ADVERTISEMENT

തിരുവനന്തപുരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥിയായിരുന്ന നാളുകളിലൊന്നിൽ അപ്പച്ചന്റെ ഒരു കത്ത് വരുന്നു. എന്റെ പിതാവിനെ അപ്പച്ചനെന്നാണ് വിളിച്ചിരുന്നത്. കവർ പൊളിച്ചു നോക്കിയപ്പോൾ അതിനുള്ളിൽ മറ്റൊരു തപാൽ കവർ. ഇത് നിന്റെ പേരിൽ പെരുമ്പാവൂരിലെ വീട്ടിലേക്ക് വന്നതാണെന്ന് സൂചിപ്പിച്ചു പുള്ളിയുടെ ഒരു കുറിപ്പും. 

അത് തുറന്നു നോക്കിയപ്പോൾ ലക്ഷണമൊത്ത ഒരു പ്രണയ ലേഖനം. 

ഇഷ്ടമറിയിക്കാൻ അന്ന് എഴുത്തു മാത്രം ശരണമായ കാലം. യുവതിയുടെ പേരുമുണ്ട്. കക്ഷി ക്യാംപസിൽ തന്നെയുള്ളയാൾ. ഡെന്റൽ കോളജിലെ അവസാന വർഷ വിദ്യാർഥിനി.  നേരിട്ട് മിണ്ടിയിട്ടു പോലുമില്ല, കത്ത് അയച്ചിരിക്കുന്നത് തിരുവനന്തപുരത്തുനിന്നു തന്നെ. അവിടെ തടി പോലെ കഴിയുന്ന എനിക്ക് നേരിട്ടു നൽകാതെ ഈ കത്ത് വീട്ടിലേക്കു പോയതിന്റെ അസ്വാഭാവികത ഒരു ആശയക്കുഴപ്പമുണ്ടാക്കി.

കവർ സൂക്ഷ്മമായി പരിശോധിച്ചു. പേര് സി.ജെ. ജോൺ എന്നതിനു പകരം ജോൺ ജോസഫെന്നു കുറിച്ചിരിക്കുന്നു. അപ്പച്ചന്റെ പേര് ജോസഫ്. അടുത്ത വരിയിൽ കുടുംബത്തിലെ ഒരു ബന്ധു കുടുംബപ്പേരു ചേർത്ത് അടുത്തയിടെ തുടങ്ങിയ ഒരു ഡെന്റൽ ക്ലിനിക്കിന്റെ പേര്. പോസ്റ്റ്മാൻ കൂടുതൽ കത്തുകൾ വരാറുള്ള എന്റെ വീട്ടിൽ ഇതു നൽകി. ഹോസ്റ്റലിലെ ഡെന്റൽ കോളജ് സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ ദുരൂഹത തീർന്നു. അതിലെ കഥാനായകൻ ആ ക്ലിനിക്കിൽ ജൂനിയറായി അടുത്തിടെ ചേർന്നിട്ടുണ്ട്. കത്തിലെ നായികയും ഇദ്ദേഹവും തമ്മിലുള്ള പ്രണയം അവിടെയുള്ളവർക്കൊക്കെ അറിയാം. ഇവർ തമ്മിൽ പിന്നീട് വിവാഹിതരായി. 

dr-cj-john-father
ജോസഫ്

കുടുംബ പേരിനോടൊപ്പം മകന്റെ വികസിപ്പിച്ച പേരും കണ്ടപ്പോൾ ഇത് കാമുകി മകനയച്ച കത്തെന്ന് അപ്പച്ചൻ ധരിച്ചു. അക്കാലത്തു ശരാശരി പിതാക്കന്മാർ കൊടുവാളെടുത്തു തുള്ളാൻ ഇത് മതി. അതിനൊന്നും പോകാതെ നിന്റെ ഇഷ്ടം നടക്കട്ടെയെന്ന മട്ടിൽ അപ്പച്ചൻ കത്ത് എനിക്കയച്ചു തന്നു. ഒരു കാര്യത്തിലും ഇടപെടാതെ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളായത് കൊണ്ട് ഇതിൽ അദ്ഭുതം തോന്നിയില്ല. പ്രണയിക്കാനുള്ള ലൈസൻസ് കൂടി തന്നിട്ടും പങ്കാളിയെ കണ്ടെത്താനുള്ള ചുമതല അപ്പച്ചനു തന്നെ നൽകി. 

എന്തായാലും തെറ്റിദ്ധാരണ മാറ്റണമല്ലോ. ആ പ്രണയ ലേഖനം അതുപോലെ തന്നെ മറ്റൊരു കവറിലിട്ട് അപ്പച്ചനയച്ചു കൊടുത്തു. ഇത് വീടിനു തൊട്ടടുത്തുള്ള ക്ലിനിക്കിലെ ഡോ. ജോണിന് എത്തിച്ചു കൊടുക്കുകയെന്ന കുറിപ്പും വച്ചു. അടുത്ത അവധിക്ക് വീട്ടിൽ ചെന്നപ്പോൾ ‘ഞാൻ വിചാരിച്ചു’ എന്നൊരു വാചകം അർധോക്തിയിൽ നിർത്തി പുള്ളി ഒരു ചമ്മിയ ചിരി ചിരിച്ചു. അതിപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. 

കൊമ്പൻ മീശയായിരുന്നു അപ്പച്ചന്റെ മുഖമുദ്ര. നാട്ടിലെ പല ജോസഫുമാർക്കിടയിൽ മീശ ജോസഫ് ചേട്ടനെന്നായിരുന്നു നാട്ടുകാർ അദ്ദേഹത്തിനെ വിളിച്ചിരുന്നത്. ഏലത്തോട്ടവും ബിസിനസുമായി നടന്ന പിതാവിന് സ്‌കൂൾ വിദ്യാഭ്യാസം മാത്രം. എന്നാൽ മക്കൾക്ക്

സ്വാതന്ത്ര്യം ആവശ്യത്തിന് നൽകിയാലേ ഉത്തരവാദിത്ത ബോധമുണ്ടാകൂവെന്ന തത്വം പുള്ളിക്കറിയാമായിരുന്നു. നൽകിയ സ്വാതന്ത്ര്യം ഒരു കാരണവശാലും ദുരുപയോഗം ചെയ്യില്ലെന്ന ചിട്ട അത് കൊണ്ട് പാലിക്കാൻ പഠിച്ചു. ആ വിശ്വാസം കൊണ്ടാകണം ആ പ്രണയ ലേഖനത്തെ അപ്പച്ചൻ പോസിറ്റീവായിത്തന്നെ കണ്ടതും. 

dr-cj-john
ഡോ. സി. ജെ ജോൺ

മെഡിസിന് സീറ്റു കിട്ടാനുള്ള മാർക്ക് വാങ്ങണമെന്ന് പറഞ്ഞിട്ടില്ല. എന്താണു വേണ്ടതെന്ന് നിശ്ചയിച്ചു പഠിക്കുകയെന്ന പൊതു നിർദ്ദേശം മാത്രം. പിറകെനിന്ന് പഠിക്കാൻ ഉന്തിയിരുന്നുവെങ്കിൽ ചിലപ്പോൾ സ്വയം ഒന്നും ചെയ്യാൻ അറിയാത്ത പോങ്ങനായി മാറിയേനെ. ഇടപെടലുകൾ പരിമിതമാക്കിയുള്ള റോളിൽ പിതാവ് നിന്നതു കൊണ്ടാവാം വളരാൻ ആവേശം വന്നത്. ഒരു നേട്ടത്തിന്റെയും ക്രെഡിറ്റ് എടുക്കാൻ മൂപ്പർ തുനിഞ്ഞതുമില്ല. ചെറുപ്രായത്തിലേ ബാങ്കിൽ പോകാൻ പഠിപ്പിച്ചു. ചന്തയിൽ പോയി പച്ചക്കറിയും മീനുമൊക്കെ വാങ്ങാൻ ശീലിപ്പിച്ചു. ലൈബ്രറിയിൽ പോകുന്നതിന് തടസ്സം ഉണ്ടാക്കിയില്ല. കഥകൾ ഉറക്കെ വായിച്ചു മൂപ്പരെ കേൾപ്പിക്കാൻ ചിലപ്പോൾ പറയും. ഇതൊക്കെ പിന്നീട് ജീവിതത്തിന് ഏറെ ഗുണം ചെയ്തു. 

അപ്പച്ചൻ മരിക്കും മുമ്പേ ബിരുദാനന്തര ബിരുദമുള്ള ഡോക്ടറായി. മരണവേളയിൽ പരിചരിക്കാൻ  ഒപ്പമുണ്ടായി. ഇതിനൊക്കെയല്ലേ ഭാഗ്യമെന്ന് പറയുന്നത്!

(ലേഖകൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിദഗ്ധനും കോളമിസ്റ്റുമാണ്)

Content Summary : Father's Day Special - Dr. D. J. John's memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com