ADVERTISEMENT

ശക്തമായ ദാമ്പത്യത്തിന് വിജയ രഹസ്യങ്ങളില്ല. മറിച്ച് പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോയാൽ മതി. ഇത്ര സിംപിളാണോ കാര്യം എന്നു ചിന്തിക്കാൻ വരട്ടെ. കാരണം പങ്കാളിയെ മനസ്സിലാക്കി, സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ടു പോകുന്നത് ചില്ലറക്കാര്യമല്ല.‌ അതിനായി ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.

∙ നൽകൂ, നേടൂ

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സ്നേഹവും കരുതലും പങ്കാളിയിൽനിന്നു ലഭിക്കാത്ത അവസ്ഥ ആലോചിച്ചു നോക്കൂ. അതു ജീവിതത്തെ മോശമായി ബാധിക്കും. നമുക്ക് പങ്കാളിയിൽനിന്നു ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആദ്യം പങ്കാളിക്ക് നൽകണം. പങ്കാളി നമ്മെ നന്നായി മനസ്സിലാക്കണം, സ്നേഹിക്കണം എന്നൊക്കെയാണ് ആഗ്രഹക്കുന്നതെങ്കിൽ, ആദ്യം പങ്കാളിയെ മനസ്സിലാക്കുകയും സ്നേഹിക്കുകയും വേണം.

∙ സന്തോഷം

ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക. പങ്കാളി നമ്മെ എപ്പോഴും സന്തോഷിപ്പിക്കണം എന്ന ചിന്ത ഒഴിവാക്കുക. നമ്മൾ സന്തോഷത്തോടെയിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണെന്നു ചിന്തിക്കൂ.

∙ സുഹൃത്തുക്കളാകാം

ഭാര്യ അല്ലെങ്കിൽ ഭർത്താവ്, കാമുകൻ അല്ലെങ്കിൽ കാമുകി എന്നിങ്ങനെ ചുരുങ്ങുന്നത് ബന്ധത്തിന് ഗുണം ചെയ്യുന്ന കാര്യമല്ല. ഏതൊരു ബന്ധമായാലും അതിൽ സൗഹൃദം വേണം. പരസ്പരം നന്നായി അറിയാനും ജീവിതത്തെ മറ്റൊരു കോണിൽ കാണാനും ഇതു സഹായിക്കും.

∙ സമയം

ജോലിയെക്കുറിച്ചു മാത്രം ചിന്തിക്കാതെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക. ഒരുമിച്ച് ഒരു പുസ്തകം വായിക്കാം, സിനിമ കാണാം. ഈ ഒരുമ പ്രശ്നങ്ങളെ നേരിടാനും മുന്നേറാനും സഹായിക്കും.

∙ ദേഷ്യം വേണ്ട

മുൻകോപം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുടുംബത്തിന്റെ താളം തെറ്റിക്കും. ചെറിയ ഒരു അഭിപ്രായ വ്യത്യാസത്തെ പോലും വലിയ കലഹത്തിലേക്ക് നയിക്കാൻ മുൻകോപം കാരണമാകും. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുമ്പോള്‍ മനസ്സിനെ ഒന്നു തണുപ്പിക്കുക. അതിനുശേഷം പങ്കാളിയോട് തുറന്ന മനസ്സോടെ കാര്യങ്ങൾ ചർച്ച ചെയ്യാം.

∙ പരസ്പര ബഹുമാനം

സ്നേഹത്തോടൊപ്പം പരസ്പരം ബഹുമാനവും ഉണ്ടെങ്കിലേ ബന്ധം മനോഹരമാകുകയുള്ളൂ. നല്ല വാക്കുകൾ പറയാൻ മടിച്ചു നിൽക്കേണ്ടതില്ല. പങ്കാളി ചെയ്തു തരുന്ന സഹായത്തിന് നന്ദി പറയുക.  

∙ വ്യത്യസ്തത ആഘോഷമാക്കാം

പല രീതിയില്‍ എല്ലാവരും വ്യത്യസ്തരാണ്. അതുകൊണ്ടു തന്നെ വ്യത്യാസങ്ങളെ കുറവുകളായി കാണരുത്. പങ്കാളിയുടെ എല്ലാ വ്യത്യസ്തതകളും ഇരുകയ്യും നീട്ടി സ്വീകരിച്ച് ജീവിതം ആഘോഷമാക്കാം.

∙ സ്വയം വിലയിരുത്തൽ

‌പ്രശ്നങ്ങളുണ്ടാകുമ്പോൾ പങ്കാളിയെ പഴിചാരതെ സ്വയം വിലയിരുത്തൽ നടത്തുക. തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന കാര്യം സമയം എടുത്തു ചിന്തിക്കുക. പരസ്പരമുള്ള വഴക്കുകൾ ഈ സ്വയം വിലയിരുത്തലിലൂടെയും കാര്യങ്ങൾ മനസ്സിലാക്കുന്നതിലൂടെയും ഇല്ലാതാകും.

∙ പരസ്പരം പ്രചോദിപ്പിക്കാം

നമുക്ക് മറ്റൊരാളെ മാറ്റാൻ കഴിയില്ല പക്ഷേ പ്രചോദിപ്പിക്കാനാവും. പങ്കാളിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ സ്വയം വരുത്തുക. ഇതിലൂടെ പങ്കാളിയെ മാറാൻ പ്രചോദിപ്പിക്കാം. ഇതിലൂടെ വലിയ മാറ്റങ്ങൾക്ക് തുടക്കമിടാം.

∙ മനസ്സ് തുറക്കാം

ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ലാണ് വിശ്വാസം. പരസ്പരം മനസ്സ് തുറന്ന് സംസാരിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. മനസ്സിലൂടെ കടന്നു പോകുന്ന കാര്യങ്ങളെല്ലാം പങ്കാളിയുമായി പങ്കുവയ്ക്കുക. പങ്കാളിയുടെ വിശ്വാസത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികൾ ഒഴിവാക്കുക.

English Summary : 10 Simple Ways to Keep Your Relationship Strong and Healthy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com