ADVERTISEMENT

ദാമ്പത്യത്തില്‍ പ്രവചനത്തിനു സ്ഥാനമില്ല. ബന്ധം സന്തുഷ്ടമാകുമോ, നീണ്ടു നിൽക്കുമോ എന്ന് ആർക്കും പറയാനാവില്ല. എന്നും ഒന്നിച്ചുണ്ടാകുമെന്നും എപ്പോഴും സന്തോഷം മാത്രമായിരിക്കുമെന്നുമുള്ള പ്രതീക്ഷയോടു കൂടിയാണ് എല്ലാവരും പങ്കാളിയെ തിരഞ്ഞെടുക്കുക. പക്ഷേ പല ഘട്ടങ്ങളില്‍ പലതരം പ്രശ്നങ്ങൾ നേരിടേണ്ടി വരും. ബന്ധം വേദന മാത്രം സമ്മാനിക്കാം. വേർപിരിയേണ്ടി വരാം. ഇങ്ങനെയൊക്കെ ആണെങ്കിലും‍ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും ഒഴിവാക്കാനാകും. അത്തരം ചില കാര്യങ്ങൾ ഇതാ.

∙ വൈകാരിക ആരോഗ്യം 

വൈകാരികമായ സ്ഥിരതയുള്ള ഒരാൾക്ക് മാത്രമാണ് ബന്ധങ്ങളെ ആരോഗ്യകരമായി നിലനിർത്താനാവുക. ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായത്തോടെ വ്യക്തികളെ വിലയിരുത്തണം എന്നതല്ല ഇതിനർത്ഥം. ഒരാൾ തന്റെ ജീവിതത്തിലും പൊതുവായ സാഹചര്യങ്ങളിലും തൃപ്തനാണെങ്കിൽ അയാളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതാണ് എന്നു കരുതാം. ജീവിതത്തിൽ സ്ഥിരത ഉള്ളവരും അച്ചടക്കമുള്ളവരുമായ ആളുകൾക്ക് ദാമ്പത്യത്തിൽ പങ്കാളിയെ സന്തോഷിപ്പിക്കാനാവും. വൈകാരികമായ ഭാരങ്ങൾ പേറുന്നവർ ആ പ്രശ്നങ്ങൾ മുൻനിർത്തി പങ്കാളിയോട് മോശമായി പെരുമാറുന്നത് പതിവാണ്.

∙ ശാരീരിക ആരോഗ്യം 

പതിവായി വ്യായാമം ചെയ്യുകയും അസുഖങ്ങൾക്ക് കാരണമാകുന്ന ദുശീലങ്ങളിൽനിന്നു വിട്ടു നിൽക്കുകയും ചെയ്യുന്നവർ തന്റെ ശരീരത്തെ ബഹുമാനിക്കുന്നു എന്നു മനസ്സിലാക്കാം. ഇത്തരക്കാരിൽ പല ജീവിതശൈലി അസുഖങ്ങൾക്കുമുള്ള സാധ്യത കുറവായിരിക്കും. അതുകൊണ്ടുതന്നെ ദീർഘകാലം നിലനിൽക്കുന്ന, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

∙ സാമ്പത്തികം 

ഒരു വ്യക്തിയുടെ സാമ്പത്തികശേഷി മാത്രം നോക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. എന്നാൽ സാമ്പത്തിക അച്ചടക്കം തീർച്ചയായും പരിഗണിക്കേണ്ട വിഷയമാണ്. കാരണം എത്ര ഉയർന്ന വരുമാനം ഉണ്ടെങ്കിലും തോന്നിയതു പോലെ പണം ചെലവിടുന്നവർ ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് കൂപ്പുകുത്താൻ ഇടയുണ്ട്. അതുകൊണ്ടു തന്നെ കൃത്യമായ സമ്പാദ്യ–നിക്ഷേപ ശീലമുള്ള, ചെലവിനെക്കുറിച്ച് കരുതൽ ഉള്ളവരെ പങ്കാളികളാക്കാൻ ശ്രമിക്കാം.

∙ കാഴ്ചപ്പാട് 

ജീവിതത്തെക്കുറിച്ചു കൃത്യമായ കാഴ്ചപ്പാട് ഉള്ളവരും നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കൈപിടിച്ചുനടത്താൻ കെൽപ്പുള്ളവരും ആയിരിക്കണം പങ്കാളി. ജീവിതത്തിൽ എല്ലാത്തിനെയും പോസിറ്റീവ് ആയി കാണുന്നവരോടൊപ്പം സമ്മർദ്ദമില്ലാതെ ജീവിക്കാനാവും.

∙ മനുഷ്യത്വം

ചുറ്റുമുള്ളവരെ ശ്രദ്ധിക്കുന്ന, അവരോട് സ്നേഹവും ദയയും കാണിക്കാൻ സാധിക്കുന്ന വ്യക്തിയാണോ എന്നു നോക്കാം. ചെറിയ കടകളിൽ പോയി വില പേശാതിരിക്കുക, റസ്റ്ററന്റുകളിൽ ടിപ്പ് കൊടുക്കുക എന്നിവ ഇത്തരം വ്യക്തികളുടെ ചില പൊതുവായ ശീലങ്ങളാണ്. ബുദ്ധിമുട്ട് അനുഭവിക്കുന്നവരോട് സഹതപിക്കുന്ന, അവരെ സഹായിക്കുന്ന വ്യക്തിയാണ് പങ്കാളിയാകാൻ നല്ലത്.

English Summary : Qualities of a good life partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com