ചങ്ങാതിമാർ പലവിധം; നിങ്ങളുടെ ‘ചങ്ക്’ ഇക്കൂട്ടത്തിലുണ്ടോ ?

these-are-different-types-of-friends
Image Credits :View Apart / Shutterstock.com
SHARE

സുഹൃത്തുക്കൾ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ ജീവിതം എത്ര മാത്രം വിരസവും ഏകാന്തത നിറഞ്ഞതുമായിരിക്കുമെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? സന്തോഷത്തിലും സങ്കടത്തിലുമെല്ലാം കൂടെ നിൽക്കുന്ന കൂട്ടുകാര്‍, ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ നമ്മെ സഹായിക്കുന്നവരാണ്. ഓരോ സന്ദർഭത്തിനും ഇണങ്ങും വിധത്തിലുള്ള, പല തരക്കാരായ ചങ്ക് കൂട്ടുകാർ നമുക്കുണ്ടാകും. ലോക സൗഹൃദ ദിനം ആഘോഷിക്കുന്ന അവസരത്തിൽ ചുറ്റുമുള്ള പല തരം സൗഹൃദങ്ങളെ പരിചയപ്പെടാം.

∙ ചിരിപ്പടക്കത്തിന് തിരി കൊളുത്തുന്നവർ

എത്ര വിഷമിച്ചിരുന്നാലും ഇത്തരം സുഹൃത്തുക്കൾ എത്തിയാൽ മൂഡ് മാറും. തമാശകൾ പറഞ്ഞും കുസൃതി കാട്ടിയും നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്നവരാണ് ഈ വിഭാഗത്തിലുള്ളവർ. ഇവരോടൊപ്പം ഇരിക്കുമ്പോൾ സന്തോഷം ഉറപ്പ്.

∙ ഇമോജി 

ഇമോഷണൽ ജീവി അഥവാ വികാര ജീവിയുടെ ചുരുക്കപ്പേരാണ് ഈ ‘ഇമോജി’. ഇത്തരം സുഹൃത്തുക്കൾ നമ്മുടെ വേദനയും സന്തോഷവും പങ്കുവയ്ക്കാൻ എന്നും കൂടെയുണ്ടാകും. നല്ല കേൾവിക്കാരായ ഇവർ നമ്മളെ തരിമ്പും വിമർശിക്കാതെ, പറയുന്നതെല്ലാം കേൾക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. മനസ്സിലടക്കി വച്ചിരിക്കുന്ന കാര്യങ്ങൾ തുറന്ന് പറയാൻ പ്രോത്സാഹിപ്പിക്കും. മറ്റ് ഏതൊരു വിഭാഗത്തിലുമുള്ള സുഹൃത്തുക്കൾ ഇല്ലെങ്കിലും ഇമോജി സുഹൃത്തുക്കൾ എല്ലാവർക്കും അത്യാവശ്യമാണ്.

∙ ബുദ്ധിമാന്‍ ചങ്ങാതി 

ജീവിതത്തിൽ നിങ്ങളെ കുഴയ്ക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരവും പ്രതിസന്ധികളിൽ നിർദേശങ്ങളുമായി ഈ വിഭാഗം സുഹൃത്തുക്കൾ കൂടെയുണ്ടാകും. കാര്യങ്ങളെ വികാരപരമായി അല്ലാതെ വസ്‌തുനിഷ്ഠമായി സമീപിക്കുന്ന ഇവർക്ക് നിങ്ങളുടെ സമസ്യകളുടെ നെല്ലും പതിരും തിരിച്ചു തരാൻ സാധിക്കും. 

∙ കരുതലാണ് സാറേ ഇവന്റെ മെയിൻ 

നിങ്ങളുടെ ആരോഗ്യം, മാനസികാവസ്ഥ തുടങ്ങി എല്ലാ കാര്യങ്ങളിലും കരുതലുള്ള ചില സുഹൃത്തുക്കളുണ്ടാകും. പലപ്പോഴും ഇവർ മാതാപിതാക്കളെ പോലെ ഉപദേശിക്കുകയും ഗുണദോഷിക്കുകയുമൊക്കെ ചെയ്തെന്നിരിക്കും. അവരോട് സത്യസന്ധത പുലർത്തണമെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും മാത്രമാണ് ഇക്കൂട്ടർ ആവശ്യപ്പെടുക.

∙ ഞങ്ങളില്ലാതെ എന്ത് ആഘോഷം 

കല്യാണം, പാലുകാച്ചൽ, ബർത്ഡേ പാർട്ടി എന്നിങ്ങനെ എവിടെ ആഘോഷമുണ്ടോ അവിടെയെല്ലാം ക്ഷണിച്ചില്ലെങ്കിൽ പോലും കൃത്യമായി എത്തി ഹാജർ വയ്ക്കും ഈ കൂട്ടുകാർ. എപ്പോഴും അടിച്ചു പൊളിച്ച് നടക്കാൻ ആഗ്രഹിക്കുന്ന ഈ ചങ്ങാതിമാർ അതിലെല്ലാം നിങ്ങളെയും പിടിച്ചിടും.

∙ പോസ്റ്റ് തരുന്ന ചങ്ങാതി 

കൃത്യനിഷ്ഠ എന്ന വാക്ക് ഇക്കൂട്ടരുടെ നിഘണ്ടുവിൽ ഉണ്ടാകില്ല. 10 മണിക്ക് ഒരു സ്ഥലത്തേക്ക് എത്താമെന്നു പറഞ്ഞാൽ 12 മണി ആയാലും ഇവരെ കാണില്ല.  വിളിച്ചു വിളിച്ച് വശം കെടാനാകും നമ്മുടെ വിധി. 

∙ വിശപ്പിന്റെ അസുഖമുള്ള ചങ്ങാതി

ഇക്കൂട്ടരെ നിങ്ങൾ കാണുന്നത് തന്നെ ഏതെങ്കിലും ഹോട്ടലിൽ വച്ചായിരിക്കും. ഇവർക്ക് വിശപ്പു മാറിയിട്ട് നേരമുണ്ടാകില്ല. പട്ടണത്തിലെ പ്രധാനപ്പെട്ട ഫുഡ് ജോയിന്റുകളും തട്ടുകടകളുമെല്ലാം ഇവർക്ക് കാണാപാഠമായിരിക്കും.

∙ ഉലകം ചുറ്റും ചങ്ങാതി 

ഇപ്പോൾ എവിടെയാണെന്ന് പ്രവചിക്കാൻ കഴിയാത്ത ഈ സുഹൃത്ത് എപ്പോഴും കറക്കത്തിലായിരിക്കും. പലപ്പോഴും സാമൂഹിക മാധ്യമങ്ങൾ വഴിയാകും ഇവർ എവിടെയുണ്ടാകാമെന്ന് നമ്മൾ ഊഹിച്ചെടുക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു അത്യാവശ്യത്തിന് ഇവരെ കിട്ടില്ല. 

∙ കടക്കാരനായ ചങ്ങാതി 

നിങ്ങളെ സ്വന്തം ബാങ്ക് എടിഎം പോലെ കരുതുന്നവരാണ് ഇക്കൂട്ടർ. ഇവരുടെ കൈയ്യിൽ ഒരിക്കലും പണം കാണില്ല. ഒരുമിച്ചു കഴിക്കാൻ കയറിയാൽ ബില്ല് വരുമ്പോൾ ഇവർ കൈ മലർത്തും. എന്നു വച്ച് ആത്മാർഥതയ്‌ക്കൊന്നും കുറവുണ്ടാകില്ല. എന്ത് അത്യാവശ്യത്തിനും ഇവർ ഓടി വരും. ഇവർക്ക് കടം നൽകാൻ കുറച്ച് പണം മാറ്റി വയ്ക്കണമെന്ന് മാത്രം. 

∙ തോപ്രാംകുടി മൈക്ക് 

എല്ലാ ചങ്ങാതി വലയത്തിലും ഇത്തരമൊരാൾ ഉറപ്പാണ്, ശബ്‌ദം കുറച്ച് സംസാരിക്കാൻ അറിഞ്ഞു കൂടാത്ത സുഹൃത്ത്. അവർക്കാകട്ടെ സംസാരവും നിർത്താൻ പറ്റാറില്ല പലപ്പോഴും. നിർത്താതെ ഉറക്കെ നാട്ടുകാരെ മൊത്തം കേൾപ്പിച്ച്  അവർ സംസാരിച്ചു കൊണ്ടേയിരിക്കും.

English Summary : 10 Types of Friends You'll Have Throughout Your Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA