ADVERTISEMENT

വീട്ടുമുറ്റത്തു നട്ടുപരിപാലിച്ച പനിനീർച്ചെടിയിൽ നിന്നു റോസ് നിറത്തിലെ പനിനീർപ്പൂവുമായി തന്നെ കാണാനെത്തിയ പഴയ പെൺകുട്ടിക്കു വീട്ടുമുറ്റത്തെ ചെടിയിൽ റോസാപ്പൂവ് കൈമാറി കുഞ്ഞമ്മ പഴയ കാലം ഓർത്തെടുത്തു. "എനിക്ക് പെൺമക്കളില്ലായിരുന്നു, 2 ആൺമക്കളെയാണു ദൈവം സമ്മാനിച്ചത്. വീട്ടിലെ കിണറിനോടു ചേർന്നു ഏറെ റോസാച്ചെടികൾ ഉണ്ടായിരുന്നു. എന്നും രാവിലെ രാഘവൻ മാസ്റ്ററുടെ ഇരുകൈകളിലും പിടിച്ചു അനിലയും ആശയും എത്തുമായിരുന്നു, അവരെ കാത്തുനിന്ന് ആ പൂക്കൾ അവരുടെ തലയിൽ ചൂടിക്കുമ്പോൾ മനസ്സിൽ സന്തോഷം ഇരട്ടിക്കുമായിരുന്നു"– പ്രായം തളർത്താത്ത മനസ്സോടെ മാവേലിക്കര കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് കാട്ടുംതലയ്ക്കൽ കുഞ്ഞമ്മ വർഗീസ് (87) പറഞ്ഞു. 

ആരാണ് കുഞ്ഞമ്മ അമ്മച്ചി ?

കുഞ്ഞമ്മ അമ്മച്ചി ആരാണെന്നു ചിന്തിച്ചു സമയം കളയണ്ടാ, കഴിഞ്ഞ ദിവസം വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസിലെ കേരള പാഠാവലി മലയാളം പുസ്തകത്തിലെ ഒന്നാം യൂണിറ്റായ "ഓർമ്മയുടെ ജാലകം" പഠിപ്പിക്കവേ മാവേലിക്കര എ.ആർ.രാജരാജവർമ സ്മാരക ഗവ.ഗേൾസ് എച്ച്എസ്എസിലെ അധ്യാപിക ആശാ രാഘവൻ പറഞ്ഞ കഥയിലെ നായികയാണു കുഞ്ഞമ്മ. ക്ലാസ് കണ്ടവർ പലരും ക്ലാസിനു മേമ്പൊടിയായി പറഞ്ഞ കഥയാണോ അതോ അങ്ങനൊരു അമ്മച്ചിയുണ്ടോയെന്ന് അന്വേഷിച്ചപ്പോഴാണ് ആശ രാഘവൻ കുട്ടിക്കാലത്തു തനിക്കും ചേച്ചിക്കും റോസാപ്പൂവ് നൽകിയിരുന്ന അമ്മച്ചിയെക്കുറിച്ചു പറഞ്ഞത്.  സമയക്ലിപ്തതയ്ക്കായി സ്ക്രിപ്റ്റിൽ വെട്ടിത്തിരുത്തൽ നടത്തിയതോടെ സംഭവം പൂർണമായി വിക്ടേഴ്സിൽ ക്ലാസിലുൾപ്പെടുത്താനായില്ല.

അടുക്കള മണത്തിന്റെ കഥ ആശയുടെ ഓർമ്മയിൽ

1980 കാലത്താണു സംഭവം. അച്ഛൻ രാഘവൻ മാസ്റ്റർ അന്നു ഭരണിക്കാവ് ഗവ.യുപിഎസിലെ അധ്യാപകനായിരുന്നു. അച്ഛന്റെ കൈപിടിച്ചായിരുന്നു സഹോദരങ്ങളായ ഞാനും അനിലയും സ്കൂളിലേക്കു പോയിരുന്നത്. വീട്ടിൽ നിന്നു രണ്ടാമത്തെ ഇടവഴി കഴിഞ്ഞുള്ള വളവിൽ ചെമ്പരത്തി വേലിയ്ക്കപ്പുറം വെളുത്ത ചട്ടയും മുണ്ടും ധരിച്ചു കയ്യിൽ 2 റോസാപ്പൂക്കളുമായി അമ്മച്ചി കാത്തു നിൽക്കുമായിരുന്നു. നാട്ടിലെ ആദ്യത്തെ പൊലീസുകാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന കെ.ജെ.വർഗീസ് അച്ചായന്റെ പത്നിയായ കുഞ്ഞമ്മ അമ്മച്ചിയായിരുന്നു വഴിയോരത്ത് എന്നും രാവിലെ കാത്തു നിന്നിരുന്നത്. അമ്മച്ചി ഞങ്ങളെ രണ്ടുപേരേയും അടുത്തേക്കു ചേർത്തു പിടിച്ചു മുടിയിൽ പൂക്കൾ വെച്ചു തരുമായിരുന്നു. അമ്മച്ചി അന്നു ഞങ്ങളെ ചേർത്തു പിടിക്കുമ്പോൾ അടുക്കള മണം മൂക്കിലേക്കു തുളച്ചു കയറുമായിരുന്നു. അലിവിന്റെ മനുഷ്യ രൂപമായിരുന്ന അമ്മച്ചി  ഒരു പാട് മനുഷ്യർക്ക് ഭക്ഷണം നൽകുമായിരുന്നു. ആ മണം ആയിരുന്നു മൂക്കിനു സുഗന്ധം പകർന്നത്. അമ്മച്ചിയുടെ വീട്ടിലെ കിണറിനോടു ചേർന്നായിരുന്നു റോസാച്ചെടികൾ. അതിൽ നിന്നാണു പൂക്കൾ അടർത്തി മുടിയിൽ ചൂടുമ്പോൾ അതിൽ വാത്സല്യവും സ്നേഹവും നിറഞ്ഞിരുന്നു. കിണറിനു ചുറ്റമുള്ള ആ റോസാച്ചെടികൾ കണ്ട പ്രചോദനമായാണു പിന്നീടു ഞാനും വീട്ടുമുറ്റത്തു റോസാച്ചെടികൾ നട്ടുവളർത്തിയത്. 3 വർഷം മുടങ്ങാതെ കുഞ്ഞമ്മയുടെ റോസാപ്പൂവ് ചൂടിയാണു ഞങ്ങൾ സ്കൂളിലെത്തിയിരുന്നത്. ചാനലിലെ ക്ലാസ് കണ്ട പലരും വെറും ഭാവനയാണോയെന്നും അമ്മച്ചി ഇപ്പോഴും ഉണ്ടോയെന്നും അന്വേഷിച്ചു. അങ്ങനെ കുഞ്ഞമ്മ അമ്മച്ചിയെ നേരിൽ കാണാൻ തീരുമാനിച്ചു.

ആശയെത്തി കുഞ്ഞമ്മ അമ്മച്ചിയെ കാണാൻ

അന്നത്തെ ഇടവഴി ടാർ റോഡിനു വഴിമാറി, പഴയ ഓടിട്ട വീടിനു മുന്നിൽ പുതിയ കോൺക്രീറ്റ് വീടും വന്നു. മാറ്റമില്ലാതെ കിണർ ഇപ്പോഴുമുണ്ട്. മാവേലിക്കര എ.ആർ.രാജരാജവർമ സ്മാരക ഗവ.ഗേൾസ് എച്ച്എസ്എസിലെ പ്രഥമാധ്യാപകൻ ജി.പ്രസന്നൻപിള്ള, അധ്യാപിക കെ.ആർ.ജയശ്രീ എന്നിവർക്കൊപ്പം ഇത്തവണ കാറിലാണ് ആശ അമ്മച്ചിയെ കാണാനെത്തിയത്. പഴയ ഓർമ്മകൾ പങ്കുവെച്ച കുഞ്ഞമ്മയമ്മച്ചി കുടുംബകാര്യങ്ങളുമൊക്കെ ചോദിച്ചറി‍ഞ്ഞു. ആശ രാഘവൻ റോസ് നിറത്തിലുള്ള റോസാപ്പൂവ് കുഞ്ഞമ്മയ്ക്കു സമ്മാനിച്ചപ്പോൾ അതേ നിറത്തിലുള്ള റോസപ്പൂവ് കുഞ്ഞമ്മ തിരികെ നൽകിയാണു പഴയ ഓർമ്മയ്ക്കു നിറം പകർന്നത്. ആ പഴയ വാത്സല്യത്തിന്റെ പ്രതിഫലനമായി കുഞ്ഞമ്മയുടെ മക്കളായ ജോൺ വർഗീസ് (റിട്ട.ഡിവൈഎസ്പി), കെ.ജി.മാത്യൂസ് (സഹകരണ വകുപ്പ് റിട്ട.അസി.ഡയറക്ടർ) എന്നിവർ സ്നേഹസമാഗമത്തിനു സാക്ഷികളായി. 

പ്രദീപ് ഇനി അമ്മച്ചിയുടെ യഥാർഥ ചിത്രം വരയ്ക്കും

കുട്ടികളുടെ നാടക വേദി പ്രവർത്തകയും യുപി വിഭാഗം മലയാളം സംസ്ഥാന റിസോഴ്സ് പഴ്സനുമായ ആശാ രാഘവന്റെ വിഡിയോ ക്ലാസിനായി ചിത്രകാരനായ പ്രദീപ് പുരുഷോത്തമൻ കഥ മാത്രം കേട്ടാണു ചിത്രങ്ങൾ വരച്ചത്. അമ്മച്ചിയുടെ ചിത്രം പോലും കാണാതെയായിരുന്നു ചിത്രമെഴുത്ത്. വിക്ടേഴ്സിലെ ക്ലാസിലൂടെ താരമായ കുഞ്ഞമ്മയമ്മച്ചിയുടെ യഥാർഥ ചിത്രം വരച്ച് ഉപഹാരം നൽകാനുള്ള തയ്യാറെടുപ്പിലാണു പ്രദീപ് പുരുഷോത്തമൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com