ADVERTISEMENT

പങ്കാളികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്ന രണ്ടു ഘടകങ്ങളാണ് അസൂയയും സംശയവും. സന്തോഷം നശിപ്പിച്ച് ബന്ധങ്ങളെ ദുരിതപൂർണമാക്കാൻ ഇവ കാരണമാകും. പരസ്പരമുള്ള വിശ്വാസവും സ്നേഹവും നഷ്ടപ്പെട്ട് ബന്ധങ്ങൾ തകർന്നു തരിപ്പണമാകാതിരിക്കണമെങ്കിൽ ഇവയെ പടിക്കു പുറത്താക്കിയേ മതിയാകൂ

വിവേചന ബുദ്ധിയോടെ കാര്യങ്ങളെ കാണാൻ കഴിയുന്നില്ലേ, എത്ര സന്തോഷകരമായ സാഹചര്യത്തിലും അരക്ഷിതാവസ്ഥ തോന്നുന്നുണ്ടോ? എങ്കിൽ ആത്മപരിശോധന നടത്താനുള്ള സമയമായിരിക്കുന്നു.

∙ ഫോൺ പരിശോധന

അവസരം കിട്ടുമ്പോൾ പങ്കാളിയുടെ ഫോൺ, സമൂഹമാധ്യമ അക്കൗണ്ട് എന്നിവ പരിശോധിക്കാറുണ്ടോ? പങ്കാളിയുടെ ഫോണിലെ മെസേജുകൾ തുറന്നു നോക്കുകയും അവർ ഫോൺ ഉപയോഗിക്കുമ്പോൾ പാളി നോക്കാറുണ്ട് ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങൾ പങ്കാളിയെ വല്ലാതെ സംശയിക്കുന്നുമുണ്ട്. അവരോട് നിങ്ങൾക്ക് അസൂയയുണ്ട്.

∙ അനാവശ്യ നിയന്ത്രണം

പങ്കാളിയുടെ എല്ലാക്കാര്യങ്ങളിലും അനാവശ്യമായി കൈകടത്തുകയും അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും കയറി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യാറുണ്ടോ? അതും അസൂയയുടെ ലക്ഷണമാണ്. എത്ര അടുപ്പമുണ്ടെങ്കിൽപ്പോലും സ്വന്തം കാര്യങ്ങളിൽ മറ്റൊരാൾ അനാവശ്യമായി ഇടപെടുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും മറ്റൊരാൾക്കിഷ്ടപ്പെടണമെന്നില്ല. അതോടെ അവർ ബന്ധമുപേക്ഷിച്ച് പോകാനും മതി.

∙ ചോദ്യംചെയ്ത് ശല്യപ്പെടുത്തൽ?

ഓഫിസിലെ തിരക്കുകളിൽനിന്ന് ഒരു വിധത്തിൽ രക്ഷപ്പെട്ട് വീട്ടിലെത്തുന്ന പങ്കാളിയെ, എന്തുകൊണ്ട് വൈകി, ആരുടെയൊപ്പമായിരുന്നു എന്നിങ്ങനെയുള്ള അനാവശ്യ ചോദ്യങ്ങൾ കൊണ്ട് പൊറുതിമുട്ടിക്കാറുണ്ടോ? സത്യമറിയാമെങ്കിൽപോലും അങ്ങനെ ഭാവിക്കാതെ വാക്കുകൊണ്ടുള്ള ഉപദ്രവം തുടരുന്നത് സംശയവും അസൂയയും വ്യക്തമാക്കുന്നു.

∙ തർക്കത്തിൽ ജയിക്കാൻ നുണ 

പങ്കാളിയുമായി തർക്കിക്കേണ്ടി വരുമ്പോൾ എന്തുവില കൊടുത്തും നിങ്ങളുടെ ഭാഗത്താണ് ന്യായമെന്നു വരുത്തിത്തീർക്കാൻ നുണ പറയാറുണ്ടോ? എങ്കിൽ അത് നിങ്ങൾക്കു വേണ്ടി നിങ്ങൾ തന്നെ തയാറാക്കുന്ന കുരുക്കാണ്. എന്നെങ്കിലും സത്യമറിയാനിടയായാൽ പങ്കാളി എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ചു നിങ്ങൾക്കൊരു ധാരണയും ഉണ്ടാകണമെന്നില്ല. സ്വന്തം ഭാഗം ന്യായീകരിക്കാൻ നടത്തുന്ന അത്തരം ശ്രമങ്ങള്‍ അസൂയയിൽ നിന്നുണ്ടാകുന്നതാണ്.

∙ മറ്റുള്ളവരെ വെറുതെ കുറ്റം പറയാറുണ്ടോ?

താൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും മാത്രമാണ് ശരിയെന്നും മറ്റുള്ളവരെല്ലാം കുഴപ്പക്കാരാണെന്നുമുള്ള തരത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാറുണ്ടോ? എങ്കിലൊന്നുറപ്പിച്ചോളൂ, നിങ്ങൾക്ക് അസൂയയുണ്ട്. അതുകൊണ്ടാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വന്തം തീരുമാനങ്ങൾ മാത്രമാണ് ശരിയെന്ന് നിങ്ങൾ സ്ഥാപിച്ചെടുക്കാൻ നോക്കുന്നത്.

∙ പങ്കാളിക്ക് അപരിചിത നമ്പറിൽനിന്ന് ഫോൺ വരുമ്പോൾ

പരിചയമില്ലാത്ത നമ്പറിൽനിന്ന് ആരെങ്കിലും പങ്കാളിയെ വിളിച്ചാൽ നിങ്ങൾ വല്ലാതെ അസ്വസ്ഥരാകാറുണ്ടോ? അവർ ആരോടാണ് സംസാരിച്ചത്, എത്ര നേരം കോൾ നീണ്ടു നിന്നു എന്നൊക്കെ ചിന്തിച്ച് തലപുകയ്ക്കാറുണ്ടോ? എങ്കിലുറപ്പിച്ചോളൂ നിങ്ങൾക്ക് അസൂയയും സംശയരോഗവുമുണ്ട്. ഇത് സ്വയം തിരിച്ചറിഞ്ഞാൽ ഇതിൽനിന്ന് മുക്തി നേടാനുള്ള ചികിൽസാ രീതികൾ തേടാം. അല്ലെങ്കിലൊരുപക്ഷേ പങ്കാളിയുമായുള്ള ബന്ധം മാത്രമല്ല മോശമാവുക, നല്ല സൗഹൃദങ്ങളും കുടുംബബന്ധങ്ങളും കൂടി കൈമോശം വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com