‘കനകമ്മേ... കഞ്ഞി ആവുമ്പോൾ വിളിച്ചാൽ മതി’; അങ്ങനെ ഒരാൾ ഉണ്ട്: ചെമ്പിൽ അശോകൻ പറയുന്നു

HIGHLIGHTS
  • സിനിമയിൽ അഭിനയിക്കാൻ എനിക്ക് പേടിയായിരുന്നു
  • ഞാൻ 22 വർഷം പ്രഫഷനൽ നാടകത്തിലുണ്ടായിരുന്നു
div style="position: relative; display: block; max-width: 1920px;">
SHARE

വളരെ പെട്ടെന്ന് ‘ഔട്ട്ഡേറ്റഡ്’ ആകുന്ന സംഗതിയാണ് കോമഡി. എന്നാൽ, എത്ര കണ്ടാലും ആവർത്തിച്ചു ചിരിച്ചുപോകുന്ന ചില പ്രകടനങ്ങളുണ്ട്. അത്തരം നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ വിരുതനാണ് ചെമ്പിൽ അശോകൻ. 'തകതുണിതെയ്' എന്നൊരു ശീലു കൊണ്ടു പോലും ചിരിയുടെ മാലപ്പടക്കത്തിന് അശോകൻ തിരി കൊളുത്തും. അതേ സ്വാഭാവികതയോടെ പ്രേക്ഷകരുടെ കണ്ണു നിറയ്ക്കുന്ന വൈകാരികനിമിഷങ്ങളും പകർന്നാടും. നാടകം, സീരിയൽ, സിനിമ... മാധ്യമം ഏതായാലും ഗ്ലിസറിൻ ഇല്ലാതെ കരയാനും ചളിയടിക്കാതെ ചിരിപ്പിക്കാനും ചെമ്പിൽ അശോകന് നിമിഷങ്ങൾ മതി. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ സ്വന്തം ചെമ്പിൽ നിന്നാണ് അശോകനും കലാലോകത്തേക്ക് എത്തിയത്. നാടകത്തിൽ നിന്ന് ക്യാമറയുടെ മുന്നിലേക്ക് അശോകനെ എത്തിക്കുന്നതിന് നിമിത്തമായത് മമ്മൂട്ടിയാണ്. ആ കഥയും ജീവിതവും പങ്കുവച്ച് ചെമ്പിൽ അശോകൻ മനോരമ ഓൺലൈനിൽ. 

തുടക്കം നാടകം

നടീനടന്മാരെ ആവശ്യമുണ്ടെന്ന് പത്രത്തിൽ പരസ്യം കണ്ട് അപേക്ഷിച്ചു. അങ്ങനെയാണ് നാടകത്തിൽ അവസരം ലഭിക്കുന്നത്. പച്ചാളത്തു വച്ചാണ് സംഭവം. ആ നാടകത്തിൽ ഞാൻ അഭിനയിക്കാൻ ചെന്നപ്പോൾ അവിടെ പോൾ വെങ്ങോലയുണ്ട്. സിനിമയിലെ പഴയകാല ഹാസ്യനടനായിരുന്നു അദ്ദേഹം. ചെമ്പിൽ ജോൺ എന്നൊരു എഴുത്തുകാരനുണ്ടല്ലോ... അദ്ദേഹത്തിന്റെ പേരു പോലെ ചെമ്പിൽ അശോകൻ എന്ന പേര് മതിയെന്ന് അങ്ങനെ തീരുമാനിക്കുകയായിരുന്നു. സിനിമയിൽ ഒരു അശോകൻ അന്നുണ്ട്. അതുകൊണ്ട് നാടകത്തിൽ ഇങ്ങനെ കിടക്കട്ടെ എന്ന് പോൾ വെങ്ങോല പറഞ്ഞു. അന്നു മുതൽ ഇന്നു വരെ ആ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. 

actor-chembil-ashokan-interview-about-his-life-and-career

നാടകം കൊണ്ട് രക്ഷപ്പെടുമോ?

എന്റെ നാലാം വയസിൽ അച്ഛൻ മരിച്ചു. അദ്ദേഹത്തിന്റെ മുഖമൊന്നും ശരിക്കും ഓർമയില്ല. പിന്നെ അമ്മയേ ഉള്ളൂ. എനിക്ക് മൂന്നു ചേട്ടന്മാരായിരുന്നു. മൂത്ത ഒരു പെങ്ങളും. അങ്ങനെ ഞങ്ങൾ അഞ്ചു മക്കൾ. ഞാൻ നാടകത്തിന് ഇറങ്ങിയപ്പോൾ ആർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു. പ്രഫഷനൽ നാടകം കൊണ്ട് എന്തെങ്കിലും വരുമാനം ഉണ്ടാകുമോ എന്നൊന്നും അവർക്ക് അറിയില്ല. ഒരിക്കൽ എന്റെ സഹോദരിയുടെ ഭർത്താവ് ചോദിച്ചു, ‘എടാ... ഇതുകൊണ്ട് വല്ല രക്ഷയുണ്ടാകുമോ?’ എന്റെ ഉള്ളിന്റെ ഉള്ളിൽ മുഴുവൻ നാടകമാണ്. അതുകൊണ്ട് ഞാൻ അളിയനോട് തട്ടിവിട്ടു, ‘പിന്നെ... ഒരുപാട് പൈസ കിട്ടും’ എന്ന്. അങ്ങനെ അളിയനെ പറഞ്ഞു ധരിപ്പിച്ചു. കാരണം എന്റെ ഭ്രാന്ത് അഭിനയത്തിലായിരുന്നു. 

‘ഇവനെ കൊണ്ടോയ്ക്കോ’, മമ്മൂട്ടി പറഞ്ഞു

മമ്മൂക്കായുടെ വീടിന് നേരെ പുറകു വശത്തായിരുന്നു ആദ്യം എന്റെ വീട്. ദിക്കു പറഞ്ഞാൽ മമ്മൂക്കയുടെ പടിഞ്ഞാറെ വീടായിരുന്നു എന്റേത്. അവിടെ നിന്നാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറിയത്. മമ്മൂക്ക എന്നെക്കാളും സീനിയറാ! മമ്മൂക്കയുടെ നേരെ ഇളയ അനിയത്തി ആമിന, അതിനു താഴെ ഇബ്രാഹിംകുട്ടിക്ക, പിന്നെ സക്കരിയ, ശേഷം സൗദ. ഞാനും സൗദയും ഒരേ പ്രായമാണ്. സൗദയ്ക്ക് താഴെയാണ് ഷാഫിന. ഞാനിങ്ങനെ നാടകം കളിച്ചു നടക്കുന്ന സമയത്താണ് ഇബ്രാഹിംകുട്ടിക്കയെ വിളിച്ച് മമ്മൂക്ക എന്നെക്കുറിച്ച് പറയുന്നത്. ‘നീയിവനെ കൊണ്ടോയ്ക്കോ’ എന്നായിരുന്നു മമ്മൂക്കയുടെ ഡയലോഗ്. അന്ന് ഇബ്രാഹിംകുട്ടിക്ക സീരിയലിൽ സജീവമായിരുന്ന കാലമായിരുന്നു. ഇബ്രാഹിംകുട്ടിക്കയും സക്കരിയയും പോകുന്ന കൂട്ടത്തിൽ എന്നെയും കൂട്ടി. ഞാൻ അവർക്കൊപ്പമായിരുന്നു താമസം. അദ്ദേഹം പോകുന്ന സെറ്റിലേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോകും... പരിചയപ്പെടുത്തും. അങ്ങനെയാണ് ഞാൻ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയത്. അൻപതോളം സീരിയലുകളിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു. 

പേടി മാറ്റിയത് സത്യൻ അന്തിക്കാട്

സിനിമയിൽ അഭിനയിക്കാൻ എനിക്ക് പേടിയായിരുന്നു. ഷൂട്ടിന് പോകണമെങ്കിൽ നാടകം മുടക്കണമല്ലോ. അതു മൊത്തം ട്രൂപ്പിനെ ബാധിക്കും. പിന്നെ, നാടകമൊക്കെ കുറെ റിഹേഴ്സൽ ചെയ്തിട്ടല്ലേ സ്റ്റേജിൽ കേറുന്നത്. എന്നാൽ, സിനിമ അങ്ങനെയല്ല. അതുകൊണ്ട്, ആദ്യകാലത്ത് സിനിമയിലേക്കൊന്നും ശ്രമിച്ചില്ല. പിന്നീട് ഇബ്രാഹിംകുട്ടിക്കയാണ് എന്നെ സീരിയലിലേക്ക് എത്തിച്ചത്. അരനാഴികനേരം എന്ന സീരിയലിലെ അഭിനയം കണ്ടിട്ടാണ് സത്യൻ അന്തിക്കാട് സർ എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. സിനിമയിൽ അഭിനയിക്കാനുള്ള പേടി മാറ്റിയത് സത്യൻ സാറാണ്. അദ്ദേഹം എനിക്ക് ആത്മവിശ്വാസം നൽകി. ഭാഗ്യദേവതയിലെ തങ്കു ആശാൻ എന്ന കഥാപാത്രമാണ് ഞാൻ ചെയ്തത്. സിനിമയിൽ രണ്ടു മൂന്നു രംഗങ്ങളേ ഉള്ളൂവെങ്കിലും അതു ശ്രദ്ധിക്കപ്പെടുമെന്ന് സത്യൻ സർ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ‘ദാ ഇതു കണ്ടാ... തുഴ പിടിക്കണ തഴമ്പാണേ...’ എന്നു തുടങ്ങുന്ന ഡയലോഗും ആ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ഒരുപാടു വേഷങ്ങൾ പിന്നെയും സിനിമയിൽ ചെയ്തിട്ടുണ്ടെങ്കിലും മക്കൾക്ക് ഏറ്റവും ഇഷ്ടം ഭാഗ്യദേവതയിലെ തങ്കു ആശാനാണ്. 

അങ്ങനെയൊരാൾ ചെമ്പിലുണ്ട്

ഈ ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ട്രോളുകളിൽ നിറഞ്ഞ ഒരു കഥാപാത്രം ഞാൻ പുതിയ തീരങ്ങൾ എന്ന സിനിമയിൽ ചെയ്ത ഉണ്ണിക്കണ്ടൻ എന്ന കഥാപാത്രമാണ്. രാവിലെ കുളിച്ചു, വസ്ത്രം മാറി, പൗഡറിട്ട് കട്ടിലിൽ കയറിക്കിടക്കുന്ന കക്ഷി. ‘കനകമ്മേ... കഞ്ഞി ആവുമ്പോൾ വിളിച്ചാൽ മതി’ എന്ന ഡയലോഗ്, സിനിമ ഇറങ്ങി ഇത്രകാലം കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആ കഥാപാത്രത്തെപ്പോലെ ചെമ്പിൽ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാനറിസങ്ങൾ ഞാൻ അതുപോലെ പകർത്തുകയായിരുന്നു. വസ്ത്രം ധരിക്കുന്ന രീതി പോലും അതുപോലെ തന്നെ ചെയ്തു. അതിന്റെ വിജയം ആ കഥാപാത്രത്തിന് കിട്ടിയിട്ടുണ്ട്. പറഞ്ഞുവരുമ്പോൾ എന്റെ തൊട്ടുവീട്ടിലെ ഇക്കയാണ് മമ്മൂക്ക. പക്ഷേ, അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ നിൽക്കുമ്പോൾ എനിക്കെന്തോ വല്ലാത്ത പേടി തോന്നും. ‘നിനക്ക് എന്തിനാടാ ഇത്ര പേടി’ എന്ന് മമ്മൂക്ക തന്നെ ചോദിച്ചിട്ടുണ്ട്. ‘ഏയ്.... ഒന്നുമില്ല’ എന്നൊക്കെ പറഞ്ഞു പതുക്കെ ഞാൻ രക്ഷപ്പെടും. 

എല്ലാം തന്നത് സിനിമ

വീട്ടിൽ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ഭാര്യ ഗിരിജയാണ്. ഞാൻ നാടകത്തിനു പോകുന്നതുകൊണ്ട് മക്കളെ വളർത്തിയതും അവരുടെ കാര്യങ്ങൾ എല്ലാം ചെയ്തതും ഗിരിജയാണ്. ഞങ്ങൾക്ക് രണ്ടു ആൺമക്കളാണ്. മൂത്ത മകൻ അരുൺ ശങ്കറിന്റെ വിവാഹം ഈയടുത്താണ് കഴിഞ്ഞത്. അരുൺ ഘാനയിൽ ജോലി ചെയ്യുന്നു. അരുണിന്റെ ഭാര്യ ആതിര ഇപ്പോൾ ഞങ്ങൾക്കൊപ്പം ചെമ്പിലുണ്ട്. രണ്ടാമത്തെ മകൻ ആനന്ദ് ശങ്കർ എംബിഎ ചെയ്യുന്നു. ഞാൻ 22 വർഷം പ്രഫഷനൽ നാടകത്തിലുണ്ടായിരുന്നു. കൂടുതലും ഹ്യൂമറാണ് ചെയ്തത്. എല്ലാ തരത്തിലുമുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. വർഷങ്ങളെടുത്തെങ്കിലും സിനിമയാണ് എന്റെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ കൊണ്ടു വന്നത്. നൂറിലധികം സിനിമകൾ ചെയ്തു. കൂടുതൽ വേതനം ലഭിച്ചത് സിനിമയിൽ നിന്നാണ്. ഞാൻ ബിഗ് സീറോയിൽ നിന്നിരുന്ന ആളായിരുന്നു. ഇന്ന്, ഇത്രയെങ്കിലും എന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ അതു സിനിമ നൽകിയതാണ്.

English Summary : Actor Chembil Ashokan about his life and career

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA