ADVERTISEMENT

പൂർണമായും ഭിന്നശേഷി സൗഹൃദമായ ഒരു സ്ഥാപനം കേരളത്തിലുണ്ടോ? ഉണ്ടെങ്കിൽ അതു കൊച്ചി മെട്രോ ആണെന്നു ഭിന്നശേഷിക്കാരനായ സംവിധായകൻ ഡോ.സിജു വിജയൻ പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചി മെട്രോയിൽ യാത്ര ചെയ്യേണ്ടി വന്നപ്പോഴുണ്ടായ ഹൃദ്യമായ അനുഭവം എല്ലായിടങ്ങളിലും നടപ്പാക്കേണ്ടതാണെന്നും സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗം ബാധിച്ച് അരയ്ക്കു താഴെ തളർന്ന ശേഷം വീൽചെയറിന്റെ സഹായത്തോടെ ജീവിക്കുന്ന ഡോ.സിജു വിജയൻ പറഞ്ഞു.

ഭിന്നശേഷിക്കാർക്കു കരുതലൊരുക്കുന്ന കൊച്ചി മെട്രോ

വീൽചെയറിൽ കഴിയേണ്ടി വന്ന ഇൻഷ എന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ‘ഇൻഷ’ എന്ന സിനിമയുടെ സംവിധായകനാണ് സിജു വിജയൻ. നവംബർ 28 ന് ആണ് കുടുംബ സുഹൃത്തിന്റെ മകളായ ഗയ ശ്യാമിന്റെ (കല്ലുമോൾ) പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് മെട്രോ ട്രെയിനിൽ യാത്ര ചെയ്യേണ്ടി വന്നതെന്ന് സിജു പറയുന്നു. അന്നുണ്ടായ അനുഭവം ഡോ.സിജു വിജയന്റെ വാക്കുകളിൽ: 

‘ജീവിതത്തിൽ ആദ്യത്തെ മെട്രോ റെയിൽ യാത്രയായിരുന്നു, ആലുവ മുതൽ ഇടപ്പള്ളി ലുലു സ്റ്റേഷൻ വരെ. മെട്രോയിൽ യാത്ര ചെയ്ത എല്ലാവരും പറയും ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു യാത്രാനുഭവം സമ്മാനിക്കും എന്ന്. ഞാനും തീർച്ചയായും അതുതന്നെ പറയുന്നു. തീർത്തും അവിസ്മരണീയം.

മുൻപ് നടക്കാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ആളെന്ന നിലയിലും ഇപ്പോൾ വീൽചെയറിൽ ഇരിക്കുന്ന ആളെന്ന നിലയിലും യാത്രകൾ എന്നും പ്ലാൻ ചെയ്യുമ്പോൾ എപ്പോഴും ഒരുപാട് ആകുലതകളായിരുന്നു മനസ്സിൽ. വാഹനങ്ങളിലേക്കുള്ള കയറ്റവും ഇറക്കവും അതുപോലെ ഓരോ കെട്ടിടങ്ങളിലേക്കുള്ള പടിക്കെട്ടുകൾ കയറേണ്ടി വരുന്നത് ഓരോ സ്ഥലങ്ങളിലും ഒന്നോ അതിൽ കൂടുതലോ ആളുകളുടെ സഹായം വേണ്ടിവരുന്നത് ഒക്കെ വിഷമിപ്പിച്ചിരുന്നു. യാത്രകൾ അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കും. ആ ചിന്തകളെ എല്ലാം തകർത്ത് തരിപ്പണമാക്കുന്നതാണ് കൊച്ചി മെട്രോയുടെ നിർമ്മാണ ഘടനയും അവിടുത്തെ ജീവനക്കാരുടെ സമ‍ീപനവും.

നവംബർ 28 ന് ആലുവ സ്റ്റേഷനു മുന്നിൽ ഞങ്ങളുടെ വാഹനത്തിൽ ഇറങ്ങിയപ്പോൾ തന്നെ വീൽചെയറിൽ വരുന്ന ആളെന്ന നിലയിൽ മെട്രോയുടെ ഒരു സ്റ്റാഫ് ഞങ്ങൾക്കരികിലേക്ക് വരുന്നു. മെട്രോ യാത്രയ്ക്ക് വന്നതാണ് എന്ന വിവരം പറഞ്ഞയുടൻ അവർ ഞങ്ങളോടൊപ്പം കൂടി. ഞങ്ങൾ ഇങ്ങനെ വീൽ ചെയറിൽ എത്തുന്നു എന്നൊന്നും ആലുവ മെട്രോ സ്റ്റേഷനിൽ അറിയിച്ചിരുന്നില്ല. എങ്കിലും ഒരാൾ വീൽചെയറിൽ യാത്രക്ക് എത്തുമ്പോൾ തന്നെ അവരുടെ ഡ്യൂട്ടി ഈ രീതിയിൽ തുടങ്ങുകയായി.

differently-abled-friendly-kochi-metro-from-director-dr-siju-vijayan

എന്റെ കൂടെ 3 പേർ ഉണ്ടായിരുന്നു. എങ്കിലും ആ സ്റ്റാഫ് തന്നെ എന്നെയും കൂട്ടി സ്റ്റേഷനുള്ളിലേക്കു കടന്നു. റോഡു മുതൽ റെയിൽവേ പ്ലാറ്റ് ഫോമും കടന്ന് ട്രെയിനിനകത്ത് പ്രവേശിക്കുന്നത് വരെ ഒരിഞ്ച് പൊക്കമുള്ള ഒരു സ്റ്റെപ്പ് പോലുമില്ല. തികച്ചും വീൽചെയർ സൗഹൃദം എന്ന സങ്കൽപ്പത്തിന് അനുയോജ്യമായ അനുഭവം. 

ആ സ്റ്റാഫിനൊപ്പം നേരെ എൻട്രി ഏരിയയിൽ എത്തി. പുറത്ത് നിന്ന് ഞങ്ങൾ എടുത്ത് സ്റ്റാഫിനു കൈമാറിയ ടിക്കറ്റ് അദ്ദേഹം അവിടെ കാണിച്ചു. അത്യാവശ്യം തിരക്കുണ്ടായിരുന്നു. ബോഡി സ്കാൻ ചെയ്ത ശേഷം വീൽ ചെയറിനുള്ള പ്രത്യേക വഴിയിലൂടെ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി അദ്ദേഹം ഞങ്ങളേയും കൊണ്ട് യാത്ര തുടർന്നു.

വളരെ സുഗമമായ ആ വഴിയിലൂടെ ഞങ്ങൾ പ്ലാറ്റ്ഫോമിൽ എത്തി. അവിടെ പ്രത്യേകമായി മാർക്ക് ചെയ്ത ഏരിയയിൽ വീൽചെയർ നിർത്തി. സ്റ്റാഫ് അപ്പോഴും ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്. ഒന്നോ രണ്ടോ മിനിറ്റ് കടന്ന് പോയി. ആ പ്ലാറ്റ്ഫോമിലേക്ക് ഒരു കൊമ്പന്റെ തലയെടുപ്പുമായി മെട്രോ ട്രെയിൻ വന്നു നിന്നു. കൃത്യം വീൽചെയറിന് മുന്നിൽ ട്രെയിനിന്റെ ഡോര്‍. ചെണ്ടമേളത്താൽ തീർത്ത കൊച്ചി മെട്രോ സിഗ്നേച്ചർ ജിംഗിളിനൊപ്പം അനൗൺസ്മെന്റുകൾ തുടരുമ്പോൾ ഡോറുകൾ രാജകീയമായി തുറന്നു. ട്രെയിനും പ്ലാറ്റ്ഫോമും ഒരേ നിരപ്പിൽ. 

സിംപിളായി ട്രെയിനിനുള്ളിൽ കയറി. സ്റ്റാഫും ഞങ്ങൾക്കൊപ്പം ബോഗിയിലേക്കു പ്രവേശിച്ച്, വീൽ ചെയറിനു വേണ്ടിയുള്ള പ്രത്യേക സ്ഥലത്തു പാർക്ക് ചെയ്യാൻ നിർദേശിച്ചു. സുരക്ഷിതനായി എന്നെ ട്രെയിനിൽ പ്രവേശിപ്പിച്ച് ശുഭയാത്ര നേർന്ന് സേഫ് ആയി എന്നെ ട്രെയിനിൽ പ്രവേശിപ്പിച്ച് ശുഭയാത്ര പറഞ്ഞ് ആ സ്റ്റാഫ് പിൻവാങ്ങി.

യാത്ര തുടങ്ങി. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കാണ് ഞങ്ങളുടെ യാത്ര. അതിവേഗം മെട്രോ ട്രെയിൻ കുതിച്ച് പാഞ്ഞു. സെൻട്രലൈസ്ഡ് എസിയുടെ കുളിർമയിൽ അകത്തെയും പുറത്തെയും കാഴ്ചകൾ ആസ്വദിച്ച് ഏകദേശം 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഞങ്ങൾ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ എത്തി. അവിടെയാണ് ശരിക്കും മെട്രോ ഞെട്ടിച്ചത്. വീൽചെയറിൽ ഇങ്ങനെ ഒരു യാത്രക്കാരൻ വരുന്നു എന്ന വിവരം അവർ ഇടപ്പള്ളിയിലേക്കു മുൻപു തന്നെ അറിയിച്ചതു പ്രകാരം ട്രെയിൻ ഇടപ്പള്ളി സ്റ്റേഷനിൽ എത്തി ഡോർ തുറന്ന ഉടൻ അവിടുന്ന് മറ്റൊരു സ്റ്റാഫ് അതിവേഗം എനിക്കരികിലേക്ക് എത്തി. പിന്നീട് ബോഗിയിൽ നിന്ന് ഇറങ്ങി സ്കാനിങ് ഏരിയയിൽ പാസ് എക്സിറ്റ് അടിച്ച് പുറത്ത് ഇറങ്ങുന്നത‍ു വരെ ആ സ്റ്റാഫ് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. മെട്രോ സ്റ്റേഷന് പുറത്ത് വളരെ സുരക്ഷിതനായി ഞങ്ങളെ എത്തിച്ച്, ഇനിയും എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നു വിനീതമായി ചോദിച്ച്, ഞങ്ങള്‍ക്കു പോകാൻ വാഹനം റെഡിയല്ലേ എന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ മടങ്ങിയത്.’

ഈ മാതൃക എല്ലായിടത്തും വേണം

ഇതുപോലൊരു സേവനം കേരളത്തിൽ ലഭിക്കുമെന്നു പ്രതീക്ഷിച്ചിട്ടേയില്ലെന്നു ഡോ.സിജു വിജയൻ പറയുന്നു. ‘ശരിക്കും ശാരീരിക പരിമിതികളാൽ യാത്രാ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഇതിനപ്പുറം ഒരു സേവനം പ്രതീക്ഷിക്കാനാവില്ല. ഇടപ്പള്ളിയിൽ നിന്ന് തിരിച്ച് ആലുവയിലേക്ക് പോരുമ്പോഴും അതേ രീതിയിൽ മെട്രോ അവരുടെ സേവനം തുടർന്നു. ലോക ഭിന്നശേഷി ദിനത്തിൽ കൊച്ചി മെട്രോ റെയിലിനും അവരുടെ ജീവനക്കാർക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു–’ ഡോ.സിജു വിജയൻ പറഞ്ഞു. അങ്കമാലി ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിഎസ്ഡബ്ല്യു കോഴ്സ് ചെയ്യുന്ന ഗയ ശ്യാം ആണ് ഡോ.സിജു വിജയൻ കൊച്ചി മെട്രോയിൽ കയറിയിട്ടില്ലെന്നറിഞ്ഞ് യാത്ര പ്ലാൻ ചെയ്തത്. 

സർക്കാരിന്റേതുൾപ്പെടെ പൊതു ആവശ്യങ്ങൾക്കുള്ള സ്ഥാപനങ്ങളും റോഡുകളും നിർമിക്കുമ്പോൾ ഭിന്നശേഷിക്കാർക്ക‍ു തടസ്സങ്ങളൊന്നുമില്ലാതെ, പരാശ്രയം കൂടാതെ യാത്ര ചെയ്യാൻ കഴിയുന്നവിധം മാസ്റ്റർ പ്ലാൻ തയാറാക്കാൻ ഇനിയെങ്കിലും അധികാരികൾ ശ്രദ്ധിക്കണമെന്നാണ് സിജു വിജയന്റെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com