പലരും കളിയാക്കി, നിനക്കു വേറെ പണിയില്ലേ എന്നു ചോദിച്ചവരുമുണ്ട് : പാലാ സജി പറയുന്നു

HIGHLIGHTS
  • ഒരു വർഷം കൊണ്ട് ആറു ലക്ഷത്തിലധികം ഫോളോവേഴ്സും ഉണ്ടായി.
  • പല കൂട്ടുകാരുടെയും കുട്ടികൾ എന്റെ ഫാൻസാണ്
SHARE

ഇൻസ്റ്റഗ്രാമിൽ സൂപ്പർ താരങ്ങൾ പോലും അസൂയപ്പെടുന്നത്ര ആരാധകവൃന്ദമുള്ള താരമാണ് പാലാ സജി. സജിയുടെ റീൽസ് വിഡിയോകൾക്ക് ആരാധകർ നൽകുന്ന സ്നേഹവും പിന്തുണയും കണ്ടാൽ ഏതു താരത്തിന്റെയും കണ്ണു തള്ളും. ആറു ലക്ഷത്തിലധികം ഫോളോവേഴ്സുമായി പാലാജി മുന്നേറുമ്പോൾ കട്ട സപ്പോർട്ടുമായി ചങ്കുകൾ അദ്ദേഹത്തിന്റെ കൂടെയുണ്ട്. റീൽസിലൂടെ മാത്രം നമുക്ക് പരിചിതനായ പാലാജിയുടെ റിയൽ ലൈഫ് ഇങ്ങനെയാണ്. 

വിഡിയോകളുടെ ആരംഭം

കലാപരമായ ഒരു പശ്ചാത്തലവുമില്ലാത്തയാളാണ് ഞാൻ. 2019–ലാണ് ഞാനാദ്യമായി ടിക് ടോക് എന്ന ആപ് ശ്രദ്ധിക്കുന്നത്. ആദ്യമൊക്കെ വിഡിയോകൾ വെറുതെ കണ്ടു പോയി. ഒരുപാട് സാധാരണക്കാരുടെ വിഡിയോകൾ കാണാനിടയായി. അപ്പോഴാണ് സ്വയം ഒരു വിഡിയോ ചെയ്താലോ എന്നു ചിന്തിച്ചത്. അങ്ങനെ വെറുതെ നേരംപോക്കിന് വിഡിയോകൾ ചെയ്തു തുടങ്ങി. ആദ്യത്തെ മൂന്നു നാലു മാസങ്ങൾ കാഴ്ചക്കാർ വളരെ കുറവായിരുന്നു. പത്തോ ഇരുപതോ വ്യൂവ്സ് മാത്രമായിരുന്നു വിഡിയോകൾക്ക് ലഭിച്ചിരുന്നത്. സുഹൃത്തുക്കളൊക്കെ ഒരുപാട് പിന്തുണച്ചു. അങ്ങനെ മാസങ്ങൾ കഴിഞ്ഞപ്പോൾ ചില വിഡിയോകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അങ്ങനെ ഫോളോവേഴ്സിന്റെ എണ്ണവും കൂടി. 

ടിക് ടോക് പോയി റീൽസ് വന്നു

2020 ജൂൺ ആയപ്പോഴേക്ക് ടിക് ടോക്കിൽ പ്രശസ്തിയായി. കേരളത്തിൽ തന്നെ അറിയപ്പെടുന്ന രീതിയിലേക്ക് വന്നപ്പോഴാണ് പെട്ടെന്നൊരു ദിവസം ടിക് ടോക് നിരോധിച്ചത്. ഒന്നരവർഷത്തെ അധ്വാനം ഒറ്റ ദിവസം കൊണ്ട് ഇല്ലാതായതോടെ വലിയ വിഷമമായി. പക്ഷേ ഞാൻ പിന്നോട്ടു പോയില്ല. നിരോധനം വന്നതിന്റെ പിറ്റേന്നു തന്നെ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചു. ഒരു വർഷം കൊണ്ട് ആറു ലക്ഷത്തിലധികം ഫോളോവേഴ്സും ഉണ്ടായി. 

കുട്ടികളാണ് ഫാൻസ്

കുട്ടികളും കോളജ് വിദ്യാർഥികളുമൊക്കെയാണ് എന്നെ ഏറ്റവുമധികം ഇഷ്ടപെടുന്നത്. ചില സ്റ്റണ്ട് ഐറ്റംസ് ഒക്കെ വിഡിയോയിൽ ചെയ്യാറുള്ളതു കൊണ്ടായിരിക്കുമെന്നാണ് തോന്നുന്നത്. പിന്നെ ചില ട്രെൻഡിങ് പാട്ടുകളൊക്കെ ഞാൻ പാടാറുണ്ട്. അവർ അതൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് കമന്റുകളിലൂടെ മനസ്സിലാകുന്നുണ്ട്. ഒരുപാട് പേർ എന്റേതു പോലുള്ള മീശയൊക്കെ വരച്ച് വിഡിയോകൾ ചെയ്യാറുമുണ്ട്. 

ജയൻ ഇഷ്ടം അന്നും ഇന്നും

നാലു വയസ്സുള്ളപ്പോൾ മുതൽ ജയന്റെ സിനിമകൾ കാണാറുണ്ടായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹം മരിച്ചു കഴിഞ്ഞ് സിനിമയോടുള്ള എന്റെ താൽപര്യം തന്നെ പോയി. അന്നും ഇന്നും എനിക്ക് ഹീറോയെന്നാൽ അദ്ദേഹമാണ്. അദ്ദേഹത്തിന്റെ ചെറിയ ലുക്കുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് ചില മാനറിസങ്ങൾ കാണിക്കാറുമുണ്ട്. അതിപ്പോഴും തുടരുന്നു.

കരാട്ടെ ബ്ലാക്ക് ബെൽറ്റ്

പതിനഞ്ചു വയസ്സു മുതൽ കരാട്ടെ പഠിക്കുന്നുണ്ട്. ഇരുപതു വയസ്സായപ്പോൾ ബ്ലാക്ക് ബെൽറ്റ് കിട്ടി. ഹാമർ ത്രോയിൽ സംസ്ഥാന തലത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. ജിമ്മിൽ സ്ഥിരമായി പോയി വ്യായാമം ചെയ്യുമായിരുന്നു. അങ്ങനെ ചെറുപ്പം മുതലെ ഫിറ്റ്നസ്സിനോട് താൽപര്യമുണ്ടായിരുന്നു. ഇൗ പ്രായത്തിലും അത് നിലനിർത്താൻ സാധിക്കുന്നത് എസ്പിജിയിൽ ജോലി ചെയ്തതു കൊണ്ടു കൂടിയാണ്. 

കണ്ടന്റ് പ്രധാനം

ചെയ്യുന്ന വിഡിയോകൾ പ്രേക്ഷകന് ഇഷ്ടപെടുന്നതായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. കാണുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും കണ്ടന്റ് തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ വിഡിയോയിലും പ്രേക്ഷകനെ ആകർഷിക്കുന്ന എന്തെങ്കിലും ഉണ്ടായിരിക്കണം. വ്യത്യസ്തമായ വിഡിയോകളുണ്ടെങ്കിലേ പ്രേക്ഷകർ അതു മുഴുവൻ കാണുകയുള്ളൂ. അങ്ങനെയാണ് വൈറൽ വിഡ‍ിയോകൾ ഉണ്ടാകുന്നതും. 

സാധാരണക്കാരും പാടട്ടെ

ലിപ് സിങ്കിങ് മാറി ഇപ്പോൾ അവരവരുടെ ശബ്ദത്തിൽ പാടുന്ന വിഡിയോകൾക്കാണ് ഡിമാർഡ് കൂടുതൽ. പ്രൊഫഷനൽ ഗായകർക്ക് പാട്ടു പാടാൻ ഒരുപാട് വേദികളുണ്ട്. പക്ഷേ സാധാരണക്കാരനെ സംബന്ധിച്ച് അങ്ങനെയുള്ള അവസരങ്ങളില്ല. അവർ എങ്ങനെ പാടുന്നുവെന്ന് അറിയാൻ മറ്റുള്ളവർക്ക് കൗതുകം കാണും. ഞാൻ ചില ഭാവങ്ങളൊക്കെ മുഖത്തു വരുത്തിയാണ് പാടുന്നത്. അതൊക്കെ കൊണ്ടായിരിക്കണം വിഡിയോകൾ ശ്രദ്ധിക്കപ്പെടുന്നത്. 

കോളജ് ഗ്രൂപ്പിൽ നിന്ന് പുറത്തേക്ക്

വിഡിയോകൾ ചെയ്തു തുടങ്ങിയ കാലത്ത് നാട്ടിലുള്ള ആർക്കും അതെക്കുറിച്ച് അറിയില്ലായിരുന്നു. കോളജ് വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഇടയ്ക്ക് ചില വിഡിയോകൾ അയയ്ക്കുമായിരുന്നു. അവിടെ ചിലരൊക്കെ കളിയാക്കി. ചിലരൊക്കെ പിന്തുണച്ചു. നിനക്ക് വേറെ പണിയൊന്നുമില്ലേ എന്നു ചോദിച്ചവരുണ്ട്. അതോടെ ആ ഗ്രൂപ്പിൽ നിന്ന് മാറി. ഇൗയിടെയാണ് നാട്ടിലൊക്കെ അറിഞ്ഞു തുടങ്ങിയത്. ഒരുപാട് കുട്ടികൾ കാണാൻ വരാറുണ്ട്. എന്റെ പല കൂട്ടുകാരുടെയും കുട്ടികൾ എന്റെ ഫാൻസാണ്. 

വീട്, പഠനം, ജോലി 

കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കടനാട് പഞ്ചായത്തിലാണ് വീട്. സ്കൂൾ വിദ്യാഭ്യാസം പാലായിൽ തന്നെയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ്: ഡൊമിനിക്സിലാണ് എംകോം പഠിച്ചത്. 1997 കാലഘട്ടത്തിൽ ഒരു ടെസ്റ്റെഴുതിയാണ് സെൻട്രൽ പൊലീസിൽ സബ് ഇൻസ്പെക്ടറായി ജോലിക്കു കയറുന്നത്. ഹൈദരാബാദിലായിരുന്നു ട്രെയിനിങ്ങും മറ്റും. അതിനു ശേഷം എസ്പിജിയിൽ ഡെപ്യൂട്ടേഷനിൽ പോയി. പിന്നീട് 10 വർഷം ഡൽഹിയിൽ പ്രൈം മിനിസ്റ്റേഴ്സ് സെക്യൂരിറ്റി സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലായിരുന്നു. അങ്ങനെയിരിക്കെ മുംബൈയിലെ ഒരു മൾട്ടിനാഷനൽ കമ്പനിയിൽ നിന്ന് നല്ലൊരു

ഒാഫർ ലഭിച്ചു. തുടർന്ന് അവിടെ ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ അവിടെ സീനിയർ മാനേജരായി ജോലി നോക്കുന്നു. 

കാണുന്നതു പോലെ എളുപ്പമല്ല

സമൂഹമാധ്യമങ്ങളിൽ വിഡിയോ ചെയ്യുകയെന്നത് കാണുന്നതു പോലെ അത്ര എളുപ്പമല്ല. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും കാണുമല്ലോ അവരൊക്കെ കളിയാക്കുമൊ എന്നൊക്കെയുള്ള പേടി പലർക്കുമുണ്ട്. എനിക്ക് അങ്ങനെയുള്ള ഒരു പേടിയുമില്ല. ആരു കളിയാക്കിയാലും എനിക്കതു പ്രശ്നവുമല്ല. ആര് എന്തു ചെയ്താലും പറഞ്ഞാലും നമ്മളെ ബാധിക്കില്ലെന്നൊരു ആത്മവിശ്വാസം എനിക്കുണ്ട്. ആ അത്മവിശ്വാസത്തിലാണ് ഇതെല്ലാം ചെയ്യുന്നത്. എന്റെ പ്രേക്ഷകർക്കും അതൊക്കെ അറിയാം.

English Summary : Social Media star Pala Saji's real-life story; exclusive Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA