ADVERTISEMENT

പറ്റില്ല എന്നൊരു വാക്കിന്റെ പേരിൽ പെൺകുട്ടികളെ ചുട്ടുകൊല്ലാനോ കുത്തിക്കൊല്ലാനോ മടിയില്ലാത്ത തലമുറയുടെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്ന കാലമാണ്. സൗഹൃദത്തിലും പ്രണയത്തിലും നോ പറയേണ്ട  സന്ദർഭങ്ങൾ ഉണ്ടാകുന്നത്  വളരെ സാധാരണമാണ്. ബന്ധം ഇനി ഒരുതരത്തിലും മുന്നോട്ടു പോവില്ലെന്നു കണ്ടാൽ ധൈര്യമായി നോ പറയാം. വേർപിരിയൽ സ്വാഭാവികമായും വേദനാജനകമാണ്. പരസ്പരം ആഴത്തിലുള്ള മുറിവുണ്ടാക്കാതെ, ചെളിവാരിയെറിയാതെ മാന്യമായി പിരിയാം, ശാന്തമായൊഴുകുന്ന പുഴപോലെ.

 

∙ പ്രണയമെന്നാൽ നീ മാത്രമെന്ന് കരുതി, പക്ഷേ...

 

ആദ്യകാഴ്ചയിൽ പ്രണയബദ്ധരായവർ അല്ലെങ്കിൽ സൗഹൃദത്തിലായവർ വളരെ അടുത്തിടപഴകിക്കഴിഞ്ഞാകും പരസ്പരം ഒട്ടും യോജിച്ചു പോകാൻ കഴിയാത്ത സ്വഭാവമാണെന്ന് തിരിച്ചറിയുന്നത്. ഇത്രനാളും അടുത്തു പെരുമാറിയ ബന്ധം മറന്ന് മറ്റുള്ളവരോട് കുറ്റം പറഞ്ഞു നടക്കാതെ പരസ്പരം പിരിയാം. പെരുമാറ്റത്തിൽ ഒട്ടും തന്നെ ചേർച്ചയില്ലാത്തതിനാൽ വഴക്കിട്ട് പിരിയുന്നതിനേക്കാൾ നല്ലത് പിരിയുന്നതാണെന്ന് തുറന്നു പറഞ്ഞുകൊണ്ടു തന്നെ ആ പ്രണയം അല്ലെങ്കിൽ സൗഹൃദം അവസാനിപ്പിക്കാം. ഈ ബന്ധം ഇനി തുടരാൻ പറ്റില്ല എന്നു തന്നെ പറയാം.

 

∙ കാരണം പറഞ്ഞുകൊണ്ടു തന്നെ ബന്ധം അവസാനിപ്പിക്കാം

 

ചിലയാളുകളുണ്ട്, ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുനാൾ പ്രണയത്തിൽനിന്നും സൗഹൃദത്തിൽനിന്നും ഇറങ്ങിപ്പൊയ്ക്കളയും. അപ്പുറത്തു നിൽക്കുന്നയാളിന് അതു വലിയൊരു മാനസികാഘാതമായിരിക്കും നൽകുക. ഒരിക്കലും അങ്ങനെ ചെയ്യരുത്. തുടരാൻ സാധിക്കാത്തതിന്റെ കൃത്യമായ കാരണം പറഞ്ഞു മനസ്സിലാക്കിയ ശേഷം മാത്രം ബന്ധം അവസാനിപ്പിക്കുക. അത് സൗഹൃദമാകട്ടെ, പ്രണയമാകട്ടെ. പറ്റില്ല എന്നു പറയാൻ തന്റേടം മാത്രം പോരാ, മനസ്സും കൂടി വേണം.

 

∙ സ്വതന്ത്ര്യത്തിൽ അമിതമായി കൈകടത്തിയാൽ പറയാം നോ

 

ബന്ധം തുടങ്ങുമ്പോൾ പൂച്ചയെ പോലെ പതുങ്ങുകയും മാനസികമായുള്ള അടുപ്പം കൂടുമ്പോൾ അമിത സ്വാതന്ത്ര്യം കാട്ടുകയും ചെയ്താൽ നോ എന്ന വാക്ക് തെല്ലുറക്കെത്തന്നെ പറയാം. ഭരിക്കാൻ വരുന്നത് എനിക്കിഷ്ടമല്ല എന്ന് നിലപാടുകൾ കൊണ്ട് വ്യക്തമാക്കണം. ടോക്സിക് ആണെന്ന് തിരിച്ചറിഞ്ഞാൽ നോ പറയുന്നതിനൊപ്പം സമൂഹത്തിന്റെയും നിയമത്തിന്റെയും സഹായം കൂടി ഉറപ്പു വരുത്താം. അപ്പുറത്തു നിൽക്കുന്നത് അക്രമ സ്വഭാവം കാട്ടുന്നയാളാണെങ്കിൽ സ്വയരക്ഷയ്ക്ക് മുൻകരുതലെടുക്കാം.

 

∙ സാമൂഹിക ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന ബന്ധത്തിന് നോ പറയാം

 

ജോലിയെ, ദൈനംദിന ജീവിതത്തെ, പ്രിയപ്പെട്ട ആളുകളെ ഒക്കെ ബാധിക്കുന്ന തരത്തിലുള്ള ബന്ധങ്ങളിൽനിന്ന് വേഗം രക്ഷപ്പെടാൻ ശ്രമിക്കണം. ഒരു വ്യക്തിയെ തകർക്കാൻ പോന്ന മാനസിക സമ്മർദ്ദം ആ ബന്ധം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിനോട് നോ പറയാൻ ഒരു മടിയും വിചാരിക്കേണ്ട കാര്യമില്ല. സന്തോഷമെന്നത് ആ ഒരാൾ മാത്രമല്ല എന്ന് കൃത്യമായി അയാളെ പറഞ്ഞ് ബോധ്യപ്പെടുത്തണം.

 

∙ ബന്ധം വൺവേ ആണെങ്കിൽ പണ്ടേക്കു പണ്ടേ നോ പറയാം

 

പ്രണയം, സൗഹൃദം എന്തുമായിക്കൊള്ളട്ടെ എപ്പോഴും ഒരാൾ തന്നെ സമ്മാനങ്ങൾ നൽകുന്ന, വിട്ടുവീഴ്ച ചെയ്യുന്ന തരത്തിലാണ് ആ ബന്ധം തുടരുന്നതെങ്കിൽ അതിനോട് നോ പറയാൻ കാലതാമസം വരുത്തേണ്ടതില്ല. സ്നേഹം പരസ്പരം കൊണ്ടും കൊടുത്തും അനുഭവിക്കാനുള്ള വികാരമാണ്. അതിൽ എന്നും ഒരാൾ തന്നെ വിട്ടുവീഴ്ച ചെയ്യേണ്ട കാര്യമില്ല.

 

∙ നിങ്ങളായി തുടരാൻ അനുവദിക്കുന്നില്ലെങ്കിൽ

 

നിങ്ങളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സം വരുന്ന രീതിയിൽ, നിങ്ങളെ നിങ്ങളായി അംഗീകരിക്കാൻ അനുവദിക്കാത്ത രീതിയിൽ പെരുമാറുന്ന ആളുകളുമായുള്ള ബന്ധത്തോട് നോ പറയാം.

 

∙ ഇടിച്ചു താഴ്ത്തി സംസാരിക്കുന്നവരോട്

 

നിങ്ങൾക്ക് എന്തൊക്കെ മേന്മകളുണ്ടെങ്കിലും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ, പോരായ്മകളെക്കുറിച്ച് മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കുന്ന സുഹൃത്തുക്കളോ പ്രണയിതാക്കളോ ഉണ്ടെങ്കിൽ അവരോട് നോ പറയാം. കഴിവുകളെ അംഗീകരിക്കുന്ന കുറവുകളെ പരിഹസിക്കാത്ത ആളുകളെ ഒപ്പം കൂട്ടാം.

 

Content Summary : How To Say No In A Relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com