ADVERTISEMENT

ദാമ്പത്യ ബന്ധം അത്യന്തം സങ്കീർണമായ ഒന്നാണ്. വളരെ നിസാരമായ കാര്യങ്ങളിൽനിന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാം. അതു ശരിയായി പരിഹരിക്കാൻ സാധിക്കാതെ വന്നാൽ ബന്ധം തകരും. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പോലും കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. ദാമ്പത്യത്തിന്റെ ഒരോ ഘട്ടത്തിലും പലതരം അവസ്ഥകളിലൂടെ പങ്കാളികൾ കടന്നു പോകുന്നു. ഒരാൾ അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുന്നത് ദാമ്പത്യത്തിന്റെ താളം തെറ്റിക്കും. ഇതു വേഗം മനസ്സിലാക്കി പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ബന്ധത്തിൽ ആശങ്കയും അരക്ഷിതാവസ്ഥയുമുണ്ടെങ്കിൽ പങ്കാളിയുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്. 

∙ നിങ്ങളെ ഒറ്റയ്ക്ക് വിടാതിരിക്കുക.

എങ്ങോട്ടും പോകാതെ നിങ്ങളുടെ കൂടെ തന്നെ ഇരിക്കാന്‍ പങ്കാളി ശ്രമിക്കുന്നുണ്ടോ ? എപ്പോഴും പിന്തുടരുന്ന ഒരു പ്രവണത. അങ്ങനെയെങ്കില്‍ നിങ്ങൾ പങ്കാളിയെ ഉപേക്ഷിച്ചു പോകുമോ എന്ന ചിന്ത രൂപപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാൻ. മനസ്സു തുറന്നു സംസാരിച്ച്, പങ്കാളി നിങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്നു മനസ്സിലാക്കി കൊടുത്താൽ ഒരു പരിധി വരെ ഇത് ഒഴിവാക്കാം.

∙ എല്ലാം അറിയണമെന്ന വാശി

നിങ്ങൾ ഏവിടെ പോകുന്നു ? എന്തു ചെയ്യുന്നു ? ആരെ കാണുന്നു ? ഇത്തരം ചോദ്യങ്ങൾ എപ്പോഴും ചോദിക്കുകയാണെങ്കില്‍ ബന്ധത്തിലെ അരക്ഷിതാവസ്ഥ വ്യക്തമാണ്. സംശയങ്ങളുടെ വലിയൊരു കാർമേഘമാണു ഇടയിലുള്ളത്. പരസ്പരം സംസാരിച്ച് അതിനെ പെയ്തു തീർക്കാൻ അനുവദിക്കണം. 

∙ എന്നെ മാത്രം ശ്രദ്ധിക്കുക

ഒരു നല്ല ബന്ധത്തിൽ പരസ്പര സ്നേഹവും കരുതലും ഉണ്ടായിരിക്കും. എന്നാൽ പതിവിലും അധികമായ ശ്രദ്ധയും കരുതലും ആവശ്യപ്പെടുന്നതു പങ്കാളിയിലെ അസ്വസ്ഥതയാണ് വ്യക്തമാക്കുന്നത്. നിങ്ങൾ എത്ര തിരക്കിലായാലും അവർ ശ്രദ്ധ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കും. 

∙ പഴയ ബന്ധങ്ങളെ പുകഴ്ത്തൽ

മുൻപുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചുള്ള സംസാരം ദാമ്പത്യത്തിൽ പ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്. എന്നാൽ ചിലർ അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ പതിവില്ലാതെ പഴയ ബന്ധം ചർച്ചയാക്കും. ആ ബന്ധത്തെ പുകഴ്ത്തി സംസാരിക്കുകയും നിങ്ങളുമായി താരതമ്യപ്പെടുത്തുകയുമാണു ചെയ്യുക. പങ്കാളി അത്ര പോര എന്നു കാണിക്കാനുള്ള വ്യഗ്രതയാണ് ഇത്. എന്തുകൊണ്ടാണു താൻ പോരാ എന്നു തോന്നുന്നതെന്നു ചോദിച്ചു മനസ്സിലാക്കണം. അസംതൃപ്തിക്കു കാരണം കണ്ടെത്തിയാൽ പരിഹാരവും ഉടനെ ലഭിക്കും.

∙ അമിതസ്നേഹം

സ്നേഹവും പരസ്പര വിശ്വാസവും തന്നെയാണ് എല്ലാ ബന്ധത്തിന്റെയും കെട്ടുറപ്പ്. എന്നാൽ അമിതമായ പ്രകടനം അതിനു ആവശ്യമില്ല. പതിവില്ലാതെ അമിതമായി പങ്കാളി സ്നേഹം പ്രകടിപ്പിക്കുന്നു എന്നു തോന്നിയാൽ ബന്ധത്തിലെ അസ്വസ്ഥകൾ മനസ്സിലാക്കാം. നിങ്ങളുടെ സ്നേഹം കുറയുന്നുണ്ടോ എന്നറിയാനുള്ള ഒരു പരിശോധനയാകാനാണു സാധ്യത. അതു മനസ്സിലാക്കി പ്രവർത്തിക്കുക.

∙ അനാവശ്യ ക്ഷമാപണം

തെറ്റു ചെയ്താൽ ക്ഷമ ചോദിക്കുന്നത് നല്ലതാണ്. എന്നാൽ എന്തിനും ഏതിനും ക്ഷമ ചോദിക്കുന്ന പങ്കാളി അത്ര നല്ല സൂചനയല്ല. അവർക്ക് എന്തൊക്കെയോ സംശയങ്ങളും അസ്വസ്ഥതകളുമുണ്ടെന്നു മനസ്സിലാക്കണം. ബന്ധത്തിൽ ആത്മവിശ്വാസവും ബോധ്യവും ഇല്ലാത്തതാണ് ഇതിനു കാരണം. പങ്കാളിയോട് നല്ല രീതിയിൽ പെരുമാറി ഈ ബന്ധം എത്രമാത്രം പ്രാധാനപ്പെട്ടതാണെന്നു മനസ്സിലാക്കി കൊടുക്കുകയാണു വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com