‘ചായ കൊടുത്ത്’ തുടങ്ങി, പ്രത്യേക പരാമർശം നേടി ‘പ്യാരിജാതൻ’; സലിം ഹസൻ പറയുന്നു
Mail This Article
സംസ്ഥാന ടെലിവിഷൻ അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചത് അദ്ഭുതപ്പെടുത്തിയെന്ന് നടൻ സലീം ഹസൻ. അവാർഡ് പ്രതീക്ഷിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്ത ആളല്ല. യാദൃച്ഛികമായി വന്നു ചേർന്നതാണ്. അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മനോരമ ന്യൂസിലെ പുലർവേളയിൽ അതിഥിയായി എത്തിയ സലീം പറഞ്ഞു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായത്തിൽ പ്യാരിജാതൻ എന്ന കഥാപാത്രത്തെയാണു സലീം അവതരിപ്പിക്കുന്നത്. മികച്ച ഹാസ്യ പരിപാടിക്കുള്ള അവാർഡ് മറിമായത്തിനാണ്.
എന്നെപ്പോലെ ചെറിയ വേഷം ചെയ്യുന്നവരെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല. മറിമായം ഒരു ടീം വർക്കാണ്. പല സ്ഥലങ്ങളിൽനിന്നു വന്നിട്ടുള്ള, എല്ലവരേയും ഒന്നായി കാണുന്ന ഒരു കൂട്ടായ്മയുടെ വിജയമാണിത്. അതിന്റെ ഭാഗമായതിനാലാണ് ഈ ഭാഗ്യം തേടിയെത്തിയത് എന്നായിരുന്നു അവാർഡ് നേട്ടത്തെക്കുറിച്ച് സലീം പ്രതികരിച്ചത്.
ചെറുപ്പം മുതൽ കലാരംഗത്തോട് താൽപര്യമുണ്ട്. എന്നാൽ അതിനുള്ള അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തോമസ് തോപ്പിൽക്കുടി എന്ന ആർട്ടിസ്റ്റ് വഴിയാണ് മഴവിൽ മനോരമയിൽ എത്തുന്നത്. തുടർന്ന് ഡയറക്ടർ ആർ. ഉണ്ണികൃഷ്ണന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വില്ലേജ് ഓഫിസർക്ക് ചായ കൊണ്ടു വന്നു കൊടുക്കുന്ന ആളായാണു മറിമായത്തിൽ ആദ്യം അഭിനയിക്കുന്നത്. ഒരു ആർട്ടിസ്റ്റ് എത്താതിരുന്ന സാഹചര്യത്തിലായിരുന്നു സലീം ആ വേഷം ചെയ്യുന്നത്. എന്നാൽ എഡിറ്റ് ചെയ്തപ്പോൾ ആ സീന്‍ ഒഴിവാക്കിയിരുന്നു. എങ്കിലും നിയാസ് ബക്കറിന്റെ പ്രോത്സാഹനം തുടർന്നും അഭിനയിക്കാൻ ധൈര്യം പകർന്നു. അങ്ങനെ മറിമായത്തിൽ ചെറിയ വേഷങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ‘വെറുതെ അല്ല ഭാര്യ’ റിയാലിറ്റി ഷോയുടെ ഒഡീഷനിൽ പങ്കെടുക്കുന്നതും മത്സരാർഥിയാകുന്നതും. മൂന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതിനിടയിൽ മറ്റൊരാൾ മറിമായത്തിന്റെ അസിസ്റ്റന്റ് ആയി. എങ്കിലും സലീം എന്നും സെറ്റിൽ വരുമായിരുന്നു. പിന്നീട് സലീമിനെ മറിമായത്തില്‍ പ്യാരിജാതൻ എന്ന കഥാപാത്രമാക്കി അവതരിപ്പിച്ചു.
സലീം രണ്ടു തവണ പഞ്ചായത്ത് മെംബറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇക്കാലയളവിലെ അനുഭവങ്ങൾ അഭിനയജീവിതത്തിന് ഏറെ സഹായകമായി. ‘പ്യാരിജാതൻ’ നൽകിയ രസകരമായ അനുഭവങ്ങളും പുലർവേളയിൽ സലീം പങ്കുവച്ചു.
വിഡിയോ കാണാം:
English Summary : Actor Salim Hasan on his achievement in state television awards