ADVERTISEMENT

അതു വിടളിയാ, നീ ഇതൊന്നു വായിച്ചു നോക്കൂ...നമ്മൾ കൂട്ടുകാരായതിനു ശേഷം എന്തൊക്കെയാണു പരസ്പരം വിളിക്കുന്നതെന്ന് ഒന്ന് ഓർത്തേ...  ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ല് കേട്ട ബ്ലാക് ആൻഡ് വൈറ്റ് കാലം തൊട്ട് ഈ ഒടിടി കാലത്തും ‘ചങ്ങാതി’ എന്നു വിളിക്കുന്നവരുണ്ട്.  ‘സുഹൃത്തേ’ എന്നു നീട്ടി വിളിക്കുന്നവരുമുണ്ടായിരുന്നില്ലേ? സിനിമയിലെ കൂട്ടുകാരുടെ പിരിയാത്ത കഥകളും ക്യാംപസ് സൗഹൃദങ്ങുടെ ദൃഢതയുമൊക്കെ വന്നപ്പോൾ വിളിയിലും മാറ്റം വന്നു. കാലത്തിന് അനുസരിച്ച് വിളി മാറിക്കൊണ്ടേയിരിക്കുന്നു. പക്ഷേ മാറാത്ത, മാറ്റത്തിനു നിൽക്കാത്ത ഒരു വിളി ‘അളിയാ...’ എന്നുള്ളതാണ്.

നിന്റെ പെങ്ങളെ ഞാനോ എന്റെ സഹോദരിയെ നീയോ വിവാഹം ചെയ്തതു കൊണ്ടല്ല, അതുക്കും മേലേ നമ്മുടെ ബന്ധം ഉറപ്പുള്ളതുകൊണ്ടാവാം അളിയാ... എന്ന വിളിയുടെ മധുരം ഇന്നും നമുക്കിടയിലുള്ളത്. കൂട്ടുകാരനെ കേരളത്തിന്റെ ചിലയിടങ്ങളിൽ കുമ്പാരീസ്, ചിലയിടത്ത് സഹോ, മറ്റു ചിലയിടത്ത് മച്ചാൻ എന്നൊക്കെ വിളിക്കുന്നു. സിനിമകളാണ് ഈ വിളികളെയൊക്കെ കേരളത്തിനു പരിചയപ്പെടുത്തിയത്. ‘ബ്രോ’ അടുത്ത കാലത്ത് വന്ന വിളിയാണ്. ‘ചങ്കും’ അതുപോലെ തന്നെ. അടുത്ത കൂട്ടുകാരനെ ‘ഡിക്‌ഷണറി’യിലില്ലാത്ത പലതും വിളിക്കുന്ന ചങ്ക്സുമുണ്ട്. ഒടിടിയിൽ വരുന്ന ചില സിനിമകളിൽ ‘പച്ചയ്ക്ക്’ ഈ വിളി കേൾക്കുന്ന കുട്ടി ഇത് കൂട്ടുകാരനെ വിളിക്കാനുള്ള പദമാണെന്നു കരുതില്ലേ അളിയാ...

കൂട്ടുകാരനെ ‘ഡാ’യെന്നു വിളിക്കുമ്പോൾ ഒരു സുഖമാണളിയാ... ‘ആത്മമിത്രമേ’ എന്നു വിളിക്കുന്നതിനു പകരം‘ ചങ്ക് ബ്രോ’ എന്നങ്ങു വിളിക്കുന്നു ഇപ്പോൾ. അത്രയേയുള്ളു. ഫ്രണ്ട്, ബെസ്റ്റ് ഫ്രണ്ട്, സോൾ ഫ്രണ്ട്... ഇതിൽ സോൾ ഫ്രണ്ടിന്റെ കാര്യമാ ഇപ്പറഞ്ഞത്. അതളിയന് അറിയാമല്ലോ?  ഇപ്പോഴത്തെ കാലത്ത് പെൺപിള്ളേർ ചങ്ക് ആമ്പിള്ളേരെ വിളിക്കുന്നതും കൂട്ടുകാരായ പെൺകുട്ടികൾ പരസ്പരം സംബോധന ചെയ്യുന്നതും അളിയാ... എന്നാണല്ലോ?

എ‍ന്നതാടാ ഉവ്വേ, ചിരിപ്പിക്കാനും കരയിപ്പിക്കാനും ചങ്ക് പറിച്ചു തരാനും എന്തിന് ചതിക്കാനും വരെ ചങ്ങായിമാരുണ്ടല്ലോ? ന്യൂജെൻ ബ്രോ, കൾട്ട് ഫ്രണ്ട്, കോളജ് ഗാങ്, സൈക്കോ ഫ്രണ്ട്, അച്ഛൻ ഫ്രണ്ട്, മൂത്ത ഫ്രണ്ട്, പാര ഫ്രണ്ട് .... എന്റെ പൊന്നടാ ഉവ്വേ എത്രതരമാണെടാ ഫ്രണ്ട്സ്. കൂട്ടുകാരന്റെ നമ്പർ മൊബൈലിൽ എന്തു പേരിലാണ് സേവ് ചെയ്തിരിക്കുന്നതെന്നു നോക്കിയാൽ അറിയാം, എത്രതരം കൂട്ടുകാരുണ്ടെന്ന്.  ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് നാട്ടിൽ പഞ്ഞമില്ലാത്തതിനാലും അവരെ വിളിച്ച് ശീലിച്ചതിനാലുമാകണം ഒരു സ്നേഹിതൻ മച്ചാന്മാരെ വിളിക്കുന്നത് ബായി എന്നാണ്. ഭായി ആയാലല്ലേ ബംഗാളിയാക്കി എന്നു പറഞ്ഞു വിളി കേൾക്കുന്നയാൾ പരിഭവിക്കൂ. ബായിയും ഭായിയും തമ്മിൽ ഹിന്ദിയിലുള്ള അർഥവ്യത്യാസമൊന്നും ചോദിക്കരുത്. അതാണളിയാ ഫ്രണ്ട്ഷിപ് !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com