ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രേഖ രതീഷ് തന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

∙ വീണ്ടുമൊരു അമ്മ വേഷം

ശ്രീവത്സൻ സർ സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന സീരിയലിൽ നായികയായി ആണ് കരിയറിന്റെ തുടക്കം. യദുകൃഷ്ണൻ ആയിരുന്നു നായകൻ. അതു കഴിഞ്ഞു മനസ്സ് എന്നൊരു സീരിയൽ ചെയ്തു. പിന്നെ കാവ്യാഞ്ജലി. തുടർന്ന് നിരവധി സീരിയലുകൾ. അതിനുശേഷം ജീവിത പ്രശ്നങ്ങള്‍ കാരണം എനിക്ക് കുറച്ചുനാൾ സീരിയലുകളിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നു. മകൻ ഉണ്ടായപ്പോഴും ബ്രേക്ക് വന്നു. പിന്നീട് തിരികെ വന്നത് ‘ആയിരത്തിലൊരുവൾ’ എന്ന സീരിയലിലൂടെ ആയിരുന്നു. അതിനു ശേഷം പരസ്പരം എന്ന ഹിറ്റ് സീരിയൽ. മഴവിൽ മനോരമയിൽ മഞ്ഞിൽ വിരിഞ്ഞ പൂവ്. അങ്ങനെ ഇപ്പോൾ സസ്നേഹത്തിലെ അമ്മ വേഷത്തിൽ എത്തി നിൽക്കുന്നു. കഥാപാത്രത്തിന്റെ പ്രായം എനിക്ക് പ്രശ്നമല്ല. അഭിനയസാധ്യത ഉണ്ടോ എന്നു മാത്രമാണു നോക്കാറുള്ളത്.

rekha-ratheesh-4

∙ സിംഗിൾ പേരന്റ് ആണല്ലോ,  കുട്ടിയെ തനിച്ച് വളർത്തുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ?

മകൻ അയാന് ഇപ്പോള്‍ പത്തു വയസ്സായി. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞു. അവനെ നോക്കാൻ ഒരു അമ്മ ഉണ്ടായിരുന്നു. അവൻ‌ ചെറുതായിരുന്നപ്പോൾ ഞാൻ വളരെയധികം ബുദ്ധിമുട്ടി. അവനെ വീട്ടിലാക്കി ഷൂട്ടിങ്ങിന് പോയാൽ തിരിച്ചു എത്തുന്നതു വരെ വലിയ വിഷമമാണ്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എല്ലാവർക്കും എല്ലാം അറിയുന്നതാണല്ലോ. 

rekha-ratheesh-1

∙ കലാകുടുംബം

അച്ഛനും അമ്മയും കലാരംഗത്ത് ഉള്ളവർ ആയിരുന്നു. അമ്മ രാധാദേവി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ മാഷ്, നസീർ സർ എന്നിവരുടെ അമ്മയായും മധു സാറിന്റെ സെക്കന്റ് ഹീറോയിൻ ആയും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ്ങും ചെയ്യുമായിരുന്നു. അച്ഛൻ രതീഷ് ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു.  

∙ മാതാപിതാക്കളുടെ പാത പിന്തുടർന്നാണോ കലാരംഗത്തേക്ക് എത്തിയത് ?

അങ്ങനെ അല്ല. എനിക്ക് ചെറുപ്പത്തിൽ അഭിനയമോഹം ഉണ്ടായിരുന്നില്ല. ക്യാപ്റ്റൻ രാജു അങ്കിൾ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. രാജു അങ്കിളിന്റെ പുതിയ സീരിയലിനു വേണ്ടി നായികയെ അന്വേഷിക്കുന്ന സമയം. ‘രതീഷേ മോൾ ഉണ്ടല്ലോ, നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ’ എന്ന് അദ്ദേഹം അച്ഛനോട് ചോദിച്ചു. അങ്ങനെ സ്ക്രീൻ ടെസ്റ്റ് നടത്തി. അതു ശരിയായി. അങ്ങനെയാണ് അഭിനയിക്കാൻ തുടങ്ങുന്നത്. 14ാം വയസ്സിൽ ആയിരുന്നു അത്. ഇപ്പോൾ അഭിനയം എന്റെ ജോലി ആണ്. എന്റെ ജോലി എന്റെ ദൈവമാണ്. ഒരു കുടുംബിനി ആയിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക് അതു വിധിച്ചിട്ടില്ലായിരുന്നു.

rekha-ratheesh-2

∙ കോവിഡും സീരിയലും

കോവിഡ് മറ്റ് എല്ലാ മേഖലയിലും എന്ന പോലെ സീരിയലിനെയും ബാധിച്ചിരുന്നു. നിർത്തിവച്ച ഷൂട്ട് വീണ്ടും തുടങ്ങി. എങ്കിലും ഇടയ്ക്കിടെ വരുന്ന ലോക്ഡൗൺ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. പക്ഷേ മാസ്ക് വച്ച് അഭിനയിക്കാൻ പറ്റില്ലല്ലോ. 

കോവിഡ് കാലത്ത് വല്ലാതെ ബുദ്ധിമുട്ടിയവര്‍ കുട്ടികൾ ആണ്. നമ്മൾ പുറത്തുപോകുമ്പോൾ മറ്റുള്ളവരെ കാണുന്നുണ്ട്. കുട്ടികൾ കൂട്ടിലടച്ച കിളികളെപോലെ ആയിപ്പോയി. കൂട്ടുകാരെ കാണാനോ കളിക്കാനോ ഒന്നും അവർക്ക് പറ്റുന്നില്ല. അത് അവരെ വല്ലാതെ ബാധിക്കുന്നുണ്ട്.

rekha-ratheesh-5

∙ മേക്കോവർ ചിത്രങ്ങൾ വൈറലായിരുന്നു

ഞാൻ വർക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ചിരുന്നു. അപ്പോൾ എടുത്ത ചിത്രങ്ങൾ ആണത്. പക്ഷേ ഇപ്പോൾ കുറച്ചു നാളായി വര്‍ക്കൗട്ട് മുടങ്ങിയിരിക്കുകയാണ്. ഷൂട്ടിങ് തിരക്കും കോവിഡ് വാക്‌സീൻ എടുത്തതിനുശേഷമുള്ള ക്ഷീണവുമെക്കെ കാരണമായി. വീണ്ടും വർക്കൗട്ട് തുടങ്ങണം.

∙ സീരിയലുകൾ സ്ത്രീകളെയും കുട്ടികളെയും വഴിതെറ്റിക്കുന്നു എന്ന അഭിപ്രായം അടുത്തിടെ ഉയർന്നിരുന്നു. ഇതിനെ എങ്ങനെയാണ് കാണുന്നത് ?

എല്ലാ മേഖലയിലും നന്മയും തിന്മയും ഉണ്ട്. ഏതു തിരഞ്ഞെടുക്കണം എന്നത് ആളുകളുടെ വിവേചന ബുദ്ധിക്ക് അനുസരിച്ച് വ്യത്യാസപ്പെടും. നന്മ വേണ്ടവർക്ക് അതും തിന്മ വേണ്ടവർക്ക് അതും തിരഞ്ഞെടുക്കാം. മോശമായി ഒന്നുമില്ലാത്ത ഏതു മേഖലയാണ് ഉള്ളത് ? രാഷ്ട്രീയത്തിൽ ഇല്ലേ, കായിക മേഖലയിൽ ഇല്ലേ, സിനിമയിൽ ഇല്ലേ. അപ്പോൾ പിന്നെ സീരിയലിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ?. ഒരു ചെറിയ ഉദാഹരണം പറയാം. ഈ മഹാമാരിക്കാലത്ത് ഹാൻഡ്‌ സാനിറ്റൈസർ വളരെ കൂടിയ വിലയ്ക്ക് വിറ്റ് നമ്മളെ പറ്റിക്കുന്നവർ ഉണ്ട്. ഈ ദുരിതത്തിലും ആളുകളെ ചൂഷണം ചെയ്യാൻ അവർ ശ്രമിക്കുന്നു. സീരിയൽ കണ്ടതുകൊണ്ടോ, സിനിമ കണ്ടതു കൊണ്ടോ ആരും ചീത്തയായി എന്നു പറയാനാവില്ല. മനസ്സിൽ നന്മ ഉള്ളവർ നന്മ മാത്രമേ ചെയ്യൂ. സീരിയൽ കുറച്ചുപേരുടെ ഉപജീവന മാര്‍ഗമാണ്. അതിനെ പൂർണമായും അധിക്ഷേപിക്കുന്നത് ശരിയല്ല. 

rekha-ratheesh-3

∙ പ്രേക്ഷകരോട് 

കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല. എല്ലാവരും സൂക്ഷിക്കുക. ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കുക. ഓരോരുത്തരും സ്വയം സൂക്ഷിച്ചാൽ സാമൂഹിക ആരോഗ്യവും മെച്ചപ്പെടും. ആർക്കും ഒരു അപകടവും വരാതെ ദൈവം കാത്തു രക്ഷിക്കട്ടെ. പഴയതുപോലെ ജീവിക്കാൻ സാഹചര്യം ഉണ്ടാകട്ടെ.

English Summary : Actress Rekha Ratheesh Interview 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com