വിവാഹം ജൂലൈയിൽ, തീയതി തീരുമാനിച്ചിട്ടില്ല; സ്ത്രീധനം ഒരു ദുരാചാരം: മൃദുല വിജയ്

HIGHLIGHTS
  • എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഡിസൈനിലാണ് സാരി ഒരുക്കിയിരിക്കുന്നത്
  • പൊരുത്തപ്പെടാൻ കഴിയാത്ത ബന്ധങ്ങളിൽ കടിച്ചു തൂങ്ങാൻ നിർബന്ധിക്കരുത്
actress-mridhula-vijay-on-wedding-and-dowry
SHARE

ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വിവാഹദിനത്തിനായി കാത്തിരിക്കുകയാണ് സീരിയൽ താരങ്ങളായ മൃദുല വിജയ്‌യും യുവ്കൃഷ്ണയും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം നടത്തേണ്ടതിനാൽ എല്ലാ സുഹൃത്തുക്കളെയും പങ്കെടുപ്പിക്കാനാവില്ല എന്ന വിഷമം ഇവർക്കുണ്ട്. വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചും സ്ത്രീധന സംബന്ധമായ ഗാർഹിക പീഡനത്തെത്തുടർന്നുണ്ടാകുന്ന ആത്മഹത്യയെക്കുറിച്ചുള്ള ആശങ്കകളും തന്റെ നിലപാടും മ‍ൃദുല പങ്കുവയ്ക്കുന്നു.

∙ വിവാഹത്തിന് എല്ലാം റെഡി

കോവിഡ് വ്യാപനത്തെത്തുടർന്ന് വിവാഹനിശ്ചയത്തിന് എല്ലാ സുഹൃത്തുക്കളെയും പങ്കെടുപ്പിക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്നു ഞങ്ങൾ. വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കാം എന്നു കരുതിയാണ് ആശ്വസിച്ചത്. എന്നാൽ അതും സാധ്യമാകാത്ത അവസ്ഥയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ വളരെ കുറച്ചു ആളുകളെ മാത്രമേ പങ്കെടുപ്പിക്കുന്നുള്ളൂ. വിവാഹത്തിനായി ബുക്ക് ചെയ്തിരുന്ന ഹാൾ കാൻസൽ ചെയ്തു. പകരം മറ്റൊരു ചെറിയ സ്ഥലം ഒരുക്കി. കുറച്ചു പേരെ തലേ ദിവസവും കുറച്ചു പേരെ വിവാഹ ദിവസവും വിളിക്കാം എന്നാണു കരുതുന്നത്. ഈ ജൂലൈയിൽ വിവാഹം ഉണ്ടാകും. തിരുവനന്തപുരത്തുവച്ചാണ്. തീയതി തീരുമാനിച്ചിട്ടില്ല. 

yuva-krishna-mridhula-vijai-2

വിവാഹ ഷോപ്പിങ് കഴിഞ്ഞു. നാല് സാരിയാണ് വിവാഹത്തിനു വേണ്ടത്. അതു നാലും വാങ്ങി. സെറ്റ് സാരി കസ്റ്റം മെയിഡ് ആണ്. ബാലരാമപുരത്തുള്ള മംഗല്യകസവ്‌ എന്നൊരു ടീമാണ് അത് നെയ്യുന്നത്. സ്വർണത്തിന്റെ തന്നെ കസവ് ഉപയോഗിച്ച് എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഡിസൈനിലാണ് സാരി ഒരുക്കിയിരിക്കുന്നത്. അത് നെയ്യുന്ന തൊഴിലാളികളുടെ ആത്മസമർപ്പണം കാണേണ്ടതുതന്നെയാണ്. 

ഞാനും യുവയും ഒന്നിച്ചു പോയാണു മറ്റു മൂന്നു സാരികൾ വാങ്ങിയത്. യുവയുടെ വീട്ടിലും ഒരുക്കങ്ങൾ നടക്കുകയാണ്. സ്വർണം നേരത്തെ വാങ്ങിവച്ചിട്ടുണ്ട്. വിവാഹം സിംപിൾ ആക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അമ്പലത്തിൽ വച്ച്  താലികെട്ടുക എന്നൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്റെ അമ്മയ്ക്ക് എന്റെ വിവാഹത്തെപ്പറ്റി ചില സങ്കല്പങ്ങളുണ്ട്. അതുകൊണ്ട് എല്ലാം അമ്മയുടെ ഇഷ്ടത്തിന് വിടുകയാണ്. വിവാഹം രണ്ടുപേരുടെ മാത്രമല്ല, രണ്ടു കുടുംബങ്ങളുടെയും ഒത്തുചേരൽ അല്ലേ. എല്ലാവരുടെയും ഇഷ്ടത്തിനനുസരിച്ച് വിവാഹിതരാകാനാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരുടെയും സ്നേഹവും പിന്തുണയും ഞങ്ങൾക്കൊപ്പം ഉണ്ടാകണം.

∙ സ്ത്രീധനം ‘നോ നോ’

സ്ത്രീധനം ചോദിച്ചുവരുന്നയാളെ വിവാഹം കഴിക്കില്ല എന്നു ഞാൻ പണ്ടേ തീരുമാനിച്ചിരുന്നു. അങ്ങോട്ട് പണം കൊടുത്തു കല്യാണം കഴിക്കേണ്ട ഗതികേട് പെണ്‍കുട്ടികൾക്കുണ്ടോ ?. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു ദുരാചാരമാണ് സ്ത്രീധനം. രണ്ടുദിവസമായി കേൾക്കുന്ന വാർത്തകൾ ശരിക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ചെറിയ പ്രായത്തിലുള്ള കുട്ടികളാണ് സ്ത്രീധനത്തിന്റെ പേരിൽ മരണപ്പെട്ടിരിക്കുന്നത്. പെൺകുട്ടികളെ പഠിപ്പിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുകയാണു വേണ്ടത്. പൊരുത്തപ്പെടാൻ കഴിയാത്ത ബന്ധങ്ങളിൽ കടിച്ചു തൂങ്ങാൻ നിർബന്ധിക്കരുത്.  

actress-mridhula-vijay-on-wedding-and-dowry

സ്വന്തം മകൾക്ക് കൊടുക്കാനുള്ളത് അച്ഛനും അമ്മയും അറിഞ്ഞ് കൊടുക്കും. അത് അവളുടെ ആവശ്യത്തിനാണ്. ഭർത്താവോ അയാളുടെ വീട്ടുകാരോ അതിൽ അഭിപ്രായം പറയാനോ, അതു സ്വന്തമാക്കാനോ പാടില്ല. എന്റെ കാര്യത്തിൽ യുവയോ അദ്ദേഹത്തിന്റെ വീട്ടുകാരോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് ധരിക്കാനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും എന്റെ വീട്ടുകാർ തരും. അത് എന്തായിരിക്കണമെന്നോ, എത്ര ഉണ്ടാകണമെന്നോ അവരാരും പറഞ്ഞിട്ടില്ല. അതൊക്കെ ഞങ്ങളുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. 

പെൺകുട്ടികൾക്ക് വീട്ടുകാരോട് എല്ലാം തുറന്നു പറയാനും സ്വന്തം കാര്യം നോക്കാനും സ്വാതന്ത്ര്യം ഉണ്ടാകണം. അതിനു വേണ്ടത് സ്വയം പര്യാപ്തതയാണ്. അതു സ്വന്തം വീട്ടിൽ നിന്നു തന്നെ പഠിപ്പിക്കണം. ചെറുപ്പം മുതൽ സ്വന്തം കാര്യം ചെയ്യാൻ പഠിക്കണം. വിവാഹം വരെ അച്ഛൻ നോക്കി വിവാഹം കഴിഞ്ഞു ഭർത്താവും. ഇനി വിവാഹ മോചനം നേടി വന്നാൽ എന്നെ ആരു നോക്കും എന്ന ചിന്ത പാടില്ല. വിവാഹമോചനം നേടി എന്നു കരുതി ജീവിതം തീർന്നു എന്നു പെൺകുട്ടികൾ കരുതരുത്. പഠിച്ച് ജോലി നേടി അന്തസ്സോടെ ജീവിച്ചു കാണിക്കണം.

English Summary : Actress Mridhula Vijai on wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA