‘എങ്കിൽ അദ്ദേഹത്തിന് ജന്മദിനാശംസ നേരാം’: ജോസഫിനെ ‘ഞെട്ടിച്ച്’ ജസീന്ത ആർഡെൻ– വിഡിയോ

HIGHLIGHTS
  • ഇന്ന് അച്ഛന്റെ ജന്മദിനമാണെന്നും അവൾ ജെസീന്തയോട് പറഞ്ഞു
  • എത്ര ഹൃദ്യവും കുലീനവുമായാണ് ജെസീന്ത എന്റെ മകളോട് പെരുമാറിയത്
joseph-john-got-birthday-wishes-from-newzealand-prime-minister-jacinda-ardern
(ഇടത്) ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെനും അന്നാ മരിയ, (വലത്) ജോസഫ് ജോൺ
SHARE

കുട്ടനാട് സ്വദേശിയായ ജോസഫ് ജോൺ കരിനായനപ്പള്ളിയുടെ 62–ാം ജന്മദിനമായിരുന്നു ജൂലൈ 21ന്. തന്റെ മറ്റു ജന്മദിനങ്ങൾ പോലെതന്നെ സാധാരണമായി കടന്നു പോകുമായിരുന്ന ഒന്ന്. എന്നാൽ അപ്രതീക്ഷിതമായ ലഭിച്ച ഒരു ആശംസാ സന്ദേശം ജോസഫിന്റെ ഈ ജന്മദിനത്തെ വളരെ സ്പെഷൽ ആക്കി മാറ്റി. അത്ര സ്പെഷൽ ആയ ഒരാളാണ് ആ സന്ദേശം അയച്ചത് – ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ! 

ന്യൂസിലൻഡിൽ പേസ്ട്രി ഷെഫ് ആയി ജോലി ചെയ്യുന്ന മകൾ അന്നാ മരിയ വാട്സാപ്പിൽ അയച്ച വിഡിയോ തുറന്നു നോക്കുമ്പോൾ ഇങ്ങനെ ഒരു ആശംസ ജോസഫിന്റെ വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. ‘ഹലോ, ജോസഫ്, ദിസ് ഈസ് ജെസീന്ത ആർഡെൻ....’ എന്നു തുടങ്ങി ‘ഹാവ് എ വെരി ഹാപ്പി ബെർത് ഡേ’ എന്ന ആശംസയോടെ അവസാനിക്കുന്ന 11 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ, ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ് ജോസഫിന് സമ്മാനിച്ചത്. ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ വിഡിയോ തേടിയെത്തിയ കഥ ജോസഫ് ജോൺ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

‘‘എന്റെ മകൾ ജോലി ചെയ്യുന്ന റസ്റ്ററന്റിലേക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായാണ് ജെസീന്ത ആർഡെൻ എത്തിയത്. ഭക്ഷണശേഷം ഷെഫിനെ വിളിച്ച് അഭിനന്ദിക്കുന്നത് അവിടെയുള്ള ഒരു രീതിയാണ്. അങ്ങനെ എന്റെ മകൾക്കാണ് ആദ്യത്തെ സർപ്രൈസ് കിട്ടിയത്. കാരണം അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണ് താന്‍ പേസ്ട്രി ഒരുക്കിയത് പ്രധാനമന്ത്രിക്ക് ആയിരുന്നുവെന്ന് അവൾ അറിയുന്നത്. വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ കോവിഡ‍് കാരണം മൂന്നു വർഷമായി നാട്ടിലുള്ള മാതാപിതാക്കളെ കാണാനായിട്ടില്ലെന്നും ഇന്ന് അച്ഛന്റെ ജന്മദിനമാണെന്നും അവൾ ജെസീന്തയോട് പറഞ്ഞു. ഇതു കേട്ട ജെസീന്ത എങ്കിൽ അദ്ദേഹത്തിന് ഒരു ആശംസ അറിയാക്കമെന്ന് പറയുകയും അവളെ ഒപ്പം നിർത്തി വിഡിയോ ചെയ്യുകയുമായിരുന്നു. അവൾ ആകെ ത്രില്ലിലായി. ആ വിഡിയോ വേഗം എനിക്ക് അയച്ചു. അതുകണ്ട എന്റെ കാര്യം പറയണ്ടതില്ലല്ലോ.

ജെസീന്തയുടെ ആരാധകനാണ് ഞാൻ. ഇത്രയേറെ ലാളിത്യവും കാര്യക്ഷമതയും വിഭാഗീയതകൾ ഇല്ലാതെ മനുഷ്യരെ മനസ്സിലാക്കാന്‍ കഴിവുമുള്ള മറ്റൊരു നേതാവ് ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. രണ്ടു വർഷം മുൻപ് ക്രൈസ്റ്റ് ചർച്ചിലെ ഭീകരാക്രമണത്തോട് അവർ പ്രതികരിച്ച രീതി ലോകമനസാക്ഷിയെ സ്വാധീനിക്കാൻ പ്രാപ്തമായിരുന്നു. ലോകം ഇന്ന് കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ തന്റെ ജനതയ്ക്ക് ഒരു തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ചേർത്തു പിടിച്ചിരിക്കുന്നതു പോലെ അവർ സംരക്ഷണം തീർക്കുന്നു. മറ്റു ലോക നേതാക്കൾക്ക് ഇതൊരു മാതൃകയാണ്.

എന്റെ മകൾ അവിടുത്തെ സിറ്റിസൺ അല്ല, പെർമനന്റ് റെഡിസൻസിയുമില്ല. ഒരു മൈഗ്രന്റ് വർക്കർ മാത്രമാണ്. എന്നാൽ അതിന്റെയൊന്നും വേർതിരിവില്ലാതെ എത്ര ഹൃദ്യവും കുലീനവുമായാണ് ജെസീന്ത അവളോട് പെരുമാറിയത്. നമ്മുടെ നാട്ടിലുള്ള അന്യസംസ്ഥാനത്തൊഴിലാളികളോട് നമ്മൾ പെരുമാറുന്ന രീതിയും പൗരന്മാരോട് രാഷ്ട്രീയക്കാർ പ്രകടിപ്പിക്കുന്ന ധാർഷ്ട്യവും വെറുതെ ഒന്നു താരതമ്യം ചെയ്താൽ ജെസീന്തയുടെ മൂല്യം മനസ്സിലാക്കാം. 

ഞാനും ഒരു പ്രൊഫഷനൽ ഷെഫ് ആണ്. കുറച്ചുകാലം കുടുംബസമേതം ന്യൂസിലൻഡിൽ ഉണ്ടായിരുന്നു. മക്കൾ സ്റ്റഡി വിസയിൽ വന്ന് പഠിച്ച് അവിടെ തന്നെ ജോലി നേടി. ഞാനും ഭാര്യയും നാട്ടിലേക്ക് തിരിച്ചുവന്ന് ഇപ്പോൾ ബെംഗളൂരുവിലും തൃശൂരുരിലുമായി വിശ്രമ ജീവിതം നയിക്കുന്നു. ന്യൂസിലൻ‍ഡിലേതുൾപ്പെടുയുള്ള എന്റെ ജീവിതാനുഭവങ്ങളെ കോർത്തിണക്കി ‘കണക്ടിങ് ദ് ഡോട്ട്സ്’ എന്നൊരു പുസ്തകം കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. ഈ അനുഭവവും എന്റെ ജീവിതത്തിലെ അമൂല്യമായ ഒരു ഡോട്ട് ആണ്. ന്യൂസിലൻഡിനും ജെസീന്തയ്ക്കും നന്ദി.’’

English Summary : Keralite Joseph John received birthday wishes from New Zealand prime minister Jacinda Ardern; Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA