അലയടികൾ സാമ്പത്തിക മേഖലയിലും ? കാന്യ വെസ്റ്റും കിം കർദാഷിയാനും വേർപിരിയുമ്പോൾ

HIGHLIGHTS
  • 1.8 ബില്യൻ യുഎസ് ഡോളറാണ് വെസ്റ്റിന്റെ ആസ്തി.
  • 1996ലായിരുന്നു വെസ്റ്റ് ആദ്യമായി ഒരു സംഗീതനിശ അവതരിപ്പിക്കുന്നത്
economists-eagerly-looking-into-kim-kardhasian-kanye-west-divorce
Image Credits : Instagram
SHARE

‘കോടികൾ കൊണ്ട് കോട്ടുതുന്നുന്ന കുടുംബം’– അതിസമ്പന്നരായ ഭാര്യാ ഭർത്താക്കൻമാർ ഒട്ടേറെപ്പേർ ഉണ്ടെങ്കിലും ഈ വിശേഷണം ഏറ്റവും യോജിച്ചിരുന്നത് ഹോളിവുഡിലെ താരസുന്ദരി കിം കർദാഷിയാനും ഭർത്താവ് കാന്യ വെസ്റ്റിനുമാണ്. എന്നാൽ ഇരുവരുടെയും ആരാധകർക്ക് അത്ര രസിച്ചേക്കാവുന്ന വാർത്തയല്ല അടുത്തിടെ പുറത്തുവന്നത്. വിവാഹ മോചനത്തിന്റെ വക്കിലായിരുന്ന ഇരുവരും വീണ്ടും ഒന്നുചേരുന്നു എന്ന വാർത്ത കേട്ട് ആശ്വസിച്ചിരുന്ന ആരാധകരോട് ‘ഇല്ല, അങ്ങനെ ഒരിക്കലും സംഭവിക്കില്ല, വിവാഹമോചനത്തിനു ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും’ – എന്ന് ഇരുവരും പ്രഖ്യാപിച്ചു കഴിഞ്ഞു.  താരദമ്പതികളുടെ വിവാഹമോചനം വലിയ ചർച്ചകൾക്കാണ് വഴി തുറക്കുന്നത്. അതും സാമ്പത്തിക രംഗത്തും ഫാഷന്‍ ലോകത്തുമുൾപ്പടെ എന്നു പറഞ്ഞാൽ‌ അവിശ്വസനീമായി തോന്നും. എന്നാൽ അതാണ് സത്യം. കാരണം നിലവിൽ ലോകത്തെ ഏറ്റവും സമ്പന്നരായ ദമ്പതിമാരുടെ പട്ടികയിൽ മുൻ പന്തിയിലുള്ള കിം–വെസ്റ്റ് കുടുംബം വഴിപിരിയുന്നതോടെ അമേരിക്കൻ സാമ്പത്തിക മേഖലയിൽ അതിന്റെ ആഘാതം ഉണ്ടായേക്കാം. ആമസോൺ ഉടമ ജെഫ് ബെസോസിന്റെ വിവാഹ മോചനവും തുടർന്ന് ബെസോസ് തന്റെ ഭാര്യയ്ക്കു നൽകേണ്ടി വന്ന ജീവനാംശവുമാണ് ഇതിനു ഉദാഹരണമായി പലരും ചൂണ്ടി കാട്ടുന്നത്. ബെസോസിന്റെ കുടുംബം പിരിഞ്ഞപ്പോള്‍ അതിന്റെ അലയൊലികൾ ആമസോണിന്റെ വിപണി മൂല്യത്തെപ്പോഴും ബാധിച്ചിരുന്നു. അതിനു സമാനമായ അവസ്ഥയാണ് കിം– വെസ്റ്റ് ദമ്പതിമാർ പിരിയുന്നതോടെ സാമ്പത്തികലോകത്ത് ഉണ്ടായേക്കാവുന്നതെന്നു ഭയപ്പെടുന്നവരും കുറവല്ല. ഇവർക്ക് ഏറ്റവും കൂടുതൽ നിക്ഷേപമുള്ളതിനാലാണ് ഫാഷൻ, ബ്യൂട്ടി മേഖലകളിൽ അലയടികൾ പ്രതീക്ഷിക്കുന്നത്.

kanya-west-kim-kardhasian-6

∙ ആരാണ് കാന്യ വെസ്റ്റ്?

കിം കർദാഷിയന്റെ സൗന്ദര്യത്തെക്കുറിച്ച് കേൾക്കാത്തവർ വിരളമായിരിക്കും. എന്നാൽ ഭർത്താവ് കാന്യ വെസ്റ്റ് അത്ര സുപരിചിതനാകാൻ വഴിയില്ല. അമേരിക്കൻ റാപ്പർ, പാട്ടുകാരൻ, സംഗീത സംവിധായകൻ, വ്യവസായി, ഫാഷൻ ടൈക്കൂൺ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് 44കാരനായ വെസ്റ്റിനുള്ളത്. 2021ലെ ഫോബ്സ് മാഗസിന്റെ കണക്കുകൾ പ്രകാരം 1.8 ബില്യൻ യുഎസ് ഡോളറാണ് വെസ്റ്റിന്റെ ആസ്തി. ഭാര്യ കിമ്മിനൊപ്പം വെസ്റ്റ് നടത്തിയ നിക്ഷേപങ്ങളും ഇരുവർക്കും ഒരുമിച്ചുള്ള ആസ്തിയും ഇതിലും എത്രയോ മടങ്ങാണ്. അമേരിക്കൻ റാപ്പ് ലോകത്ത് വെസ്റ്റിന് നിക്ഷേപമില്ലാത്ത മേഖലകൾ വിരളമാണ്. അതുതന്നെയാണ് വെസ്റ്റിന്റെ ഓരോ നീക്കവും സൂക്ഷ്മമായി വിലയിരുത്താൻ സാമ്പത്തിക വിദഗ്ധരെ പ്രേരിപ്പിക്കുന്നതും.

kanya-west-kim-kardhasian-5

∙ തുടക്കം 1996ൽ

1996ലായിരുന്നു വെസ്റ്റ് ആദ്യമായി ഒരു സംഗീതനിശ അവതരിപ്പിക്കുന്നത്. ഒരു നിശാ ക്ലബിൽ നടത്തിയ പരിപാടിക്ക് പക്ഷേ, കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. പിന്നീടങ്ങോട്ട് അവസരങ്ങൾ തേടി നിരവധി മ്യൂസിക് കമ്പനികളുടെ പടികൾ കയറിയിറങ്ങിയ വെസ്റ്റ് 2004ലാണ് തന്റെ ആദ്യ സ്വതന്ത്ര സംഗീത ആൽബം ‘കോളജ് ഡ്രോപ് ഔട്ട്’ പുറത്തിറക്കുന്നത്. ഒരു ബംപർ ഹിറ്റൊന്നും ആയില്ലെങ്കിലും സംഗീതാസ്വാദകർക്കിടയിൽ ഒരു പേരുണ്ടാക്കിയെടുക്കാൻ ഇതിലൂടെ വെസ്റ്റിനു സാധിച്ചു. തുടർന്ന് 2007ൽ ഗുഡ് മ്യൂസിക് എന്ന പേരിൽ മ്യൂസിക് കമ്പനി ആരംഭിച്ചതോടെ വെസ്റ്റിന്റെ തലവര തെളിഞ്ഞു. ഗ്രാജുവേഷൻ, 808 ആൻഡ് ഹാർട്ബ്രേക്, മൈ ബ്യൂട്ടിഫുൾ ഡാർക് ട്വിസ്റ്റഡ് ഫാന്റസി തുടങ്ങി നിരവധി ഹിറ്റ് ആൽബങ്ങൾ അക്കാലത്ത് വെസ്റ്റിന്റേതായി പിറന്നു. ഇതിനിടയിൽ 2013ൽ തന്റെ ക്രിയേറ്റിവ് കണ്ടന്റ് കമ്പനിയായ ‘ഡോൺഡ’ ആരംഭിക്കാനും വെസ്റ്റിനു സാധിച്ചു.

kanya-west-kim-kardhasian-2

∙ വിവാദ നായകൻ

കരിയറിൽ നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും വെട്ടിപ്പിടിക്കുന്നതിൽ വെസ്റ്റ് ഒരു മടിയും കാണിച്ചില്ല. വെസ്റ്റിന്റെ സമൂഹ മാധ്യമങ്ങളിലെ ഏറെക്കുറെ എല്ലാ പോസ്റ്റുകളും അവാർഡ് ഷോകളിലെ ‘കുരുത്തക്കേടുകളും’ എന്നും വിമർശനങ്ങൾക്കു പാത്രമായിക്കൊണ്ടിരുന്നു. ഒരു കാലത്ത് അമേരിക്കൻ പാപ്പരാസികളുടെ ഇഷ്ട ഇരയായിരുന്നു വെസ്റ്റ്. 2014ൽ ടെലിവിഷൻ സൂപ്പർ സ്റ്റാറും മോഡലുമായ കിം കര്‍ദാഷിയനുമായുള്ള വെസ്റ്റിന്റെ കല്യാണവും വിവാദങ്ങളിലാണ് ചെന്നവസാനിച്ചത്.

kanya-west-kim-kardhasian-1

∙ കിം കർദേഷിയനും സെക്സ് ടേപ്പും

മുൻപ് പലരെയും ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിലും വെസ്റ്റ് ആദ്യമായി വിവാഹിതനാകുന്നത് 2014ൽ കിം കാർദാഷിയനുമായാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും രണ്ട് വർഷത്തെ ഡേറ്റിങ്ങിനു ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. വിവാഹ സമയത്ത് ഉയർന്നുവന്ന വിവാദങ്ങളിൽ പ്രധാനമായിരുന്നു 2007ൽ ലീക്കായ കിമ്മിന്റെ സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ വിഡിയോ. മുൻ കാമുകൻ റേ ജേ യുമായി കിം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വിഡിയോ 2007ലാണ് ഇന്റർനെറ്റിലെത്തുന്നത്. അന്നത് വലിയ വിവാദങ്ങൾ‍ക്ക് വഴിവച്ചിരുന്നു. ആദ്യമൊക്കെ ആ വിഡിയോയിൽ ഉള്ളത് താനല്ലെന്നു കിം വാദിച്ചിരുന്നു. എന്നാൽ 2020ൽ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അത് താനാണെന്നും ആ വിഡിയോ പുറത്തിറങ്ങാതിരുന്നെങ്കിൽ എന്നു ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നും കിം വെളിപ്പെടുത്തി. ഈ വിഡിയോ കഴിഞ്ഞ വർഷം വീണ്ടും ഇന്റർനെറ്റിൽ വൈറൽ ആയിരുന്നു. ഇതേത്തുടർന്നാണ് ഇരുവരും പിരിയാൻ തീരുമാനിച്ചതെന്ന് അഭ്യൂഹങ്ങൾ ഉയരുകയും ചെയ്തു. എന്തൊക്കെയായാലും കിമ്മും വെസ്റ്റും വഴിപിരിയുന്നതോടെ അമേരിക്കൻ സാമ്പത്തിക ലോകത്തും ഫാഷൻ ലോകത്തും ചെറുതെങ്കിലും ചില ചലനങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല.

kanya-west-kim-kardhasian-4

English Summary : Kim Kardashian ended her marriage to Kanye West 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA