‘പപ്പയുടെ കയ്യിലെ ഗ്ലാസ് നിലത്തു വീണു, അദ്ദേഹം പൊട്ടിക്കരയുന്നത് ആദ്യമായി ഞാൻ കണ്ടു’

HIGHLIGHTS
  • അപ്പനാണ് എന്നെ ആദ്യമായി മാജിക് ഷോ കാണാന്‍ കൊണ്ടു പോകുന്നത്
  • ശാസിക്കാനോ ശിക്ഷിക്കാനോ മടിയുള്ള ആളായിരുന്നില്ല
mentalist-nipin-niravath-about-his-father-jose-niravath
നിപിൻ നിരവത്തും അച്ഛൻ ജോസ് നിരവത്തും
SHARE

തെറ്റു ചെയ്താൽ ശിക്ഷിക്കുന്ന രക്ഷിതാവ്, തോളിൽ കയ്യിട്ട് വർത്തമാനം പറയാവുന്ന ഒരു സുഹൃത്ത്, മകന് ഒരു പ്രശ്നമുണ്ടായാൽ മംഗലശ്ശേരി നീലകണ്ഠനാകാന്‍ മടിയില്ലാത്തയാൾ, ഭാര്യയുടെ ഓര്‍മകളിൽ ജീവിക്കുന്ന ഭർത്താവ്... പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരവത്തിന് ഇതെല്ലാമാണ് അച്ഛൻ. ഒരുപാട് അനുഭവങ്ങളും മറക്കാനാവാത്ത പാഠങ്ങളും നല്‍കി തന്റെ ജീവിതത്തിന് കരുത്തേകിയ ആൾ. ഫാദേഴ്സ് ഡേയിൽ തന്റെ പ്രിയപ്പെട്ട പപ്പയെക്കുറിച്ച് നിപിൻ നിരവത്ത് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

‘‘എനിക്ക് തോളിലൂടെ കയ്യിടാനും മനസ്സു തുറന്നു സംസാരിക്കാനുമൊക്കെ കഴിയുന്ന ഒരാളാണ് എന്റെ പപ്പ എൻ.ടി. ജോസ് നിരവത്ത്. ഞാൻ അദ്ദേഹത്തിന്റെ മൂന്നു മക്കളിൽ മൂത്തയാളായാണ്. 30 കിലോമീറ്റർ അകലെയുള്ള അമ്മയുടെ വീട്ടിലായിരുന്നു ഞാൻ ജനിച്ചത്. മൂന്നു ദിവസം കഴിഞ്ഞാണ് പപ്പ അവിടേക്ക് എത്തുന്നതും എന്നെ ആദ്യമായി കാണുന്നതും. മലയോര ഗ്രാമപ്രദേശമായ അവിടെ വിവരം അറിയിക്കാനും യാത്ര ചെയ്യാനുമുള്ള ബുദ്ധിമുട്ടുകളാണ് ഈ വൈകലിനു കാരണമായത്. കർക്കശക്കാരനായ അപ്പനും അതേസമയം എല്ലാം തുറന്നു പറയാനാവുന്ന ഒരു സുഹൃത്തുമായിരുന്നു പപ്പ എനിക്ക്.

അപ്പനാണ് എന്നെ ആദ്യമായി മാജിക് ഷോ കാണാന്‍ കൊണ്ടു പോകുന്നത്. അന്നത്തെ മാജിക് ഞാൻ ഹൃദയം കൊണ്ടു കാണുകയും പിന്നീട് അത് കരിയർ ആക്കുകയും ചെയ്തു. ‍തൊപ്പി ധരിക്കുന്ന ശീലം എനിക്കു കിട്ടുന്നത് അപ്പനിലൂടെയാണ്. ആദ്യമായി സ്കൂളിൽ പോകുമ്പോൾ മഴ നനയാതിരിക്കാൻ അപ്പൻ എനിക്കൊരു തൊപ്പി വച്ചു തന്നു. അന്നത് എന്റെ അബോധ മനസ്സിൽ പതിഞ്ഞിരിക്കണം. വളർന്നപ്പോൾ തൊപ്പി സ്ഥിരം സഹയാത്രികനായി.

ശാസിക്കാനോ ശിക്ഷിക്കാനോ മടിയുള്ള ആളായിരുന്നില്ല. നല്ലൊരു ചൂരൽ വീട്ടിലുണ്ടായിരുന്നു. ഒരു വർഷം 3 തവണയെങ്കിലും അതിന്റെ ചൂട് ഞാൻ അറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നോട്ടവും ശാസനയും തന്നെ എന്നെ നിലയ്ക്കുനിർത്താൻ ധാരാളമായിരുന്നു. അതുകൊണ്ട് ചൂരലിന്റെ ഉപയോഗം കുറവായിരുന്നു.

ചെറുപ്പത്തിൽ മുണ്ടുടുത്ത് ഗ്രൗണ്ടിൽ ഫുട്ബോൾ കളി കാണാൻ പോകുന്ന ശീലം എനിക്കുണ്ടായിരുന്നു. കുട്ടികളിൽ അധികം പേർക്കൊന്നും ആ സമയത്ത് മുണ്ടില്ല. അങ്ങനെ പോയി ഒരു സമയത്ത് ഒരുത്തൻ എന്നെ കല്ലു പെറുക്കി എറിയാൻ തുടങ്ങി. അതിലൊന്ന് എന്റെ കവിളിൽ കൊണ്ട് മുറിവേൽക്കുകയും നീരു വരികയും ചെയ്തു. വീട്ടിൽ ചെന്ന് പപ്പയോട് കാര്യം പറഞ്ഞു. അന്ന് എന്നെയും കൂട്ടി കല്ലെറിഞ്ഞവന്റെ വീട്ടിൽ പോയി പപ്പ പ്രശ്നമുണ്ടാക്കി. അങ്ങനെ എനിക്കു വേണ്ടി മംഗലശ്ശേരി നീലകണ്ഠനായി മാറിയ പപ്പയെ ഓർമകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.

കൃഷിയായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗം. പപ്പയ്ക്ക് മദ്യപാനം, സിഗററ്റ് വലി തുടങ്ങിയ ദുശ്ശീലങ്ങൾ ഉണ്ടായിരുന്നില്ല. ന്യായവും നീതിയും അനുസരിച്ച് നേർവഴിക്ക് ജീവിക്കുക എന്നതായിരുന്നു കക്ഷിയുടെ രീതി. അതെല്ലാം എന്റെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം സിനിമയ്ക്ക് പോകാനും പുറത്തുനിന്നു ഭക്ഷണം കഴിക്കാനുമൊക്കെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. 

nipin-niravath-2

പപ്പയുടെ ഇഷ്ടം മക്കളിൽ അടിച്ചേൽപ്പിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. നിങ്ങൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കും, പഠിച്ച് ഇഷ്ടമുള്ളത് ആകുക എന്നതായിരുന്നു നിലപാട്. എങ്കിലും മജീഷ്യനാകാന്‍ ആകാനുള്ള എന്റെ തീരുമാനത്തെ അദ്ദേഹം എതിർത്തു. ആ മേഖലയെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല എന്നതായിരുന്നു ഒരു കാരണം. കലാകാരന്മാരുടെ ജീവിത രീതിയെക്കുറിച്ച് നിലനിന്നിരുന്ന ചില ധാരണകളായിരുന്നു മറ്റൊരു കാരണം. അതൊക്കെ മാറ്റി ഞാൻ ഈ മേഖലയിൽ വിജയിച്ചു. ഇപ്പോൾ എന്റെ ഏറ്റവും വലിയ ആസ്വാദകനാണ് പപ്പ. എന്റെ പരിപാടികൾ കാണാൻ വേണ്ടിയാണ് യുട്യൂബും സമൂഹമാധ്യമങ്ങളും അദ്ദേഹം ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പൊ ഫോണില്‍ എല്ലാം ചെയ്യാൻ അറിയാം. 

പപ്പയെ ഞാൻ ഒരിക്കലും കരഞ്ഞു കണ്ടിരുന്നില്ല. പക്ഷേ ഞാൻ കാരണം പപ്പ ഒരിക്കൽ കര‍ഞ്ഞു. അമ്മ കാൻസർ രോഗത്തെത്തുടർന്ന് ആശുപത്രിയിൽ കിടക്കുന്ന സമയത്തായിരുന്നു അത്. കാൻസറിന്റെ നാലാമത്തെ സ്റ്റേജ്. ഇനി അധികം പ്രതീക്ഷയൊന്നും വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഞാനും പപ്പയും അമ്മയുടെ ആങ്ങളയും കൂടി ആശുപത്രിയിലെ കാന്റീനിൽനിന്നു ചായ കുടിച്ചു കൊണ്ടിരിക്കുന്നു. പപ്പ കുറച്ചു കൂടി സ്നേഹത്തോടെ അമ്മയോട് പെരുമാറിയിരുന്നെങ്കിൽ ഇതൊന്നും വരില്ലായിരുന്നു എന്നു ഞാൻ വെറുതേ അദ്ദേഹത്തോട് പറഞ്ഞു. അതുകേട്ടതും പപ്പയുടെ കയ്യിലെ ഗ്ലാസ് നിലത്തേക്ക് വീണു. അദ്ദേഹം പൊട്ടിക്കരയുന്നത് ജീവിതത്തിലാദ്യമായി ഞാൻ കണ്ടു. ഒരു തമാശ പോലെയാണ് ഞാൻ അതു പറഞ്ഞതെങ്കിലും പപ്പയ്ക്ക് അതു വലിയ വേദനയായി. 

അമ്മയോട് ഒരുപാട് സ്നേഹം പ്രകടിപ്പിക്കുന്ന ആളായിരുന്നില്ല പപ്പ. പക്ഷേ അവരുടെ സ്നേഹത്തിന്റെ തീവ്രത എനിക്ക് മനസ്സിലാകുന്നത് അമ്മയുടെ മരണശേഷമാണ്. അമ്മയുടെ ഫോട്ടോ നോക്കിയിരുന്ന് കരച്ചിലായിരുന്നു. കല്ലറയുടെ സമീപത്തു പോയി മണിക്കൂറുകളോളം ഇരിക്കും, കരയും. അമ്മയുടെ ഓർമകളുള്ള വീട് വിട്ടു മക്കളുടെ വീട്ടിലേക്ക് വരാൻ അദ്ദേഹം തയാറായില്ല. 

അമ്മ മരിച്ചിട്ട് 6 വർഷം പിന്നിട്ടു. ഇപ്പോഴും അമ്മയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ പപ്പയുടെ കണ്ണ് നിറയും. അദ്ദേഹത്തിന് ഇപ്പോൾ 70 വയസ്സായി. എത്ര നിർബന്ധിച്ചിട്ടും വീട് വിട്ടു വരാൻ കൂട്ടാക്കുന്നില്ല. അമ്മയുടെ ഓർമകളുമായി അവിടെ ജീവിക്കുന്നു.

ഇങ്ങനെ ഒരുപാട് ഓർമകളും അനുഭവങ്ങളും പപ്പ എനിക്ക് നൽകിയിട്ടുണ്ട്. പലതും എന്റെ ജീവിതത്തിലെ വിലപിടിപ്പുള്ള പാഠങ്ങളാണ്. അദ്ദേഹത്തിന്റെ മകനായി ജനിച്ചത് ഞാൻ ഭാഗ്യമായി കരുതുന്നു...’’

English Summary : Mentalish Nipin Niravath about his father N.T Jose Niravath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA