേത്, അധികമാരും സഞ്ചരിക്കാത്ത, കഷ്ടപ്പെട്ടു മുന്നോട്ടു പോകേണ്ട, ലക്ഷ്യത്തിലെത്തുമോ എന്ന് ഉറപ്പില്ലാത്തത്. ജീവിതം പ്രയാസങ്ങളിലൂടെ കടന്നു പോകുന്ന സമയത്തും ഒരാൾ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു. ആ വഴിയിലൂടെ താന്‍ സഞ്ചരിക്കുമ്പോൾ മറ്റാരും വേദനിക്കില്ല എന്ന ബോധ്യമായിരുന്നു അതിനയാളെ പ്രേരിപ്പിച്ചത്. മറ്റുള്ളവരുടെ നിറത്തെയും ശരീരഘടനയെയും പരിഹസിച്ച്, അവയെ തമാശകളെന്ന് ആസ്വദിക്കുന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തി, മുന്നോട്ടു പോയിക്കൊണ്ടിരുന്ന ലോകത്തിനു മുന്നിലൂടെയാണ് വേറിട്ട വഴിയിലൂടെ അയാൾ നടന്നത്. അയാളാണു ശ്രീകാന്ത് വെട്ടിയാർ, മലയാളികളുടെ പ്രിയപ്പെട്ട വെട്ടിയാർ ജി.

ശ്രീകാന്തിന്റെ ഹാസ്യ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഹാസ്യത്തിൽ പൊളിറ്റിക്കല്‍ കറക്ട്നസ് എന്നത് പരിധിയല്ല, ഒരു കടമയാണെന്ന് ആ വിഡിയോകൾ വ്യക്തമാക്കുന്നു. മാത്രമല്ല, സർഗാത്മകതയുണ്ടെങ്കിൽ അതിനെയൊരു സാധ്യതയാക്കി മാറ്റാമെന്നും വെട്ടിയാർ ജി തെളിയിച്ചു. ശ്രീകാന്ത് വെട്ടിയാർ മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു.

∙ പൊളിറ്റിക്കൽ കറക്ട്നസ്സോടെ കോമഡി അവതരിപ്പിക്കുന്നയാൾ എന്നാണു ശ്രീകാന്തിനെ പലരും വിശേഷിപ്പിക്കുന്നത്. ഈ സമീപനത്തിന്റെ കാരണം ?

ചെറുപ്പം മുതലേ തമാശകള്‍ കേൾക്കാനും പറയാനും ഇഷ്ടമായിരുന്നു. പക്ഷേ പല തമാശകളും അധിക്ഷേപങ്ങളാണ് എന്ന തിരിച്ചറിവ് പിന്നീടുണ്ടായി. അങ്ങനെയുള്ള തമാശകള്‍ നമ്മൾ കേൾക്കുന്നു, പറയുന്നു, അതു തന്നെ വീണ്ടും തുടരുന്നു. ഞാൻ ചെയ്യുമ്പോൾ അങ്ങനെ ആകരുത് എന്ന നിർബന്ധം ഉണ്ടായിരുന്നു. ഐസിയു (ഇന്റർനാഷനൽ ചളു യൂണിയൻ) എന്ന ട്രോൾ പേജിലാണ് എന്റെ വിഡിയോകൾ ആദ്യം വരുന്നത്. വംശീയത, ബോഡി ഷെയിമിങ് എന്നിവ പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാട് ആ പേജിനുണ്ട്. അതും കോമഡി ശ്രദ്ധയോടെ ചെയ്യാൻ കാരണമായി.

sreekanth-vettiyar-3

∙ ഹാസ്യ പരിപാടികൾക്ക് ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ലല്ലോ ?

ഇല്ല. ഇപ്പോഴും നിറവും രൂപവുമൊക്കെ പരിഹസിക്കുന്ന പരിപാടികൾ ധാരാളമായുണ്ട്. മാറ്റത്തിന് സമയം എടുക്കും. എന്തായാലും ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകൾ നടക്കുന്നുണ്ട് എന്നത് സന്തോഷവും പ്രതീക്ഷയും നൽകുന്നു. ക്ലബ്ഹൗസിലൊക്കെ മികച്ച ചർച്ചകൾ നടക്കുന്നുണ്ട്. ചില യുട്യൂബർമാരും ഈ പ്രശ്നം സജീവമാക്കി നിർത്തുന്നു. പ്രശ്നം തിരിച്ചറിഞ്ഞാൽ മാത്രമല്ലേ പരിഹാരവും ഉണ്ടാകൂ. 

∙ അധിക്ഷേപ ഹാസ്യം ചെയ്യുന്നത് എളുപ്പമാണോ ? അതാണോ ശൈലിക്ക് മാറ്റം വരാത്തതിനു കാരണം ?

ഇത്തരം അധിക്ഷേപങ്ങൾ കോമഡിയാണ് എന്ന ചിന്ത സമൂഹത്തിൽ ഉറച്ചു പോയിട്ടുണ്ട്. ഇത്തരം തമാശകളാൽ ബുദ്ധിമുട്ടുന്നവർ ചുറ്റിലുമുണ്ടെന്ന് പലരും അറിയുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം സാധാരണ തമാശ മാത്രമാണ്. ഈയൊരു സാമൂഹിക സാഹചര്യത്തിൽ അധിക്ഷേപിച്ച് ഹാസ്യം ചെയ്യുന്നതാണ് എളുപ്പമെന്ന തോന്നൽ പലർക്കുമുണ്ടാകുന്നു.

∙ ഹാസ്യത്തിൽ പൊളിറ്റിക്കൽ കറക്ട്നസ് വേണ്ട, വിമർശനങ്ങൾ കലാകാരന്മാരെ / കലാകാരികളെ തകർക്കും എന്നു വാദിക്കുന്നുവരുണ്ട് ?

ഞാന്‍ ചാനലിൽ ഹാസ്യ പരിപാടിയുടെ കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരം അധിക്ഷേപങ്ങളൊന്നുമില്ലാതെ തമാശ ഉണ്ടാക്കാൻ പറ്റില്ല എന്നു ചിന്തിക്കുന്നവരെ നമുക്ക് കാണാനാവും. അതൊരു തോന്നൽ മാത്രമാണ്. ഏതു സ്കിറ്റ് എടുത്താലും അതിൽ രസകരമായ, നിരുപദ്രവകരമായ തമാശകൾ ഉണ്ടാവും. കുറച്ച് കഷ്ടപ്പെട്ടാൽ അത്തരം നിരവധി തമാശകൾ ഉണ്ടാക്കാൻ സാധിക്കും. പക്ഷേ അതിന്റെ സാധ്യതകളെ ഉപയോഗിക്കാൻ ശ്രമിക്കുന്നില്ലെന്നു മാത്രം. 

സ്കിറ്റ് അവതരിപ്പിക്കുന്ന ആർട്ടിസ്റ്റുകളാണ് കൂടുതൽ വിമർശനം നേരിടേണ്ടി വരുന്നത്. എന്നാൽ ആരെങ്കിലും എഴുതിക്കൊടുത്തത് അവതരിപ്പിക്കുന്നവർ മാത്രമായിരിക്കും അവർ. ഇനി, അതു തെറ്റാണെന്ന് അറിഞ്ഞാലും തിരുത്തണമെന്നു പറയാൻ അവർക്കു സാധിക്കണമെന്നില്ല. കാരണം ആ പരിപാടിയുടെ വരുമാനം കൊണ്ടാകും അവർ ജീവിക്കുന്നത്. തെറ്റായ കാര്യങ്ങൾ ഒഴിവാക്കാൻ എഴുതുന്നവരും ഡയറക്ടർമാരും ശ്രദ്ധിക്കണമല്ലോ. ഒരു കൂട്ടായ ശ്രമത്തിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ. കലാകാരന്മാരുടെ ജീവിതം പ്രധാനമാണ്. അതുപോലെ പൊതുബോധത്തിൽ ഇരകളാക്കപ്പെടുന്നവരുടെ ജീവിതത്തിനും വിലയുണ്ടല്ലോ.

∙ വിഡിയോ ചെയ്യുമ്പോള്‍ നേരിടുന്ന വെല്ലുവിളികൾ ?

ഞാൻ ചെയ്യുന്നത് വളരെ ഗംഭീര കോമഡിയാണ് എന്നൊന്നും അവകാശപ്പെടുന്നില്ല. കാണാം, കാണാതിരിക്കാം. ചിരിക്കാം, ചിരിക്കാതിരിക്കാം. അതൊക്കെ ആളുകളുടെ ഇഷ്ടം. അതെന്തായാലും പ്രശ്നമല്ല. ആർക്കും ഉപദ്രവമോ വേദനയോ ഉണ്ടാകരുത് എന്നതിനാണ് പ്രധാന പരിഗണന. അതുറപ്പാക്കാൻ ശ്രദ്ധ വേണം. അതിനാൽ നന്നായി ആലോചിച്ചും മറ്റുള്ളവരോട് സംശയങ്ങൾ ചോദിച്ചും മാധ്യമങ്ങളിലൂടെ ലഭിക്കുന്ന അറിവ് ഉപയോഗിച്ചുമൊക്കെയാണ് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നത്. 

∙ എങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകില്ലേ ?

തീർച്ചയായും ഉണ്ടാകും. ഞാൻ എല്ലാം തികഞ്ഞ, പൂർണമായും പൊളിറ്റിക്കലി കറക്ട് ആയ ആളല്ല. കൂടാതെ ഇന്നത്തെ ശരികൾ നാളെയും ശരികളായി തുടരണമെന്നില്ല. ഇപ്പോൾ നിരുപദ്രവകരമായ തമാശ നാളെ ഉപദ്രവകരമായി മാറാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, എന്റെ തെറ്റ് തിരിച്ചറിഞ്ഞാൽ പിന്നീട് അത് ആവർത്തിക്കില്ലെന്ന് ഉറപ്പാണ്. അതാണ് എനിക്ക് ചെയ്യാനാകുന്ന കാര്യം. തെറ്റുകൾ തിരുത്തിയാണ് മുന്നോട്ടു പോകുന്നത്. 

sreekanth-vettiyar-4

∙ ചെയ്തതിൽ പ്രിയപ്പെട്ട വിഡിയോ ?

വീണ്ടും ചില രാഷ്ട്രീയ വിശേഷങ്ങൾ എന്ന പേരിലൊരു വിഡിയോ ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടില ചിഹ്നത്തിനു വേണ്ടി ജോസ് കെ. മാണി സാറും പി.ജെ ജോസഫ് സാറും തമ്മിൽ നിയമപോരാട്ടം നടന്നിരുന്നല്ലോ. ആ സാഹചര്യത്തിലാണ് വിഡിയോ ചെയ്യുന്നത്. അധികം വ്യൂസ് ഒന്നും ലഭിച്ചില്ല. പക്ഷേ എനിക്ക് വളരെ സംതൃപ്തി നൽകിയ വിഡിയോ ആണത്.

കെജിഎഫ് സിനിമയുടെ സ്പൂഫ് ആണു കൂടുതൽ ശ്രദ്ധിക്കപ്പെട്ട വിഡിയോ. അതു ചെയ്ത കഥ വളരെ രസകരമാണ്. ആ സമയത്ത് ഞാൻ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ. സ്ക്രിപ്റ്റും ക്യാമറയും റെഡി. പക്ഷേ സഹായിക്കാൻ ആളില്ല. ഞാൻ അഭിനയിക്കുന്ന സമയത്ത് ക്യാമറ ഓൺ ചെയ്യാന്‍ ഒരാൾ വേണമല്ലോ. കൂട്ടുകാർക്ക് ജോലിക്കു പോകണം. രാവിലെ ഏതെങ്കിലും ഒരു കൂട്ടുകാരനെ കൊണ്ടു വന്ന് കുറച്ച് രംഗങ്ങൾ ഷൂട്ട് ചെയ്യും. രാവിലെ 10 മണി വരെയേ അവർ ഉണ്ടാകൂ. അതിലൊരു ബൺ നിലത്ത് നിന്നെടുക്കുന്ന സീൻ ഉണ്ട്. ആ സീനിൽ അഭിനയിക്കാൻ ഒരു കുട്ടിയെ കൊണ്ടു വന്നു. ക്യാമറ ഫോക്കസ് ചെയ്ത് സെറ്റ് ആക്കി വച്ചു. പക്ഷേ അത് ഓൺ ചെയ്യാൻ ആരുമില്ല. പിന്നെ അവിടെ പശുവിന് പുല്ലു വെട്ടാന്‍ വന്ന ഒരു ചേട്ടനോട് പറഞ്ഞാണ് സംഭവം സെറ്റ് ആക്കിയത്. പുള്ളിക്കാണെങ്കിൽ കുറച്ചു കഴിഞ്ഞപ്പോൾ ദേഷ്യം വന്നു. അങ്ങനെയൊക്കെയാണ് കെജിഎഫ് സ്പൂഫ് ചെയ്തത്. ടെക്നിക്കലി മികച്ചതല്ലെങ്കിലും ആ വിഡിയോയ്ക്ക് നല്ല സ്വീകരണം ലഭിച്ചു.

∙ കണ്ടന്റ് ക്രിയേഷൻ ആണോ വരുമാന മാർഗം ?

അതെ. പ്രവാസിയായിരുന്നു. കലയുടെ വഴിയേ സഞ്ചരിക്കാൻ അതെല്ലാം അവസാനിപ്പിച്ച് തിരിച്ചു വന്നു. പലതും പയറ്റി ഇപ്പോൾ ഇവിടെ എത്തിനിൽക്കുന്നു. യുട്യൂബ് ആണിപ്പോൾ വരുമാന മാർഗം. ഒരുപാട് വ്യൂസ് ഒന്നുമില്ല. അതുകൊണ്ട് വലിയ വരുമാനവും ഇല്ല. എങ്കിലും ഞങ്ങള്‍ക്ക് ജീവിച്ചു പോകാനാവും. പിന്നെ എന്റെ സംതൃപ്തിയാണ് ഇവിടെ പ്രധാനം. അതാണ് മുന്നോട്ടു പോകാനുള്ള ഊർജം. നാളെ എന്തു വിഡിയോ ചെയ്യും, എങ്ങനെ ചെയ്യും എന്നൊക്കെ ആലോചിച്ചാണ് രാത്രി കിടക്കുക. ആ ആവേശത്തിലാണ് ഉണരുക. വിഡിയോ കണ്ട് ആളുകൾ നന്നായി എന്നൊക്കെ പറയുമ്പോൾ സന്തോഷം തോന്നും.

∙ കണ്ടന്റ് ക്രിയേഷനിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ആരെങ്കിലും കളിയാക്കുമോ, എനിക്ക് സാധിക്കുമോ എന്നൊന്നും ചിന്തിച്ച് പുറകോട്ട് പോകരുത്. ടെക്നിക്കലി മികച്ചതാവണം, പക്ഷേ അതിനേക്കാൾ പ്രാധാന്യം ആശയത്തിനാണ് എന്ന് എന്റെ അനുഭവം വ്യക്തമാക്കുന്നു. ഏതൊരു മേഖലയിലുമെന്ന പോലെ നമ്മൾ ആസ്വദിച്ചാലേ കണ്ടന്റ് ക്രിയേഷനിലും പിടിച്ചു നിൽക്കാനാകൂ. 

sreekanth-vettiyar-2

ഏതൊരു സാഹചര്യത്തിലായാലും സ്ഥിരമായി കണ്ടന്റ് ചെയ്യണം. ഞാൻ മൊബൈലിലാണ് വിഡിയോ ചെയ്യുന്നത്. ചിലപ്പോഴൊക്കെ ഒരു സുഹൃത്തിന്റെ ക്യാമറ ഉപയോഗിക്കും. എഡിറ്റ് ചെയ്യുന്നത് മറ്റൊരു സുഹൃത്താണ്. അവരാരും പ്രഫഷനലുകളല്ല. സ്വയം പഠിച്ചെടുത്തു ചെയ്യുന്നതാണ്. അവർക്കെല്ലാം വേറേ ജോലികളുണ്ട്. അതിനിടയിൽ സമയം കണ്ടെത്തിയാണ് ഇതെല്ലാം ചെയ്യുന്നത്. അതിനു സാധിക്കുന്നത് ചെയ്യുന്ന കാര്യത്തോട് നമുക്ക് അത്രയേറെ ഇഷ്ടമുള്ളതു കൊണ്ടാണ്.

പ്രവാസിയായിരുന്ന സമയത്ത് ജോലി എങ്ങനെയെങ്കിലും തീർത്തു റൂമിൽ എത്താനായിരുന്നു ശ്രമം. നമുക്ക് ജോലിയോട് ഒരു ആവേശം വേണമെന്നും എങ്കിലേ ജീവിതത്തിൽ വളരാനാകൂ എന്നും മുതലാളി പറയുമായിരുന്നു. വിസിറ്റിങ് വീസയിൽ വന്നിട്ട് ബിസിനസ്സുകാരനായ കഥയും അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കാനായി പറയുമായിരുന്നു. അന്നൊന്നും എനിക്ക് അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായിരുന്നില്ല. എന്നാൽ ഇപ്പോഴങ്ങനെയല്ല. വിഡിയോ ചെയ്തു കഴിഞ്ഞാൽ, അതെപ്പോൾ എഡിറ്റ് ചെയ്യും, പബ്ലിഷ് ചെയ്യും, എന്തെങ്കിലും മാറ്റങ്ങൾ വേണോ എന്നീ കാര്യങ്ങൾ ആലോചിച്ചിരിക്കും. അന്ന് അദ്ദേഹം പറഞ്ഞത് എന്താണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.

പ്രേക്ഷകരോട് കണക്ട് ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. അവരുമായി ബന്ധപ്പെടുന്നതോ അടുത്തു നിൽക്കുന്നതോ ആയ കാര്യങ്ങളാണ് നമ്മൾ നൽകേണ്ടത്. എന്റെ കാര്യത്തിൽ സിനിമയാണ് ഇതിന് ഉപയോഗിക്കുന്ന ഒരു മീഡിയം. സിനിമാ ഡയലോഗുകൾ, കഥാപാത്രങ്ങൾ എന്നിവ വിഡിയോയിൽ ഉപയോഗിക്കും. അതുപോലെ നമ്മുടെ ജീവിതത്തിലും ചുറ്റിലുമുണ്ടാകുന്ന രസകരമായ കാര്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്താറുണ്ട്. ഒരു ദിവസം ചക്കയിടാൻ പോയപ്പോഴാണ് ഒരു ആശയം തോന്നിയത്. അപ്പോൾത്തന്നെ വിഡിയോ ചെയ്തു. കണ്ടന്റ് ക്രിയേറ്റ് ചെയ്യാൻ എപ്പോഴും തയാറായിരിക്കുക. എത്ര ചെറിയ ആശയമാണെങ്കിലും മനോഹരമായി അവതരിപ്പിക്കാൻ ശ്രമിക്കുക എന്നതും പ്രധാനമാണ്. നമ്മുടെ വ്യൂവേഴ്സിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. സമൂഹത്തിന് ദോഷമാകാത്ത കണ്ടന്റുകൾ ചെയ്യുക എന്നത് ഒരോ കണ്ടന്റ് ക്രിയേറ്ററുടെയും കടമയാണെന്നു ഞാൻ വിശ്വസിക്കുന്നു

∙ ഭാവി പ്രതീക്ഷകൾ

നല്ല ഒരു കഥ ഉണ്ടാക്കി നമ്മുടെ സ്റ്റൈലിൽ ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. അഭിനയിക്കാൻ ചെറിയ ചെറിയ അവസരങ്ങൾ ലഭിക്കുന്നുണ്ട്. സൂപ്പർ ശരണ്യ എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു. എന്നാണ് റിലീസ് ആകുകയെന്ന് ഇപ്പോൾ പറയാനാകില്ല. ഇങ്ങനെയൊക്കെ അങ്ങു പോയാൽ മതി. ബാക്കി വരുന്നിടത്തു വച്ച് കാണാം.

∙ കുടുംബം 

ആലപ്പുഴ ജില്ലയിലെ വെട്ടിയാർ ആണ് സ്വദേശം. ഞാനും അമ്മ ശോഭനയുമാണ് വീട്ടിലുള്ളത്. ചേച്ചിയുണ്ട്, വിവാഹിതയാണ്.

English Summary : Sreekanth Vettiyar exclusive interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com