ADVERTISEMENT

പ്രണയം വരണ്ടു പോകാതെ സൂക്ഷിക്കേണ്ടത് ദീര്‍ഘവും ദൃഢവുമായ ദാമ്പത്യത്തിന് അനിവാര്യമാണ്. പ്രണയമില്ലെങ്കിൽ ദാമ്പത്യം കഠിനമായി മാറും. ദാമ്പത്യത്തില്‍ പ്രണയം നിലനിർത്താനും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തെന്നു മനസ്സിലാക്കി മുന്നേറിയാൽ ബന്ധം മനോഹരമാകും.

∙ കൃതജ്ഞത

ഒരുമിച്ചുള്ള ജീവിതത്തില്‍ രണ്ടു പേരും തുല്യരാണ്. അതിനാല്‍ തന്നെ മറ്റേയാളേക്കാൾ മുകളിലാണു താനെന്ന ചിന്ത ഉപേക്ഷിക്കുക. പങ്കാളി നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി ചെയ്യുന്ന കാര്യങ്ങളില്‍ കൃതജ്ഞത ഉള്ളവരായിരിക്കുക. ഇങ്ങനെ കൃതജ്ഞത ശീലിക്കാന്‍ സാധിച്ചാൽ അതു നിങ്ങള്‍ക്കു കൂടുതല്‍ സന്തോഷവും ഉത്സാഹവും നല്‍കും. 

∙ സ്നേഹം നിക്ഷേപിക്കാം

മറ്റെന്തിലും എന്നതു പോലെ സ്നേഹം വളരാനും നിക്ഷേപം ആവശ്യമാണ്. അതിനു വേണ്ടി ദിവസേന ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു പറയണമെന്നില്ല. മറിച്ചു പ്രവൃത്തികളിലൂടെ നിങ്ങളുടെ സ്നേഹം പങ്കാളിക്കു കൈമാറാം. അവര്‍ക്ക് ഇഷ്ടമുള്ള ചെറിയ വസ്തുക്കൾ വാങ്ങി നൽകാം. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാം. പങ്കാളിയെ നിങ്ങള്‍ ശ്രദ്ധിക്കുന്നു, അവരുടെ സന്തോഷം ആഗ്രഹിക്കുന്നു എന്ന് ഇത്തരത്തില്‍ അറിയിക്കാം. ഇതു ബന്ധം കൂടുതല്‍ ശക്തമാക്കി ഒന്നിച്ചുള്ള നിമിഷങ്ങളെ കൂടുതൽ ആനന്ദകരമാക്കും.

∙ ഒന്നിച്ചിരിക്കാം

ഒരുമിച്ചു ജീവിക്കുന്നവര്‍ എന്തായാലും ഒന്നിച്ച് ഇരിക്കുമല്ലോ എന്നു ചിന്തിക്കേണ്ട. ഭക്ഷണം കഴിക്കാനും ടിവി കാണാനും ബന്ധുക്കള്‍ വീട്ടിൽ വരുമ്പോഴും ഒപ്പമിരിക്കുകയല്ല, പങ്കാളിക്കു വേണ്ടി മാത്രമായി ഇരിക്കുകയാണു വേണ്ടത്. ഈ സമയം ഫോൺ പോലും അടുത്തുണ്ടാവരുത്. ഇങ്ങനെ ഒരുമിച്ചിരുന്നാല്‍ പല കാര്യങ്ങളും മനസ്സു തുറന്നു സംസാരിക്കും. ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കും. ഇങ്ങനെ പരസ്പരം കൂടൂതല്‍ അറിയുക. പങ്കാളിയിലെ മാറ്റങ്ങൾ തിരിച്ചറിയാൻ ഇത്തരം നിമിഷങ്ങൾ സഹായിക്കും.

∙ ദിവസങ്ങൾ മാറ്റിവയ്ക്കാം

ദിവസവും അൽപസമയം ഒന്നിച്ചിരിക്കുന്നതു പോലെ പ്രധാനപ്പെട്ടതാണ് ചില ദിവസങ്ങൾ അവർക്കു വേണ്ടി പൂർണമായും മാറ്റിവയ്ക്കുന്നത്. ഒന്നിച്ചിരിക്കുമ്പോൾ പറഞ്ഞ ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ ഈ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താം. ആഴ്ചയിൽ ഒരിക്കലോ, മാസത്തിൽ രണ്ടു തവണയോ ഇതിനായി സമയം കണ്ടെത്തുക. സിനിമ കാണാൻ പോകാനോ, ഒന്നിച്ചു ഷോപ്പിങ് നടത്താനോ അല്ലെങ്കില്‍ വീട്ടിൽ ഒന്നിച്ചിരിക്കാനോ ഈ അവസരം ഉപയോഗപ്പെടുത്താം. എങ്ങനെയായാലും ആ ദിവസം മുഴുവന്‍ അവർക്കായി മാറ്റിവയ്ക്കുക. ഈ പ്രവൃത്തികൾ പങ്കാളികൾ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കും.

∙ സ്വപ്നം കാണേണ്ട, തുറന്നു പറഞ്ഞോളൂ

പറയാതെ എല്ലാം മനസ്സിലാക്കുന്ന പങ്കാളി പ്രണയത്തിലെയും ദാമ്പത്യത്തിലെയും കാൽപനിക സങ്കൽപ്പമാണ്. എന്നാൽ യഥാർഥ ജീവിതത്തിൽ ഇതു സംഭവിക്കണമെന്നു നിർബന്ധമില്ല. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ തുറന്നു പറയാൻ മടിക്കേണ്ടതില്ല. തന്റെ ആവശ്യങ്ങൾ പറയാനും പങ്കാളിയുടെ ആവശ്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനും തയാറാവുക. ഇക്കാര്യത്തിനു ദാമ്പത്യ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. ഇതിനു തയ്യാറായാൽ പങ്കാളികൾക്കിടയിൽ ഉയർന്നു വരുന്ന 90 ശതമാനം പരാതികളും ഇല്ലാതാക്കാം. 

English Summary : Tips to bring back the passion in your marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com