‘അയ്യേ, ഇവനെന്താ ഇങ്ങനെ?’ പരിഹസിച്ചവർക്ക് വിജയം കൊണ്ട് ജോയുടെ മറുപടി

HIGHLIGHTS
  • എന്തിനാണ് എന്നിലെ പൗരുഷവും സ്ത്രൈണതയും മറ്റുള്ളവർ അളന്നിരുന്നതെന്ന് എനിക്കറിയില്ല
  • അവരും ജീവിക്കട്ടെ എന്നു ചിന്തിക്കാൻ എല്ലാവരും തയാറായാൽ തീരുന്ന പ്രശ്നം മാത്രമാണിത്
celebrity-make-up-artist-jo-adoor-inspirational-life-story
SHARE

‘‘തൊഴിൽമേഖലയിൽ മികച്ച രീതിയിൽ പ്രവര്‍ത്തിക്കാനായി. ചെയ്ത വർക്കുകൾ ശ്രദ്ധിക്കപ്പെട്ടു, അഭിനന്ദനങ്ങൾ തേടിയെത്തി. എന്നിട്ടും പലർക്കും അറിയേണ്ടത് ഞാൻ ഗേ ആണോ എന്നാണ്. ഈ ലോകം എന്താണിങ്ങനെ?’’ – പ്രശസ്ത മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരിന്റെ ഈ വാക്കുകളിൽ നിരാശയുണ്ട്. പക്ഷേ ആ നിരാശ അയാളെ കീഴടക്കുന്നില്ല. കാരണം  പോരാടി ജയിച്ചവന്റെ ആത്മവിശ്വാസമാണ് ജോയെ നയിക്കുന്നത്. ഓർമവച്ച കാലം മുതൽ  വേട്ടയാടിയ പൊതുബോധത്തിനു മുന്നിൽ അയാൾ ഇന്ന് തല ഉയർത്തി നിൽക്കുന്നു. എന്നിട്ടും പരിഹാസം അവസാനിക്കുന്നില്ല. അതിൽ അയാൾക്ക് അദ്ഭുതമുണ്ട്. പക്ഷേ അയാളെ തോൽപിക്കാനുള്ള കരുത്ത് അതിനില്ല. 

പത്തനംതിട്ടയിലെ അടൂരിൽ കുഞ്ഞൂഞ്ഞ്–അന്നാമ്മ ദമ്പതികളുടെ മക്കളിൽ നാലാമനായി ജനിച്ച ജോ ചെറുപ്പം മുതൽ കേൾക്കുന്നതാണ് പരിഹാസം. സ്ത്രൈണത കൂടുതലുള്ള, നൃത്തം ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന ആ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ‘‘അയ്യേ, ഇവനെന്താ ഇങ്ങനെ’ എന്നു ചോദിച്ചും പല പേരുകൾ വിളിച്ചും പരിഹസിച്ചു. ഇവനെ ഒന്നിനും കൊള്ളില്ല എന്ന് അവർ പ്രഖ്യാപിച്ചു. തല്ലി ശരിയാക്കണമെന്ന് മാതാപിതാക്കളെ ഉപദേശിച്ചു. ‘എന്തിനാണ് എന്നിലെ പൗരുഷവും സ്ത്രൈണതയും മറ്റുള്ളവർ അളന്നിരുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ അങ്ങനെയാണു ജനിച്ചത്. അത് എന്റെ തെറ്റാണോ? എന്നെ പരിഹസിക്കാൻ അതൊരു കാരണമാണോ?’’ –ജോ ചോദിക്കുന്നു.

make-up-artist-jo-adoor-8

പ്ലസ് ടു പൂർത്തിയാക്കിയ ജോ ബെംഗളൂരുവിൽ നഴ്സിങ്ങിനു ചേർന്നു. അതിയായ ആഗ്രഹത്തോടെയാണു കരിയർ തിരഞ്ഞെടുത്തതെങ്കിലും കയ്പേറിയ അനുഭവങ്ങളാണ് കാത്തിരുന്നത്. ജോലിക്കു ചേർന്നപ്പോൾ 3500 രൂപയായിരുന്നു ശമ്പളം. താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവു കഴിഞ്ഞ് ഒന്നും ബാക്കി കാണില്ല. വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടവ് മുടങ്ങി. മെയിൽ നഴ്‌സുമാര്‍ക്കു ജോലി നൽകാൻ പല ആശുപത്രികളും തയാറാകുന്നില്ല എന്നതും പ്രതിസന്ധി രൂക്ഷമാക്കി. വീസയ്ക്കു വേണ്ട പണം കണ്ടെത്താനാവാത്തതിനാൽ വിദേശത്തേക്കു പോകാനുള്ള ശ്രമങ്ങളും വിജയിച്ചില്ല. ഇതിനിടയിൽ പാർട് ടൈം ആയി ബ്യൂട്ടിഷൻ കോഴ്സ് ചെയ്തു. ചെറുപ്പം മുതൽ മേക്കപ്പിനോടുള്ള താൽപര്യം ആയിരുന്നു പ്രചോദനം. യുട്യൂബില്‍ നോക്കി മേക്കപ് രീതികൾ മനസ്സിലാക്കുന്നതായിരുന്നു ജോയുടെ ഒഴിവു സമയങ്ങളിലെ വിനോദം. ബ്യൂട്ടീഷൻ കോഴ്സ് കഴിഞ്ഞതോടെ ഈ മേഖലയിൽ ശ്രമം നടത്തിയാലോ എന്നായി ചിന്ത. അങ്ങനെ ഒരു സുഹൃത്തു വഴി സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് അവിനാഷ് േചത്തിയയെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആകുകയും ചെയ്തു.

make-up-artist-jo-adoor-4

ബ്യൂട്ടീഷൻ മേഖലയിലേക്കുള്ള മാറ്റം ജോയുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. നഴ്സിങ് പഠിച്ച മകൻ മേക്കപ് ആർട്ടിസ്റ്റ് ആകുന്നത് ഉൾക്കൊള്ളാൻ മാതാപിതാക്കൾക്കായില്ല. എന്നാൽ അതിനേക്കാൾ ബുദ്ധിമുട്ട് നേരിട്ടത് നാട്ടുകാരിൽ നിന്നായിരുന്നു. ‘‘ജോലി ഇല്ലാതെ നിന്നപ്പോൾ, പണിക്ക് പോകാതെ വെറുതെ നടക്കുന്നവൻ എന്നായിരുന്നു പരിഹാസം. മേക്കപ് ആർട്ടിസ്റ്റ് ആയപ്പോൾ, അയ്യേ നാണം കെട്ടവൻ’ എന്നായി. എന്നെ കൂടുതൽ പരിഹസിക്കാൻ കിട്ടിയ അവസരമായാണു നാട്ടുകാർ ഇതിനെ കണ്ടത്. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ മേക്കപ് ആർട്ടിസ്റ്റ് ആകുക എന്നത് എന്തോ കുറ്റം പോലെ ആയിരുന്നു. നാളെ മുതൽ ഇവൻ സാരി ധരിക്കും. മേക്കപ്പിട്ടേ പുറത്തിറങ്ങൂ, ഓപ്പറേഷൻ ചെയ്ത് ട്രാൻസ്ജെൻഡർ ആകും.... അങ്ങനെ പ്രവചിച്ചും കഥകള്‍ മെനഞ്ഞും പരമാവധി പരിഹസിച്ചും അവർ ആനന്ദം കണ്ടെത്തി’’

make-up-artist-jo-adoor-6

കാവ്യാ മാധവന്റെ ഫാഷൻ ബ്രാൻഡ് ലക്ഷ്യയുടെ ഉദ്ഘാടനമായിരുന്നു അവിനാഷിനൊപ്പം ജോ ചെയ്ത് ആദ്യത്തെ വർക്. അന്ന് മലയാള സിനിമയിലെ പല താരങ്ങളെയും കാണാനും ഒപ്പം നിന്നു ഫോട്ടോ എടുക്കാനും സാധിച്ചു. ഏറെ സന്തോഷത്തോടെ അതു കാണിച്ചു കൊടുത്തപ്പോഴും ബന്ധുക്കളും നാട്ടുകാരും പരിഹസിച്ചു. ഈ ഫോട്ടോകൾ തല വെട്ടി ഒട്ടിച്ചതാണ് എന്നായിരുന്നു അവരുടെ വാദം. ഇവനെപ്പോലെ ഒരുത്തനെ സിനിമാക്കാർ അടുപ്പിക്കില്ലെന്നും പറഞ്ഞു. എത്ര കഴിവ് പ്രകടിപ്പിച്ചാലും തന്നിലുള്ള സ്ത്രൈണതയിൽ മാത്രമാണ് ചുറ്റുമുള്ളവരുടെ ശ്രദ്ധയെന്ന് ഒരു ഞെട്ടലോടെ ജോ തിരിച്ചറിഞ്ഞു. 

make-up-artist-jo-adoor-2

മേക്കപ്പിന്റെ പാഠങ്ങൾക്കൊപ്പം മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, എന്തൊക്കെ ശ്രദ്ധിക്കണം, വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നവരെ എങ്ങനെ നേരിടണം എന്നു തുടങ്ങി പലതും അവിനാഷിൽനിന്നു പഠിച്ചു. അദ്ദേഹത്തിന്റെ എട്ടു മാസത്തെ ശിക്ഷണത്തിനുശേഷം ജോ സ്വതന്ത്ര മേക്കപ് ആർട്ടിസ്റ്റായി. തുടക്കത്തിൽ ചെറിയ പ്രതിസന്ധികൾ നേരിട്ടെങ്കിലും വാശിയോടെ മുന്നോട്ടു പോകാനായിരുന്നു തീരുമാനം. വനിത മാഗസിന്റെ കവർ ചിത്രങ്ങള്‍ക്കു വേണ്ടി വർക്ക് ചെയ്യാൻ അവസരം ലഭിച്ചത് വഴിത്തിരിവായി. നടിമാരായ രമ്യ നമ്പീശന്‍, എസ്തർ അനിൽ, അപർണ ബാലമുരളി എന്നിവർക്കു വേണ്ടി ചെയ്ത വർക്കുകളും ശ്രദ്ധിക്കപ്പെട്ടു. മേക്കപ് ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്തി നേടാൻ ഇതെല്ലാം സഹായിച്ചു. ‘‘ഒരുപാട് ആരാധിച്ചിരുന്ന താരങ്ങൾക്കൊപ്പം പ്രവർത്തിച്ചു. വിവിധ ഭാഷകളിലെ സിനിമകളുടെ ഭാഗമായി. സ്റ്റേജ് ഷോകള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. മേക്കപ് ആര്‍ട്ടിസ്റ്റ് എന്ന നിലയിൽ അറിയപ്പെടാനും അംഗീകരിക്കപ്പെടാനും തുടങ്ങി. അങ്ങനെ മേക്കപ് എന്റെ ജീവിതത്തിനു നിറങ്ങളേകി.’’

make-up-artist-jo-adoor-7

അമ്മയായിരുന്നു ജോയുടെ കരുത്ത്. മകൻ വഴിതെറ്റുന്നു, അവനെ ഉപദേശിക്കണം, കുടുംബത്തിന്റെ പേര് ചീത്തയാക്കും എന്നെല്ലാം പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും സമ്മർദം ചെലുത്തുമ്പോഴും അമ്മ മകനൊപ്പം നിന്നു. അവനെ വിശ്വസിച്ചു. ഭർത്താവ് രോഗിയായപ്പോൾ കുടുംബഭാരം ഏറ്റെടുത്ത, കഷ്ടപ്പാടുകളില്‍ തളരാതെ മുന്നോട്ടു നടന്ന അമ്മച്ചി ജോയ്ക്ക് മാതൃകയായി. അമ്മച്ചിയുടെയും അപ്പച്ചന്റെയും വിവാഹവാർഷികത്തിന് അവരെ ഒരുക്കി, ജോ നടത്തിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി. നല്ല പ്രായത്തിൽ ദുരിതങ്ങളോടു പൊരുതി, മക്കൾക്കു വേണ്ടി ജീവിച്ച മാതാപിതാക്കൾക്ക് മകന്‍ നൽകിയ ഹൃദ്യമായ ആ വിവാഹവാർഷിക സമ്മാനം വാർത്തകളിൽ നിറഞ്ഞു. ഫോട്ടോഷൂട്ട് വൈറലായതിനുശേഷം ആളുകൾ തന്നെ തിരിച്ചറിഞ്ഞെന്ന് പറഞ്ഞു സന്തോഷിക്കുന്ന അമ്മച്ചിയുടെ മുഖമാണ് ഈ ജീവിതത്തിൽ തനിക്കു കിട്ടിയ വലിയ സമ്മാനമെന്ന് ജോ പറയുന്നു.

make-up-artist-jo-adoor-5

‘‘ജോയോട് മിണ്ടണ്ട. അവൻ പെണ്ണുങ്ങളെ പോലെയാ എന്ന് ഒരിക്കൽ എന്റെ സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നെ ഒരുപാട് വേദനിപ്പിച്ച സംഭവമായിരുന്നു അത്. അതേ സുഹൃത്ത് ‘ജോ എന്റെ ഫ്രണ്ടാണ്’ എന്ന് അഭിമാനത്തോടെ പറയുന്ന കാലം വന്നു.’’ – ഈ വരികളിൽ തന്റെ വിജയഗാഥ ചുരുക്കാനാണ് ജോയ്ക്ക് ഇഷ്ടം.

ജീവിതത്തിൽ വിജയച്ചപ്പോൾ നേരിട്ട് പരിഹസിക്കുന്ന രീതി അവസാനിച്ചു. എന്നാൽ കയ്പേറിയ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അപ്പോഴും തുടർന്നു. മികച്ചൊരു വർക് ചെയ്തതിന്റെ സന്തോഷത്തിൽ പങ്കുവയ്ക്കുന്ന ചിത്രത്തിനു ലഭിക്കുന്ന കമന്റുകളിലും ജോയുടെ ജെൻഡർ ആണ് പലർക്കും വിഷയം. അവഹേളിക്കുന്ന കമന്റുകൾ ആദ്യമെല്ലാം മാനസികമായി തളർത്തിയിരുന്നു. പിന്നീട് അവയെ നേരിടാനും മറുപടി നൽകാനും ജോ പഠിച്ചു. 

make-up-artist-jo-adoor-3

‘‘ഞാൻ ഗേയോ ബൈ സെക്‌ഷ്വലോ ട്രാൻസ്ജെൻഡറോ ആകട്ടെ. അതൊന്നും ആരെയും ബാധിക്കുന്ന വിഷമയമല്ല. അങ്ങനെ ആകുന്നത് തെറ്റുമല്ല. മനുഷ്യർ പല രീതിയിൽ ജനിക്കുന്നു. അവരെ എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ടു പോകുകയല്ലേ ഒരു സമൂഹം ചെയ്യേണ്ടത്. ഇത്തരം പരിഹാസങ്ങൾ കാരണം നാടു വിട്ടു പോയവരും ജീവിതം അവസാനിപ്പിച്ചവരും നിരവധിയുണ്ട്. ഞാൻ പോരാടി. പക്ഷേ അതിനുള്ള സാഹചര്യം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. അവരും മനുഷ്യരാണ്. അവരും ജീവിക്കട്ടെ എന്നു ചിന്തിക്കാൻ എല്ലാവരും തയാറായാൽ തീരുന്ന പ്രശ്നം മാത്രമാണിത്.’’– ലോകം മാറുമെന്ന പ്രതീക്ഷ ജോയുടെ വാക്കുകളിൽ നിറയുന്നു.

English Summary : Celebrity Make-up artist Jo Adoor inspirational life story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA