ADVERTISEMENT

തർക്കിച്ചാൽ ബന്ധം വളരുമെന്നോ ? ആശ്ചര്യപ്പെടാൻ വരട്ടെ. തർക്കിച്ചാല്‍ ബന്ധങ്ങൾ വളരും. പക്ഷേ വായിൽ വരുന്നതെന്തും വിളിച്ചു പറഞ്ഞ്, പരസ്പരം അധിക്ഷേപിച്ച് നടത്തുന്ന തർക്കങ്ങളല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് പരസ്പരം മനസ്സിലാക്കാനും ആശയങ്ങള്‍ കൈമാറാനും സാധിക്കുന്ന ആരോഗ്യകരമായ തർക്കങ്ങളാകണം. കയ്യാകളിയിലേക്ക് നീങ്ങുമെന്ന് തോന്നുന്ന തർക്കങ്ങളെ പോലും ഇത്തരത്തിൽ മാറ്റിയെടുക്കാനാകണം. അതൊരു ശീലമാക്കിയാൽ ബന്ധങ്ങൾ പുഷ്ടിപ്പെടും. അതിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.

∙ ദീർഘശ്വാസം

കൈവിട്ട് പോകുമെന്ന രീതിയിൽ തർക്കം മുന്നോട്ടു പോകുമ്പോൾ ഒരു നിമിഷം ദീർഘശ്വാസമെടുക്കുക. അതു നിങ്ങളെ കുറച്ച് ശാന്തമാക്കും. ഇത് അൽപ നേരത്തേക്ക് തർക്കം നിൽക്കുന്നതിനും നിലവിലെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാനും അവസരം നൽകും.

∙ വികാരമല്ല, വിവേകം

അപ്രതീക്ഷതമായ ചില വിഷയങ്ങൾ ഉയര്‍ന്നു വരികയും അതു പ്രകോപനം സൃഷ്ടിക്കുന്നതുമാണ് പലപ്പോഴും തർക്കങ്ങളിലേക്ക് നയിക്കുക. തര്‍ക്കം എന്നത് ഇത്തരം അപ്രതീക്ഷിതമായ ആവേശപ്രകടനമാകരുത്. വികാരമല്ല, വിവേകമാണ് തർക്കത്തിൽ മുന്നിട്ട് നിൽക്കേണ്ട ഘടകം. ഇതെപ്പോഴും ഓർമയിൽ സൂക്ഷിക്കുക.

∙ പഴയ പ്രശ്നങ്ങൾ

തർക്കിക്കുമ്പോൾ പണ്ടു നടന്നതോ, പറഞ്ഞവസാനിപ്പച്ചതോ ആയ കാര്യങ്ങൾ കുത്തിപ്പൊക്കുന്നത് ചിലരുടെ ശീലമാണ്. പണ്ട് നീ അങ്ങനെ പറഞ്ഞില്ലേ, അന്ന് അങ്ങനെ ചെയ്തത് ശരിയായില്ല തുടങ്ങി കഴിഞ്ഞുപോയ മോശം കാര്യങ്ങൾ വലിച്ചിടുന്നത് ഒഴിവാക്കാം. അത് ആരോഗ്യകരമായ പ്രവണതയല്ല. 

∙ വാശി വേണ്ട

തർക്കിക്കുന്നവർ തന്റെ പക്ഷമാണ് ശരിയെന്ന് സ്ഥാപിക്കാനായി വീറും വാശിയും കാണിക്കുന്നതു പതിവു കാഴ്ചയാണ്. ശത്രുക്കൾ ഏറ്റു മുട്ടുന്നതു പോലെയാകും പലരുടെയും പെരുമാറ്റം. എന്നാൽ പരസ്പരം അകലാനല്ല, മറിച്ച് കൂടുതൽ അടുക്കാനും അറിയാനുമായി തർക്കിക്കുമ്പോൾ ഇത്തരം വൈരാഗ്യബുദ്ധി ആവശ്യമില്ല. വാശി ബന്ധം തകരാനേ കാരണമാകൂ.

∙ പരസ്പരം പരിഗണിക്കുക

അഭിപ്രായ വ്യത്യാസങ്ങൾ എല്ലാ ബന്ധങ്ങളിലും സർവസാധാരണമാണ്.എന്നാൽ പരസ്പരമുള്ള വികാര–വിചാരങ്ങളെ പരിഗണിച്ച്, മനസ്സ് തുറന്ന്‌ സംസാരിച്ചാൽ പല പ്രശ്നങ്ങളും പരിഹാരിക്കപ്പെടും. പങ്കാളിയുടെ അഭിപ്രായങ്ങളിൽ തുറന്ന മനസ്സോടെ അഭിപ്രായം പറയാൻ ശ്രമിക്കുക.

∙ കാത് തുറന്ന് കേൾക്കാം

തർക്കം അടിപിടിയിലേക്ക് മാറാതിരിക്കണമെങ്കിൽ സമചിത്തതയോടെ പങ്കാളിയെ കേൾക്കാൻ തയ്യാറാകണം. അങ്ങനെ മാത്രമേ ശരിതെറ്റുകളെ തിരിച്ചറിയാനും നല്ല ചർച്ചകളിലേക്ക് എത്താനും സാധിക്കൂ.

∙ വാക്കുകളുടെ ഉപയോഗം

സംസാരിക്കുമ്പോൾ വാക്കുകളുടെ പ്രയോഗം പ്രധാനമാണ്. തർക്കിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ പങ്കാളിയെ മുറിപ്പെടുത്തും. ഇത്തരം വാക്കുകൾ മനസ്സിലുണ്ടാക്കുന്ന മുറിവുകൾ കാര്യങ്ങൾ ഗുരുതരമാക്കും. നല്ല വാക്കുകൾ ഉപയോഗിച്ച് അഭിപ്രായവ്യത്യാസങ്ങൾ പറയാം.

∙ പരസ്പര ബഹുമാനം

എല്ലാത്തിലും കുറ്റം കണ്ടെത്തുന്ന രീതി ഒഴിവാക്കുക. പകരം ശരിയും തെറ്റും ആലോചിച്ച് മനസ്സിലാക്കാനും അത് അംഗീകരിക്കാനും പഠിക്കുക. പങ്കാളി പറയുന്ന വാദങ്ങളെ ബഹുമാനത്തോടെ നേരിടുക. അല്ലാതെ ഒന്നും പറയാനില്ല എന്ന അവസ്ഥ വരുമ്പോൾ കയ്യാങ്കളിയിലേക്ക് നീങ്ങുന്നത് ശരിയല്ല.

∙ ടേക്ക് എ ബ്രേക്ക്

തർക്കത്തിനിടയിൽ ബ്രേക്ക് എടുക്കുന്നത് പ്രായോഗികമാണോ എന്നു തോന്നാം. എന്നാൽ ഇതു പ്രായോഗികവും ഗുണകരവുമാണ് എന്നാണ് വിലയിരുത്തുന്നത്. ഇതിലൂടെ ദേഷ്യം തണുപ്പിക്കുകയും കാര്യങ്ങളെ വിശാലമായി കാണാൻ സാധിക്കുകയും ചെയ്യും.

∙ അതിരുവിടരുത്

എപ്പോഴും അതിരുകൾ നിശ്ചയിച്ചു തർക്കിക്കുക. മോശം വാക്കുകൾ ഉപയോഗിക്കരുത്, അടിപിടിയിലേക്ക് പോകരുത് തുടങ്ങിയ കാര്യങ്ങൾ ആദ്യമേ തീരുമാനിച്ചുറപ്പിക്കാം.

∙ തർക്കത്തിനു ശേഷം

തർക്കങ്ങൾക്ക് ശേഷം കാര്യങ്ങൾ ശരിയായി എന്ന് തോന്നുമ്പോൾ ഒരു കെട്ടിപിടുത്തമോ സ്നേഹത്തോടെയുള്ള സംസാരമോ തർക്കത്തിനിടയിലുണ്ടായ വിടവ് ഇല്ലതാക്കാനും ബന്ധം ഊഷ്മളമാകാനും സഹായിക്കും.

English Summary : Arguments In A Relationship: How To Handle Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com