ADVERTISEMENT

എല്ലാവർക്കും എപ്പോഴും സന്തോഷിക്കാനോ എപ്പോഴും സങ്കടപ്പെടാനോ പറ്റില്ല. സാഹചര്യങ്ങൾക്കനുസരിച്ച് വൈകാരികാവസ്ഥ മാറി വരും. എന്നാൽ ഇടയ്ക്കിടെ അകാരണമായി പങ്കാളിയിൽ ഇത്തരം മാറ്റം സംഭവിക്കുന്നത് കുടുംബജീവിതത്തിന്റെ താളം തെറ്റിക്കും. ഇത്തരം പങ്കാളിയുണ്ടെങ്കിൽ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.

1. കുറ്റബോധം തോന്നരുത്

പങ്കാളിയുടെ വൈകാരികമായ മാറ്റത്തിന് പല കാരണങ്ങളും കാണും. അല്ലാതെ അതിനൊക്കെ കാരണം നിങ്ങൾ മാത്രമാണെന്ന് ചിന്തിക്കരുത്. അങ്ങനെയൊരു കുറ്റബോധം തോന്നാതെ സാഹചര്യം നന്നായി മനസ്സിലാക്കി അനുനയിപ്പിക്കാൻ ശ്രമിക്കണം.

2. വ്യക്തിപരമായി എടുക്കരുത്

എല്ലാവരുടെയും ജീവിതത്തിൽ നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടാകും. മോശം മാനസികാവസ്ഥയിലിരിക്കുന്ന പങ്കാളിയുടെ പ്രതികരണങ്ങൾ ചിലപ്പോൾ നിങ്ങളെ മുറിവേൽപ്പിച്ചേക്കാം. എന്നിരുന്നാലും അത്തരം പ്രതികരണങ്ങളെ ഒരിക്കലും വ്യക്തിപരമായി എടുക്കരുത്. അങ്ങനെയൊന്നും പെരുമാറുന്നത് ആരുടെയും കുറ്റം കൊണ്ടല്ല എന്നു മനസ്സിലാക്കണം. എന്നാൽ അധികം ഇടവേളകളില്ലാതെ തുടർച്ചയായി ഈ വൈകാരികമായി മാറ്റം ഉണ്ടാകുന്നുണ്ടെങ്കിൽ ഇതേക്കുറിച്ച് പങ്കാളിയോട് തുറന്നു സംസാരിക്കുകയും വേണ്ടി വന്നാൽ കൗൺസലിങ് പോലെയുള്ള കാര്യങ്ങൾക്ക് പോകാൻ ഇരുവരും മാനസികമായി തയാറെടുക്കുകയും വേണം.

3. യഥാർഥ കാരണം മനസ്സിലാക്കാം

ഇടയ്ക്കിടെ പങ്കാളിയുടെ മനസ്സ് വല്ലാതെ പിടിവിട്ടു പോകുന്നുവെന്നു തോന്നിയാൽ അതിന്റെ കാരണത്തെക്കുറിച്ച് അവരോട് തുറന്നു സംസാരിക്കാം. എന്തു പ്രശ്നമുണ്ടായാലും ഒപ്പമുണ്ടെന്ന് ഉറപ്പു നൽകാം. അവർക്ക് പറയാനുള്ളത് മനസ്സിരുത്തി കേൾക്കാം. മുൻവിധികളില്ലാതെ പരിഹാരം നിർദേശിക്കാൻ ശ്രമിക്കാം.

4. ഒപ്പമുണ്ടെന്ന് ഉറപ്പു നൽകാം

എത്ര ചോദിച്ചിട്ടും പ്രശ്നങ്ങളെക്കുറിച്ച് പങ്കാളി തുറന്നു സംസാരിക്കാൻ മനസ്സു കാട്ടുന്നില്ലെങ്കിൽ അവരെ നിർബന്ധിക്കരുത്. കാരണം എല്ലാ ബന്ധങ്ങൾക്കും ഒരു പരിധിയുണ്ട്. അതു ലംഘിക്കാതിരിക്കുമ്പോഴാണ്  ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നത്. എന്തു പ്രശ്നം വന്നാലും ഒപ്പമുണ്ടെന്ന ഉറപ്പു നൽകി ആവശ്യമായ സ്വകാര്യത അവർക്ക് നൽകാൻ ശ്രദ്ധിക്കാം.

5. നല്ല സമയം നോക്കി സംസാരിക്കാം

പങ്കാളിയുടെ ഇടയ്ക്കിടെയുള്ള മൂഡ് സ്വിങ്സ് നിങ്ങളുടെ സ്വൈര്യം കെടുത്തുന്നുണ്ടെങ്കിൽ അതേക്കുറിച്ച് അവരോടു തുറന്നു സംസാരിക്കാം. പക്ഷേ സാഹചര്യം നോക്കി വേണമെന്നു മാത്രം. ഒരിക്കലും അവർ മോശം മൂഡിലായിരിക്കുമ്പോൾ ഇതേക്കുറിച്ച് സംസാരിക്കാൻ മുതിരരുത്. സാധാണ അവസ്ഥയിലിരിക്കുമ്പോൾ വേണം അവരുടെ മൂഡ് സ്വിങ്സ് നിങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ടെന്നു പറഞ്ഞു മനസ്സിലാക്കാൻ.

6. എന്തുവേണമെന്ന് അവർ തീരുമാനിക്കട്ടെ

പങ്കാളി വല്ലാതെ സങ്കടത്തിലാണെന്ന് തോന്നിയാൽ അവരെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാം. ദേഷ്യത്തിലാണെങ്കിൽ മനസ്സു തണുക്കാനുള്ള സമയം കൊടുക്കാം. അതൊന്നുമല്ല ഒറ്റയ്ക്കിരിക്കണമെന്നാണ് അവർക്ക് തോന്നുന്നതെങ്കിൽ അങ്ങനെ തന്നെ വിടാം. അവർക്ക് എന്താണ് അപ്പോൾ ആവശ്യം എന്നു മനസ്സിലാക്കി അതുപോലെ ചെയ്യുക. എന്തുചെയ്യണമെന്നതിനെപ്പറ്റി അവർ തീരുമാനിക്കട്ടെ.

7. എന്തു ചെയ്തിട്ടും ശരിയാകുന്നില്ലേ

എന്തൊക്കെ ചെയ്തിട്ടും പങ്കാളിയുടെ മൂഡ് സ്വിങ്സും നിങ്ങളോടുള്ള പെരുമാറ്റവും നോർമൽ ആകുന്നില്ലെങ്കിൽ യഥാർഥ പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാൻ രണ്ടുപേർക്കും സമ്മതമാണെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടാം. അതിനും തയാറല്ലെങ്കിൽ ബന്ധം തുടരണോ വേണ്ടയോ എന്ന് ഒരുമിച്ചു തീരുമാനിക്കാം.

English Summary : Depressed Spouse: How to Help Your Partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com