‘ചുമടെടുത്തും ഓട്ടോറിക്ഷ ഓടിച്ചും രാപകലില്ലാതെ അധ്വാനിച്ചു; അച്ഛൻ ഞങ്ങളുടെ അഭിമാനം’

HIGHLIGHTS
  • മോഹനൻ പാങ്ങോട് മീൻ മാർക്കറ്റിലെ ചുമട്ടു തൊഴിലാളി ആയിരുന്നു
  • പ്രവീൺ സിവിൽ എക്സൈസ് ഓഫിസറും പ്രശാന്ത് പൊലീസ് സബ് ഇൻസ്പെക്ടറുമാണ്
praveen-and-prasanth-on-father-mohanans-hardwork-to-fullfill-their-dreams
പ്രവീണും പ്രശാന്തും അച്ഛൻ മോഹനനും അമ്മ പ്രസന്നയ്ക്കുമൊപ്പം
SHARE

‘‘അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുക മീനിന്റെ ഗന്ധമുള്ള കറൻസി നോട്ടുകളാണ്. എന്നെയും അനിയനെയും ഇന്നീ നിലയിലെത്തിച്ച അച്ഛന്റെ കഷ്ടപ്പാട് ആ ഓരോ നോട്ടിലും ഉണ്ടായിരുന്നു’’– മക്കളെ പഠിപ്പിച്ച് ഉയർന്ന നിലയിൽ എത്തിക്കാൻ പരിശ്രമിച്ച, അതിനായി ചുമടെടുത്തും ഓട്ടോറിക്ഷ ഓടിച്ചും രാപകലില്ലാതെ കഷ്ടപ്പെട്ട ഒരു അച്ഛന്‍ മകനു നൽകിയ തീവ്രവും ഹൃദയസ്പർശിയുമായ അനുഭവങ്ങളുടെ ചൂട് മകന്റെ ഈ വാക്കുകളിലുണ്ട്. ആ അച്ഛന്റെ പേര് മോഹനൻ. തിരുവനന്തപുരം പാങ്ങോട് മത്സ്യ മാർക്കറ്റിൽ 37 വർഷം ചുമട്ടു തൊഴിലാളിയായി പ്രവർത്തിച്ച അദ്ദേഹം 2021 ജൂൺ 2ന് വിശ്രമ ജീവിതത്തിലേക്കു കടന്നു. മക്കൾ രക്ഷപ്പെട്ടു കാണണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം അതിനിടയിൽ സഫലമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ മൂത്തമകൻ പ്രവീൺ സിവിൽ എക്സൈസ് ഓഫിസറും രണ്ടാമത്തെ മകൻ പ്രശാന്ത് പൊലീസ് സബ് ഇൻസ്പെക്ടറുമാണ്. സ്വപ്നങ്ങൾ നേടിയെടുക്കാൻ കരുത്തായ അച്ഛനെക്കുറിച്ച് മൂത്ത മകൻ പ്രവീണ്‍ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

‘‘പാങ്ങോട് മീൻ മാർക്കറ്റിലെ ചുമട്ടു തൊഴിലാളി ആയിരുന്നു അച്ഛൻ. എനിക്കും അനിയൻ പ്രശാന്തിനും പരമാവധി വിദ്യാഭ്യാസം നൽകണം, ഞങ്ങള്‍ക്ക് നല്ല ജോലി ലഭിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഞങ്ങൾ പത്താം ക്ലാസ് കഴിഞ്ഞതോടെ വിദ്യാഭ്യാസ ചെലവ് കൂടി. അതോടെ സാമ്പത്തിക പ്രയാസങ്ങൾ വന്നു. ഇതിനു പരിഹാരമായി മാർക്കറ്റിലെ ജോലി കൂടാതെ അച്ഛന്‍ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങി. പുലർച്ചെ നാല് മണിയാകുമ്പോൾ ഓട്ടോയുമായി പോകും. വൈകിട്ട്  7 മണി ആകുമ്പോൾ ഓട്ടം നിർത്തും. രാത്രിയോടു കൂടി മാർക്കറ്റിലെ ജോലിക്ക് കയറും. അങ്ങനെ രാവുംപകലും അദ്ദേഹം അധ്വാനിച്ചു.

ഞങ്ങൾ ഇന്നത് ആകണം എന്ന നിർബന്ധം അച്ഛന് ഉണ്ടായിരുന്നില്ല. രക്ഷപ്പെട്ടു കാണണം എന്നേ ഉണ്ടായിരുന്നുള്ളൂ. അതിനായി ഞങ്ങൾക്ക് എന്താണോ ഇഷ്ടം അതു പഠിപ്പിക്കാൻ തയാറായിരുന്നു. പഠിക്കാൻ ഏതെങ്കിലും പുസ്തകം വേണമെന്നു പറഞ്ഞാൽ അത് എവിടെ നിന്നായാലും വാങ്ങിച്ചു കൊണ്ടു വരും. ഏതെങ്കിലും കോഴ്സിനു ചേരണമെന്നു പറഞ്ഞാലും എതിർക്കില്ല. അതിനുവേണ്ട കാര്യങ്ങൾ ചെയ്യും.

mohanan-and-family-2
(വലത്തുനിന്ന്) പ്രവീൺ, മോഹനൻ, പ്രശാന്ത്, പ്രസന്ന, പ്രവീണിന്റെ ഭാര്യ പ്രേംകുമാരി

അച്ഛനെക്കുറിച്ചുള്ള ഏറ്റവും വലിയ ഓർമ അദ്ദേഹത്തിന്റെ കയ്യിലെ പൈസയുമായി ബന്ധപ്പെട്ടാണ്. ആ കറൻസി നോട്ടുകൾക്ക് എപ്പോഴും മീനിന്റെ മണമായിരുന്നു. ആ നോട്ടുകൾ കൂട്ടിക്കൂട്ടി വച്ചാണ് ഞങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയത്. എന്നെയും അനിയനെയും ഇന്നു കാണുന്ന നിലയിലെത്തിച്ച അച്ഛന്റെ കഷ്ടപ്പാട് ആ ഓരോ നോട്ടിലുമുണ്ടായിരുന്നു.

ഞങ്ങൾക്ക് നല്ല ആഹാരം ലഭിക്കണം എന്നതായിരുന്നു അച്ഛന്റെ മറ്റൊരു നിർബന്ധം. എന്തു ചോദിച്ചാലും കൊണ്ടുവരും. പുറത്തു പോകുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം വാങ്ങിത്തരും. പക്ഷേ അച്ഛൻ ചായ മാത്രമായിരിക്കും കുടിക്കുക. മക്കളുടെ കാര്യങ്ങള്‍ക്കാണ് അദ്ദേഹം എന്നും ആദ്യ പരിഗണന നല്‍കിയത്.

ഇങ്ങനെ സ്നേഹവും വാത്സല്യവുമൊക്കെ ഉണ്ടെങ്കിലും ഞങ്ങളെ ശിക്ഷിക്കാൻ യാതൊരു മടിയും ഉണ്ടായിരുന്നില്ല. തെറ്റുകൾക്ക് കഠിനമായിത്തന്നെ ശിക്ഷിച്ചു. ഞങ്ങൾ ഇന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ ആ ശിക്ഷകൾക്കും അതിൽ പങ്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഞാൻ എക്സൈസിൽ ജോലിക്കു കയറിയിട്ട് 5 വർഷമായി. നന്ദാവനത്തുള്ള എക്സൈസ് കമ്മിഷണറേറ്റിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. പ്രശാന്ത് സബ് ഇൻസ്പെക്ടർ ആയിട്ട് രണ്ടര വർഷം. അതിനു മുമ്പ് കെഎസ്ആർടിസി, ഫയർഫോഴ്സ് എന്നിങ്ങനെ വിവിധ വകുപ്പുകളിലും അവന്‍ പ്രവർത്തിച്ചിരുന്നു.

പാവപ്പെട്ടവരെ സഹായിക്കുക എന്നതാണ് അച്ഛൻ ഞങ്ങൾക്കു പകർന്നു നൽകിയ വലിയ പാഠം. എത്ര ബുദ്ധിമുട്ടിലാണെങ്കിലും സാധിക്കുന്ന സഹായം അച്ഛൻ മടി കൂടാതെ ആവശ്യക്കാർക്കു കൊടുക്കും. നീതിയും സഹായവും ചോദിച്ച് വരുന്നവർക്ക് അതു ചെയ്തു കൊടുക്കണം എന്നേ ഞങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളൂ.

mohanan-and-family-3

ജൂണ്‍ രണ്ടാം തീയതി അച്ഛൻ തന്റെ പ്രിയപ്പെട്ട തൊഴിലിടത്തോടു വിട പറഞ്ഞു. 37 വര്‍ഷമാണ് അവിടെ ജോലി ചെയ്തത്. മീൻ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് ഞങ്ങളുടെ അച്ഛൻ എന്നു പറയുന്നതിൽ അന്നും ഇന്നും എന്നും അഭിമാനമാണ്. നല്ലൊരു വിശ്രമജീവിതം നയിക്കാൻ അച്ഛന് സാധിക്കട്ടെ എന്നാണു ഞങ്ങളുടെ പ്രാർഥന.’’

Content Summary : Father's Day Special - Praveen and Prasanth memoir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA