ADVERTISEMENT

‘ഹായ് അഞ്ജു, ഇതെപ്പെഴാ വീണ്ടും അഭിനയിക്കാൻ തുടങ്ങിയത്?’, ‘ഇപ്പോൾ സിനിമയില്ലേ? കുറേയായല്ലോ സ്ക്രീനിൽ കണ്ടിട്ട്?’, ‘ഇത്രയധികം ഗ്യാപ് എടുക്കല്ലേ, ഇൻഡസ്ട്രിയിലുള്ളവർ മറന്നു പോകും’ തൊണ്ണൂറുകളുടെ തുടക്കത്തിൽ അഭിനയരംഗത്തെത്തിയതു മുതൽ കഴിഞ്ഞ ദിവസങ്ങളിൽ വരെ പൊതുചടങ്ങുകളിലോ ഷൂട്ടിങ് സൈറ്റുകളിലോ എത്തുമ്പോൾ അഞ്ജു അരവിന്ദ് കേൾക്കുന്ന സ്ഥിരം ചോദ്യങ്ങളാണിവ. അഭിനയരംഗത്ത് 26 വർഷം പിന്നിട്ടിട്ടും ആ ചോദ്യങ്ങൾ തുടരുന്നെന്നും അതു കേവലമൊരു തെറ്റിദ്ധാരണയാണെന്നും വ്യക്തമാക്കുകയാണ് അഭിനേത്രിയും നർത്തകിയും വ്ലോഗറുമായ അഞ്ജു അരവിന്ദ്. ഒപ്പം തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളെപ്പറ്റിയും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുന്നു.

തുടക്കം മുതൽ കേൾക്കുന്ന ഗോസിപ്പ്; ഇന്നും തുടരുന്നു

അഭിനയത്തിന്റെ തുടക്കം മുതൽ ഇപ്പോൾ വരെ സ്ഥിരം കേൾക്കുന്നൊരു ഗോസിപ്പാണ് അഞ്ജു അരവിന്ദ് അഭിനയം നിർത്തിയെന്നുള്ളത്. വീണ്ടും അഭിനയിക്കാൻ തുടങ്ങിയോ? ഏതു ലൊക്കേഷനിൽ ചെന്നാലും ഞാൻ സ്ഥിരം കേൾക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ആ തെറ്റിദ്ധാരണ മാറണമെന്ന് ആഗ്രഹമുണ്ട്. കാരണം ഞാനിതുവരെ അഭിനയം നിർത്തിയിട്ടില്ല. നല്ല വേഷങ്ങൾ ലഭിക്കാത്തതിൽ വിഷമമേയുള്ളൂ. അഭിനയിക്കുന്ന സിനിമയുടെ എണ്ണം കൂട്ടാനായി, തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യാറില്ല. വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതുകൊണ്ട് മാത്രമാണ് അഭിനയത്തിൽ ഇടവേള വരുന്നത്. അഭിനേതാവ് എന്ന നിലയിൽ നമ്മളെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങൾ വന്നാലല്ലേ കാര്യമുള്ളൂ. അത്തരം കഥാപാത്രങ്ങൾ തേടിയെത്താഞ്ഞതുകൊണ്ടാണ് അഭിനയജീവിതത്തിൽ ചെറുതല്ലാത്ത ഇടവേള വന്നത്. അല്ലാതെ അഭിനയം നിർത്തിയതുകൊണ്ടല്ല.

പ്രോജക്ടുകൾ ലോക്ഡൗണിനു മുൻപും ശേഷവും 

ലോക്ഡൗണിനു മുൻപ് അവസാനമായി ചെയ്തത് ഷെജു അന്തിക്കാട് സംവിധാനം ചെയ്ത ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന ചിത്രമാണ്. അതിന് 2020 ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങളിൽ മൂന്നെണ്ണം ലഭിച്ചിരുന്നു. അത്രയും നല്ലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ലോക്ഡൗണിനുശേഷം ‘ഒറ്റയാൻ’ എന്നൊരു ചിത്രം ചെയ്തിരുന്നു. അതിൽ ദേവൻ, നീന കുറുപ്പ് തുടങ്ങിയവർക്കൊപ്പം നല്ലൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞു. അതിനുശേഷമാണ് ‘മരതകം’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ചിത്രമാണ് മരതകം. അൻസാജ് ഗോപി എന്ന പുതുമുഖമാണ് സംവിധായകൻ. ജഗദീഷ്, ഷാജോൺ, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ,സനുഷ, ടി.ജി രവി, അനീഷ്, ബൈജു എഴുപുന്ന തുടങ്ങിയ വലിയൊരു താരനിരതന്നെ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിൽ ജഗദീഷേട്ടന്റെ കഥാപാത്രത്തിന്റെ ഭാര്യയെയാണ് ഞാൻ അവതരിപ്പിക്കുന്നത്. 

Marathakam

മരതകം എനിക്ക് ലഭിച്ച അപ്രതീക്ഷിത സമ്മാനം

കരിയറിൽ ഒരു ഇടവേളയ്ക്കു ശേഷം കിട്ടിയ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണിത്. എന്നിൽനിന്ന് ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒന്ന്. വളരെ അപ്രതീക്ഷിതമായി എന്നെത്തേടിയെത്തിയതാണത്. ഇത് ഒരു മാറ്റത്തിനു കാരണമാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനുവേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്. ഇപ്പോൾ കഥാപാത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ സാധിക്കില്ല. അതൊരു സസ്പെൻസാണ്.

ന്യൂജനറേഷൻ സൗഹൃദം ശരിക്കും ആസ്വദിച്ചു

ലൊക്കേഷനിൽ വന്ന ആദ്യ ദിവസം, ന്യൂജെൻ ടീമിനൊപ്പം എത്താൻ പറ്റുമോയെന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു. പക്ഷേ വളരെ ഹൃദ്യമായ സ്വീകരണമാണ് എനിക്കവിടെ ലഭിച്ചത്. 15 ദിവസത്തെ ഷൂട്ടിനായിട്ടായിരുന്നു ലൊക്കേഷനിലെത്തിയത്. പക്ഷേ 20, 22 ദിവസത്തെ ഷൂട്ടിനുശേഷം കഴിഞ്ഞ ദിവസം മടങ്ങിയത് ഒരുപാട് അടുപ്പമുള്ളവരെ പിരിയുമ്പോഴുള്ള സങ്കടത്തോടെയാണ്. അവസാനദിവസം കോളജിൽ നിന്ന് കൂട്ടുകാരെ പിരിയുമ്പോഴുള്ള സങ്കടമില്ലേ. അത്തരമൊരു അനുഭവമായിരുന്നു അത്. അത്രത്തോളം അടുപ്പം എല്ലാവരും തമ്മിലുണ്ടായിരുന്നു. പുതിയ തലമുറയിലെ കുട്ടികൾക്കൊപ്പം അഭിനയവും സൗഹൃദവും ആസ്വദിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ടെൻഷനോ സ്ട്രെസ്സോ ഇല്ലാത്ത അന്തരീക്ഷമായിരുന്നു അവിടെ. അവരുടെയൊപ്പം ജോലി ചെയ്യുമ്പോൾ നമ്മളും ഒരുപാട് കാര്യങ്ങൾ പഠിക്കും.

Anju Aravind, Sanusha
അഞ്ജു അരവിന്ദ്, സനുഷ

മാറ്റങ്ങളുണ്ട്, അന്നുമിന്നും

സിനിമ ഒരുപാട് മാറിയിട്ടുണ്ട്. തൊണ്ണൂറുകളിൽ സിനിമയിൽ അഭിനയിക്കുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. ആദ്യത്തെ ടേക്കിലൊക്കെ ഓക്കെയാക്കാൻ റിഹേഴ്സിലൊക്കെ നടത്തിയിട്ടാകും ടേക്കിലേക്ക് പോകുന്നത്. ഫിലിം വേസ്റ്റായി പോകുന്നതിനെക്കുറിച്ച് പ്രൊഡ്യൂസേഴ്സിന് ടെൻഷനുണ്ടാകും. ഇപ്പോൾ റിഹേഴ്സിൽ ഇല്ല, നേരിട്ട് ടേക്ക് പോവുകയാണ് ചെയ്യുന്നത്. എല്ലാവരും എക്സ്പീരിയൻസ്ഡ് ആളുകളായതുകൊണ്ട്  റിഹേഴ്സലിന്റെ ആവശ്യം വരുന്നില്ല. സിനിമയുടെ സാങ്കേതിക കാര്യങ്ങളിലും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. 

ആ പ്രതികരണങ്ങളാണ് ഊർജ്ജം

ഷൂട്ടിങ്ങും ഓൺലൈൻ ഡാൻസ് ക്ലാസും യുട്യൂബ് ചാനലുമൊക്കെയായി ബിസിയാണ് ജീവിതം. ലോക്ഡൗൺ മാറിയെങ്കിലും ബെംഗളൂരുവിലെ അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ് സ്കൂളിലെ നൃത്തക്ലാസുകൾ ഓഫ്‌ലൈനാക്കിയിട്ടില്ല. യുഎസ്, കാനഡ, മിഡിൽ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള നിരവധി കുട്ടികൾ അവിടെ ഓൺലൈനായി നൃത്തം പഠിക്കുന്നതിനാൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിച്ചാലും ഓൺലൈൻ ക്ലാസുകൾ തുടർന്നുകൊണ്ടു പോകുവാൻ തന്നെയാണ് തീരുമാനം. നൃത്തത്തെ സ്നേഹിക്കുന്നവർക്കായി ആഗോള തലത്തിൽ ഓൺലൈനിലൂടെ നൃത്തപരിശീലനം നൽകാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ക്ലാസുകൾ ഓൺലൈനായതിനാൽ ലൊക്കേഷനിലും ഷൂട്ടില്ലാത്ത സമയങ്ങളിൽ ഡാൻസ് ക്ലാസ് മുടക്കം വരുത്താതെ കൊണ്ടുപോകുന്നുണ്ട്. യുട്യൂബ് ചാനലും നല്ല രീതിയിൽത്തന്നെ മുന്നോട്ടു പോകുന്നു. പുതിയ വിഭവങ്ങൾ പരീക്ഷിക്കാനിഷ്ടമാണ്. ആ ഇഷ്ടവും വളരെയെളുപ്പത്തിൽ അവ തയാറാക്കുന്നതെങ്ങനെയാണെന്ന് ഭക്ഷണപ്രേമികൾക്ക് പരിചയപ്പെടുത്താനുമായാണ് ഞാൻ ഫുഡ്ഡി ബഡ്ഡിയെന്ന യുട്യൂബ് ചാനൽ തുടങ്ങിയത്. എനിക്ക് ഇഷ്ടമുള്ള മറ്റു കാര്യങ്ങളും അതിലൂടെ പങ്കുവയ്ക്കാറുണ്ട്. ട്രാവൽ വ്ലോഗ് പോലെയുള്ള കാര്യങ്ങൾ അങ്ങനെ ചെയ്തതാണ്. വ്യത്യസ്തമായ കാര്യങ്ങൾ തോന്നുമ്പോൾ അത് പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള ഒരു വേദിയായാണ് ഞാൻ ഫുഡ്ഡി ബഡ്ഡിയെ കാണുന്നത്. ഗവിയെക്കുറിച്ചുള്ള ഒരു ട്രാവൽ വ്ലോഗാണ് അടുത്തിടെ ഫുഡ്ഡി ബഡ്ഡിയിൽ പങ്കുവച്ചത്. നല്ല ഒരുപാട് പ്രതികരണങ്ങൾ കിട്ടി. ആ യാത്രയുടെ രണ്ടാം ഭാഗം ഉടനെത്തും.

Anju Aravind
അഞ്ജു അരവിന്ദ്

ഒരു ജീവിതം, പല റോളുകൾ, സന്തോഷത്തോടെയിരിക്കാനാണ് ശ്രമിക്കുന്നത്

നൃത്ത അക്കാദമിയെ ബാധിക്കാത്ത രീതിയിൽ എനിക്ക് യോജിച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും ചെയ്യും. 1995 ൽ തുടങ്ങിയ അഭിനയ ജീവിതം ഞാൻ ഇപ്പോഴും തുടരുന്നുണ്ട്. ഇടയ്ക്ക് മൂന്നാലു വർഷത്തെ ചെറിയ ഇടവേള വന്നുവെന്നതൊഴിച്ചാൽ ഞാനൊരിക്കലും അഭിനയം അവസാനിപ്പിച്ചിട്ടില്ല. അത്രയും പ്രധാനപ്പെട്ടതെന്നു തോന്നുന്ന കഥാപാത്രങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് മൂന്നാലു വർഷം മിനിസ്ക്രീനിൽനിന്ന് ഇടവേളയെടുത്തത്. വിശ്വാസ്യതയുടെ പ്രശ്നം കൂടി കണക്കിലെടുത്താണ് മിനിസ്ക്രീനിൽ കൂടുതൽ വർക്കുകൾ കമ്മിറ്റ് ചെയ്യാതിരുന്നത്. സിനിമയിൽ ഇടയ്ക്ക് ബ്രേക്കെടുക്കുന്നുണ്ടെങ്കിലും നല്ല കഥാപാത്രങ്ങളിലൂടെ തിരിച്ചു വരാറുമുണ്ട്. നൃത്ത പഠനം പോലെയുള്ള വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടിയാണ് ഇടവേളയെടുത്തിരുന്നത്. ഒരേ സമയം നൃത്തവിദ്യാർഥിനിയായും ഗുരുവായും അഭിനേത്രിയായും വ്ലോഗറായുമെല്ലാം ജീവിക്കാൻ സാധിക്കുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം. പല കാര്യങ്ങളിൽ മുഴുകി മനസ്സിനെ എപ്പോഴും എൻഗേജ് ചെയ്യിക്കണം. സമ്മർദമോ സങ്കടങ്ങളോ മനസ്സിനെ ബാധിക്കാതെ എപ്പോഴും സന്തോഷമായിട്ടിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ജീവിതം ഒന്നല്ലേയുള്ളൂ, മാക്സിമം നല്ല കാര്യങ്ങൾ ചെയ്ത് സന്തോഷത്തോടെ മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്.

Content Summary : South Indian Actress Anju Aravind Talks About Her Life And New Projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com