50 കോടി രൂപ ജീവനാംശം; രഹസ്യ ബന്ധം മുതൽ ജോലിത്തിരക്കു വരെ: വേർപിരിയലുകള്‍ ‘ആഘോഷമാകുമ്പോൾ’

HIGHLIGHTS
  • എന്തേ അവർ പിരിഞ്ഞുവെന്ന ചോദ്യം ചർച്ചയാകും
  • പല സാധ്യതകൾ ചൂടേറിയ ചർച്ചകളായി ഉയരും
how-media-reacts-to-the-break-up-news-of-celebrities
സമാന്തയും നാഗ ചൈതന്യയും∙ Image Credits : Instagram
SHARE

ഒരാത്മാവും രണ്ടു ശരീരവും! വിവാഹം, അല്ലെങ്കിൽ ‘ലിവിങ് ടുഗെദർ’ തുടക്കനാളുകളിൽ പങ്കാളികൾക്കു നൽകുന്ന തേഞ്ഞു തുടങ്ങിയ വിശേഷണം! ഒരുമിച്ചുള്ള പാർട്ടികൾ, ആഘോഷ നാളുകൾ, യാത്രകളുടെ ഏഴാം സ്വർഗ്ഗ വിശേഷങ്ങൾ തുടങ്ങി കൊച്ചു കൊച്ചു സ്വകാര്യ സന്തോഷങ്ങൾ പോലും അവർ സോഷ്യൽ മീഡിയയുടെ അതിവിശാല ക്യാൻവാസിൽ പോസ്റ്റ് ചെയ്യും. ലൈക്കുകൾ പറന്നു പറന്നു വരും! 

കാലം പോകവേ, ചിലപ്പോൾ ബന്ധത്തിൽ വിള്ളലുകൾ പൊട്ടി വിടരും. സ്നേഹ വരൾച്ചയുടെ, വ്യഥയുടെ വേർപിരിയൽ കാലം. ചിലപ്പോൾ, സമൂഹ മാധ്യമത്തിൽ നീണ്ടൊരു കുറിപ്പിലൂടെ എല്ലാം അവസാനിപ്പിക്കും, ചിലർ. മറ്റു ചിലരാകട്ടെ, കമന്റുകളില്ലാതെ, പോസ്റ്റുകളില്ലാതെ, വേദനകൾ ലോകത്തോടു പങ്കുവയ്ക്കാതെ പിരിയും. ഇനിയും, ചിലർ വേർപിരിയലിനു ശേഷവും സുഹൃത്തുക്കളായി തുടരും. അപ്പോഴേക്കും, സങ്കടത്തുരുത്തിൽ ഒറ്റപ്പെട്ടു പോകുന്ന കുഞ്ഞു മക്കൾ അടുപ്പമുള്ളവരുടെ നൊമ്പരമായി മാറും. അച്ഛൻ ഒരിടത്തും അമ്മ മറ്റൊരിടത്തുമായിപ്പോകുന്ന ജീവിതപ്പിളർപ്പിനു മധ്യേ കണ്ണു നിറഞ്ഞു കുഞ്ഞുങ്ങൾ. ഏതു ദാമ്പത്യത്തിലും ലിവിങ് ടുഗതറിലും സംഭവിക്കാവുന്ന വേർപിരിയൽ പക്ഷേ, സെലിബ്രിറ്റികളുടേതാണെങ്കിലോ? ലോകമെങ്ങുമുള്ള ആരാധകരുടെ കൂടി വിശേഷമായി, കൗതുകമായി, സങ്കടമായി ഒക്കെ മാറും. 

∙ പിരിയുമോ, നാഗചൈതന്യയും സമാന്തയും 

തെന്നിന്ത്യൻ ചലച്ചിത്ര പ്രേമികൾ തൊല്ലെരമ്പരപ്പിലാണ്; യുവ താരദമ്പതികളായ നാഗചൈതന്യയും സമാന്തയും വേർപിരിയുന്നുവെന്ന വാർത്തകളിൽ. അയ്യോ, പിരിയല്ലേ... എന്ന മുറവിളികൾ കടുത്ത ആരാധകർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോഴും അഭ്യൂഹങ്ങൾ ശരി വയ്ക്കാനോ നിഷേധിക്കാനോ ഇരുവരും തയാറായിട്ടുമില്ല. നാഗചൈതന്യയുടെയും സമാന്തയുടെയും ജീവിതത്തിൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷ മൂത്ത് ആഴ്ചകളായി വാർത്തകളിൽ കണ്ണുനട്ടിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകരുണ്ട്, ഇരുവർക്കും. അതുകൊണ്ടാണു നിത്യവും പുതിയ പുതിയ വിശേഷങ്ങൾ പ്രചരിക്കുന്നത്. പലതിലും കഴമ്പും കഥയുമില്ലെങ്കിലും ആരാധകർ വായിച്ചു രസിക്കും. നാഗചൈതന്യയുടെ കുടുംബം ഹൈദരാബാദിലെ വസതിയിൽ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനു നൽകിയ വിരുന്നിൽ സമാന്ത പങ്കെടുത്തില്ലെന്നതാണു പുതിയ വിശേഷം! 

തെലുങ്കു സിനിമയിലെ ഏറ്റവും പ്രശസ്തമായ കുടുംബങ്ങളിലൊന്നാണ് അക്കിനേനി വംശാവലി. അക്കിനേനി നാഗേശ്വര റാവു, നാഗാർജുന, അമല, നാഗചൈതന്യ, റാണ ദഗുബാട്ടി തുടങ്ങിയ പ്രശസ്തരുടെ കുടുംബം. സ്വാഭാവികമായും, അവിടെ സംഭവിക്കുന്നതു തെലുങ്കു സിനിമയെ ഇഷ്ടപ്പെടുന്നവർക്കെല്ലാം പ്രധാനം. സമാന്തയാകട്ടെ, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം താരം. വേർപിരിയലിന്റെ കാരണങ്ങളെക്കുറിച്ചും ചർച്ചകൾ ചൂടോടെ പുരോഗമിക്കുന്നുണ്ട്. വിവാഹ ശേഷവും സിനിമയിലെ ചൂടൻ വേഷങ്ങളിലും മോഡലിങ്ങിലുമൊക്കെ സമാന്ത തുടരുന്നത് അക്കിനേനി കുടുംബത്തെ വിഷമിപ്പിക്കുന്നുവത്രെ. കുടുംബ ജീവിതത്തിനു പ്രാമുഖ്യം നൽകണമെന്ന നിർദേശം സമാന്ത അനുസരിക്കാത്തതാണു വേർപിരിയൽ എന്ന കടുത്ത സാധ്യതയിലേക്കു നയിക്കുന്നതെന്നാണു ‘കണ്ടെത്തൽ.’ 50 കോടി രൂപ ജീവനാംശത്തുക കിട്ടുമെന്നു വരെ പ്രചാരണം പൊടിപൊടിക്കുന്നു. 

∙ രഹസ്യ ബന്ധം മുതൽ ജോലിത്തിരക്കു വരെ

വേർപിരിയലുകൾ വേദനയാണെങ്കിലും പ്രശസ്തരുടേതാകുമ്പോൾ അതൊരു ഹോട്ട് ന്യൂസ് ഐറ്റം കൂടിയാണു സമൂഹത്തിന്. എന്തേ അവർ പിരിഞ്ഞുവെന്ന ചോദ്യം ചർച്ചയാകും. ഗ്ലാമർ താരങ്ങളുടെ വേർപിരിയലാണെങ്കിൽ ‘രഹസ്യ ബന്ധങ്ങൾ’ മുതൽ ഈഗോ വരെ പല സാധ്യതകൾ ചൂടേറിയ ചർച്ചകളായി ഉയരും. അന്യന്റെ സ്വകാര്യതയിലേക്കു വലിഞ്ഞു കയറി നോക്കരുതെന്ന പൊതുമര്യാദകൾ പോലും പലപ്പോഴും ലംഘിക്കപ്പെടും! ഹോളിവുഡ് മുതൽ ബോളിവുഡും കോളിവുഡും ടോളിവുഡും മോളിവുഡും വരെയുള്ള സിനിമാ ലോകത്തെ വേർപിരിയലുകളാണു വൻ വാർത്ത. ബിസിനസ്, സ്പോർട്സ് രംഗവും മോശമല്ല. താരങ്ങളുടെ തിളക്കവും വേർപിരിയൽ വാർത്തയിലെ ‘ചൂടൻ വിശേഷങ്ങളുടെ’ ആധിക്യവും അനുസരിച്ചു കൗതുകം കൂടും. 

jeff-bezoz
ജെഫ് ബെസോസ് ∙ Image Credits: lev radin/ Shutterstock.com

∙ ജീവനാംശത്തുക 2.81 ലക്ഷം കോടി രൂപ

ലോകത്തെ ടോപ് 5 അതിസമ്പന്നരിൽ 3 പേരും പങ്കാളികളിൽ നിന്നു വേർപിരിഞ്ഞുവെന്നതു മറ്റൊരു കൗതുകം. പണക്കരുത്തിലെ ഒന്നാമൻ ആമസോൺ ഉടമ ജെഫ് ബെസോസും നാലാമൻ ബിൽ ഗേറ്റ്സും പങ്കാളികളുമായി പിരിഞ്ഞിട്ടു കാലമേറെ ആയിട്ടില്ല. സമ്പത്തിൽ രണ്ടാമനായ ഇലോൺ മസ്കാണു പട്ടികയിലെ ഒടുവിലെ പേര്. 

26 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2019 ലാണു ബെസോസ്, സ്കോട്ട് മക്കെൻസിയുമായി പിരിഞ്ഞത്. കാരണം തിരഞ്ഞ പാപ്പരാസികൾ കണ്ടെത്തിയതു ബെസോസും മറ്റൊരു സ്ത്രീയുമായുള്ള വിവാഹേതര ബന്ധം! നടപടിക്രമങ്ങൾ പൂർത്തിയാക്കി പിരിയുമ്പോൾ ഇരുവരും പ്രഖ്യാപിച്ചു: നല്ല സുഹൃത്തുക്കളായി തുടരും! മറ്റൊന്നു കൂടി സംഭവിച്ചു. മക്കെൻസിക്കു ബെസോസ് നൽകിയ ജീവനാംശത്തുക ലോക റെക്കോഡായിരുന്നു; 38 ബില്യൻ ഡോളർ അഥവാ 2.81 ലക്ഷം കോടി രൂപ! ശതകോടീശ്വര പട്ടികയിൽ 22 –ാം സ്ഥാനത്തുള്ള മക്കൻസി ഏതാനും മാസം മുൻപു പുതിയ പങ്കാളിയെ കണ്ടെത്തി. സയൻസ് അധ്യാപകനായ ഡാൻ ജ്യുവെറ്റ്. 

bill-gates
ബിൽ ഗേറ്റ്സ്∙ Image Credits: Paolo Bona/ Shutterstock.com

ആഘോഷിക്കപ്പെട്ട ജീവിതമായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെയും മെലിൻഡ ഗേറ്റ്സിന്റെയും. അതിസമ്പന്നർ എന്നതിനപ്പുറം, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽക്കൂടിയാണ് അവർ അറിയപ്പെട്ടത്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ലോകമൊട്ടുക്കും സേവന രംഗത്തുണ്ട്; വേർപിരിയലിനു ശേഷവും. 27 വർഷത്തെ ദാമ്പത്യം മുറിക്കാൻ മെലിൻഡയെ പ്രേരിപ്പിച്ചതെന്താണ്? പ്രതിഭാശാലിയായ സംരംഭകനെന്ന നിലയിൽ ലോകം ആരാധിക്കുന്ന ബിൽ ഗേറ്റ്സിന്റെ രഹസ്യ സൗഹൃദങ്ങളാണു കാരണമെന്നാണ് അഭ്യൂഹങ്ങൾ. ഈ വർഷം ഓഗസ്റ്റിലായിരുന്നു ഔദ്യോഗിക വേർപിരിയൽ. 

Elon-musk
ഇലോൺ മസ്ക് ∙ Image Credits: Naresh777

∙ വേറിട്ട ‘സ്പേസ്’ തേടി 

അവസാനിക്കാത്ത വേർപിരിയൽ വാർത്തകളുടെ ഒടുവിലെ കണ്ണികൾ ചെന്നെത്തുന്നതു സാക്ഷാൽ ഇലോൺ മസ്കിലാണ്; സ്പേസ് എക്സ് സ്ഥാപകനും ടെസ്‌ല സിഇഒയുമായ അദ്ദേഹമാണു ലോകത്തെ അതിസമ്പന്നരിൽ രണ്ടാമൻ. മസ്കും കനേഡിയൻ ഗായിക ഗ്രിംസും 3 വർഷത്തെ സഹജീവിതത്തിനുശേഷം പിരിയുകയാണെന്നതാണു ചൂടൻ വാർത്ത. ടെസ്‌ല വാഹനങ്ങളിലൂടെ ഭൂമിയിലെ നിരത്തുകളും സ്പേസ് എക്സ് യാനങ്ങളിലൂടെ ബഹിരാകാശവും വെട്ടിപ്പിടിക്കാൻ വെമ്പുന്ന മസ്ക് കുടുംബ ജീവിതം പിരിയുന്നതിനു കാരണമായി വെളിപ്പെടുത്തുന്നതും അതു തന്നെ; തൊഴിൽപരമായ കടുത്ത തിരക്കുകൾ. യുഎസിലെ ടെക്സസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മസ്കിന് അസംഖ്യം വിദേശ യാത്രകളുണ്ടാകും. ഗ്രിംസ് ജോലി ചെയ്യുന്നതു ലൊസാഞ്ചലസിലും. ഇതിനിടെ, കുടുംബ ജീവിതം താളം തെറ്റിയതു കൊണ്ടാണു വേർപിരിയലെന്ന് അദ്ദേഹം പറയുന്നു. തുടർന്നും സ്നേഹപൂർവം സുഹൃത്തുക്കളായി തുടരുമെന്നും ഒരു വയസുള്ള മകനെ ഒരുമിച്ചു വളർത്തുമെന്നുമാണ് അറിയിപ്പ്. 

brad-joli
ആഞ്ചലീന ജോ‌ളി– ബ്രാഡ് പിറ്റ് ∙ Image Credits: Everett Collection

∙ ഇന്ത്യൻ സ്ക്രീനിലും 

ഹോളിവുഡിലെ ബ്രാഡ് പിറ്റ് – ആഞ്ചലീന ജോളി വേർപിരിയൽ ആഗോള വാർത്തയായിരുന്നു. ഹോളിവുഡിലെപ്പോലെ നിത്യ സംഭവമല്ലെങ്കിലും ഇന്ത്യൻ സിനിമയിലും വൻ താരങ്ങളുടെ ദാമ്പത്യ വേർപിരിയലുകൾ പുതിയ കഥയല്ല. ആമിർ ഖാൻ ഒന്നല്ല, രണ്ടു വട്ടം വിവാഹ മോചിതനായി. ആദ്യം റീന ദത്ത, പിന്നീടു കിരൺ റാവു. കമൽഹാസൻ മൂന്നുവട്ടം വേർപിരിയലുകളെ നേരിട്ടു. വാണി ഗണപതി, സരിക, ഗൗതമി എന്നിവരായിരുന്നു പങ്കാളികൾ. സെയ്ഫ് അലി ഖാൻ അമൃത സിങ്ങുമായി വേർപിരിഞ്ഞ ശേഷമാണു കരീന കപൂറിനെ വിവാഹം ചെയ്തത്. ധർമേന്ദ്രയും സഞ്ജയ് ദത്തും ഹൃതിക് റോഷനും ജോൺ ഏബ്രഹാമും മിലിന്ദ് സോമനുമൊക്കെ ഉദാഹരണങ്ങൾ. അർബാസ് ഖാൻ – മലൈക അറോറ വേർപിരിയലും വാർത്തകളിൽ ചൂടോടെ നിറഞ്ഞിരുന്നു. തന്നേക്കാൾ പ്രായം കുറഞ്ഞ അർജുൻ കപൂറുമായുള്ള മലൈകയുടെ പുതിയ ബന്ധവും സോഷ്യൽ മീഡിയയിൽ തണുക്കാത്ത വാർത്ത. മലയാള സിനിമ ഒടുവിൽ കേട്ടതു മുകേഷ് – േമതിൽ ദേവിക വേർപിരിയൽ വാർത്ത. സരിതയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം ദേവികയെ വിവാഹം കഴിച്ചത്. ശ്രീനാഥ് – ശാന്തികൃഷ്ണ വേർപിരിയൽ ഏറെ വർഷങ്ങൾക്കു മുൻപ് അവരുടെ ആരാധകരെ വേദനിപ്പിച്ച വാർത്തയായിരുന്നു. കായിക രംഗത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും വിനോദ് കാംബ്ലിയും ലിയാൻഡർ പേസ്, ശിഖർ ധവാൻ... നീളുകയാണു പങ്കാളികളുമായി വേർപിരിഞ്ഞ സൂപ്പർ താരങ്ങളുടെ പട്ടിക.

English Summary : Celebrity break up's which create a buzz in Media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA