എൺപതിലും റൊമാന്റിക്; വൊഡാഫോൺ കപ്പിൾസ് ഇപ്പോഴും ന്യൂജെൻ

HIGHLIGHTS
  • കാളിദാസ് സമ്മാനമികവിൽ ധനഞ്ജയൻസ് നർത്തക ദമ്പതികൾ
Santha Dhananjayan, VP Dhananjayan
ശാന്ത ധനഞ്ജയൻ, വി.പി. ധനഞ്ജയൻ
SHARE

എൺപതു പിന്നിട്ട ദമ്പതികൾ അവരുടെ സെക്കൻഡ് ഹണിമൂൺ ആഘോഷിക്കാൻ ഗോവയിലെത്തിയതിന്റെ വിശേഷങ്ങൾ അവതരിപ്പിച്ച വൊഡാഫോൺ പരസ്യത്തിലൂടെയാണ് വി.പി. ധനഞ്ജയനും ശാന്തയും ചെറുപ്പക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ ഇവർ വെറും പരസ്യതാരങ്ങൾ മാത്രമല്ല; നൃത്തലോകത്തെ വേറിട്ട സംഭാവനകൾക്ക് 2009ൽ രാജ്യം  പത്മഭൂഷൺ വരെ നൽകി ആദരിച്ച പ്രതിഭാധനരാണ്. മലയാളികളായ ഈ ദമ്പതികൾ വീണ്ടും വാർത്തകളിൽ നിറയുന്നത് നൃത്തലോകത്തെ അഭിമാനനേട്ടമായ കാളിദാസ് സമ്മാന് അർഹരായിക്കൊണ്ടാണ്. ചെന്നൈയിൽ ഭരത കലാഞ്ജലി നൃത്ത വിദ്യാലയം നടത്തി ഇപ്പോഴും നൃത്തലോകത്ത് ചുവടുകൾ തുടരുന്ന ഈ ദമ്പതികൾക്കു പറയാൻ പതിറ്റാണ്ടുകൾ നീണ്ടൊരു പ്രണയകഥകൂടിയുണ്ട്. ഏഴുപതിറ്റാണ്ടിന്റെ തലയെടുപ്പുള്ള ഇവരുടെ നൃത്തസപര്യ ഇരുവരുടെയും പ്രണയത്തിന്റെകൂടി തുടർക്കഥയാണ്. 

ഹോട്ട് കപ്പിൾസ്

ഐപിഎലിനുവേണ്ടിയുള്ള ഹൈസ്പീഡ് പരസ്യത്തിലൂടെയാണ് ഇവർ നമ്മുടെ സ്വീകരണമുറിയിലെ അതിഥികളായെത്തിയത്. 2017ൽ വൊഡാഫോണിനുവേണ്ടി ചെയ്ത പരസ്യത്തിൽ ‘ഹോട്ട് കപ്പിൾസായി’ വേഷമിട്ട ധനഞ്ജയൻസ് കാലത്തിനൊപ്പം ന്യൂജെൻ ആയി മാറിക്കൊണ്ടിരിക്കുന്ന ദമ്പതികളാണ്. വിഡിയോ കോളിലൂടെയും ഫെയ്സ്ബുക്ക് ലൈവിലൂടെയും ഫോട്ടോ അപ്‌ലോഡിലൂടെയും കൊച്ചുമക്കളോടു യാത്രയുടെ രസങ്ങൾ പങ്കുവയ്ക്കുന്ന ഈ ഹൈടെക്ക് ദമ്പതികളുടെ ചുറുചുറുക്കും പ്രസരിപ്പും കാണുമ്പോൾ ആരും മോഹിച്ചുപോകും അതുപോലൊരു വാർധക്യത്തിനു വേണ്ടി. എന്നാൽ കേട്ടോളൂ, വി.പി. ധനഞ്ജയനും ഭാര്യ ശാന്താ ധനഞ്ജയനും പരസ്യത്തിൽ ദമ്പതികളായി അഭിനയിക്കുകയല്ല, ജീവിക്കുക തന്നെയാണ്. പരസ്യം ചുരുങ്ങിയ ദിവസങ്ങൾക്കകം ടിവിയിലും സോഷ്യൽ മീഡിയയിലും സൂപ്പ‍ർഹിറ്റായി മാറി. പാരാസെയിലിങ് നടത്തിയും ഡാൻസ് പാർട്ടിയിൽ യോയോ സ്റ്റൈലിൽ ചുവടുവച്ചും വിശേഷങ്ങൾ ഫെയ്സ്ബുക്ക് ലൈവിൽ തൽസമയം അപ്‍ലോഡ് ചെയ്തും ന്യൂജൻ ദമ്പതികളായി സ്ക്രീനിലെത്തിയ ഇരുവരും യഥാർഥ ജീവിതത്തിലും അടിപൊളി തന്നെ. 

ടീനേജ് ലവ്

ധനഞ്ജയനും ശാന്തയും ജനിച്ചതും നൃത്തം അഭ്യസിച്ചതും പരസ്പരം പ്രണയിച്ചതും ഇവിടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നാണ്. നൃത്തത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഇവർ നർത്തകദമ്പതികൾ എന്നാണ് അറിയപ്പെടുന്നത്. കണ്ണൂരിലെ പയ്യന്നൂരിലാണ് ധനഞ്ജയന്റെ ജനനം. പ്രാരാബ്ധം നിറഞ്ഞ എട്ടു മക്കളിൽ ഒരാളായി ദുരിതപൂർണമായ കുട്ടിക്കാലം. കലാക്ഷേത്രയിലെ കഥകളി ഗുരു ചന്തു പണിക്കരുടെ കീഴിലായിരുന്നു ബാല്യകാല നൃത്തപഠനം. ഇന്ത്യയിലെ നൃത്ത പഠനത്തിന്റെ പ്രഥമ മേൽവിലാസമായ ചെന്നൈ കലാക്ഷേത്രയാണു ഇരുവരുടെയും പഠന കളരി.  ധനഞ്ജയൻ 13-ാം വയസ്സിലാണു അവിടെയെത്തുന്നത്. ശാന്ത എട്ടാം വയസ്സിലും. 

Santha Dhananjayan, VP Dhananjayan
ശാന്ത ധനഞ്ജയൻ, വി.പി. ധനഞ്ജയൻ

കഥകളിയിലും ഭരതനാട്യത്തിലും ബിരുദാനന്തര ബിരുദവുമായാണ് ധനഞ്ജയൻ കലാക്ഷേത്രയിലെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. കേരളത്തിൽനിന്നു മലേഷ്യയിലേക്കു കുടിയേറിയ മലയാളി കുടുംബാംഗമാണ് ശാന്ത. കുട്ടിക്കാലത്ത് ശാന്തയുടെ വാസന തിരിച്ചറിഞ്ഞ മാതാപിതാക്കൾ നൃത്തം പഠിക്കാനായി ശാന്തയെ നാട്ടിലെ കലാക്ഷേത്രയിലേക്കയച്ചു. കഥകളിയിലും ഭരതനാട്യത്തിലും ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ശാന്ത കലാക്ഷേത്രയിലെ പഠന കാലത്താണ് ധനഞ്ജയനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ആദ്യ കാഴ്ചയിൽ തന്നെ ശാന്ത, ധനഞ്ജയന്റെ മനസ്സിൽ കയറി. ഗുരു രുക്മിണി ദേവി അരുന്തലെയ്ക്കു കീഴിൽ അവർ ചുവടുവച്ചു. ഒട്ടേറെ ഭരതനാട്യ വേദികളിൽ രാമനും സീതയുമായി. പിന്നീട് ജീവിതത്തിന്റെ അരങ്ങിലും പരസ്പരം കൈചേർത്തുപിടിക്കാൻ തീരുമാനിച്ചു.

ഇടക്കാലത്ത് ശാന്തയ്ക്കു മലേഷ്യയിലേക്കു പോകേണ്ടിവന്നെങ്കിലും മടങ്ങിവരാതിരിക്കാനാവുന്നതെങ്ങനെ നാട്ടിലേക്ക്! പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ ആ പ്രണയമാണ് ഇന്നും നൃത്തവേദികളിൽ താളലയസൗന്ദര്യത്തോടെ ധനഞ്ജയൻ ദമ്പതികളെ ചേർത്തുനിർത്തുന്നത്... 

ഡാൻസ് മാജിക്

നൃത്ത ലോകം ധനഞ്ജയൻസെന്ന് ആരാധനയോടെ വിളിക്കുന്ന ഈ ദമ്പതികളുടെ പരീക്ഷണങ്ങൾ ഭരതനാട്യ അരങ്ങുകളിലായിരുന്നു. മിത്തുകളിലും പുരാണങ്ങളിലും അധിഷ്ഠിതമായ ഭരതനാട്യത്തിനു അവർ സമകാലികതയുടെ ഊർജം പകരുകയായിരുന്നു. ചിട്ടവട്ടങ്ങളുടെ കെട്ടുപാടുകൾക്കുള്ളിൽനിന്നുതന്നെ അവർ കലയെ കൂടുതൽ ജനകീയമാക്കിമാറ്റി.  ആ പരീക്ഷണങ്ങളുടെയെല്ലാം ലബോറട്ടറി കൂടിയായിരുന്നു ഭരത കലാഞ്ജലി. പഠനത്തിനു ശേഷം ആദ്യം ഇരുവരും കലാക്ഷേത്രയിൽ തന്നെ അധ്യാപകരായെങ്കിലും പുതിയ ആശയങ്ങൾക്കൊരു വേദിയെന്ന ചിന്തയും സാമ്പത്തിക ബാധ്യതയും കലാക്ഷേത്രയ്ക്കപ്പുറത്തേയ്ക്കു ചിന്തിക്കാൻ ധനഞ്ജയനെ പ്രേരിപ്പിച്ചു. അങ്ങനെ, ഒന്നര പതിറ്റാണ്ടു നീണ്ട കലാക്ഷേത്ര ബന്ധം അവസാനിപ്പിച്ച് 1968-ലാണ് ധനഞ്ജയൻ ഭരതകലാഞ്ജലി തുടങ്ങിയത്.  രണ്ടു വർഷത്തിനു ശേഷം ശാന്തയും ഒപ്പം ചേർന്നു. ഒരു വിദ്യാർഥിയുമായി തുടങ്ങിയ സ്ഥാപനത്തിൽ ആദ്യ ചുവടുവച്ചവർ ഇന്നു ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. 

Santha Dhananjayan, VP Dhananjayan
ശാന്ത ധനഞ്ജയൻ, വി.പി. ധനഞ്ജയൻ

ജംഗിൾ ബുക്കുവരെ ഭരതനാട്യമാക്കി

1970-ലായിരുന്നു ഭരതകലാഞ്ജലിയുടെ ആദ്യ പരീക്ഷണച്ചുവട്. കശ്മീർ മുതൽ കന്യാകുമാരിവരെയുള്ള നാടോടി-ക്ലാസിക്കൽ നൃത്ത രൂപങ്ങൾ സമന്വയിപ്പിച്ചു നടത്തിയ ഐക്യഭാരതം നൃത്തപരിപാടി വൻ ഹിറ്റായി. മൂവായിരത്തിലധികം വേദികളിലാണ് ഇത് മുപ്പതു വർഷത്തിനിടെ അവതരിപ്പിച്ചത്. ലഹരി മരുന്നുപയോഗത്തിനെതിരായ നടത്തിയ ബോധവൽക്കരണ ശ്രമമായിരുന്നു ഇംഗ്ലണ്ടിൽ അവതരിപ്പിച്ച ‘ഘനശ്യാം’. ഇതോടെ ഇവർ ലോകമറിയുന്ന നർത്തകരായി. പണ്ഡിറ്റ് രവി ശങ്കറിനൊപ്പം ഇംഗ്ലണ്ടിലവതരിപ്പിച്ച ഈ ഷോ കൂടുതൽ നൃത്തവേദികൾ അവർക്കു സമ്മാനിച്ചു.  സംഗീത ലോകത്തെ കുലപതികളായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ബിർജു മഹാരാജ്, പണ്ഡിറ്റ് ശിവകുമാർ ശർമ എന്നിവർക്കൊപ്പം പാരീസിൽ അവതരിപ്പിച്ച നൃത്തപരിപാടി അതിലൊന്നുമാത്രം. റുഡ്യാർഡ് ക്ലിപ്പിങ്ങിന്റെ ജംഗിൾ ബുക്കിനു ഭരതനാട്യ ആവിഷ്കാരം നൽകിയത് നൃത്തരംഗത്തുതന്നെ വൻവിപ്ലവമായിരുന്നു. വിമർശനങ്ങളുണ്ടായെങ്കിലും വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണു ഇതിനു ലഭിച്ചത്. കുമാരനാശാന്റെ ‘കരുണ’, വള്ളത്തോളിന്റെ ‘മഗ്ദലന മറിയം’ എന്നിവയ്ക്കെല്ലാം ധനഞ്ജയൻ ദമ്പതികൾ  നൃത്താവിഷ്കാരമൊരുക്കി. ഇന്ത്യൻ വിനോദസഞ്ചാര വകുപ്പിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായതും  നാഴികക്കല്ലായി. അമേരിക്കയിൽ 25 വർഷത്തോളം നൃത്തപഠനത്തിനായി ഗുരുകുല സമ്പ്രദായത്തിലുള്ള അക്കാദമി നടത്തി. ഇങ്ങനെ നൃത്തലോകത്ത് ആരും ചുവടുവയ്ക്കാത്ത പരീക്ഷണവഴിയേ മുന്നേറുമ്പോഴും ധനഞ്ജയനും ശാന്തയും അവരുടെ കൈകൾ കോർത്തുതന്നെ പിടിക്കുന്നു. കാരണം പ്രണയമായിരിക്കണം അവർ ആസ്വദിക്കുന്ന ഏറ്റവും ലാസ്യസുന്ദരമായ നൃത്തം.. അതു തുടരുകതന്നെ ചെയ്യട്ടെ... 

Content Summary : Dhananjayans celebrate their life with love and Dance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA