ADVERTISEMENT

ഞാൻ സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി വരുന്നതിനും മുമ്പ്, തയ്യൽക്കടയും നാടകവുമൊക്കെയായി നടക്കുന്ന സമയം. ഞങ്ങളുടെ ക്ലബിലെ മമ്മൂട്ടി ആരാധകരിൽ ഒരാളായിരുന്നു ഞാൻ. വളരെ വീറോടും വാശിയോടും കൂടി മമ്മൂട്ടി–മോഹൻലാൽ ആരാധകർ മത്സരിച്ചിരുന്ന കാലം ആയിരുന്നു അത്. പ്രിയ താരത്തിന്റെ ജന്മദിനം ഓർത്തുവച്ച് ആഘോഷിക്കുന്നത് അന്നു ഞങ്ങളുടെ പ്രധാന പരിപാടികളിൽ ഒന്നായിരുന്നു. 

അക്കാലത്ത് മമ്മൂക്കയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ സ്വന്തമാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ലൊക്കേഷനിൽവച്ചായിരുന്നു അത്. എന്റെ സുഹൃത്തായ നിസാർ സെയ്ദ് ലേഖനങ്ങളൊക്കെ എഴുതുന്ന ആളായിരുന്നു. ഒരു സെലിബ്രിറ്റി പംക്തിക്ക് വേണ്ടി നിസാർ മമ്മൂക്കയെ കാണാൻ തെന്മലയിലുള്ള സൈന്യത്തിന്റെ ലൊക്കേഷനിലേക്ക് പോയപ്പോൾ ഞാനും അനുഗമിച്ചു. അന്നാണ് അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോ സ്വന്തമാക്കുന്നത്. പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പമുള്ള എന്റെ ആദ്യത്തെ ഫോട്ടോ ആയിരുന്നു അത്. ഞാൻ ഏറെ ആരാധിക്കുന്ന വ്യക്തിക്കൊപ്പമുള്ള ഫോട്ടോ. വളരെയധികം സന്തോഷിച്ച ഒരു ദിവസമായിരുന്നു അത്. ആ ഫോട്ടോയുമായി നാട്ടിലെത്തിയപ്പോൾ എനിക്ക് കിട്ടിയ മൈലേജ് വളരെ വലുതായിരുന്നു.  ഫോട്ടോ വലുതാക്കി പ്രിന്റ് ചെയ്ത് എന്റെ തയ്യൽക്കടയിൽ വച്ചു. അതു നാട്ടിൽ അന്നു ചർച്ചയാവുകയും ചെയ്തു. ആ ഫോട്ടോ കണ്ട് എന്നോട് അസൂയ തോന്നിയവരും പരിഭവിച്ചവരുമൊക്കെ നിരവധിയാണ്. അതൊക്കെ ആലോചിക്കുമ്പോൾ ഇപ്പോൾ രസം തോന്നുന്നു.  

സിനിമയിൽ വന്നതിനുശഷം ആദ്യ കാലത്തു തന്നെ എല്ലാ താരങ്ങൾക്കൊപ്പവും വർക് ചെയ്യാനായി. എന്നാൽ 10 വർഷത്തിനുശേഷമാണ് മമ്മൂക്കയ്ക്കൊപ്പം ആദ്യത്തെ വർക് ചെയ്യുന്നത്. ബ്ലാക് ആയിരുന്നു ആ സിനിമ. അതിനുശേഷം, രാജമാണിക്യം, പാലേരി മാണിക്യം, പോക്കിരി രാജ തുടങ്ങി മാമാങ്കം വരെ നിരവധി സിനിമകൾ ചെയ്തു.

താരസംഘടനയായ അമ്മയുടെ ഷോകൾക്ക് ഞാനാണ് വസ്ത്രാലങ്കാരം ചെയ്യാറുള്ളത്. അങ്ങനെ ഒരു ഷോയ്ക്കിടെ സ്റ്റേജിന് പുറകിൽവച്ച് വസ്ത്രങ്ങൾ നന്നായിട്ടുണ്ടെന്ന് പറഞ്ഞ് മമ്മൂക്ക എന്നെ അഭിനന്ദിച്ചത് ഒരിക്കലും മറക്കാനാവില്ല. നിരവധി അവർഡുകൾ ലഭിച്ചിട്ടുണ്ട്. പക്ഷേ അതിനേക്കാളേറെ സന്തോഷവും സംതൃപ്തിയും നൽകാൻ ആ വാക്കുകൾക്കായി. 

മമ്മൂക്ക ഇപ്പോഴും എങ്ങനെ സൗന്ദര്യം നിലനിർത്തുന്നു എന്നു പലരും അദ്ഭുതപ്പെടുന്നതു കണ്ടിട്ടുണ്ട്. പക്ഷേ എനിക്കതിൽ യാതൊരു അതിശയവുമില്ല. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളുടെ ഫലമാണ് അത്. ഭക്ഷണകാര്യത്തിൽ അദ്ദേഹമൊരു യോഗി ആണെന്നു പറയുന്നതാവും ശരി. ജീവിതചര്യയുടെ കരുത്തുകൊണ്ട് വാർധക്യത്തിലും ഒറ്റവിരലിൽ നിൽക്കുന്ന യോഗിമാരെ കുറിച്ച് കേട്ടിട്ടില്ലേ. സ്വന്തം ശരീരം ശ്രദ്ധിക്കാൻ മമ്മൂക്ക സമയം ചെലവഴിക്കുന്നു. അദ്ദേഹത്തിന് അതൊരു തപസ്സാണ്. അതിന്റെ ഫലമാണ് ആ യവ്വനം. രാജമാണിക്യത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ വ്യായാമത്തിനുള്ള സൗകര്യം ഇല്ലായിരുന്നു. പക്ഷേ അദ്ദേഹം ഒരു മുറിയിൽ ജിം തയ്യാറാക്കിച്ചു. എന്നിട്ട് എന്നും കൃത്യമായി വ്യായാമം ചെയ്തു. സിനിമ പോലൊരു മേഖലയൽ ഭക്ഷണത്തിന് യാതൊരു കുറവും ഉണ്ടാകില്ല. എന്തും കിട്ടുമെന്നു തന്നെ പറയാം. എങ്കിലും എത്ര രുചിയേറിയ വിഭവം ആയാലും അദ്ദേഹം പരിധിവിട്ട് കഴിക്കില്ല. മമ്മൂക്ക ചെയ്യുന്ന കാര്യങ്ങളുടെ 25 ശതമാനം ചെയ്താൽ നമുക്കെല്ലാവർക്കും ആരോഗ്യത്തോടെ ഇരിക്കാനാകും എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ സാധാരണ മനുഷ്യർക്കൊന്നും അതിനാവുമെന്നും എനിക്ക് തോന്നുന്നില്ല. 

satheesan-sb-1
എസ്.ബി. സതീശൻ

യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യവും അഭിമാനവുമായി കരുതുന്ന ഒരാളാണു ഞാൻ. മമ്മൂക്കയ്ക്കൊപ്പം നിരവധി സിനിമകളിൽ പ്രവൃത്തിച്ചു. ഇനിയും അതിന് അവസരം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനിയും ഒരുപാട് വർഷം അദ്ദേഹത്തിന്റെ അഭിനയ മുഹൂർത്തങ്ങൾക്ക് സാക്ഷിയാകാൻ മലയാളികൾക്ക് ഭാഗ്യമുണ്ടാകട്ടെ.

English Summary : Costume designer SB Satheesan about Mega Star Mammootty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com