ADVERTISEMENT

‘സീരിയലുകൾ ക്രിയേറ്റിവിറ്റിയുടെ ഉയർന്ന തലമാണെന്ന അവകാശവാദമൊന്നുമില്ല. വയോധികരുടെയും മറ്റും വൈകുന്നേര വിനോദമായി മാത്രം അതിനെ കണ്ടാൽമതി. അതൊരു ബിസിനസാണ്, പരീക്ഷണം നടത്തിയാൽ വിജയിക്കണമെന്നില്ല. റേറ്റിങ്ങോ ബിസിനസോ നിർബന്ധമാക്കാതെ ഫണ്ടു കിട്ടിയാൽ കലാമൂല്യമുള്ള സീരിയലുകൾ നിർമിക്കാം.’ പറയുന്നത് കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്കു മുന്നിലുള്ള ഡോ. ഷാജുവാണ്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ തുടങ്ങി ഇന്നും മിനിസ്ക്രീനിൽ ജനപ്രിയനായി തുടരുന്ന താരം. മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ള മഹാനടന്മാരുടെ അഭിനന്ദനങ്ങളുണ്ട് ഷാജുവിന്റെ അഭിനയമികവിനു സാക്ഷ്യമായി. സിനിമയിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്ത ഷാജു ഇപ്പോൾ നിർമാതാവുമാണ്. വലിയ ആൾക്കാർക്കൊപ്പം സ്ക്രീൻ സ്പേസ് ലഭിച്ചതാണ് അഭിനയജീവിതത്തിലെ ഭാഗ്യമെന്നു പറയും അദ്ദേഹം. ഡോ. ഷാജു സംസാരിക്കുകയാണ്; തന്റെ അഭിനയ ജീവിതത്തെപ്പറ്റി, ആത്മബന്ധങ്ങളെപ്പറ്റി, സീരിയലുകൾ വിമർശിക്കപ്പെടുന്നതിനെപ്പറ്റി, സിനിമാ അനുഭവങ്ങളെപ്പറ്റി... 

∙ അഭിനയം തുടങ്ങിയിട്ട് കാൽനൂറ്റാണ്ടാവുന്നു. ടെലിവിഷനിലെ പേരെടുത്ത താരം, സിനിമയിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ. എങ്ങനെയായിരുന്നു അഭിനേതാവിലേക്കുള്ള യാത്ര?

ചെറുപ്പം മുതൽ അഭിനയം എനിക്കിഷ്ടമായിരുന്നു. അരുവിക്കര ഗവൺമെന്റ് സ്കൂളിൽ പഠിക്കുമ്പോൾ നാടകവും മോണോആക്ടും മിമിക്രിയും എഴുത്തും വരയുമൊക്കെ ഉണ്ടായിരുന്നു. അതിനു മുൻപ് അഴിക്കോട് യുപി സ്കൂളിൽ‌ വച്ച്‌ സബ്ജില്ലാ കലോൽസവത്തിനു മിമിക്രിക്കും മോണോആക്ടിനും സമ്മാനം കിട്ടിയിട്ടുണ്ട്. പ്രീഡിഗ്രിയും ബിഎസ്‌സിയും തിരുവനന്തപുരം എംജി കോളജിലായിരുന്നു. അവിടെ നാടകങ്ങളിൽ സജീവമായിരുന്നു. ഡിഗ്രി കഴിഞ്ഞ സമയത്താണ് ആദ്യമായി ടെലിവിഷൻ സീരിയലിൽ അഭിനയിക്കുന്നത്– ടി.എസ്. സജി സംവിധാനം ചെയ്ത ‘ഇണക്കം പിണക്കം’. പിന്നീട് കാര്യവട്ടത്ത് ഒരു വർഷം ഇംഗ്ലിഷ് ലിറ്ററേച്ചർ പഠിച്ചു. അതുകഴിഞ്ഞ് സേലത്ത് ബിഡിഎസ്. ആ കോളജിൽ അഞ്ചുവർഷവും ഞാനായിരുന്നു ബെസ്റ്റ് ആക്ടർ. നമ്മൾതന്നെ സ്കിറ്റെഴുതി സംവിധാനം ചെയ്ത് അഭിനയിക്കുകയായിരുന്നു. പഠനം കഴിഞ്ഞ് നാട്ടിൽ‍ തിരിച്ചെത്തി പ്രാക്ടീസ് തുടങ്ങിയ ശേഷമാണ് ടെലിവിഷനിലേക്കു മടങ്ങിവരുന്നത്. 

1992 ലായിരുന്നു ‘ഇണക്കം പിണക്കം’ ചെയ്തത്. പി. പത്മരാജൻ സാറിന്റെ ബന്ധുവായ മള്ളൂർ മദനഗോപാൽ ആണ് ടി.എസ്. സജിയോട് എനിക്കു വേണ്ടി ശുപാർശ ചെയ്തത്. ബഷീർ എന്നയാളായിരുന്നു അതിലെ ക്യാമറാമാൻ. ഞാൻ ബിഡിഎസ് കഴിഞ്ഞ് തിരിച്ചുവന്നശേഷം അദ്ദേഹത്തെ വീണ്ടും കാണാനിടയായി. അദ്ദേഹം നിർമിക്കുന്ന മോഹനം, അമാവാസി എന്നീ സീരിയലുകളിലേക്ക് എന്നെ വിളിച്ചു. അക്കാലത്താണ് വയലാർ മാധവൻ കുട്ടി സാറിന്റെ ദേവത എന്ന സീരിയലിൽ അവസരം കിട്ടിയത്. അതിൽ ആദ്യദിവസം അഭിനയിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ ജ്വാലയായ് എന്ന സീരിയലിലേക്കു കാസ്റ്റ് ചെയ്യുകയായിരുന്നു. മമ്മൂക്ക ആദ്യമായി നിർമിച്ച സീരിയലാണ് ജ്വാലയായ്. ആദ്യം അതൊരു ചെറിയ വേഷമായിരുന്നു. പിന്നീടത് ഒരു പ്രധാന കഥാപാത്രമായി മാറി. 

∙ ജ്വാലയായ് കരിയറിലെ വഴിത്തിരിവായിരുന്നല്ലോ?

നെടുമുടി വേണു, എം.ആർ. ഗോപകുമാർ തുടങ്ങിയവർക്കൊപ്പം ഞാൻ ആദ്യമായി അഭിനയിച്ചത് ജ്വാലയായിലാണ്. എന്റെ ആദ്യ ഷോട്ട് ഗോപൻ ചേട്ടനൊപ്പമായിരുന്നു. അവർക്കൊക്കെ ഒപ്പമുള്ള അഭിനയം എനിക്കൊരു ക്ലാസായിരുന്നു. എന്റെ പാളിച്ചകളൊക്കെ വേണുച്ചേട്ടനും മറ്റും തിരുത്തിത്തന്നു. ടെലികാസ്റ്റ് ചെയ്തുതുടങ്ങിയപ്പോൾ‌ മമ്മൂക്കയും വേണുച്ചേട്ടനുമൊക്കെ എന്റെ അഭിനയം നന്നായെന്നു പറഞ്ഞെന്ന് മാധവൻകുട്ടി സാർ പറഞ്ഞിരുന്നു. ധാരാളം പേർ എന്നെ വിളിച്ചും അഭിനന്ദിച്ചിരുന്നു. ഒരു ദിവസം മാധവൻ കുട്ടി സാർ എന്നോട് വേണുച്ചേട്ടനെ ഒന്നു വിളിക്കണമെന്നു പറഞ്ഞു.

dr-shaju-thilakan
തിലകനൊപ്പം ഷാജു

വേണുച്ചേട്ടൻ അന്ന് ഷൂട്ടിങ്ങിനായി കോഴിക്കോട്ടാണ്. ഞാൻ വിളിച്ചു. അദ്ദേഹമെന്നെ അഭിനന്ദിച്ചു. ആദ്യകാലത്ത് രചനയിലും മറ്റും അദ്ദേഹം ചെയ്ത മട്ടിലുള്ള കഥാപാത്രമാണ് എന്റേതെന്നും അതു ചെയ്യുക അത്രയെളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകിൽ അമിതാഭിനയമാകും, അല്ലെങ്കിൽ ചെയ്തു ഫലിപ്പിക്കാൻ പറ്റാതെ വരും. അതിനിടയിൽ നൂൽപാലത്തിലൂടെയെന്നപോലെ വേണം അഭിനയം. ഞാനതു നന്നായി ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ജ്വാലയായ് എനിക്കൊരു ബ്രേക്കായിരുന്നു.

പിന്നെ അങ്ങാടിപ്പാട്ട്, അലകൾ, സ്ത്രീജന്മം, സ്പർശം, പകൽവീട് തുടങ്ങിയ സീരിയലുകൾ പല ചാനലുകളിൽ വന്നു. അതിലെല്ലാം നായക കഥാപാത്രങ്ങളായിരുന്നു. ഉമ്മുക്ക (കെ.പി. ഉമ്മർ), മധുസാർ, തിലകൻ ചേട്ടൻ, മാമുക്ക (മാമുക്കോയ), സുകുമാരിയമ്മ, കെ.പി.എസി. ലളിതചേച്ചി, കവിയൂർ പൊന്നമ്മച്ചേച്ചി, അശോകൻ ചേട്ടൻ, രിസബാവക്ക, ശിവജിച്ചേട്ടൻ എഴുത്തുകാരായ എം. മുകുന്ദേട്ടൻ, ബാലേട്ടൻ (ബാലചന്ദ്രൻ ചുള്ളിക്കാട്) തുടങ്ങിയവർക്കൊപ്പമൊക്കെ അഭിനയിക്കാനായി. തമ്പിസാറിന്റെ ഒരു സീരീയലിൽ എന്റെ അമ്മയായി കെ.പി.എ.സി. ലളിതച്ചേച്ചി, അച്ഛനായി ശിവജിച്ചേട്ടൻ, അമ്മൂമ്മയായി കവിയൂർ പൊന്നമ്മച്ചേച്ചി, മുത്തശ്ശിയായി സുകുമാരിയമ്മ എന്നിവരുണ്ടായിരുന്നു. ഒരു സീരിയലിൽത്തന്നെ ഇത്രയും പ്രഗത്ഭരായ ആളുകൾക്കൊപ്പമൊക്കെ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 

∙ തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ടല്ലോ. എന്താണ് മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളോട് മറ്റ് ഇൻഡസ്ട്രികളുടെ മനോഭാവം?

മലയാളത്തിൽനിന്നുള്ള നല്ല അഭിനേതാക്കളെ തമിഴിൽ സ്വീകരിക്കുന്നുണ്ട്. അതിന്റെ ബഹുമാനവും നമുക്കു കിട്ടുന്നുണ്ട്. തമിഴിൽ ദേവയാനിക്കൊപ്പം മുത്താരം എന്ന സീരിയൽ നാലുവർഷം ചെയ്തിരുന്നു. നായക വേഷമായിരുന്നു. കസ്തൂരിക്കൊപ്പം ഇഷ്ടദാനം എന്ന സീരിയൽ ചെയ്തു. മുഹൂർത്തം, രാധിക ശരത് കുമാർ നിർമിച്ച ചന്ദ്രകുമാരി എന്നീ സീരിയലുകളും ചെയ്തിട്ടുണ്ട്. ചന്ദ്രകുമാരിയാണ് തമിഴിൽ അവസാനം ചെയ്തത്. അതിന്റെ കന്നഡ റീമേക്കിലും അഭിനയിച്ചു. അവിടെയൊക്കെ പ്രതിഫലവും പരിഗണനയും കൂടുതൽ കിട്ടും. നമ്മളവിടെ ഹീറോ ആയിട്ടഭിനയിക്കുമ്പോൾ ഹീറോ സാർ എന്നാണ് അവർ വിളിക്കുക. ഇവിടെ സൗഹൃദ അന്തരീക്ഷമാണ് ലൊക്കേഷനിൽ. അവിടെ കുറച്ചുകൂടി പ്രഫഷനലാണ്. അവിടെ ജനങ്ങളിൽനിന്നു കിട്ടുന്ന ബഹുമാനവും ആരാധനയും ഇവിടുത്തേതിനെക്കാൾ കൂടുതലാണ്. 

∙ തിലകൻ, നെടുമുടി വേണു, മധു, മമ്മൂട്ടി, സുകുമാരി, കെപിഎസി ലളിത, എം.ആർ. ഗോപകുമാർ തുടങ്ങി മലയാളത്തിലെ മികച്ച അഭിനേതാക്കൾക്കൊപ്പം പരമ്പരകളിലും സിനിമകളിലും അഭിനിയച്ചിട്ടുണ്ടല്ലോ. അത് താങ്കളിലെ അഭിനേതാവിനെ എങ്ങനെയാണു സ്വാധീനിച്ചത്?   

അവർക്കൊപ്പം അഭിനയിക്കുമ്പോൾ ഞാനൊക്കെ എത്ര ചെറുതാണെന്നു തിരിച്ചറിയാനുള്ള അവസരമാണ് അത്. അഭിനയിക്കാൻ തുടങ്ങി 24 വർഷമായിട്ടും ഇപ്പോഴും ഒരു ഡയറക്ടറുടെ മുന്നിൽനിൽക്കുമ്പോൾ അദ്ദേഹത്തെ സർ എന്നു വിളിച്ച്, അദ്ദേഹം പറയുന്നതു മാത്രം ചെയ്യുകയും അതു ശരിയായിട്ടുണ്ടോ എന്നു ചോദിച്ച് ഉറപ്പുവരുത്തുകയും ചെയ്യാനുള്ള വിനയത്തിലേക്കു നമ്മളെ എത്തിച്ചത് അത്തരം അനുഭവങ്ങളാണ്. ഇപ്പോഴത്തെ പല സംവിധായകരും മുൻപ് ഞാൻ വർക്ക് ചെയ്ത പ്രോജക്ടുകളിൽ അസിസ്റ്റന്റ് ഡയറക്ടർമാരായിരുന്നു. അവരെന്നെ ചേട്ടാ എന്നു വിളിക്കുമ്പോഴും ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ഞാനവരെ സർ എന്നേ വിളിക്കാറുള്ളൂ. ഷോട്ട് കഴിഞ്ഞ് അവർ ഒകെ പറഞ്ഞാലും അവരുടെ കസേരയ്ക്കടുത്തു പോയി ഒകെയാണോ എന്നു ചോദിച്ച് ഉറപ്പുവരുത്താറുണ്ട്. അതൊക്കെ വലിയ ആളുകൾക്കൊപ്പം ജോലിചെയ്തുണ്ടായ അനുഭവങ്ങളിൽനിന്നാണ്. അതുപോലെ അഭിനയത്തിലെ ടൈമിങ് അവരിൽനിന്നു മനസ്സിലാക്കാൻ പറ്റി.

ജ്വാലയായ് ചെയ്യുമ്പോൾ നെടുമുടി വേണുച്ചേട്ടനും ഗോപൻ ചേട്ടനും അഭിനയത്തിലുള്ള ചെറിയ പിഴവുകളും തെറ്റുകളുമൊക്കെ പറഞ്ഞുതിരുത്തിത്തന്നിരുന്നു. അടുപ്പമുള്ളവരോടേ വേണുച്ചേട്ടനൊക്കെ അങ്ങനെ പറയാറുള്ളൂ. അതൊക്കെ വളരെ ഗുണം ചെയ്തിട്ടുണ്ട്. നോട്ടം, വോയ്സ് മോഡുലേഷൻ, ഡയലോഗ് പറയുന്നതിന്റെ രീതികൾ അതൊക്കെ പറഞ്ഞുതന്നിരുന്നു. സുകുമാരിയമ്മയൊന്നും അങ്ങനെ ക്ലാസുപോലെയൊന്നും പറഞ്ഞിട്ടില്ല. പക്ഷേ തെറ്റുകളൊക്കെ വന്നാൽ പറഞ്ഞുതരും. പിന്നെ വലിയ എഴുത്തുകാർക്കും സംവിധായകർക്കുമൊപ്പം ജോലി ചെയ്യാനായി. ശ്രീകുമാരൻ തമ്പി സാറിന്റെ അഞ്ചു സീരിയലുകൾ ചെയ്തു. പി. എഫ്. മാത്യൂസിന്റെയും പി.ആർ.‌ നാഥന്റെയും മൂന്നു വീതം സ്ക്രിപ്റ്റുകളിൽ അഭിനയിച്ചു. അത്തരം വലിയ ആളുകൾക്കൊപ്പം നമ്മളെപ്പോലെയൊരു ചെറിയ മനുഷ്യന് അഭിനയിക്കാൻ കഴിയുന്നുവെന്നതൊക്കെയാണ് അഭിനയജീവിതത്തിലെ വലിയ ഭാഗ്യങ്ങൾ. 

∙ നെടുമുടി വേണുവുമായി അടുപ്പമുണ്ടായിരുന്നല്ലോ

ഞാൻ ആദ്യം അഭിനയിക്കുന്നത് നെടുമുടി വേണുച്ചേട്ടനൊപ്പമാണ്. എനിക്കു ബ്രേക്ക് ആയ ജ്വാലയായിൽ അദ്ദേഹമുണ്ടായിരുന്നു. പി.ആർ. നാഥന്റെ പകൽവീട് അടക്കം കുറേ സീരിയലുകളിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചു. തുടക്കം മുതൽ അദ്ദേഹം എന്റെ അഭിനയത്തിലെ പാളിച്ചകൾ തിരുത്തിത്തരുമായിരുന്നു. വളരെ ജൂനിയറായ എന്നെ ബ്രേക്ക് സമയത്ത് അടുത്തുവിളിച്ചിരുത്തി ഇതൊക്കെ പറഞ്ഞുതരും. എന്നെപ്പറ്റിയുള്ള ആദ്യ റൈറ്റപ്പ് വരുന്നത് വേണുച്ചേട്ടനെക്കുറിച്ചുള്ള ലേഖനത്തിനൊപ്പമാണ്. നീലച്ചേല എന്നൊരു സിനിമയിൽ വേണുച്ചേട്ടന്റെ മകനായി ഞാൻ അഭിനയിച്ചു. മുകുന്ദേട്ടനും (എം.മുകുന്ദൻ) അതിൽ അഭിനയിച്ചിട്ടുണ്ട്. ഞാനാദ്യമായി പ്രൊഡ്യൂസ് ചെയ്ത പുഷ്പകവിമാനം എന്ന സീരിയലിൽ വേണുച്ചേട്ടനായിരുന്നു നായകൻ. അതിന്റെ കഥയിലും തിരക്കഥയിലും അടക്കം അദ്ദേഹത്തിന്റെ ഇടപെടലുണ്ടായിരുന്നു. അതിന്റെ ആറേഴ് എപ്പിസോഡ് കഴിഞ്ഞ് ടെലികാസ്റ്റിന് ഒരുങ്ങിയപ്പോഴാണ് കോവിഡ് വന്നത്. അതുകൊണ്ട് വേണുച്ചേട്ടന് അതു തുടരാൻ പറ്റിയില്ല. കോവിഡ് കഴിഞ്ഞ് ഷൂട്ടിങ് തുടരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നതാണ്. ഞങ്ങൾ തമ്മിൽ വലിയൊരു ആത്മബന്ധമുണ്ടായിരുന്നു.

shaju-nedumudivenu
നെടുമുടി വേണുവിനൊപ്പം ഷാജു

∙ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി, ജയസൂര്യ അടക്കമുള്ളവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ കൂടുതൽ സജീവമാകാൻ ശ്രമിച്ചില്ലേ?

സിനിമയങ്ങനെ കിട്ടുന്നില്ല. അതുകൊണ്ടാണ്. ഞാൻ അടുപ്പമുള്ളവരെ വിളിക്കുകയും വേഷം ചോദിക്കുകയും ചെയ്യാറുണ്ട്. അതൊന്നും പക്ഷേ പലപ്പോഴും വർക്കൗട്ടാകാറില്ല. എന്റെ ഭാഗത്തുനിന്ന് വലിയ ശ്രമങ്ങളുണ്ടാവുന്നില്ല എന്നതും സത്യമാണ്. സിനിമയിൽ എസ്റ്റാബ്ലിഷ് ചെയ്തിട്ടില്ലാത്തതുകൊണ്ട് അധികം അന്വേഷണങ്ങളും വരുന്നില്ല. ഭാസ്കർ ദ റാസ്കൽ, തൃശൂർ പൂരം, ഒരു സെക്കൻഡ് ക്ലാസ് യാത്ര, പോക്കിരി സൈമൺ, ഫുക്രി, ക്യാപ്റ്റൻ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. മിക്കതും ചെറിയ വേഷങ്ങളാണ്. ഭാസ്കർ ദ റാസ്കലിലും അയാൾ ശശിയിലും ക്യാപ്റ്റനിലും നല്ല വേഷമായിരുന്നു. കഴിഞ്ഞ വർഷം നല്ലൊരു വേഷം വന്നതാണ്. പക്ഷേ ആ പടം പാതിയിൽനിന്നുപോയി. പക്ഷേ നല്ല ചില പ്രോജക്ടുകൾ വരുന്നുണ്ട്. അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, ലസാഗു ഉസാഘ എന്നീ ചിത്രങ്ങളിൽ നല്ല വേഷമായിരുന്നു. അതു രണ്ടും ജോലികളെല്ലാം കഴിഞ്ഞിരിക്കുകയാണ്. റിലീസ് ആയിട്ടില്ല. 

∙ മമ്മൂട്ടി ആദ്യം നിർമിച്ച രണ്ടു പരമ്പരകളിലും ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു സിനിമയും ചെയ്തു. അദ്ദേഹവുമായുള്ള അടുപ്പത്തെപ്പറ്റി പറയാമോ?

മമ്മൂക്കയുടെ ജ്വാലയായ് സീരിയൽ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ അനിയന്മാരും ഉമ്മയുമായിട്ടൊക്കെ എനിക്കു വലിയ അടുപ്പമുണ്ട്. മമ്മൂക്ക തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ പങ്കജിലാണ് താമസം. അദ്ദേഹത്തെ കാണാൻ അനിയന്മാർക്കൊപ്പം ഞാനും പോവും. വളരെ സ്നേഹത്തോടെയാണ് അദ്ദേഹം സംസാരിക്കുക. നിനക്കു ഭയങ്കര ആരാധകരാണല്ലോ എന്നൊക്കെ പറയും. മമ്മൂക്കയെപ്പോലെ ഒരാളാണതു പറയുന്നത്. നമുക്കത് അവാർഡ് പോലെയാണ്. മമ്മൂക്ക നിർമിച്ച രണ്ടാമത്തെ സീരിയൽ മണവാട്ടിയിൽ എന്നെ ഹീറോ ആയി കാസ്റ്റ് ചെയ്തിരുന്നു. അതൊക്കെ വലിയ അംഗീകാരമായാണു കാണുന്നത്. മലയാളത്തിൽ ആദ്യമായി സീരിയലിനു പോസ്റ്റർ അടിച്ചത് മണവാട്ടിക്കാണ്. പോസ്റ്ററിൽ എന്റെ പടം വയ്ക്കണമെന്നു മമ്മൂക്കയാണു പറഞ്ഞതും എന്നെ വിളിച്ചുവരുത്തി പടമെടുപ്പിച്ചതുമൊക്കെ. ഭാസ്കർ ദ് റാസ്കലിൽ മമ്മൂക്കയ്ക്കൊപ്പമായിരുന്നു സീൻ. ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അത്. ആ സിനിമയിൽ മമ്മൂക്ക അവതരിപ്പിക്കുന്ന ഭാസ്കറിനെ റാസ്കൽ എന്നു വിളിക്കുന്നത് എന്റെ കഥാപാത്രം മാത്രമാണ്. മമ്മൂക്ക എന്നെ തല്ലുന്ന സീനുണ്ട്. അതെടുത്തുകഴിഞ്ഞ്, കുഴപ്പമൊന്നുമില്ലല്ലോ എന്നൊക്കെ ചോദിച്ചു. അങ്ങനെ വളരെ കെയറിങ് ആയ, സ്നേഹമുള്ള ആളാണ് മമ്മൂക്ക.

∙ സീരിയൽ താരങ്ങളോട് സിനിമക്കാർക്ക് പൊതുവേ താൽപര്യക്കുറവുണ്ടോ?

അങ്ങനെയുള്ളതായി എനിക്കറിയില്ല. ബിജു മേനോൻ, അനൂപ് മേനോൻ, മനോജ് കെ. ജയൻ തുടങ്ങിയവരൊക്കെ സീരിയലിൽ അഭിനയിച്ചു തുടങ്ങിയിട്ടാണല്ലോ സിനിമയിലെത്തിയത്. 

∙ ഇടയ്ക്ക് മലയാളത്തിൽ ഒരു ഇടവേളയെടുത്തിരുന്നില്ലോ?

ഞാൻ കുറച്ചുകാലം ഖത്തറിലായിരുന്നു. പക്ഷേ അഭിനയത്തിൽനിന്ന് ഇടവേളയെടുത്തിട്ടില്ല. ആ സമയത്ത് മലയാളത്തിൽ ഇല്ലായിരുന്നെന്നേയുള്ളൂ. തമിഴിൽ സജീവമായിരുന്നു. ചെന്നൈയിൽവന്ന് അഭിനയിച്ചു തിരിച്ചുപോകുമായിരുന്നു. 

∙ എന്തുകൊണ്ടാണ് നിർമാതാവാകാൻ തീരുമാനിച്ചത്?

എനിക്കു വളരെ മുൻപേ നിർമാണത്തിൽ താൽപര്യമുണ്ടായിരുന്നു. ഒരുപാടു പണമുണ്ടായതു കൊണ്ടല്ല, അതിനോടുള്ള താൽപര്യം കൊണ്ടുള്ള ഒരു ശ്രമമാണത്. നേരത്തേ ശ്രമിച്ചിരുന്നു. പക്ഷേ നടന്നില്ല. അങ്ങനെയാണ് വയലാർ മാധവൻ കുട്ടി സാർ വഴി നെടുമുടി വേണുച്ചേട്ടനെ വച്ച് ഒരു പ്രോജക്ട് ചെയ്യാൻ അവസരം കിട്ടിയത്– പുഷ്പകവിമാനം. പക്ഷേ കോവിഡ് കാരണം അതും മുടങ്ങിപ്പോയി. വീണ്ടും പല കഥകളും നോക്കുന്നതിനിടെയാണ് ‘സസ്നേഹം’ ഉണ്ടാവുന്നത്. വ്യത്യസ്തമായ ഒരു കഥയായിരുന്നു അത്. വാർധക്യത്തോടടുത്ത്, സ്വന്തം കുടുംബങ്ങളിൽനിന്നു തിരസ്കരിക്കപ്പെട്ട, സഹപാഠികളായിരുന്ന ഒരു അച്ഛന്റെയും അമ്മയുടെയും അടുപ്പത്തിന്റെ കഥ. അതു നന്നായി സ്വീകരിക്കപ്പെട്ടു. അത്തരമൊരു കഥ മലയാളത്തിൽ മറ്റൊരു പരമ്പരയിലും കൈകാര്യം ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത്.

∙ സീരിയലുകൾക്കു നിലവാരത്തകർച്ചയുണ്ടായെന്ന പരാതി വ്യാപകമാണ്. എൺപതുകളിലും മറ്റുമുണ്ടായിരുന്ന പരമ്പരകളുടെ നിലവാരം ഇപ്പോഴുള്ളവയ്ക്കില്ലെന്ന് മുതിർന്ന സീരിയൽ പ്രവർത്തകരും മറ്റും പറഞ്ഞിട്ടുണ്ട്. അഭിനേതാവും നിർമാതാവും എന്ന നിലയിൽ അതിനെപ്പറ്റി എന്തുപറയുന്നു?

അത് ചർച്ച ചെയ്യപ്പെടേണ്ട ഒരു കാര്യമാണ്. നെടുമുടി വേണുച്ചേട്ടൻ ചെയ്ത കൈരളീവിലാസം ലോഡ്ജും ആർ. ഗോപിനാഥ് ചെയ്ത സ്കൂട്ടറും വയലാർ മാധവൻ കുട്ടി സാർ ചെയ്ത, ഞാനഭിനയിച്ച ജ്വാലയായും ഒക്കെ വളരെ സ്വീകരിക്കപ്പെട്ട, അംഗീകരിക്കപ്പെട്ട പരമ്പരകളാണ്. രണ്ടു കുടിയേറ്റ കർഷകരുടെ സൗഹൃദത്തിന്റെ കഥയാണ് ജ്വാലയായ്. മനോഹരമായ ഒരു പ്രണയവുമുണ്ടായിരുന്നു അതിൽ. അക്കാലത്ത് അതായിരുന്നു ദൂരദർശനിലും മറ്റും വന്നിരുന്ന സീരിയലുകളുടെ ക്വാളിറ്റി. ശമനതാളം പോലെയുള്ള പരമ്പരകൾ. പ്രഗത്ഭരായ സംവിധായകരിൽ പലരും അന്ന് സീരിയലുകൾ ചെയ്തിരുന്നു. ശ്യാമപ്രസാദ്, ശ്രീകുമാരൻ തമ്പി സാർ ഒക്കെ ഉദാഹരണമാണ്. അന്ന് സീരിയലുകളുടെ പ്രേക്ഷകരും അങ്ങനെയായിരുന്നു. 

ഇന്ന് ഇന്ത്യയിലുടനീളമുള്ള സീരിയൽ പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഒരുപോലെയാണ്. കാരണം ഹിന്ദിയിലും മറ്റും നിന്നുള്ള സീരിയലുകളാണ് ഇവിടെ റീമേക്ക് ചെയ്യുന്നത്. അതിവിടെ മാത്രമല്ല എല്ലാ ഭാഷകളിലും ഹിറ്റാവുന്നു, അതിന്റെയർഥം പ്രേക്ഷകർക്ക് അത്തരം കാര്യങ്ങൾ കാണാനാണ് ഇഷ്ടം എന്നല്ലേ. അത്തരം സീരിയലുകൾ ക്രിയേറ്റിവിറ്റിയുടെ ഉയർന്ന തലമാണ് എന്നൊന്നും അവകാശപ്പെടാനാവില്ല, പക്ഷേ വിനോദോപാധി എന്ന നിലയിൽ അവ ധാരാളം പേർ കാണുന്നുണ്ട്. അങ്ങനെയുള്ളവരുടെ ഒരു വൈകുന്നേര വിനോദമായി മാത്രം അതിനെ കണ്ടാൽമതി. 

dr-shaju2

∙ ഇത്തവണ സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിനും അവാർഡില്ലായിരുന്നല്ലോ.

ആത്യന്തികമായി ഇതൊരു കച്ചവടമാണ്. റേറ്റിങ്ങിനെ അടിസ്ഥാനമാക്കി നിലനിൽക്കുന്നത്. അല്ലാതെ അവാർഡ് കമ്മിറ്റി പറയുന്നതുപോലെ സിനിമയുമായി തട്ടിച്ചുനോക്കാനൊന്നും പറ്റില്ല. അത്തരം പരീക്ഷണം നടത്തിയാൽ സീരിയൽ വിജയിക്കണമെന്നില്ല. ജനങ്ങളുടെ ആസ്വാദന നിലവാരം ഉയർത്താൻവേണ്ടി നമ്മൾ നിലവാരമുള്ള സീരിയൽ നിർമിച്ചുകൊടുത്താൽ പ്രേക്ഷകർ സ്വീകരിക്കണമെന്നുമില്ല. അപ്പോൾ റേറ്റിങ് ഇല്ലാതാവും, പ്രൊഡ്യൂസർക്കു നഷ്ടമുണ്ടാവും. അയാളൊരു പരാജയപ്പെട്ട നിർമാതാവായി ഇൻഡസ്ട്രിയിൽനിന്നു പുറത്താവും. അതേസമയം, ദൂരദർശൻ അടക്കമുള്ള ചാനലുകൾ കൃത്യമായി സ്ലോട്ട് തന്നാൽ‌, ഫണ്ട് തന്നാൽ നിലവാരമുള്ള സീരിയലുകൾ നിർമിച്ചുകൊടുക്കാം. ലാഭം വേണ്ട, നിർമാണച്ചെലവു മാത്രം മതി. അങ്ങനെയാണെങ്കിൽ ഈ പറയുന്നതരം മികച്ച സീരിയലുകൾ കൊടുക്കാനാവും. നിലവാരം സൃഷ്ടിക്കാൻ ശ്രമിച്ചാൽ, ബിസിനസ് എന്ന നിലയിൽ ഇത് അമ്പേ പരാജയപ്പെട്ടുപോകാം. അതുകൊണ്ട് അത്തരമൊരു പരീക്ഷണം ചെയ്യാൻ പറ്റില്ല. പറ്റുന്ന ഒരു കാര്യം, ഒരു നിശ്ചിത സമയത്ത് നിലവാരമുള്ള പരമ്പരകൾ കാണിക്കാമെന്നു ചാനലുകൾക്കു തീരുമാനമെടുക്കാം. മുമ്പ് അങ്ങനെ ചെയ്തിരുന്നല്ലോ. അന്ന് കലാമൂല്യമുള്ള സീരിയലുകളും വന്നിരുന്നു. എത്രയോ സാഹിത്യകൃതികൾ അന്നു പരമ്പരകളായി. ഉദാഹരണം അരനാഴികനേരം എന്ന പരമ്പര. മുരളിച്ചേട്ടന് അതിലെ അഭിനയത്തിന് അവാർഡ് കിട്ടിയില്ലേ. എംടി, ബഷീർ കഥകളൊക്കെ പരമ്പരകളായില്ലേ. റേറ്റിങ്ങോ ബിസിനസോ ആവശ്യമില്ലാതെ ഫണ്ട് കിട്ടിയാൽ ഇപ്പോഴും അങ്ങനെ ചെയ്യാൻ പറ്റും. അന്നത്തെ അത്തരം സീരിയലുകളിലും ഇന്നത്തെ സീരിയലുകളിലും അഭിനയിച്ചിട്ടുള്ളതുകൊണ്ട് എനിക്കതു വ്യക്തമായി പറയാനാവും. നമ്മുടെ സീരിയൽ സംവിധായകരും അഭിനേതാക്കളും ടെക്നീഷ്യന്മാരുമൊക്കെ മികച്ചവർ തന്നെയാണ്. അവരിൽ ദിവസം 16 സീനൊക്കെ എടുക്കുന്നവരുണ്ട്. അവരൊന്നും കഴിവില്ലാത്തവരല്ലല്ലോ. അവസരം കൊടുത്താൽ നിലവാരമുള്ള സൃഷ്ടികൾ നടത്താൻ കഴിവുള്ളവരാണ് അവർ.

∙ സീരിയലുകൾക്കു സെൻസറിങ് വേണം എന്ന ആവശ്യമുയരുന്നുണ്ട്. എന്താണ് പ്രതികരണം?

ജനങ്ങൾക്ക് ഒരുപക്ഷേ അറിയാത്തൊരു കാര്യമുണ്ട്. ചാനലുകളിൽ സീരിയലുകൾ സെൻസർ ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളെയോ കുട്ടികളെയോ ഒരുതരത്തിലും ഉപദ്രവിക്കുന്നതോ അവരോടു നിന്ദ്യമായ വാക്കുകൾ പറയുന്നതോ കാണിക്കാൻ പാടില്ല, കൊലപാതകം നേരിട്ടു കാണിക്കാൻ പാടില്ല. അങ്ങനെ കടുത്ത നിയന്ത്രണങ്ങളുണ്ട്. അങ്ങനെവന്നാൽ അവ ടെലികാസ്റ്റ് ചെയ്യില്ല. എന്റെ സീരിയലിലൊക്കെ ഷൂട്ട് ചെയ്ത പലതും മാറ്റിയിട്ടുണ്ട്. അവിടെ അതിനായി ഒരു ടീമും അവർക്കു നിയമാവലിയുമുണ്ട്. പിന്നെ, സീരിയലിന്റെ നിലവാരം എന്നുള്ളതാണ്. ഇതൊരു കലാരൂപമാണ് എന്നൊന്നും ആരും അവകാശപ്പെടുന്നില്ല. കഥകളിയോ നാടകമോ സിനിമയോ പോലെ വലിയൊരു കലാസൃഷ്ടിയല്ല സീരിയൽ. ഒരു വിനോദോപാധി മാത്രമാണിത്. അങ്ങനെ വരുമ്പോൾ, സിനിമയിലെയും മറ്റും വലിയ ആളുകളെ സീരിയലുകൾ ജഡ്ജ് ചെയ്യാനുള്ള പാനലിൽ ഉൾപ്പെടുത്തിയാൽ അവർക്കിതു നിലവാരം കുറഞ്ഞതായി തോന്നാം. പക്ഷേ നിലവാരമില്ല എന്ന് അടച്ചാക്ഷേപിക്കാനും പാടില്ല. നിലവാരമുള്ള, നല്ല കഥകളുള്ള സീരിയലുകളുണ്ട്. അവരതു പലപ്പോഴും കാണുന്നില്ലെന്നു മാത്രം.

∙ താങ്കൾ പഠിച്ചുകൊണ്ടേയിരിക്കുന്ന ഒരാളാണ്. അഭിനയം തുടങ്ങിയ ശേഷമാണ് ബിഡിഎസ് പൂർത്തിയാക്കിയത്. പിന്നീട് അക്യുപങ്ചറിൽ ഡിപ്ലോമ, ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിങ്ങനെ കോഴ്സുകൾ. പഠിച്ചുമതിയായിട്ടില്ലേ?

അത് പഠിക്കാനുള്ള ഭയങ്കരമായ ആവേശം കൊണ്ടൊന്നുമല്ല. മുമ്പ് വായനയൊക്കെയുണ്ടായിരുന്നു. ഇപ്പോൾ പലപ്പോഴും അതിനുള്ള സമയം കിട്ടാറില്ല. കുറച്ചുകാലം അങ്ങനെ വായനയൊന്നുമില്ലാതിരിക്കുമ്പോൾ എഴുതണമെന്നോ വായിക്കണമെന്നോ പഠിക്കണമെന്നോ തോന്നും. അപ്പോൾ കോഴ്സുകൾ ചെയ്യുന്നതാണ്. വായിക്കാനും നോട്ടെടുത്ത് പഠിക്കാനുമൊക്കെ ഇഷ്ടമാണ്. കേരള യൂണിവേഴ്സിറ്റിയിൽനിന്നാണ് ഞാൻ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പിജി ഡിപ്ലോമ എടുത്തത്. അതേ കാലത്തുതന്നെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനും (എംഎച്ച്എ) ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ പരീക്ഷകൾ ഒരുമിച്ചുവന്നപ്പോൾ എംഎച്ച്എയുടെ പരീക്ഷ എഴുതാനായില്ല. തിരക്കുകൾ കാരണം അതു നീണ്ടുപോയി. ഇപ്പോൾ എംബിഎ ചെയ്യുന്നു. ഇനി എൽഎൽബി ചെയ്യാൻ താൽപര്യമുണ്ട്.

∙ ഏതൊക്കെയാണ് പുതിയ പ്രോജക്ടുകൾ? 

അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, ലസാഗു ഉസാഘ എന്നീ ചിത്രങ്ങൾ‌ റിലീസ് കാത്തിരിക്കുന്നു. രണ്ടിലും നല്ല വേഷമാണ്. ഒരു സിനിമ വരാൻ സാധ്യതയുണ്ട്. നല്ല പ്രോജക്ടും ക്യാരക്ടറുമാണ്. അതിനായി കാത്തിരിക്കുകയാണ്. സീരിയലുകളുടെ പ്രൊഡക്‌ഷൻ നടക്കുന്നു. 

∙ കുടുംബത്തെപ്പറ്റി?

എന്റെ കരിയറിൽ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. പിതാവ് ഷംസ് വിമുക്തഭടനാണ്. മാതാവ് ജമീല വീട്ടമ്മയും. ഭാര്യ ഡോ. ആശ ഷാജു. മകൾ ഇവാന ഷാജു. ഇപ്പോൾ ഏഴാം ക്ലാസിലാണ്. എന്റെ സഹോദരൻ ഷാനി, ഭാര്യ ഡോ. ആശ, മക്കൾ നേഹ, സൽമു. അവർ വിദേശത്താണ്. എന്റെ കുടുംബത്തിൽ കലാരംഗത്ത് എത്തിയത് ഞാൻ മാത്രമാണ്. എങ്കിലും അവരുടെെയല്ലാം പിന്തുണയും പ്രോൽസാഹനവുമുണ്ട്. 

Shaju-Family
ഭാര്യ ഡോ. ആശയ്ക്കും മകൾ ഇവാനയ്ക്കുമൊപ്പം ഡോ. ഷാജു.

∙ 25 വർഷത്തോളം ജനപ്രിയത നിലനിർത്തുകയെന്നത് ചെറിയ കാര്യമല്ലല്ലോ. എങ്ങനെയാണ് അതിനെ കാണുന്നത്?

25 വർഷത്തിനിടെ ഒരുപാട് വലിയ മനുഷ്യർക്കൊപ്പം അഭിനയിച്ചു. കലാമൂല്യമുള്ള സീരിയലുകളു‍ടെ കാലത്തും ഇന്നത്തെ ജനപ്രിയ പരമ്പരകളുടെ കാലത്തും അഭിനയിച്ചു. കുറേയധികം നല്ല പ്രോജക്ടുകൾ ചെയ്തു. അതേസമയം വലിച്ചുവാരി ചെയ്തിട്ടുമില്ല. ഒരു സമയം ഒരു പ്രോജക്ട് എന്ന കണക്കിലാണു ചെയ്തത്. മലയാളത്തിൽ ഏറ്റവും കൂടുതൽ കാലം വിജയകരമായി സംപ്രേഷണം ചെയ്ത പരമ്പരകളിൽ മുഖ്യ വേഷങ്ങളിൽ അഭിനയിക്കാനായി. ഇപ്പോൾ നല്ല സീരിയലുകൾ നിർമിക്കാനും ശ്രമിക്കുന്നു. ടെലിവിഷനിൽ എനിക്കു കഴിയാവുന്നതെല്ലാം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു എന്നതാണ് സന്തോഷം.

∙ അപ്പോൾ സിനിമയിലോ?

അതിനുള്ള ശ്രമങ്ങളും കാത്തിരിപ്പുമാണ് ഇനി.

English Summary : Cine-serial artist Dr.Shaju's exclusive interview 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com