ADVERTISEMENT

മഞ്ജുവിന് ഉയരം കുറവാണ്. അതുകൊണ്ട് ചില കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ അതൊരിക്കലും അവളെ തളർത്തിയിട്ടില്ല. അമ്മയെ ചെറുപ്രായത്തിൽ നഷ്ടപ്പെട്ടു. അതോടെ അവൾ അനിയത്തിക്ക് അമ്മയായി. അച്ഛനും സഹോദരനും ഉൾപ്പെടുന്ന കുടുംബത്തിന്റെ നാഥയായി. ബിരുദ പഠനം പൂർത്തിയാക്കി. പാരാലിംപിക്സിൽ പങ്കെടുത്തു. സിനിമയിൽ അഭിനയിച്ചു. പല ജോലികൾ ചെയ്തു. ശരീരത്തിന്റെ ഉയരക്കുറവ് സൃഷ്ടിച്ച പരിമിതികളെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ കയറിനിന്നു നേരിട്ട് ജീവിതത്തിൽ മുന്നേറി.

ഇന്നവൾ സുമംഗലിയാണ്. ജൂലൈ 1 ന്, പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽവച്ചാണ് മുണ്ടൂർ നൊച്ചിപുള്ളി പുത്തൻപുരയ്ക്കൽ രാഘവന്റെ മകള്‍ മഞ്ജുവിന് കൊടുന്തിരപ്പുള്ളി അത്താലൂർ സ്വദേശി വിനുരാജ് താലി ചാർത്തിയത്. അപ്രതീക്ഷിതമായി പരിചയപ്പെട്ട്, സൗഹൃദത്തിലായി, പിന്നീട് അകലാൻ തീരുമാനിച്ച്, ഒടുവിൽ ഒരിക്കലും പിരിയാനാകാത്തവിധം അടുത്തവരാണ് വിനുരാജും മഞ്ജുവും. എതിർപ്പുകൾ ഒരുപാടുണ്ടായിരുന്നു. കാത്തിരിപ്പ് അഞ്ചു വർഷം നീണ്ടു. എന്നിട്ടും അവർ പിന്മാറിയില്ല. ആ പ്രണയകഥ മഞ്ജുവും വിനുരാജും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

manju-vinuraj-1

മഞ്ജു: ഞാൻ ടൈപ്പ്റൈറ്റിങ് പഠിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകൻ വഴിയാണ് വിനു ചേട്ടനെ പരിചയപ്പെടുന്നത്. വിനു ചേട്ടൻ കുറച്ച് ഉയരം കുറഞ്ഞിട്ടാണ്. അതുകൊണ്ട് ഉയരം കുറവുള്ള പെണ്ണുണ്ടെങ്കിൽ വിവാഹം ആലോചിക്കാൻ അദ്ദേഹം അധ്യാപകനായ ആ സുഹൃത്തിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് എന്റെ നമ്പർ കൊടുക്കുന്നതും ഞങ്ങൾ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. എന്നാൽ ചേട്ടനും കുടുംബവും ഞാൻ ഇത്ര ഉയരം കുറഞ്ഞ ആളാകുമെന്ന് കരുതിയില്ല. ഇക്കാര്യം മനസ്സിലാക്കിയതോടെ വിവാഹം നടക്കില്ലെന്നു വീട്ടുകാർ തീർത്തു പറഞ്ഞു. ഇത് എന്നെ അറിയിക്കാൻ ചേട്ടൻ നേരിട്ടു വന്നു. അങ്ങനെയാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. വീട്ടുകാർക്ക് താൽപര്യമില്ലെന്നും നമുക്ക് ഇതിവിടെ അവസാനിപ്പിക്കാം എന്നും എന്നോടു പറഞ്ഞു. അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ ചേട്ടന്റെ മെസേജ് വന്നു. എനിക്ക് നിന്നെ ഇഷ്ടമാണ്. ഇനി വേറെ ആരെയും ഞാൻ നോക്കുന്നില്ല. കല്യാണം കഴിക്കുകയാണെങ്കിൽ നിന്നെ മാത്രമായിരിക്കും എന്നായിരുന്നു അത്.

വിനുരാജ്: മഞ്ജുവിനെ പരിചയപ്പെട്ടപ്പോള്‍, ആ വ്യക്തിത്വം മനസ്സിലാക്കിയപ്പോൾ എനിക്ക് ഇഷ്ടമായി. ശരീരത്തിന്റെ ഉയരത്തേക്കാൾ പ്രാധാന്യമില്ലേ മനസ്സിന്റെ നന്മയ്ക്ക്. പല കാരണങ്ങളാൽ രണ്ടു വീട്ടുകാർക്കും എതിര്‍പ്പ് ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഉയരക്കുറവും മറ്റുമായിരുന്നു എന്റെ വീട്ടിലെ പ്രശ്നം. കാത്തിരിക്കാൻ ഞാൻ മഞ്ജുവിനോട് പറഞ്ഞു. എന്റെ അനിയന്റെ വിവാഹം നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അതു കഴിയുമ്പോൾ വീട്ടുകാരുടെ എതിർപ്പ് കുറയുമെന്ന് ഞാൻ കരുതി. എന്നാൽ അതുണ്ടായില്ല. 

മഞ്ജു : എന്റെ വിവാഹം നടക്കുമെന്ന് ഞാനോ വീട്ടുകാരോ ഒരിക്കലും കരുതിയിട്ടില്ല. എന്നെപ്പോലെ ഉയരം കുറഞ്ഞവരുടെ ഒന്നോ രണ്ടോ ആലോചന ഇടയ്ക്കു വന്നിരുന്നു. എന്നാൽ അതൊന്നും ശരിയായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് വിനുചേട്ടൻ ജീവിതത്തിലേക്കു വരുന്നത്. പക്ഷേ ഒന്നിനും കഴിയാത്തവൾ എന്ന ധാരണയിലാണ് എല്ലാവരും എന്നെ കണ്ടത്. എന്നെ ഒരിക്കൽ പോലും കാണാതെ, മനസ്സിലാക്കാതെ ഒന്നിനും കൊള്ളില്ല എന്നു ചിന്തിക്കുന്നത് ശരിയാണോ? ഞാൻ എന്ന വ്യക്തി എന്താണ് എന്നു മനസ്സിലാക്കാൻ ചേട്ടനു കഴിഞ്ഞു. എന്റെ ഉയരമോ സാമ്പത്തികസ്ഥിതിയോ ഒന്നും അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു.

manju-vinuraj-2

വിനുരാജ് : ഓരോരുത്തർക്കും ആരൊക്കെ എന്നു നേരത്തേ നിശ്ചയിച്ചിട്ടുണ്ടാകണം. എനിക്കു മഞ്ജുവിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. മഞ്ജു എനിക്ക് ഒരു സാധാരണ വ്യക്തിയാണ്. അസാധാരണ വ്യക്തി ആകുന്നത് അയാളുടെ സംസാരം, പെരുമാറ്റം, വ്യക്തിത്വം, എനിക്ക് ലഭിക്കുന്ന സ്നേഹം എന്നിവ കാരണമാണ്. വീട്ടുകാരുടെ എതിർപ്പ് മാറില്ലെന്നു മനസ്സിലായതോടെ ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു. അങ്ങനെ മഞ്ജു എന്റെ ജീവിതസഖിയായി.

മഞ്ജു : ചെറുപ്പം മുതൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒൻപതാം ക്ലാസ് വരെ എന്നും അസുഖങ്ങളായിരുന്നു. കൂടുതൽ ദിവസവും ആശുപത്രിയിൽ. പത്തിൽ പഠിക്കുമ്പോൾ അമ്മയുടെ മരണത്തിന്റെ രൂപത്തിൽ ദുർവിധി വേട്ടയാടൽ തുടർന്നു. എന്റെ വേദനകളില്‍, ഞാൻ നേരിട്ട അവഗണനകളിൽ ആശ്വാസമായിരുന്നു അമ്മ. അതാണ് നഷ്ടമായത്. അന്ന് അനിയത്തിക്ക് അഞ്ചു വയസ്സ്. എന്തു ചെയ്യും എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ തളർന്നിരുന്നില്ല. ഞാന്‍ അവളുടെ അമ്മയായി. വീട്ടിലെ എല്ലാ പണികളും ചെയ്യും. അതിനുശേഷം സ്കൂളിലേക്ക് പോകും. 

manju-vinuraj-3

ചിന്തിക്കുന്നതിനേക്കാൾ ഭയാനകമായിരുന്നു ജീവിതം. നൃത്തം ചെയ്യാനും പാട്ടു പഠിക്കാനുമൊക്കെയുള്ള ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി. ശാരീരിക പരിമിതികൾക്കൊപ്പം കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു മറ്റൊരു പ്രശ്നം. ചില സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാനാവാതെ വലയും. ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചിട്ടുണ്ട്. പക്ഷേ തോൽക്കാൻ ഞാൻ തയാറല്ലായിരുന്നു. പാരാലിംപിക്സിൽ മത്സരിക്കാനും മെഡൽ നേടാനും സിനിമകളിൽ അഭിനയിക്കാനും ഒക്കെ കരുത്ത് ലഭിച്ചത് അങ്ങനെയാണ്.

വിനുചേട്ടനും ഇപ്പോൾ കൂട്ടായുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ വലിയ കരുത്താണ്. ഷോട്ട്പുട്ട്, ബാഡ്മിന്റൻ എന്നിവയിൽ നാഷനൽ ലെവലിലുള്ള മത്സരങ്ങൾ വരുന്നുണ്ട്. അതിന് തയാറെടുക്കണം. ഇപ്പോൾ നൃത്തം പഠിക്കുന്നുണ്ട്. അതു പൂർത്തിയാക്കിയശേഷം കുറച്ച് കുട്ടികളെ നൃത്തം പഠിപ്പിക്കണം. ഞാനെഴുതിയ 25 കവിതകൾ ഒരു പുസ്തമാക്കണമെന്നുണ്ട്. 

വിനുചേട്ടനൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം. ഏതു പ്രതിസന്ധിയും അവഗണനയും നേരിടാൻ ഞങ്ങൾ തയാറായിക്കഴിഞ്ഞു.

English Summary  : Kerala couple Manju and Vinuraj heart touching love story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com