ADVERTISEMENT

നടൻ സിദ്ധാർഥ് ശുക്ലയുടെ മരണ വാര്‍ത്ത സൃഷ്ടിച്ച് നടുക്കത്തിൽനിന്ന് ആരാധകർ ഇപ്പോഴും മോചിതരായിട്ടില്ല. കരിയറിൽ ശോഭിച്ചുനിൽക്കുമ്പോഴാണ് 40കാരനായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതമാണ് മരണ കാരണം. മോഡലായി തുടങ്ങി ഫാഷന്‍ ലോകത്ത് ഉദിച്ചുയര്‍ന്ന്, ടിവി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനായ താരം ബിഗ് ബോസ് സീസണ്‍ 13 ടൈറ്റില്‍ വിന്നര്‍ കൂടിയായിരുന്നു. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരെയും അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍. സിദ്ധാർഥിന്റെ ജീവിതത്തിലൂടെ. 

മുംബൈയില്‍ ജനിച്ച് വളര്‍ന്ന സിദ്ധാർഥ് ചെറുപ്പം മുതലേ കായിക രംഗത്തോട് അതീവ താൽപര്യം പുലര്‍ത്തിയിരുന്നു. വിവിധ കായിക ഇനങ്ങളില്‍ സ്‌കൂളിനെ പ്രതിനീധികരിച്ച് പങ്കെടുത്തു. സ്‌കൂള്‍ കാലഘട്ടത്തിന് ശേഷം ഇന്റീരിയര്‍ ഡിസൈനിങ്ങ് പഠിച്ച സിദ്ധാർഥ്, രചന സന്‍സദ് സ്‌കൂള്‍ ഓഫ് ഇന്റീരിയര്‍ ഡിസൈനില്‍നിന്നു ബിരുദം നേടി.

sidharth-sukla-2

2004ലെ ‘ഗ്ലാഡ്‌റാഗ്‌സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍’ മത്സരത്തില്‍ പങ്കെടുത്താണ് സിദ്ധാർഥ് തന്റെ മോഡലിങ്ങ് കരിയര്‍ ആരംഭിക്കുന്നത്. ഈ മത്സരത്തിലെ റണ്ണറപ്പായി. പിന്നീട് തുര്‍ക്കിയില്‍ നടന്ന ‘വേൾഡസ് ബെസ്റ്റ് മോഡൽ’ മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചു. ഇതില്‍ വിജയി ആകുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനും സിദ്ധാർഥ് ആയിരുന്നു. ലോകമെമ്പാടും നിന്നുള്ള നാല്‍പതോളം മത്സരാർഥികളെ പിന്തള്ളിയായിരുന്നു സിദ്ധാർഥിന്റെ വിജയം. തുടര്‍ന്ന് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങി.

‘ബാബുല്‍ കാ ആംഗന്‍ ചൂട്ടി നാ’ എന്ന സീരിയലിലൂടെ ടിവി മേഖലയിലേക്ക്. ബാലിക വധു സീരിയലിലെ ശിവയുടെ റോള്‍ സിദ്ധാർഥിനെ ടിവി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. ദില്‍സേ ദില്‍ തക്, ലവ് യൂ സിന്തഗി, ജാനേ പെഹ്ചാനേ സേ, യേ അജ്‌നബി തുടങ്ങി പല ടിവി ഷോകളിലും സിദ്ധാർഥ് അഭിനയിച്ചു. 

 

ടിവി പ്രേക്ഷകര്‍ക്കിടയിലെ വന്‍ ജനപ്രീതിയാണ് സിദ്ധാർഥിന്റെ ബോളിവുഡ് പ്രവേശനത്തിന് കാരണമായത്. കരണ്‍ ജോഹര്‍ നിർമിച്ച ‘ഹംപ്റ്റി ശര്‍മ്മ കി ദുല്‍ഹനിയ’ എന്ന ചിത്രത്തില്‍ വരുണ്‍ ധവാനും ആലിയ ഭട്ടിനുമൊപ്പം അരങ്ങേറ്റം. ഇതിലെ പ്രകടനത്തിന് ‘ബ്രേക്ക്ത്രൂ സപ്പോര്‍ട്ടിങ് പെര്‍ഫോമന്‍സി’നുള്ള പോപ്പുലര്‍ അവാര്‍ഡ് തേടിയെത്തി.

sidharth-sukla-3

ബിഗ് ബോസ് 13-ാം സീസണിലെ ടൈറ്റില്‍ വിന്നര്‍ ആയതോടു കൂടി സിദ്ധാർഥിന്റെ താരപകിട്ടും ആരാധകവൃന്ദവും വീണ്ടും ഉയര്‍ന്നു. ഇതിനു മുന്‍പും ഇത്തരത്തിലുള്ള ടിവി ഷോകളില്‍ സിദ്ധാർഥ് പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ‘ഫിയര്‍ ഫാക്ടര്‍ ഖത്‌റോം കേ ഖിലാഡി 7’ ന്റെ 2016ലെ വിജയി ആയിരുന്നു. ‘ഇന്ത്യ ഗോട്ട് ടാലന്റ്’ എന്ന ടിവി ഷോയിൽ കൊമേഡിയന്‍ ഭാര്‍തി സിങ്ങിനൊപ്പം അവതാരകനായും സിദ്ധാർഥ് തിളങ്ങി. 2020ലെ ടൈംസ് മോസ്റ്റ് ഡിസൈറബിള്‍ മെന്‍ ഓണ്‍ ടിവി, കരിസ്മാറ്റിക് ടിവി പേര്‍സണാലിറ്റി അവാർഡുകളും സിദ്ധാർഥിനെ തേടിയെത്തി. ടിവി ഷോകള്‍ക്കും നിരവധി മ്യൂസിക് വിഡിയോകള്‍ക്കും പുറമേ വെബ് സീരിസുകളിലും നിറ സാന്നിധ്യമായി നില്‍ക്കുകയായിരുന്നു.

ഡാന്‍സ് ദീവാനീ 3, ബിഗ് ബോസ് ഒടിടി എന്നീ ഷോകളിലായിരുന്നു സിദ്ധാർഥ് അവസാനം ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. ബിഗ് ബോസ് 13ലെ തന്റെ സുഹൃത്ത് ഷെഹനാസ് ഗില്ലുമായി ചേര്‍ന്നാണ് ഈ ഷോകളില്‍ അതിഥിയായി എത്തിയത്. താരശോഭയുടെ അത്യുന്നതങ്ങളില്‍ നിൽക്കുമ്പോഴുള്ള പ്രിയതാരത്തിന്റെ വിയോഗം ആരാധകർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

English Summary : Actor Sidharth Shukla’s incredible life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com