ADVERTISEMENT

എല്ലാ ദാമ്പത്യവും സുന്ദരമാകണമെന്നില്ല. പങ്കാളികളുടെ ചില ശീലങ്ങളോ സ്വഭാവമോ ആയിരിക്കാം ദാമ്പത്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അത്തരം ശീലങ്ങള്‍ ഉപേക്ഷിക്കുകയും പുതിയ ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്താൽ ദാമ്പത്യം കൂടുതൽ മനോഹരമായിത്തീരും. അതിനായി പങ്കാളികൾ മനസ്സു വയ്ക്കണം. സമയം കണ്ടെത്തണം. 

∙ അടുത്തുണ്ടാകാം

ദാമ്പത്യം മുന്നോട്ടു പോകും തോറും ഒന്നിച്ച് ചെലവിടുന്ന സമയം  കുറഞ്ഞു വരുന്നുണ്ടോ ? ജോലി ഭാരം, ജീവിതത്തിലെ മറ്റു തിരക്കുകൾ എന്നിങ്ങനെ പലതും ന്യായീകരണമായി പറയുകയും ചെയ്യും. എന്നാൽ നിങ്ങളുടെ സാമിപ്യത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കണം. പങ്കാളികളിൽ ഒരാൾ എപ്പോഴും തിരക്കിലാവുകയും മറ്റേയാൾ ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥ വളരെ ദോഷകരമായി ദാമ്പത്യത്തെ ബാധിക്കും. രണ്ടു പേരും തിരക്കിലാണെങ്കിൽ കൂടി ഒന്നിച്ച് ചെലവിടാൻ സമയം കണ്ടെത്തണം. ഏതൊരു ദാമ്പത്യത്തിലും സാമിപ്യം പ്രധാനമാണ്.

∙ സംസാരം മുഖ്യം

സന്തോഷങ്ങളാകട്ടെ, അഭിപ്രായവ്യത്യാസങ്ങളാകട്ടെ, പ്രശ്നങ്ങളാകട്ടെ അതെല്ലാം മനസ്സ് തുറന്ന് സംസാരിക്കണം. അടുത്തുണ്ടായിട്ടും മനസ്സ് തുറന്നു സംസാരിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതൊരു പരാജയമാണ്. ജോലി സംബന്ധവും സാമ്പത്തികവുമായ ഒരുപാട് ചിന്തകളില്‍ അകപ്പെട്ട് പങ്കാളിയോട് സംസാരിക്കാൻ മറന്നു പോകുന്നവരുണ്ട്. സംസാരിച്ചാൽ ആരോടൊക്കെയോ ഉള്ള ദേഷ്യം പങ്കാളിയോട് പ്രകടിപ്പിക്കുകയും ചെയ്യും. അടുത്തുണ്ടായിട്ടും മനസ്സു തുറന്നു സംസാരിക്കാത്ത, സംസാരിച്ചാൽ അകാരണമായി ദേഷ്യപ്പെടുന്ന പങ്കാളി ദാമ്പത്യം കഠിനമാക്കുമെന്ന് തിരിച്ചറിയണം.

∙ ബഹുമാനിക്കൂ

ഒരാൾക്ക് മാത്രം ബഹുമാനം കിട്ടുന്ന പ്രവണത ദാമ്പത്യത്തിലുണ്ട്. പലപ്പോഴും അതൊരു കടമയോ അവകാശമോ എന്ന നിലയിലാണ് ലഭിക്കുന്നത്. എന്നാൽ രണ്ടു പേർക്കും ബഹുമാനം കിട്ടുമ്പോൾ മാത്രമേ ദാമ്പത്യം വിജയകരമാകൂ. കാരണം ദാമ്പത്യത്തിൽ ആരും വലുതോ ചെറുതോ അല്ല. ഒരാൾക്ക് മാത്രം ബഹുമാനത്തിന് അവകാശമുണ്ടെന്ന ചിന്ത കാലാഹരണപ്പെട്ടു കഴിഞ്ഞു. അത് തിരിച്ചറിഞ്ഞ് വിയോജിപ്പുകള്‍ ആരോഗ്യപരമായി പ്രകടിപ്പിച്ചും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാതെയും മുന്നോട്ട് പോകണം.

∙ അധിക്ഷേപം വേണ്ട

ദാമ്പത്യത്തിൽ ഏറ്റവുമധികം കലഹങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമാകുന്ന ഒന്നാണ് അധിക്ഷേപം. പരസ്പര ബഹുമാനമില്ലാത്ത അവസ്ഥയെക്കാൾ മോശം സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടും. സംഭവിച്ചു പോയ തെറ്റുകൾ വീണ്ടും പറഞ്ഞും മാന്യമല്ലാതെ സംസാരിച്ചും പ്രവൃത്തിച്ചും പങ്കാളിയെ അധിക്ഷേപിക്കുന്നവരുണ്ട്. ചില വാക്കുകളും പ്രവൃത്തികളും മാത്രം മതി മനസ്സിനെ ആഴത്തിൽ മുറിവേൽപിക്കാനും ദാമ്പത്യത്തെ എന്നന്നേക്കുമായി താളം തെറ്റിക്കാനും എന്നു മനസ്സിലാക്കണം. അധിക്ഷേപത്തിന്റെ ഒരു അംശം പോലും ദാമ്പത്യത്തില്‍ വരാതെ നോക്കാൻ പങ്കാളികൾ ബാധ്യസ്ഥരാണ്.

∙ ഒന്നിച്ച് മുന്നോട്ട്

ദാമ്പത്യ രസകമാക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഒന്നിച്ചുള്ള ജോലി ചെയ്യല്‍. സാമിപ്യം, സംസാരം, പരസ്പര ബഹുമാനം എന്നീ ഘടകങ്ങൾക്കെല്ലാമുള്ള അവസരം ലഭിക്കും. ഏതൊരു ഘട്ടത്തിലും സഹായിക്കാൻ പങ്കാളി ഒപ്പമുണ്ടാകുമെന്ന തോന്നൽ ഇത് വളർത്തും. പാചകമോ, വീട് വൃത്തിയാക്കലോ ആകട്ടെ എല്ലാം പങ്കിട്ട് ചെയ്ത് ശീലിക്കൂ. ദാമ്പത്യം കൂടുതൽ ആസ്വാദ്യകരമായി തീരുമെന്ന് തീർച്ച. 

English Summary : tips to make marriage life happy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com