ഷോൾ വിറ്റ് തുടക്കം, അതിസമ്പന്നനായി, ജീവിത പങ്കാളിയായി ബോളിവുഡ് സുന്ദരി; രാജ് കുന്ദ്രയുടെ വിസ്മയ ജീവിതകഥ

HIGHLIGHTS
  • കുന്ദ്ര തുറന്നു വിട്ട 'പോൺ ഭൂതം' വിവാദങ്ങളുടെ ചുഴി സൃഷ്ടിച്ച് മുന്നേറുകയാണ്
  • അന്വേഷണം ഒരോ ഘട്ടം പിന്നിടുമ്പോഴും കൂടുതൽ സങ്കീർണമാകുകയാണ്
raj-kundra-journy-from-pashmina-trader-to-richest-british-asian
SHARE

‘‘ദേഷ്യമാണ് എന്നെ മുന്നോട്ടു നയിച്ചത്. ദാരിദ്ര്യത്തെ ഞാൻ വളരെയേറെ വെറുത്തു. സമ്പന്നനാകാൻ ആഗ്രഹിച്ചു. എന്റെ ജീവിതത്തിൽ അതിനായി മാറ്റം വരുത്തി. അതുകൊണ്ടാണ് ശിൽപ എന്നെ ബഹുമാനിക്കുന്നത്. കാരണം അവളും അങ്ങനെ ഒരാളാണ്’’ – 2013 ൽ ഫിലിംഫെയറിന് രാജ് കുന്ദ്ര നൽകിയ അഭിമുഖത്തിലെ ഒരു ഭാഗമാണിത്. പഞ്ചാബിൽനിന്ന് ലണ്ടനിലേക്ക് കുടിയേറി, ഒരു ബസ് കണ്ടക്ടറായി ജീവിതം തുടങ്ങിയ ബാൽകൃഷ്ണ കുന്ദ്രയുടെയും കണ്ണട വ്യാപാരകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന ഉഷ റാണിയുടെ മകനായി ജനിച്ച രാജ് കുന്ദ്ര, അതിസമ്പന്നായ ബ്രിട്ടിഷ്–ഏഷ്യക്കാരുടെ പട്ടികയില്‍ സ്ഥാനം നേടിയത് എങ്ങനെ എന്നതിനുള്ള ഉത്തരം ഈ വാക്കുകളിലുണ്ട്.

കുന്ദ്രയുടെ ജീവിതം ഒരു ആഘോഷമായിരുന്നു. എന്നും വേറിട്ട വഴികൾ ഇഷ്ടപ്പെട്ട, സാഹസങ്ങൾക്ക് മുതിർന്ന, പ്രതിസന്ധികളിൽ തളരാതെ മുന്നേറിയ ഒരാൾ. ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടിയെ ജീവിതപങ്കാളിയാക്കി, ആഡംബരം കൊണ്ട് അദ്ഭുതങ്ങൾ തീർത്ത കുന്ദ്രയുടെ ജീവിതം ആരാധനയോടെയും അസൂയയോടെയും നോക്കി നിന്നവർ നിരവധിയാണ്. ഗംഭീരമായ വിവാഹവാർഷിക ആഘോഷങ്ങളും ലോക്ഡൗണില്‍ നടത്തിയ വിദേശ യാത്രകളുമൊക്കെയായിരുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് കുന്ദ്രയേയും ശിൽപയേയും വാർത്തകളിലെത്തിച്ചത്. എന്നാൽ അതിനിപ്പോൾ‌ മാറ്റം വന്നിരിക്കുന്നു.

കുന്ദ്ര തുറന്നു വിട്ട ‘പോൺ ഭൂതം’ വിവാദങ്ങളുടെ ചുഴി സൃഷ്ടിച്ച് മുന്നേറുകയാണ്. അതിൽ മുഖം നഷ്ടപ്പെട്ടതും ആടിയുലയുന്നതും കുന്ദ്ര തന്നെ. അശ്ലീലച്ചിത്ര നിർമാണത്തിന്റെ പേരിൽ തുടങ്ങിയ അന്വേഷണം ഒരോ ഘട്ടം പിന്നിടുമ്പോഴും കൂടുതൽ സങ്കീർണമാകുകയാണ്. കുന്ദ്രയ്ക്കെതിരെ ലൈംഗികാതിക്രമണ ആരോപണങ്ങളും ഉയർന്നിരിക്കുന്നു. 

raj-kundra-shilpa-shetty-4

‘‘നമുക്ക് എല്ലാം ഉണ്ട്. ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു ?’’– കുന്ദ്രയെ വീട്ടിലേക്കു തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞും ക്ഷോഭിച്ചും ശിൽപ ചോദിച്ചത് ഇങ്ങനെയെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശിൽപയുടെ ഈ ചോദ്യം തന്നെയാണ് പലർക്കുമുള്ളത്. പ്രമുഖ ബിസിനസുകാരനായ, സമ്പന്നതയുടെയും താരപ്പകിട്ടിന്റെയും നടുവിൽ ജീവിക്കുന്ന ഒരാൾ നീലച്ചിത്ര നിർമാണത്തിന് ഇറങ്ങിയത് എന്തിനു വേണ്ടിയാണ് ? കുന്ദ്രയുടെ ജീവിതം തന്നെയാകും അതിനുള്ള ഉത്തരം. ആ ജീവിതം അറിയാം.

∙ ലണ്ടനിലേക്ക്

55 വർഷം മുമ്പാണ് ബാൽ കൃഷ്ണ കുന്ദ്ര പഞ്ചാബിൽനിന്ന് ലണ്ടനിലേക്ക് എത്തുന്നത്. കോട്ടൻ ഫാക്ടറിയിലെ ജീവനക്കാരനായാണു തുടക്കം. പിന്നീട് ബസ് കണ്ടക്ടറായി. ആ സമയത്താണു രാജ് കുന്ദ്രയുടെ ജനനം. മൂന്നു മക്കളിൽ മൂത്തവൻ. കുടുംബത്തിനായി അച്ഛനും അമ്മയും കഠിനമായി കഷ്ടപ്പെടുന്നതു കണ്ടാണ് കുന്ദ്ര വളർന്നത്. പണം എത്ര മാത്രം പ്രധാനപ്പെട്ടതാണെന്ന് താൻ തിരിച്ചറിഞ്ഞത് ആ കാലത്താണെന്നു കുന്ദ്ര പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ സാധാരണ ജീവിതം രാജ് വെറുത്തിരുന്നു. പക്ഷേ അതിനെല്ലാം പതിയെ മാറ്റം വന്നു.

കണ്ടക്ടർ ജോലിയിൽനിന്നു കിട്ടിയ വരുമാനം കൂട്ടിവച്ചും പലരുടെയും സഹായത്തോടെയും ബാൽ കൃഷ്ണ ഒരു ഗ്രോസറി ഷോപ്പ് തുടങ്ങി. പിന്നീട് ഒരു മരുന്നുകട. പതിയെ ബിസിനസ് മെച്ചപ്പെട്ടു. റസ്റ്ററന്റ് ഉൾപ്പെടെ മറ്റു ചില മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനായി. ബസ് കണ്ടക്ടറായി തുടങ്ങി ബിസിനസ്സുകാരനായി മാറിയ അച്ഛൻ കുന്ദ്രയുടെ ഹീറോ ആയി. 

∙ അച്ഛന്റെ അന്ത്യശാസനം

പഠിക്കാൻ കാര്യമായ താൽപര്യം പ്രകടിപ്പിക്കാതിരുന്ന കുന്ദ്രയ്ക്ക് 18–ാം വയസ്സിൽ അച്ഛൻ അന്ത്യശാസനം നൽകി. ഒന്നുകിൽ റസ്റ്ററന്റ് നോക്കി നടത്താം, അല്ലെങ്കിൽ സ്വന്തമായി ബിസിനസ് ചെയ്യാനുള്ള കഴിവുണ്ടെന്ന് തെളിയിക്കണം. അതിന് 6 മാസം സമയം നൽകും.

raj-kundra-shilpa-shetty-6

റസ്റ്ററന്റുമായി ഒതുങ്ങാൻ കുന്ദ്ര തയാറായില്ല. അച്ഛനെപ്പോലെ ഒരു ഇടത്തരം ബിസിനസ്സുകാരനാകാനല്ല, അതിലും ഉയരത്തിൽ പറക്കാനാണ് അയാള്‍ ആഗ്രഹിച്ചത്. കുന്ദ്രയുടെ മനസ്സിലെ സാഹസികൻ ഉണർന്നു. 2000 യൂറോ ലിമിറ്റുള്ള ക്രെഡിറ്റ് കാർഡുമായി, പുതിയ സാധ്യതകൾ തേടി കുന്ദ്ര ദുബായിലേക്കു പറന്നു. 

∙ ബിസിനസ്സിലേക്ക്

ദുബായിലെത്തി ആഭരണ–വജ്ര വ്യാപാരികളുമായി ബന്ധം സ്ഥാപിച്ചു. വ്യാപാരത്തിൽ ചെറിയ ശ്രമങ്ങൾ നടത്തി. എങ്കിലും കൂടുതല്‍ മികച്ച സാധ്യതകൾ തേടി ദുബായിൽനിന്ന് നേപ്പാളിലേക്ക് എത്തി. 

അക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം സന്ദർശിക്കുന്ന വിദേശ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു പഷ്മിന ഷോളുകൾ. ഗുണമേന്മ കൊണ്ട് പ്രശസ്തമായ ഈ ഷോളുകളുടെ വിപണന സാധ്യത കുന്ദ്ര തിരിച്ചറിഞ്ഞു. തന്റെ കയ്യിലുള്ള പണത്തിന് ഷാളുകൾ വാങ്ങി ഇംഗ്ലണ്ടിലേക്കു മടങ്ങി. അവിടെയുള്ള പല വമ്പൻ ബ്രാൻഡുകളുമായി ബന്ധപ്പെട്ടു. വ്യാപാര സാധ്യത ബോധ്യപ്പെടുത്തി. ആ ശ്രമം വിജയിച്ചു. പഷ്മിന ഷോളുകളുടെ വിൽപന പൊടിപൊടിച്ചു. ആദ്യ വർഷം തന്നെ 20 മില്യന്‍ യൂറോയുടെ ടേൺഓവർ നേടാന്‍ സാധിച്ചെന്ന് കുന്ദ്ര പിന്നീട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ മത്സരം ശക്തമാവുകയും ലാഭം കുറയുകയും ചെയ്തതോടെ കുന്ദ്ര ഷോൾ ബിസിനസ് അവസാനിപ്പിച്ചു. ദുബായിൽ തിരിച്ചെത്തി വജ്ര വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പല മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയ കുന്ദ്ര ബിസിനസ് ലോകത്ത് കളം പിടിച്ചു. 2004 ൽ സക്സസ് മാഗസിൻ ലിസ്റ്റിലെ അതിസമ്പന്നരായ ബ്രിട്ടിഷ്–ഏഷ്യക്കാരിൽ 198 ാം സ്ഥാനം കുന്ദ്രയ്ക്കായിരുന്നു. 

raj-kundra-shilpa-shetty-1

∙ വിവാഹം, വിവാഹമോചനം

ഒരു ബ്രിട്ടിഷ് വ്യവസായിയുടെ മകൾ കവിതയെ കുന്ദ്ര വിവാഹം ചെയ്യുന്നത് 2003 ൽ ആണ്. എന്നാൽ 2006 ൽ അവർ വിവാഹമോചിതരായി. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. ശിൽപ ഷെട്ടിയാണ് തന്റെ ദാമ്പത്യം തകർത്തതെന്ന കവിതയുടെ ആരോപണം അന്നു വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. ശില്‍പയോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ, എപ്പോഴും അവരെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഭർത്താവ്. എന്നിട്ടും ദാമ്പത്യം തകരാതിരിക്കാൻ താൻ പരമാവധി ശ്രമിച്ചു. തീരെ സഹിക്കാനാവാതെ വന്നപ്പോഴാണ് വിവാഹമോചനം നേടിയത് എന്നായിരുന്നു കവിത പറഞ്ഞത്. എന്നാൽ താനും ശിൽപയും വെറും സുഹൃത്തുക്കൾ മാത്രമാണെന്നും മുൻ ഭാര്യയുടെ പ്രസ്താവനകൾക്ക് ശിൽപയോട് മാപ്പു പറയുന്നുവെന്നുമായിരുന്നു കുന്ദ്ര പ്രതികരിച്ചത്. കവിത വേർപിരിഞ്ഞ് മാസങ്ങൾക്കുശേഷമാണ് താൻ കുന്ദ്രയെ പരിചയെപ്പട്ടതെന്നു ശിൽപ വ്യക്തമാക്കുകയും ചെയ്തു. അങ്ങനെ തണുത്ത വിവാദം അടുത്തിടെ വീണ്ടും തലപൊക്കി. തന്റെ സഹോദരി റീനയുടെ ഭർത്താവുമായി കവിതയ്ക്കുണ്ടായിരുന്ന ബന്ധമാണ് ദമ്പത്യം തകരാൻ കാരണമായതെന്ന് ഇടൈംസിന് നൽകിയ അഭിമുഖത്തിൽ കുന്ദ്ര വെളിപ്പെടുത്തി. തന്നെ വഞ്ചിക്കുക എന്നത് സഹിക്കാമായിരുന്നു, എന്നാൽ തന്റെ സഹോദരിയുടെ കുടുംബം കവിത തകർത്തതെന്നും ആ തെറ്റുകൾ മറച്ചു വയ്ക്കാനാണ് ശിൽപയെ പഴിചാരിയതെന്നും കുന്ദ്ര പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തില്‍ റീന ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിക്കുകയും ചെയ്തു. കുന്ദ്രയുടെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളായിരുന്നു ഇതെല്ലാം.

∙ ബോളിവുഡ് സുന്ദരി ജീവിതത്തിലേക്ക്

ബ്രിട്ടിഷ് ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബ്രദറിന്റെ അഞ്ചാം സീസണിൽ പങ്കെടുക്കാനായി ലണ്ടനിലെത്തിയപ്പോഴാണ് ശിൽപയും കുന്ദ്രയും പരിചയപ്പെടുന്നത്. ശിൽപയുടെ ഏജന്റ് കുന്ദ്രയുടെ സുഹൃത്തായിരുന്നു. ഷോയില്‍ വിജയിച്ച് ശിൽപ നേടിയ പ്രശസ്തി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സുഹൃത്തായ ഏജന്റ് കുന്ദ്രയോട് ചോദിച്ചു. ഒരു പെർഫ്യൂം ബ്രാൻഡ് ചെയ്യാനായിരുന്നു കുന്ദ്രയുടെ ഉപദേശം. മാത്രമല്ല അതിന് കുന്ദ്ര മുൻകൈ എടുക്കുകയും ചെയ്തു. ലാഭത്തിനൊപ്പം കുന്ദ്ര–ശിൽപ പ്രണയത്തിനും ആ പെർഫ്യൂം ബിസിനസ് തുടക്കമിട്ടു. രണ്ടു വർഷത്തെ പ്രണയത്തിനുശേഷം 2009 ൽ ഇവർ വിവാഹിതരാകുകയും ചെയ്തു. തുടർന്ന് മുംബൈയിലേക്ക് താമസം മാറ്റി.

raj-kundra-shilpa-shetty-2

∙ പവർ കപ്പിൾസ്

പ്രണയത്തിലും ദാമ്പത്യത്തിലും ആരെയും അസൂയപ്പെടുത്തുന്ന രീതിയിലാണ് ശിൽപയും കുന്ദ്രയും മുന്നേറിയത്. ലോകത്തിലെ ഏറ്റവും വലിയ ബിൽഡിങ് ആയ ഖുർജ് ഖലീഫയുടെ 19 ാം നിലയിൽ ഒരു ഫ്ലാറ്റ്– ഒന്നാം വിവാഹവാർഷികത്തിന് കുന്ദ്ര ശിൽപ ഷെട്ടിക്ക് നൽകിയ സമ്മാനം ഇതായിരുന്നു. സെൻട്രൽ ലണ്ടനിലുള്ള 7 കോടി വില വരുന്ന ഒരു ഫ്ലാറ്റായിരുന്നു അതേ വർഷം നൽകിയ ജന്മദിന സമ്മാനം. ലോക്ഡൗണിലെ മാലദ്വീപ് ആഘോഷങ്ങളും വാർത്തകളിൽ നിറഞ്ഞു.

∙ വരുമാനത്തിന് പല മാർഗം

സാഹസികനായതു കൊണ്ടുതന്നെ നേട്ടങ്ങൾ മാത്രമല്ല, നഷ്ടങ്ങളും കുന്ദ്രയെ തേടി വന്നിട്ടുണ്ട്. മൂന്നു തവണ പാപ്പരായി പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാനത്തിന് പല മാർഗങ്ങൾ വേണമെന്ന പാഠമാണ് ഈ നഷ്ടങ്ങൾ പഠിപ്പിച്ചതെന്ന് കുന്ദ്ര തുറന്നു പറഞ്ഞിട്ടുമുണ്ട്. 

ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ രാജസ്ഥാൻ റോയൽസിൽ കുന്ദ്ര പണം നിക്ഷേപിച്ചത്. ഇതൊന്നും ലാഭത്തിലാകില്ല, അനാവശ്യമായി പണം കളയരുത് എന്ന് പലരും ഉപദേശിച്ചെങ്കിലും കുന്ദ്ര അതൊന്നും കാര്യമാക്കിയില്ല. റോയൽസിന്റെ 11.7 ശതമാനം ഓഹരി സ്വന്തമാക്കി. ഇംഗ്ലണ്ടിൽ ഫുട്ബോൾ ലീഗിന് ലഭിക്കുന്ന ജനപ്രീതി ഇന്ത്യയിൽ ക്രിക്കറ്റിനു ലഭിക്കുമെന്നും അങ്ങനെയെങ്കിൽ ക്ലബിൽനിന്നു ലാഭം കെയ്യാനാകുമെന്നുമുള്ള കുന്ദ്രയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. ഇന്ത്യൻ പ്രീമിയൽ ലീഗ് സൂപ്പർ ഹിറ്റായി. അതോടെ വൻലാഭം തേടിയെത്തുകയും ചെയ്തു.

മീഡിയ, റിയൽ എസ്റ്റേറ്റ്, നിർമാണം, സ്റ്റീൽ, സ്വർണ വിൽപന, ഹോട്ടൽ വ്യവസായം എന്നിങ്ങനെ വിവിധ മേഖലകളിലേക്കും കുന്ദ്ര  ബിസിനസ് വ്യാപിപ്പിച്ചു.

∙ അശ്ലീലച്ചിത്ര നിർമാണം

ഇത്രയേറെ ബിസിനസ് ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കും കുന്ദ്ര അശ്ലീലച്ചിത്ര നിർമാണത്തിന് ഇറങ്ങിയത് ? കുന്ദ്രയുടെ നിലപാടുകളും ജീവിതവും പരിഗണിച്ചാൽ അതിന് ഉത്തരം ലഭിക്കും. ഷോളുകൾ വിറ്റാണ് കുന്ദ്ര തുടങ്ങിയത്. അന്നു നേടിയതാകട്ടെ കോടികളും. ബിസിനസ് സാധ്യതകൾ മുൻകൂട്ടി കാണാനുള്ള കഴിവ് രാജസ്ഥാൻ റോയൽസിലെ ഓഹരി പങ്കാളിത്തവും ശരിവയ്ക്കുന്നു. പണത്തിനായി വഴിവിട്ടു സഞ്ചരിക്കാൻ മടിയില്ലെന്ന് പലപ്പോഴായി കുന്ദ്ര തെളിയിച്ചിട്ടുമുണ്ട്. അങ്ങനെ നോക്കുമ്പോൾ അശ്ലീലച്ചിത്ര നിർമാണത്തിന്റെ സാധ്യതകളെ കുന്ദ്ര തിരിച്ചറിഞ്ഞിരിക്കണം. ഡാറ്റ ഉപയോഗത്തിലുണ്ടായ കുതിച്ചുചാട്ടം, അശ്ലീല സൈറ്റുകൾ നേരിട്ട നിരോധം, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത, പോൺ വിഡിയോ കാണുന്നവരുടെ എണ്ണത്തിലെ വർധന എന്നിവയെല്ലാം ഈ രംഗത്തേക്ക് കാലെടുത്തുവയ്ക്കാനുള്ള സാധ്യതകളായി കുന്ദ്ര കരുതയിരിക്കാം. അഡൾട്ട് ഒടിടി ചാനലുകൾക്ക് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത കുന്ദ്രയുടെ ഈ നിരീക്ഷണം തെറ്റല്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. 

raj-kundra-shilpa-shetty-3

പോൺ നിർമാണം, നിരോധനം എന്നീ വിഷയങ്ങളിലുള്ള ചർച്ചകൾ സജീവമാക്കാൻ കുന്ദ്രയുടെ അറസ്റ്റ് കാരണമായിട്ടുണ്ട്. കേസുകളും കോടതി വ്യവഹാരങ്ങളുമായി മനസ്സമാധാനമില്ലാത്ത നാളുകളാണ് ഇനി ബോളിവുഡിലെ പവർ കപ്പിൾസിനെ കാത്തിരിക്കുന്നത്. ഈ പ്രതിസന്ധിയിൽനിന്ന് കുന്ദ്ര കരകയറുമോ അതോ നേടിയതെല്ലാം നഷ്ടപ്പെടുത്തേണ്ടി വരുമോ എന്നു കാത്തിരുന്നുതന്നെ കാണണം.

English Summary : Lifestory of British-Indian businessman & entreprenur Raj Kundra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA