പങ്കാളിയോട് വഴക്കിടുമ്പോൾ ക്രൂരമായ വാക്കുകൾ ഉപയോഗിക്കാറുണ്ടോ?; വെറുപ്പകറ്റി സ്നേഹിക്കാൻ പഠിക്കാം

HIGHLIGHTS
  • വഴക്കൊഴിവാക്കുമ്പോൾ ഒരു ഔദാര്യമാണ് ചെയ്യുന്നത് എന്ന് ചിന്തിക്കരുത്.
  • ഒരു പകലിനൊടുവിൽ പൊരുത്തപ്പെടാൻ പഠിക്കാം.
How Hurtful words damage relationship
Representative Image. Photo Credits : VGstockstudio / Shutterstock.com
SHARE

എത്രനിയന്ത്രിച്ചാലും മനസ്സിന്റെ പിടിവിട്ടു പോകുന്ന ചില സമയങ്ങളുണ്ട്. സമനില തെറ്റി നിൽക്കുന്ന സമയത്ത് ഒപ്പമുള്ളവരുമായി അഭിപ്രായ വ്യത്യാസവും ഉണ്ടായേക്കാം. അഭിപ്രായ വ്യത്യാസങ്ങൾ ആരോഗ്യപരമാവാൻ പ്രത്യേകം ശ്രദ്ധിക്കണം. ചിലർ പിടിവിട്ടു പോകുമ്പോൾ അപ്പുറത്തു നിൽക്കുന്ന ആളിനെ ക്രൂരമായ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാറുണ്ട്. വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയേറിയ സമയത്തുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ കാലമേറെയെടുക്കും. ചിലപ്പോൾ അത്തരം മുറിവുകൾ ഉണങ്ങാതെ മരണംവരെ നീണ്ടുവെന്നു വരാം. അതുകൊണ്ട് പരസ്പരം വെറുക്കാതെ സ്നേഹിക്കാനാണ് പഠിക്കേണ്ടത്.

ക്രൂരമായ വാക്കുകൾ ഉപയോഗിക്കും മുൻപ് മനസ്സിരുത്തി ചിന്തിക്കാം ഈ അഞ്ച് കാര്യങ്ങൾ

1. എന്തുകൊണ്ടാണ് മനസ്സിങ്ങനെ അസ്വസ്ഥമാകുന്നത്. അതിനൊരു കാരണം സൃഷ്ടിച്ചത് പങ്കാളിയാണോ?. പങ്കാളിയുടെ സ്വഭാവത്തിലെ ഏതു കാര്യമാണ് നിങ്ങൾക്കിഷ്ടപ്പെടാത്തത് എന്ന് അവലോകനം ചെയ്യുക. അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതിനുള്ള ഉത്തരവാദിത്തം ആർക്കാണെന്ന് തിരിച്ചറിയുക. എന്തുകൊണ്ട് അത്തരം ഒരു സാഹചര്യമുണ്ടായി എന്ന് തിരിച്ചറിയുകയും അത്തരം കാരണങ്ങളെ ഒഴിവാക്കാൻ മനപൂർവം ശ്രമിക്കുകയും ചെയ്യുക. മനസ്സിലെ അസ്വസ്ഥത മാറി പങ്കാളിയോടു ക്ഷമിക്കുവാൻ നിങ്ങൾക്കുകഴിയും.

2. വഴക്കൊഴിവാക്കുമ്പോൾ ഒരു ഔദാര്യമാണ് ചെയ്യുന്നത് എന്ന് ചിന്തിക്കരുത്. പരസ്പരം ക്ഷമിക്കുന്നത് അപ്പുറത്തു നിൽക്കുന്ന ആളുടെ മാത്രം നന്മയ്ക്കുവേണ്ടിയല്ല എന്ന സത്യം ആദ്യം തന്നെ മനസ്സിലാക്കാൻ ശ്രമിക്കണം. ബന്ധം ഉലയാതെ കാക്കാൻ മാത്രമല്ല സ്വന്തം മനസ്സമാധാനത്തിനും സന്തോഷത്തിനും കൂടിയാണ് അങ്ങനെ ചെയ്യുന്നതെന്ന് മനസ്സിനെ ബോധ്യപ്പെടുത്തിയാൽ പിന്നെ സ്വന്തം വികാരങ്ങളെ അവഗണിച്ചുവെന്ന തോന്നൽ നിങ്ങൾക്കുണ്ടാവില്ല.

3. ഏതുകാര്യമാണ് കൂടുതൽ അസ്വസ്ഥരാക്കുന്നതെന്ന് മനസ്സിലാക്കാം. പങ്കാളിയുടെ വ്യക്തിത്വമാണോ അതോ ഏതെങ്കിലും പ്രത്യേക സ്വഭാവമാണോ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുക. മറ്റൊരാളുടെ വ്യക്തിത്വത്തെ പൂർണ്ണമായും മാറ്റാൻ ആർക്കുമാവില്ല എന്ന കാര്യം ഓർമയിൽ വയ്ക്കുക. ഏതെങ്കിലും പ്രത്യേക പെരുമാറ്റമാണ് അസ്വസ്ഥതയുണ്ടാക്കുന്നതെങ്കിൽ ആ സ്വഭാവം പതുക്കെ മാറ്റിയെടുക്കാൻ അവർക്ക് സമയം കൊടുക്കാം. അവരെ അവരായിത്തന്നെ അംഗീകരിക്കാൻ ശ്രമിക്കാം. എന്തൊക്കെ കുറവുകളുണ്ടായാലും അത് സ്വന്തം പങ്കാളിയാണെന്ന കാര്യം മറക്കാതെ പെരുമാറാം.

4.  ഒരു പകലിനൊടുവിൽ പൊരുത്തപ്പെടാൻ പഠിക്കാം. ഏതെങ്കിലും കാരണവശാൽ വഴക്കുണ്ടായാൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ആ വഴക്ക് ഉറപ്പായും പറഞ്ഞു തീർക്കണം. ദേഷ്യവും വെറുപ്പും നിറഞ്ഞ മനസ്സോടെ ഒരിക്കലും ഉറങ്ങാൻ പോകരുത്. സംസാരിച്ചിട്ടും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നില്ലെങ്കിൽ അടുത്ത ദിവസം ഉണരുമ്പോഴെങ്കിലും പഴയ പക മനസ്സിൽ വയ്ക്കാതെ സാധാരണ പോലെ പെരുമാറാൻ ശ്രദ്ധിക്കണം. ഇത് വഴക്കവസാനിപ്പിക്കാൻ സഹായിക്കും.

5.  നെഗറ്റീവ് വികാരങ്ങൾ നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കൂവെന്ന് ഓർക്കാം. ദേഷ്യം, വെറുപ്പ്, വിഷമം തുടങ്ങിയ വികാരങ്ങൾ എപ്പോഴും നഷ്ടബോധമേയുണ്ടാക്കൂവെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാം. അത് ദാമ്പത്യബന്ധത്തിന്റെ താളം തെറ്റിക്കും. ഒരിക്കലും അങ്ങനെ സംഭവിക്കാനിട വരരുത്. നിങ്ങളുടെ വികാരങ്ങളെ സ്വയം നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയണം. അങ്ങനെയൊരു മാനസികാവസ്ഥയുണ്ടായാൽ വഴക്കുണ്ടാക്കിയ പങ്കാളിയോടു മാത്രമല്ല, നിങ്ങളെ പ്രകോപിപ്പിക്കാൻ വരുന്നവരോടു പോലും ക്ഷമിക്കാൻ നിങ്ങൾക്ക് സാധിക്കും.

Content Summary : How Hurtful words damage relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA