അച്ഛൻ കരുത്തിന്റെ ആൾരൂപം, ആ ശൂന്യത ഒരിക്കലും നികത്താനാകില്ല: ഷോബി തിലകൻ

HIGHLIGHTS
  • അച്ഛനെ വളരെ അദ്ഭുതത്തോടെ നോക്കിക്കണ്ടിരുന്ന ഒരാളാണ് ഞാൻ
  • 'തിലകൻ ചേട്ടന്റെ മോനാ' എന്ന് അവർ പറയുന്നത് വലിയ അംഗീകാരമാണ്
shobi-thilakan-shares-memories-of-his-father-thilakan
SHARE

ഒരു നിശ്വാസം മാത്രം മതി മലയാളികൾക്ക് തിലകൻ എന്ന അതുല്യ പ്രതിഭയുടെ ശബ്ദം തിരിച്ചറിയാൻ. തിലകൻ വിട പറഞ്ഞിട്ട് എട്ടു വർഷം പിന്നിടുമ്പോഴും ആ അസാന്നിധ്യത്തിനു പകരമാകാൻ മറ്റാരുമില്ല. തിലകന്റെ മകൻ ഷോബി തിലകനും അച്ഛൻ എന്ന മഹാവൃക്ഷത്തിന്റെ തണൽ മാഞ്ഞതിന്റെ നടുക്കം മാറിയിട്ടില്ല. അച്ഛനെക്കുറിച്ചു സംസാരിക്കുമ്പോൾ ഷോബിയുടെ പരുക്കൻ ശബ്ദം ഇടറും. അവസാനകാലത്ത് അച്ഛനെ സംരക്ഷിച്ചത് ഷോബിയാണ്. ഒന്നുരണ്ടു തവണ അച്ഛന്റെ ശബ്ദത്തിനു പകരമാകാനും നിയോഗമുണ്ടായി. അച്ഛനെ ഓർമിക്കാൻ പ്രത്യേകിച്ച് ഒരു ദിവസം വേണ്ടെന്നും ഒരു ശക്തിയായി അദ്ദേഹം എപ്പോഴും കൂടെയുണ്ടെന്നും ഷോബി പറയുന്നു. മലയാളത്തിന്റെ മഹാനടൻ തിലകനെക്കുറിച്ചുള്ള ഓർമകൾ ഷോബി തിലകൻ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

∙ അച്ഛനെക്കുറിച്ചുള്ള ഓർമകൾ എവിടെയാണ് തുടങ്ങുന്നത് ?

എന്റെ ഓർമ വച്ചതു മുതൽ അച്ഛൻ നടനാണ്. നാടകത്തിലും സിനിമയിലും സജീവം. കുട്ടിക്കാലത്ത് കുറേനാൾ ഞങ്ങൾ അമ്മവീട്ടിലായിരുന്നു. അതുകൊണ്ട് അച്ഛനോട് അടുത്തിടപഴകാൻ കഴിഞ്ഞിട്ടില്ല. കുട്ടിക്കാലത്ത് അച്ഛന്റെ സാമീപ്യം മിസ് ചെയ്തിരുന്നു. ഞാൻ ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന് ഒരു വാഹനാപകടം ഉണ്ടായി. അന്ന് അച്ഛനെ കാണാൻ ചെന്ന് തിരിച്ചു പോരാൻ നേരം തലയിണയുടെ അടിയിൽനിന്നു കുറച്ചു പൈസ എടുത്തു തന്നത് ഓർക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ എന്റെ സ്കൂളിന്റെ അടുത്തുകൂടി പോയപ്പോൾ എന്നെ കാണാൻ വന്നത് ഓർമയുണ്ട്. വീണ്ടും അച്ഛനുണ്ടായ ഒരപകടം എന്നെ അദ്ദേഹത്തിന്റെ അടുത്തെത്തിച്ചു. ഞാൻ പത്താംക്ലാസ് കഴിഞ്ഞു നിൽക്കുമ്പോഴാണത്. ആശുപത്രിയിൽ കിടക്കുമ്പോൾ കൂട്ടിരിക്കാനാണു ഞാൻ പോയത്. അന്നു മുതൽ അച്ഛനോടൊപ്പമായി. ആശുപത്രിയിൽനിന്ന് ഇറങ്ങിയപ്പോൾ അച്ഛൻ എന്നെ ഇലക്ട്രോണിക്സ് പഠിപ്പിക്കാനായി തിരുവനന്തപുരത്തെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ചേർത്തു. എറണാകുളത്തുനിന്നു ഫ്ളൈറ്റിലാണ് ഞങ്ങൾ അന്നു തിരുവനന്തപുരത്തേക്കു വന്നതും പോയതും. അതായിരുന്നു എന്റെ ആദ്യ വിമാനയാത്ര. അതിനു ശേഷമാണു ഞാൻ പ്രീഡിഗ്രിക്കും ഡിഗ്രിക്കും ഒക്കെ ചേർന്നത്. പിന്നീടിങ്ങോട്ട് എന്നും അച്ഛന്റെ തുണയായി ഒപ്പം ഉണ്ടായിരുന്നു.  

shobi-thilakan-2

∙ സ്നേഹം പ്രകടിപ്പിക്കുന്ന ആളായിരുന്നോ?

അച്ഛൻ മോനേ, മക്കളെ എന്നൊന്നും വിളിച്ച് സ്നേഹം പ്രകടിപ്പിച്ചിരുന്ന ആളല്ല. കുട്ടിക്കാലത്ത് അച്ഛന്റെ സ്നേഹം കിട്ടുന്നില്ല എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ മുതിർന്നപ്പോഴാണ് അച്ഛന്റെ സ്നേഹം അറിഞ്ഞത്. പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും എല്ലാ മക്കളെയും അച്ഛൻ സ്നേഹിച്ചിരുന്നു. അച്ഛൻ എവിടെയാണോ അവിടെപ്പോയാണു ഞങ്ങൾ ചെലവിനു കാശ് വാങ്ങിയിരുന്നത്. മൂവായിരം ചോദിച്ചാൽ മുപ്പതിനായിരത്തിന്റെ വഴക്ക് പറയും എന്നിട്ട് മൂവായിരവും യാത്രച്ചെലവിനുള്ളതും തരും. അച്ഛന്റെ ഒപ്പം പോകുമ്പോൾ ഇഷ്ടമുള്ളതെല്ലാം വാങ്ങിത്തരും. ഞങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. തച്ചിലേടത്ത് ചുണ്ടൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഞാൻ എന്റെ ചെലവിനായി അച്ഛന്റെ കയ്യിൽനിന്ന് അവസാനമായി പണം വാങ്ങുന്നത്. അതിനുശേഷം ഞാൻ സമ്പാദിക്കാൻ തുടങ്ങി. പിന്നെ അച്ഛൻ എന്നെ വഴക്കു പറഞ്ഞിട്ടില്ല.

അച്ഛനോടു സംസാരിച്ചിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ഒരുപാട് കാര്യങ്ങൾ പറയും. സിനിമയും കുടുംബവും രാഷ്ട്രീയവും ഒക്കെ സംസാരിക്കും. മറ്റുള്ളവർക്കു ശബ്ദം കൊടുക്കുന്നത് അച്ഛൻ പ്രോത്സാഹിപ്പിച്ചിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ എനിക്ക് മിമിക്രിക്ക് സമ്മാനം ലഭിച്ചിരുന്നു. പക്ഷേ ഒരിക്കൽ അച്ഛൻ എന്നോട് പറഞ്ഞത് ‘മിമിക്രി നമ്മുടെ സ്വാഭാവിക അഭിനയം നഷ്ടപ്പെടുത്തും, നീ അനുകരിക്കുന്ന കലാകാരന്റെ പ്രേതം നിന്നിൽ കയറും. അതുകൊണ്ടു മിമിക്രി ചെയ്യാതിരിക്കുന്നതാണ് നല്ലത്’ എന്നാണ്. അതു ശരിയാണെന്ന് എനിക്കും തോന്നി. അതോടെ ഞാൻ മിമിക്രി നിർത്തി. മിമിക്രി ചെയ്ത് അഭിനയത്തിലേക്ക് വന്ന പല താരങ്ങളെയും നിരീക്ഷിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ശരിയാണെന്ന് എനിക്കു തോന്നി. അവർ അനുകരിച്ച് മാസ്റ്റർപീസ് ആയിട്ടുള്ള താരങ്ങളുടെ അംശം അവരുടെ അഭിനയത്തിൽ കയറി വരാറുണ്ട്. എന്റെ അഭിനയത്തിന് അച്ഛന്റേതുമായി സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് ഞാൻ അദ്ദേഹത്തിന്റെ മകനായതുകൊണ്ടാണ്. അല്ലെങ്കിൽ അച്ഛന്റെ അഭിനയം കണ്ടാണ് ഞാൻ വളർന്നത് എന്നതുകൊണ്ടാണ്.

പഴശ്ശിരാജയിലൂടെ ആണ് എനിക്ക് ആദ്യമായി ഡബ്ബിങ്ങിൽ കേരള സംസ്ഥാന അവാർഡ് ലഭിച്ചത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ് എന്നെ നിർദേശിച്ചത്. ആ കഥാപാത്രത്തിന് എന്റെ ശബ്ദം നന്നാകുമെന്ന് ഹരിഹരൻ സാറിനോട് അച്ഛൻ പറഞ്ഞു എന്നാണറിഞ്ഞത്. അതിന് അവാർഡ് കിട്ടിയപ്പോൾ ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ ഉടനെ എന്റെ മക്കളെ പോയിക്കണ്ട് കെട്ടിപ്പിടിച്ച് ഒരു ഉമ്മയൊക്കെ കൊടുക്കും. അച്ഛൻ വിളിക്കില്ല എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ അങ്ങോട്ട് വിളിച്ചു. ‘ആ നന്നായി’ എന്നാണ് അച്ഛൻ പറഞ്ഞത്. ആ പറഞ്ഞത് വല്യ ഒരു കാര്യമാണെന്ന് എനിക്കറിയാം. അദ്ദേഹം ഒരിക്കലും ഞങ്ങളെ ഞങ്ങൾ കേൾക്കെ പുകഴ്ത്തി പറഞ്ഞിട്ടില്ല. ഒരുപക്ഷേ ഞങ്ങൾ അഹങ്കരിച്ചുപോകും എന്നു കരുതിയായിരിക്കും.

അദ്ദേഹത്തിന് ഞങ്ങളോടു സ്നേഹം ഉണ്ടെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. അച്ഛൻ അവസാനം ആശുപത്രിയിലാകുന്നതിനു തൊട്ടുമുൻപ് എന്റെ വീട്ടിൽ ചെലവഴിച്ച 10 ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഇത്രത്തോളം സ്നേഹത്തോടെ അച്ഛൻ എന്നോട് പെരുമാറിയ മറ്റു സന്ദർഭങ്ങൾ ഉണ്ടായിട്ടില്ല. അച്ഛനെ പേടിയോടെയും ബഹുമാനത്തോടെയുമാണ് ഞാൻ കണ്ടിട്ടുള്ളത്. അച്ഛനോട് എതിർത്ത് സംസാരിച്ചിട്ടില്ല. അച്ഛനെ വളരെ അദ്ഭുതത്തോടെ നോക്കിക്കണ്ടിരുന്ന ഒരാളാണ് ഞാൻ. ആ അച്ഛനെ ഒരു കൊച്ചുകുട്ടിയെ പോലെയാണ് അവസാന ദിവസങ്ങളിൽ ഞാൻ നോക്കിയിരുന്നത്. അദ്ദേഹത്തെ വേദനിപ്പിക്കാതെ ഡയബറ്റിസിനുള്ള ഇൻജക്‌ഷൻ എടുത്തുകൊടുക്കുമായിരുന്നു. മരുന്നൊക്കെ സ്പൂണിൽ കോരി കൊടുക്കുകയായിരുന്നു. അങ്ങനെയൊരു അച്ഛനെ ഞാൻ സങ്കല്പിച്ചിട്ടുപോലുമില്ല. ഒരുപക്ഷേ ചെറിയ കുട്ടിയായിരുന്നപ്പോൾ നഷ്ടപ്പെട്ട അച്ഛന്റെ സാമീപ്യം ദൈവം എനിക്ക് വിധിച്ചത് അവസാനകാലത്തായിരിക്കാം.

shobi-thilakan-3

∙ അച്ഛന്റെ ശബ്ദമായപ്പോൾ?

അച്ഛൻ ജീവിച്ചിരുന്നപ്പോൾ തന്നെ ‘പെയ്തൊഴിയാതെ’ എന്ന സീരിയലിൽ അച്ഛനു വേണ്ടി ശബ്ദം കൊടുത്തു. അച്ഛൻ അന്ന് ആശുപത്രിയിൽ അഡ്മിറ്റാണ്. ഞാൻ ഡബ്ബ് ചെയ്തിട്ട് തിരിച്ച് ആശുപത്രിയിൽവന്ന് അച്ഛനോടൊപ്പം ഇരുന്നാണ് ആ സീരിയൽ കാണുന്നത്. അച്ഛനോടൊപ്പം ഇരുന്നു കാണുമ്പോൾ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. കണ്ടിട്ട് അച്ഛൻ ചോദിച്ചു, ‘എന്തിനാടാ ആവശ്യമില്ലാത്തടത്ത് മൂളുന്നത്?’  ഞാൻ പറഞ്ഞു, ‘അച്ഛാ ഞാൻ അത് വേണ്ട എന്നു പറഞ്ഞതാണ്. പക്ഷേ അസിസ്റ്റന്റ് ഡയറക്റ്റർ പറഞ്ഞു, ഷോബി അത് ഇട്ടേക്കൂ, ഞാൻ വേണ്ടെങ്കിൽ എഡിറ്റ് ചെയ്തേക്കാം എന്ന്. പക്ഷേ അവർ എഡിറ്റ് ചെയ്തില്ല’. അവർ അതൊക്കെ പറയും പക്ഷേ നമ്മൾ ആവശ്യമുള്ളത് മാത്രമേ കൊടുക്കാവൂ എന്നായിരുന്നു അച്ഛൻ പറഞ്ഞത്. 

അച്ഛന് സുഖപ്പെട്ട് വീണ്ടും ആ സീരിയലിന്റെ സെറ്റിൽ എത്തിയപ്പോൾ ‘തിലകൻ ചേട്ടന് ഡബ്ബ് ചെയ്ത മോൻ ഏതാണ്’ എന്ന് സീരിയലിൽ അച്ഛന്റെ ഭാര്യയായി അഭിനയിക്കുന്ന ജയഭാരതി ചേച്ചി ചോദിച്ചു. ‘ഇവനാ ചെയ്തേ, അത്ര ശരിയായൊന്നും ഇല്ല’ എന്നായിരുന്നു അച്ഛന്റെ മറുപടി. അപ്പോൾ ചേച്ചി പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു, ‘അങ്ങനെയൊന്നും തിലകൻ ചേട്ടൻ പറയണ്ട, അതു ഡബ്ബ് ചെയ്തത് തിലകൻ ചേട്ടനല്ല എന്ന് ഞങ്ങൾക്കാർക്കും മനസ്സിലായില്ല’. ചേച്ചിയുടെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ദേശീയ അവാർഡ് കിട്ടിയതുപോലെ തോന്നി. അച്ഛൻ അത് കേട്ട് ചിരിച്ചു.

അച്ഛൻ മരിച്ചു കഴിഞ്ഞ് മൂന്ന് സിനിമകളിൽ അദ്ദേഹത്തിനുവേണ്ടി ഡബ്ബ് ചെയ്യാൻ നിയോഗം ഉണ്ടായി. സീൻ ഒന്ന് നമ്മുടെ വീട്, ഓഗസ്റ്റ് ക്ലബ്ബ്, പിന്നെ ഒരു തമിഴ് ചിത്രം. ഞാൻ അച്ഛനെ അനുകരിച്ചതല്ല, അദ്ദേഹത്തിന്റെ ശൈലി കൊണ്ടു വരാൻ ശ്രമിക്കുകയായിരുന്നു. അച്ഛന്റെ ശബ്ദവുമായി സാദൃശ്യം ഉള്ളതുകൊണ്ട് കൃത്രിമമായി ഉണ്ടാക്കേണ്ട കാര്യമില്ല.

∙ അച്ഛൻ ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണ്?

അയ്യോ അങ്ങനെ പറയാൻ പറ്റുമോ? അച്ഛൻ ചെയ്ത ഏതു കഥാപാത്രമാണ് നമുക്ക് ഇഷ്ടപ്പെടാതിരിക്കാൻ കഴിയുക?. ‘അമ്മാവനു പറ്റിയ അമളി’ എന്ന സിനിമയിലെ കഥാപാത്രം വരെ എനിക്ക് ഇഷ്ടമാണ്. അച്ഛൻ ചെയ്ത ഓരോ കഥാപാത്രവും ഞാൻ നിരീക്ഷിക്കാറുണ്ട്. ‘ഇന്ത്യൻ റുപ്പി’ എന്ന സിനിമ ഓർക്കുമ്പോൾ എനിക്ക് ശരിക്കും ദുഃഖം വരും. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ ‘അർദ്ധനാരി’ എന്ന സിനിമ ഡബ്ബ് ചെയ്യാൻ ബാക്കി ഉണ്ടായിരുന്നു. എം.ജി. ശ്രീകുമാർ വിളിച്ച് ‘ഷോബീ, അതൊന്നു ഡബ്ബ് ചെയ്യണമല്ലോ’ എന്നു പറഞ്ഞു. ഞാൻ പറഞ്ഞു അച്ഛൻ ഇങ്ങനെ കിടക്കുവല്ലേ എങ്ങനെയാണ് എന്ന്. ‘കുഴപ്പമില്ല, ഷോബി സമയം പോലെ വന്നു ചെയ്തു തന്നാൽ മതി’ എന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്റെ അപ്പോഴത്തെ ശബ്ദത്തിന്റെ ശൈലി ഒന്നു പിടിക്കാൻ വേണ്ടി ഞാൻ ഇന്ത്യൻ റുപ്പി എന്ന സിനിമ എടുത്തു കണ്ടു. ആ സമയത്ത് ഞാൻ രാത്രി ആശുപത്രി പരിസരത്ത് വണ്ടിയിലാണ് ഉറങ്ങുന്നത്. അച്ഛൻ ഐസിയുവിൽ ആണ്. രാത്രി രണ്ടുമണിക്ക് വണ്ടിയിൽ ഇരുന്നു ഇന്ത്യൻ റുപ്പിയുടെ ഭാഗങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. അച്ഛൻ മരിക്കുന്ന സീൻ ആയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. അപ്പോൾ സമയം വെളുപ്പിന് 3:25. അവിടെ ഡോക്ടറായിരുന്ന എന്റെ മാമൻ വിളിച്ചിട്ട് ‘ഷോബി, പെട്ടെന്ന് ഐസിയുവിലേക്ക് വരൂ’ എന്ന് പറഞ്ഞു. ഞാൻ ഓടി ചെന്നപ്പോഴേക്കും അദ്ദേഹം പറഞ്ഞു ‘രക്ഷയില്ല ആളുപോയി എന്ന്’.  ഞാൻ പെട്ടെന്ന് അനാഥനായ പോലെ തോന്നി. 

shobi-thilakan-4

ഇന്ത്യൻ റുപ്പിയിലെ ആ കഥാപാത്രത്തിന് പകരം മറ്റൊരു ആർട്ടിസ്റ്റിനെ ചോദിച്ചാൽ എനിക്ക് നിർദേശിക്കാൻ ഈ ലോകത്ത് മറ്റൊരാളില്ല. അച്ഛന്റെ മരണത്തെത്തുടർന്ന് ‘അർദ്ധനാരി’ ഡബ്ബ് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. സ്ഫടികം, കിരീടം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മൂന്നാംപക്കം, അച്ഛന്റെ സിനിമകളിൽ ഏതാണ് എടുത്തു പറയാതിരിക്കാൻ കഴിയുക? ഏതാണ് മാറ്റി വയ്ക്കാൻ കഴിയുക?".  വീണ്ടും ചില വീട്ടുകാര്യങ്ങളിലെ വേഷം എത്ര മനോഹരമായാണ് അദ്ദേഹം ചെയ്തത്. ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത മുഹൂർത്തങ്ങളാണ് അത്. ഒരുപക്ഷേ എല്ലാം അച്ഛൻ ഉള്ളിൽ അടക്കിയതാകും. 

കുറെ പള്ളീലച്ചൻ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പല മാനറിസങ്ങൾ കൊടുത്തു ചെയ്ത പള്ളീലച്ചന്മാർ. പുതിയ തലമുറയൊക്കെ അതു കണ്ടു പഠിച്ചാൽ നല്ലതാണ്. ഇടനാഴിയിൽ ഒരു കാലൊച്ചയിലെ പള്ളീലച്ചൻ ഒരു സംഗീതജ്ഞനാണ്. മൂന്നാംപക്കം എന്ന സിനിമയിൽ അച്ഛൻ പടുവൃദ്ധനായി അഭിനയിച്ചത് 50 വയസ്സ് കഴിഞ്ഞപ്പോഴാണ്. ആ കഥാപാത്രം ചെയ്യാൻ ഒരുപാട് ഹോം വർക്ക് ചെയ്തിരുന്നു. വളരെ സ്ട്രെയിൻ എടുത്തു ചെയ്ത കഥാപാത്രമാണത്. അച്ഛന്റെ കഥാപാത്രങ്ങളെ കുറിച്ചു പറയാൻ നാളുകൾ വേണ്ടിവരും.

∙ തിലകന്റെ മകൻ എന്ന ടൈറ്റിൽ കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും?

അച്ഛന്റെ മകൻ ആയതിൽ അഭിമാനം മാത്രം. ദോഷം എന്നു പറയാൻ ഒന്നുമില്ല. പക്ഷേ സിനിമയിൽ അഭിനയിക്കുമ്പോൾ ചിലപ്പോൾ താരതമ്യം ഉണ്ടാകാറുണ്ട്. ‘തിലകന്റെ മകൻ ആയിട്ടും....’ എന്ന ചില അഭിപ്രായങ്ങൾ. അതു പാടില്ല ഞാനും അച്ഛനും രണ്ടു വ്യക്തികളാണ്. എന്റെയും അച്ഛന്റെയും അനുഭവങ്ങൾ രണ്ടാണ്. അച്ഛന്റെ പ്രായം വേറെ എന്റെ പ്രായം വേറെ. ഞാനും അച്ഛനുമായുള്ള താരതമ്യം ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ്. 

തിലകന്റെ മകൻ എന്നുള്ള രീതിയിൽ ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. എവിടെ ചെന്നാലും എനിക്ക് ഒരു സീറ്റുണ്ട്. എന്റെ കരിയർ ഇപ്പോൾ ഉണ്ടായതല്ലേ. അതുവരെ തിലകന്റെ മകൻ എന്ന അഡ്രസ് തന്നെ ആയിരുന്നു. ആ അഡ്രസിന് ഒരു വിലയുണ്ട്. ഏതു ലൊക്കേഷനിൽ പോയാലും പരിഗണന കിട്ടിയിരുന്നു. ‘തിലകൻ ചേട്ടന്റെ മോനാ’ എന്ന് അവർ പറയുന്നത് വലിയ അംഗീകാരമാണ്.

∙ അദ്ദേഹവുമായി ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്ന വിഷയങ്ങൾ ?

ചാലക്കുടി സാരഥി എന്ന സമിതിക്കുവേണ്ടി അച്ഛൻ സംവിധാനം ചെയ്ത ‘ആദിശങ്കരൻ ജനിച്ച നാട്ടിൽ’ എന്ന നാടകം മറ്റൊരിക്കൽ മറ്റൊരു സമിതി ചെയ്തപ്പോൾ അച്ഛനെ അസിസ്റ്റ് ചെയ്തത് ഞാനാണ്. അന്ന് അദ്ദേഹത്തിന്റെ സംവിധാന ശൈലി മനസ്സിലാക്കാൻ കഴിഞ്ഞു. അച്ഛൻ പ്രവർത്തിച്ചിട്ടുള്ള നിരവധി നാടക സമിതികൾ ഉണ്ട്. അന്നത്തെ കഥകളൊക്കെ അച്ഛൻ പറയാറുണ്ടായിരുന്നു. 

അച്ഛന്റെ അടുത്ത് ചെന്ന് ഒരു കാര്യം പറഞ്ഞ് പെട്ടെന്നു പോരാൻ കഴിയില്ല. 10 മിനിറ്റിൽ പോരാം എന്നു കരുതിയാലും നാല് മണിക്കൂർ കഴിഞ്ഞേ മടങ്ങാൻ പറ്റൂ. പഴയ കഥകളൊക്കെ പറഞ്ഞിരിക്കും. അച്ഛനോടൊപ്പം ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഗൾഫിലുമൊക്കെ. ഈ യാത്രകളിലൊക്കെ രസം പകരുന്നത് അച്ഛൻ പറയുന്ന കഥകളാണ്. 

shobi-thilakan-5

ഞങ്ങൾ ഒരുമിച്ച് റിയാദിലേക്ക് പോയപ്പോൾ അച്ഛൻ വന്നത് ഉസ്താദ് ഹോട്ടലിന്റെ സെറ്റിൽ നിന്നാണ്. അതിൽ അച്ഛനോടൊപ്പം അഭിനയിച്ച ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ മകനല്ലേ, ഒരു കൗതുകം കൊണ്ട് ദുൽഖറിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ഞാൻ ചോദിച്ചു. ‘അവൻ കൊള്ളാം, അവന്റെ പ്രായം വച്ച് നോക്കുമ്പോൾ അവൻ നന്നായി ചെയ്യുന്നുണ്ട്. നന്നായി വരും’ എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛനിൽനിന്ന് അങ്ങനെ ഒരു അഭിപ്രായം കിട്ടണമെങ്കിൽ അത്രയും എക്സ്ട്രാ ഓർഡിനറി നടൻ ആയാൽ മാത്രമേ പറ്റൂ. അവർ തമ്മിലുള്ള ഒരു കെമിസ്ട്രി വളരെ നന്നായിരുന്നു. നമ്മുടെ കൂടെ നിൽക്കുന്ന ആർട്ടിസ്റ്റിനും നമ്മുടെ അഭിനയത്തിൽ ഒരു പങ്കുണ്ട്. അവർ നന്നായി അഭിനയിച്ചാൽ നമ്മുടെ അഭിനയം കൂടുതൽ മെച്ചപ്പെടും. നെടുമുടി വേണു ചേട്ടനും ഭരത് ഗോപി ചേട്ടനുമൊപ്പം അഭിനയിച്ചപ്പോൾ അവരിൽനിന്നു വരുന്ന ഒരു പോസിറ്റിവിറ്റി ഉണ്ട്. അത് എനിക്ക് ഊർജം പകർന്നിട്ടുണ്ട്. ചില നടന്മാരുടെ അഭിനയം കാണുമ്പോൾ അച്ഛൻ പറയും ‘ഇവൻ മോഹൻലാലിനെ അനുകരിക്കുകയാണ്, അല്ലെങ്കിൽ ഇവൻ കൊള്ളാം’ എന്നൊക്കെ.

∙ അച്ഛനെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?

എന്റെ പിൻബലമായിരുന്നു അച്ഛൻ. അദ്ദേഹം ഇല്ലാതായപ്പോൾ ഞാൻ ഒട്ടും സേഫ് അല്ല എന്നു തോന്നി. അടുത്തില്ലെങ്കിലും അച്ഛൻ ഉണ്ടെന്നുള്ളത് ഒരു എനർജി തരുമായിരുന്നു. അദ്ദേഹം ദൈവവിശ്വാസി അല്ലായിരുന്നു. അച്ഛൻ ‘ദൈവമേ’ എന്നു വിളിക്കുന്നത് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ ഞാൻ ദൈവവിശ്വാസി ആണ്. ഓരോ ദിവസവും വീട്ടിൽനിന്ന് ഇറങ്ങി വണ്ടി എടുക്കുമ്പോൾ പ്രാർഥിക്കുന്ന കൂട്ടത്തിൽ ‘അച്ഛാ കൂടെ ഉണ്ടായിരിക്കണേ’ എന്നു പറയും. ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോഴും അങ്ങനെ പ്രാർഥിക്കും. അതാണ് എനിക്ക് അച്ഛൻ.  

അച്ഛൻ ഇല്ലാതായപ്പോൾ ഉണ്ടായ ഒരു ശൂന്യതയുണ്ട്. എല്ലാവിധത്തിലും അച്ഛൻ ഒരു സപ്പോർട്ട് ആയിരുന്നു. അച്ഛൻ ഇല്ലാതായപ്പോൾ ഇന്ത്യൻ സിനിമയിൽത്തന്നെ ഒരു ശൂന്യതയുണ്ട്. അതിലും കൂടുതലാണ് എനിക്ക്. 

മലയാള സിനിമയിലെ നായകൻ-നായിക കഥാപാത്രങ്ങൾക്ക് ഇപ്പോൾ അച്ഛനും അമ്മയും ഇല്ല എന്നു ചിലരൊക്കെ പറയാറുണ്ട്. അച്ഛൻ അഭിനയിച്ച് അനശ്വരമാക്കിയതുപോലെയുള്ള കഥാപാത്രങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ല. അച്ഛൻ മാത്രമല്ല ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, ശങ്കരാടി ചേട്ടൻ, നരേന്ദ്ര പ്രസാദ് ഇവർക്കൊന്നും പകരം മറ്റാരുമില്ല. അതുകൊണ്ട് അവർ ചെയ്തതുപോലെയുള്ള കഥാപാത്രങ്ങൾ ഇപ്പോൾ ഉണ്ടാകുന്നില്ല. അച്ഛനെ ഓർക്കാൻ പ്രത്യേകിച്ച് ഒരു ദിവസമൊന്നും എനിക്ക് വേണ്ട, ഓരോ നിമിഷവും അച്ഛനെ ഓർക്കാറുണ്ട്. അച്ഛൻ കരുത്തിന്റെ ഒരാൾരൂപമായിരുന്നു. ആ ശൂന്യത ഒരിക്കലും നികത്താനാകില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA