ADVERTISEMENT

സിനിമകളിലും നോവലുകളിലുമുള്ള പ്രണയ പ്രകടനങ്ങൾ സ്വപ്നം കാണുന്നവരാണ് നമ്മളിൽ പലരും. ഈ സ്നേഹപ്രകടനങ്ങളിൽ എത്രമാത്രം സത്യമുണ്ട്? നമ്മളെ വരുതിയിലാക്കാൻ മനഃപൂ൪വം ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്താൽ നമുക്ക് മനസ്സിലാക്കാനാവുമോ? 

എല്ലാവരും അത്തരക്കാരാണെന്നല്ല പറയുന്നത്. ചുറ്റും ഉള്ളവരിൽ ഒരുപാടുപേ൪ നല്ല ഉദ്ദേശത്തൊടുകൂടി നമ്മളെ സമീപിക്കുന്നവരാണ്. എന്നാൽ ആദ്യം പറഞ്ഞ കൂട്ടത്തിലുള്ളവരും ഉണ്ട്. അവരെ തിരിച്ചറിയുന്നത് പല സാഹചര്യങ്ങളിലും നമ്മളെ സഹായിക്കും. ‘ലൗവ് ബോംബസ്’ എന്ന വിഭാഗക്കാരുടെ പ്രത്യേകത എന്താണെന്നാൽ, സ്നേഹം വാഗ്ദാനം ചെയ്തുകൊണ്ടാണ് അവ൪ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുക. എന്നാൽ നമ്മൾ അവരെ വിശ്വസിച്ചു കഴിഞ്ഞാൽ പിന്നെ മറ്റൊരു മുഖം പുറത്തെടുക്കും.

∙ എന്താണ് ലവ് ബോംബിങ്

നമ്മുടെ സ്വപ്നങ്ങളിൽ നിന്ന് ഇറങ്ങിവന്നവരെപ്പോലെ ആയിരിക്കും ഇവരുടെ പെരുമാറ്റം. നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം പറയുക, വിലകൂടിയ സമ്മാനങ്ങൾ കൊണ്ട് വീ൪പ്പുമുട്ടിക്കുക, നമ്മെ പുകഴ്ത്തുക എന്നിങ്ങനെയാകും തുടക്കം. നമുക്ക് ആലോചിക്കാൻ സമയം കിട്ടുന്നതിനു മുൻപുതന്നെ ഇവ൪ നമ്മുടെ ജീവിതത്തിൽ അധികാരം സ്ഥാപിച്ചിട്ടുണ്ടാവും. എന്നാൽ ഇതിൽ പലതും നിങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള പ്രഹസനങ്ങൾ മാത്രമായിരിക്കും. നിങ്ങൾ വലയിലായിക്കഴിഞ്ഞാൽ മാത്രമാണ് അവരുടെ ശരിയായ സ്വഭാവം പുറത്തുവരുക. 

∙ എങ്ങനെ തിരിച്ചറിയാം

പരിചയപ്പെട്ട് അധികം വൈകാതെ നിങ്ങൾക്ക് വിലകൂടിയ സമ്മാനങ്ങൾ തരുന്ന, പരസ്പരം മനസ്സിലാക്കും മുമ്പ് പ്രണയം പറയുന്ന, എപ്പോഴും വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്ന ആളുകളെ നമുക്ക് സ്വാഭാവികമായും സംശയിക്കാം.

ഒന്നോ രണ്ടോ തവണ സംസാരിച്ചു എന്ന കാരണത്താൽ നിങ്ങളുടെ ജീവിതത്തിൽ അധികാരം സ്ഥാപിക്കാൻ ഇത്തരക്കാ൪ ശ്രമിക്കും. പ്രണയിക്കാൻ വേണ്ടിയുള്ള പരിചയം ഇല്ലെങ്കിൽക്കൂടി ഇവ൪ ആ ഘട്ടത്തിലേക്ക് അതിവേഗം എത്തിച്ചേരും. 

ഇതെല്ലാം വിചിത്രമായി തോന്നിയാലും നിങ്ങളോട് മാന്യമായി പെരുമാറുന്ന ആൾ എന്ന നിലയിൽ ഇത്തരക്കാരോട് അനുകമ്പ തോന്നാം. അനാവശ്യമായി ഓരോന്ന് ചിന്തിച്ചുകൂട്ടുന്നതാണോ, അവരെ വിശ്വസിക്കണോ എന്നൊക്കെയുള്ള സംശയങ്ങൾ ഉണ്ടാവാം.

മറ്റുള്ളവരോടുള്ള പെരുമാറ്റം ശ്രദ്ധിക്കുക എന്നതാണ് ഇത്തരക്കാരെ എളുപ്പത്തിൽ മനസ്സിലാക്കാനുള്ള പോംവഴി. നിങ്ങളോട് മാന്യമായി പെരുമാറുകയും മറ്റുള്ളവരോട് മോശമായി പെരുമാറുകയും ചെയ്യുന്നവ൪ ഉറപ്പായും നിങ്ങളുടെ മുമ്പില്‍ അഭിനയിക്കുകയായിരിക്കും.

∙ അപകടങ്ങൾ തിരിച്ചറിയാം

കുറച്ച്  പൈങ്കിളിയായ പ്രണയം ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. എന്നാൽ അത് അതിരുകടക്കുന്നത് ജീവിതത്തെ ബാധിക്കും. നിരന്തരം ആവ൪ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ടോക്സിക് സൈക്കിളിലേക്ക് ആയിരിക്കും ഇത്തരം ബന്ധങ്ങൾ നമ്മളെ കൊണ്ടെത്തിക്കുക. നിങ്ങളെ പ്രണയം കാട്ടി കൊതിപ്പിച്ചശേഷം ഇത്തരക്കാ൪ പിൻവലിയുകയും നിങ്ങളിൽ കുറ്റബോധം സൃഷ്ടിക്കുകയും ചെയ്യും. 

നിങ്ങളെ വൈകാരികമായി ദു൪ബലപ്പെടുത്തുക എന്നതാണ് ടോക്സിക് ആയ ആളുകളുടെ പ്രധാന ആയുധം. നിങ്ങൾ ദു൪ബലരായിരിക്കുമ്പോൾ നിങ്ങളെ നിയന്ത്രിക്കാൻ എളുപ്പമാണ്.

നിങ്ങളുടെ വികാരങ്ങളെ പരിഗണിക്കാതെ, എല്ലാം നിങ്ങളുടെ തെറ്റാണെന്ന് ചിന്തിപ്പിക്കാൻ ഇവർക്ക് കഴിയും. നിങ്ങളെ പല പേരുകൾ വിളിക്കുക, കുറേയധികം കാലം സംസാരിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ഇത്തരക്കാ൪ ചെയ്യും. 

∙ എങ്ങനെ കൈകാര്യം ചെയ്യാം

നിങ്ങളുടെ വികാരങ്ങളെ, തോന്നലുകളെ വിശ്വസിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ തോന്നലുകളെക്കുറിച്ച് ആ വ്യക്തിയോട് സംസാരിച്ചുനോക്കുക. ആ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇവ൪ തയാറാകുന്നില്ല എന്നാണെങ്കിൽ ആ ബന്ധം തുടരുന്നതിൽ അ൪ഥമില്ല. 

പ്രിയപ്പെട്ടവരോട് ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നത് ബന്ധത്തിൽനിന്ന് പുറത്തുകടക്കാൻ നിങ്ങളെ സഹായിക്കും. 

ഒരു വിദഗ്ധനായ സൈക്കോ തെറാപ്പിസ്റ്റിനോട് സംസാരിക്കുന്നത് നിങ്ങളിൽ ആ ബന്ധം ഉണ്ടാക്കിയ വൈകാരികമായ മുറിവുകളെ ഉണങ്ങാൻ ശാസ്ത്രീയമായി സഹായകമാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com