ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയനായകൻ വിഷ്ണു വി.നായര്‍ വിവാഹിതനാവുകയാണ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വിഷ്ണു പങ്കുവച്ചത് ആരാധകർക്ക് സർപ്രൈസ് ആയിരുന്നു. ഏറെ വൈകാതെ സേവ് ദ് ഡേറ്റ് വിഡിയോയിലൂടെ വിവാഹത്തീയതിയും അറിയിച്ചു. ഓഗസ്റ്റ് 18ന് ചങ്ങനാശേരി സ്വദേശി കാവ്യ.ജി.നായർ വിഷ്ണവിന്റെ നല്ലപാതിയാകും. വിവാഹവിശേഷങ്ങൾ വിഷ്ണു മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.  

∙ വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായോ ?

ഓഗസ്റ്റ് 18നാണ് വിവാഹം. ഞങ്ങൾ രണ്ടുപേരുടെയും സ്വദേശം ചങ്ങനാശേരി ആണ്. അറേഞ്ച്ഡ് മാരിജ് ആണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ലളിതമായാണ് വിവാഹം നടത്തുന്നത്. ക്ഷണിക്കപ്പെട്ട വളരെ കുറച്ച് അതിഥികളെ ഉണ്ടാവൂ. സുഹൃത്തുക്കൾക്കായി ചെറിയ പാർട്ടി ഉണ്ടാകും. സീരിയൽ രംഗത്തെ സുഹൃത്തുക്കളെയൊക്കെ അറിയിച്ചിട്ടുണ്ട്. പലർക്കും ഷൂട്ടും തിരക്കുകളും ആണെന്ന് തോന്നുന്നു. ഞാൻ ഇപ്പോഴും ഷൂട്ടിലാണ്, നാളെ രാവിലെ മുതൽ ലീവ് എടുക്കാൻ ആണു തീരുമാനം. 

vishnu-v-nair-2

കല്യാണത്തിന്റെ ഒരുക്കങ്ങളെല്ലാം ചേച്ചിമാരാണ് ചെയ്യുന്നത്. അതുകൊണ്ട് എനിക്ക് അൽപം ആശ്വാസം ഉണ്ട്. കാവ്യയുടെ വീട്ടിൽ ഒരുക്കങ്ങൾ തിരക്കിട്ട് നടക്കുന്നുണ്ട്. അവിടെയാണല്ലോ കൂടുതൽ ചടങ്ങുകൾ നടക്കുക. താലികെട്ട് അമ്പലത്തിൽ വച്ചാണ്. ബാക്കി ചടങ്ങുകൾ ഓഡിറ്റോറിയത്തിലും. ചടങ്ങിന് വരുന്ന എല്ലാവരോടും കോവിഡ് പ്രോട്ടോകോൾ പാലിക്കണം എന്ന് ഓർമിപ്പിച്ചിട്ടുണ്ട്.

∙ കോവിഡ‍് പ്രതിസന്ധി കാരണം വിവാഹം ആഘോഷമായി നടത്താൻ കഴിയുന്നില്ലല്ലേ ? 

എന്തുചെയ്യാനാണ് അങ്ങനെ ഒരു അവസ്ഥയാണല്ലോ ഇപ്പോൾ. ഈ സമയത്ത് വിവാഹിതരാകുന്ന എല്ലാവരുടെയും സ്ഥിതി ഇതുതന്നെ. ആഘോഷപൂർവം വിവാഹം നടത്തിയിട്ട് പിറ്റേന്ന് കിടപ്പിലായാൽ എന്തു ചെയ്യും, റിസ്ക് എടുക്കാൻ വയ്യല്ലോ. ജോലി ചെയ്യുന്ന സെറ്റിൽ പോലും റിസ്ക് ആണ്. പല സ്ഥലത്തുന്നു വരുന്ന ആളുകളാണ്.  മാസ്ക് വച്ചുകൊണ്ട് അഭിനയിക്കാൻ പറ്റില്ലല്ലോ. സെറ്റിൽനിന്ന് ഒരുപ്രാവശ്യം എനിക്ക് കോവിഡ് ബാധിച്ചിരുന്നു. 

വിവാഹത്തിന് പങ്കെടുക്കാൻ വരുന്നവരോട് വാക്‌സീൻ എടുത്തിട്ട് വരുന്നതാണ് നല്ലത് എന്നു പറഞ്ഞിട്ടുണ്ട്. അവരുടെ സുരക്ഷയ്ക്കും നമ്മുടെ സുരക്ഷയ്ക്കും വാക്‌സിൻ എടുക്കുന്നതാണ് നല്ലത്.  കാവ്യയും കുടുംബവും വാക്‌സീൻ എടുത്തുകഴിഞ്ഞു. എന്റെ വീട്ടിലും എല്ലാവരും വാക്‌സീൻ എടുത്തു. കോവിഡ് ബാധിച്ചിരുന്നതിനാൽ എനിക്കിനി മൂന്നു മാസം കഴിഞ്ഞ് വാക്‌സീൻ എടുത്താൽ മതി.  

∙ വിവാഹത്തിരക്കിനിടയിലും ഷൂട്ടിങ്?

ഇപ്പോൾ മനസ്സിനക്കരെ എന്ന ഒരു പുതിയ സീരിയലിൽ അഭിനയിക്കുകയാണ്. അത് ഉടനെ ടെലികാസ്റ്റ് ചെയ്യേണ്ടതാണ്. അതുകൊണ്ട് എന്റെ ഭാഗം വേഗം ഷൂട്ട് ചെയ്യുകയാണ്. കോവിഡ് കാലം ആയതിനാൽ വലിയ ബുദ്ധിമുട്ടാണ്. ആർടിപിസിആർ ചെയ്തു ചെയ്ത് മൂക്ക് ഒരു വഴിയായി, ഷൂട്ടിന് പോകുമ്പോഴും ഷൂട്ട് കഴിഞ്ഞു വീട്ടിൽ വരുമ്പോഴുമെല്ലാം ടെസ്റ്റ് ചെയ്യും. വല്ലാത്ത ഇറിറ്റേഷൻ ആണ്.   

vishnu-v-nair-3

∙ അഭിനയരംഗത്തേക്ക് 

ഞാൻ ആദ്യമായി അഭിനയിച്ചത് ജയരാജ് ചേട്ടന്റെ ആനന്ദഭൈരവി എന്ന സിനിമയിലാണ്. അന്നു ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അതുകഴിഞ്ഞു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 19 വയസ്സിൽ എനിക്ക് ഗവൺമെന്റ് സർവീസിൽ ജോലി ലഭിച്ചു. പിന്നെ പഠനം ജോലി ഒക്കെയായി തിരക്കായി. സഹയാത്രിക എന്ന സീരിയലിൽ ആണ് ആദ്യമായി അഭിനയിച്ചത്. ജയകൃഷ്ണൻ എന്ന പ്രൊഡ്യൂസർ ആണ് ആദ്യമായി വിളിച്ചത്. പിന്നീട് പ്രണയം, ഭാഗ്യജാതകം, പൗർണമിത്തിങ്കൾ അങ്ങനെ ഒരുപിടി സീരിയലുകൾ.  പൗർണമിത്തിങ്കളിൽ അഭിനയിക്കുമ്പോഴാണ് ഒരു അഭിനയേതാവായി അറിയപ്പെട്ടു തുടങ്ങിയത്. സംവിധാനം ആണ് എന്റെ പാഷൻ. എന്നെങ്കിലും ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ട്.

∙ കുടുംബം, അഭിനയം, ജോലി എല്ലാം കൂടി എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു?

കുടുംബത്തിന് തന്നെയാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. സീരിയലിൽ അഭിനയിച്ചു തുടങ്ങിയതിനുശേഷം കുടുംബത്തിനായി സമയം ചെലവഴിക്കാൻ കഴിയുന്നില്ല. പിന്നെ യാത്രകൾ എനിക്ക് ഹരമാണ്. അതും നടക്കുന്നില്ല.  അത്യാവശ്യ ജോലികൾ തീർത്തിട്ട് യാത്രകൾ ചെയ്യണം, കുടുംബത്തിനായി സമയം കണ്ടെത്തണം. അഭിനയം ഞാൻ ഒരു പാഷൻ ആയിട്ടാണ് കാണുന്നത്. ജോലിയിൽനിന്ന് കുറച്ചു നാളത്തേക്ക് ലീവ് എടുത്തിരിക്കുകയാണ്. ലീവ് കഴിയുമ്പോൾ തിരികെ പോകണം. എല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോകണം എന്നാണു ആഗ്രഹം.

∙ പ്രേക്ഷകരിൽ നിന്നുണ്ടായ മറക്കാനാവാത്ത അനുഭവം ?

അനുഭവങ്ങൾ ഒരുപാടുണ്ട്. പൗർണമിത്തിങ്കളിന്റെ ആരാധകർ വലിയ പിന്തുണയാണ് നൽകിയിട്ടുള്ളത്. എവിടെ വച്ച് കണ്ടാലും ആളുകൾ ഓടിവരും. എന്റെയും ഗൗരിയുടേയുമൊക്കെ പേരിൽ ഒരുപാടു ഫാൻ പേജുകൾ ഉണ്ട്. നമ്മൾ കൊടുക്കുന്ന ചെറിയ അപ്ഡേറ്റ് പോലും പെട്ടെന്ന് ജനങ്ങളിൽ എത്തും. സീരിയലിന് കുടുംബപ്രേക്ഷകർ ഒരുപാടുണ്ട്. മറ്റൊരു ജോലിക്കും കിട്ടാത്ത സ്വീകാര്യതയാണ് ഒരു ആക്ടറിന് കിട്ടുന്നത്. സമയം കിട്ടുമ്പോൾ മെസേജുകൾക്ക് മറുപടി കൊടുക്കാറുണ്ട്. പ്രേക്ഷകരുടെ സ്നേഹം വളരെ വിലപ്പെട്ടതാണ്.

vishnu-v-nair-4

∙ കുടുംബം 

അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് എന്റേത്. അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചു. രണ്ടു ചേച്ചിമാരും വിവാഹിതരാണ്. വീട്ടിൽ എല്ലാവരും നല്ല പിന്തുണയാണ്. ഇപ്പോൾ വീട്ടിൽ ചേച്ചിമാർ ഉള്ളതുകൊണ്ട് വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം അവരാണ് ചെയ്യുന്നത്. എനിക്ക് ഒരു ടെൻഷനുമില്ല. കാവ്യ ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്നു. കോവിഡ് വ്യാപനത്തോടെ നാട്ടിൽ വന്നു. ഇനി കാവ്യ വീട്ടിലെത്താൻ വളരെ കുറച്ചു ദിവസങ്ങളേയുള്ളൂ, അതിനുവേണ്ടി കാത്തിരിക്കുകയാണ്.

English Summary : Actor Vishnu V Nair on his wedding; Exclusive interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com