ADVERTISEMENT

ആലപ്പുഴ ജില്ലയിലെ നൂറനാട് ക്ഷേത്രത്തിലെ താളമേളത്തിനൊപ്പം ചുവടുവയ്ക്കുന്ന വിഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ ദേവുചന്ദനയെ മലയാളി മറന്നിട്ടുണ്ടാവില്ല. അന്ന് അമ്പരപ്പിക്കുന്ന ചുവടുകളുമായി ഏവരുടെയും മനം കവർന്ന ദേവുചന്ദനയ്ക്ക് ഇന്ന് തനിയെ ഒന്ന് എഴുന്നേൽക്കാൻ 2 പേരുടെയെങ്കിലും സഹായം വേണം. 10 ലക്ഷത്തിൽ ഒരാൾക്കു പിടിപെടുന്ന തലച്ചോറിനെ ബാധിക്കുന്ന ഫെബ്രൈൽ ഇൻഫെക്‌ഷൻ റിലേറ്റഡ് എപ്പിലെപ്സി സിൻഡ്രം എന്ന രോഗത്തോട് പോരാടുകയാണ് ഈ 9 വയസ്സുകാരി. ജീവിതത്തിന്റെ താളപ്പിഴയിൽ വിധി അവൾക്കായി കരുതിയത് വേദനകൾ മാത്രം. ആറ്റുനോറ്റു പിറന്ന അനിയത്തി ജനിച്ച് മണിക്കൂറുകൾക്കകം മരിച്ചുപോയി. ദേവുചന്ദനയ്ക്ക് രോഗം ബാധിച്ച് അധികം വൈകാതെ തന്നെ മകളുടെ രോഗാസ്ഥയിൽ മനം നൊന്ത് അച്ഛൻ ആശുപത്രി വളപ്പിൽ ആത്മഹത്യ ചെയ്തു. ഒടുവിൽ ഇപ്പോൾ ഏക ആശ്രയമായ അമ്മ രജിത തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ സ്വന്തം ജീവനുവേണ്ടി പോരാടുകയാണ്.

 

∙ രജിത പൊരുതി മകൾക്കായി

devu-chandana-2

 

രജിത പോരാടിയതത്രയും ചലനമറ്റ് കിടക്കയിലായ തന്റെ മകളെ ഒന്ന് എണീപ്പിച്ചു നിർത്താനായിരുന്നു. മകൾ തന്നെയൊന്നു കണ്ണുതുറന്നു നോക്കുന്നത് കാണാനായി കടം വാങ്ങിയും വിറ്റുപെറുക്കിയും ആ അമ്മ കാത്തിരുന്നു. എന്നാലിന്ന് നൂറനാട് എരുമക്കുഴി മീനത്തേതിൽ കിഴക്കേക്കരയിൽ ബി.ചന്ദ്രബാബുവിന്റെ ഭാര്യ രജിത എന്ന അമ്മ രോഗശയയിൽ പിടയുകയാണ്. ആഴ്ചകൾക്ക് മുൻപ് മകൾക്ക് മരുന്നുമായി ഓടുന്നതിനിടയിൽ തെന്നിവീണ് തലച്ചോറിന്റെ ഞാഡികൾ ചതഞ്ഞതാണ് രജിതയുടെ വില്ലനായത്. കഠിന വേദനയിൽ ആശുപത്രയിൽ പോയെങ്കിലും മകളെ നോക്കാൻ മറ്റാരുമില്ലാത്തതിനാൽ വേദന സഹിച്ചു കൂടെ നിന്നു. ഇതിനിടയിൽ ഇടയ്ക്കിടെ ബോധംമറിയുന്നതും ശ്വാസംമുട്ടും ക്ഷീണവും കാര്യമാക്കിയില്ല. പൂർണ അബോധാവസ്ഥയിലായ രജിതയെ കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ആകണമെന്നും ഓപ്പറേഷൻ വേണമെന്നുമെല്ലാം ഡോക്ടർമാർ പറഞ്ഞെങ്കിലും സാമ്പത്തിക ക്ലേശവും കൂടെ ആരും നിൽക്കാൻ ഇല്ലാത്തതിനാലും സ്വന്തം റിസ്കിൽ പോരുന്നു എന്ന് എഴുതിക്കൊടുത്ത് വീട്ടിലേക്ക് പോന്നു. ബോധം ഇനിയും നേരെയായിട്ടില്ല. ശ്വാസതടസ്സവും ഉണ്ട്. ഇടയ്ക്ക് ബോധം വരുമ്പോൾ മകളെ അന്വേഷിക്കുമെന്ന് രജിതയുടെ അമ്മ എസ്. ജയ പറയുന്നു.

 

∙ ജീവൻ നിലനിർത്താനായി പോരാടി ദേവുചന്ദന

 

കടുത്ത പനിയെ തുടർന്നാണ് 2020ൽ ദേവുവിനെ ആശുപത്രിയിലാക്കിയത്. പിന്നീട് അടൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവന്തപുരം എസ്എടിയിലേക്ക് മാറ്റി. നട്ടെല്ലിൽ നിന്നു ഫ്ലൂയിഡ് കുത്തിയെടുത്ത ശേഷം തിരികെ വിട്ടു. എന്നാൽ അന്നു രാത്രി രോഗം മൂർച്ഛിച്ച് രക്തം ഛർദിച്ചതോടെ അടുത്ത ദിവസം വീണ്ടും എസ്എടിയിൽ എത്തിക്കുകയായിരുന്നു. അപസ്മാരം ബാധിച്ച് അർധബോധാവസ്ഥയിൽ എത്തിയ കുട്ടിയുടെ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലാക്കി. അന്ന് കുട്ടിയുടെ നില അറിയിച്ചപ്പോൾ അച്ഛൻ ചന്ദ്രബാബു കടുത്ത ദു:ഖത്തിലായിരുന്നെന്നു ഡോക്ടർമാർ പറയുന്നു. തുടർന്നാണ് ആശുപത്രിയുടെ പിന്നിലെ മരത്തിൽ ജീവനൊടുക്കിയ നിലയിൽ ചന്ദ്രബാബുവിനെ കണ്ടെത്തുന്നത്.

യഥാർഥ രോഗം കണ്ടെത്തുന്നതിനായി നട്ടെല്ലിൽ നിന്നു സ്രവം എടുത്ത് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചുവെങ്കിലും തലച്ചോറിലെ കോശങ്ങൾ നശിക്കുന്ന ആസുഖം മൂർച്ഛിതോടെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. തുടർന്നാണ് ഫെബ്രൈൽ ഇൻഫെക്‌ഷൻ റിലേറ്റഡ് എപ്പിലെപ്സി സിൻഡ്രം എന്ന രോഗമാണെന്നു തിരിച്ചറിയുന്നത്. ഏറെ നാൾ വെന്റിലേറ്ററിൽ കിടത്തിയുള്ള ചികിത്സയ്ക്കു ശേഷം ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി കണ്ടതോടെയാണ് ഡിസ്ചാർജ് ചെയ്തത്. ദേവുചന്ദനയുടെ കണ്ണിന്റെ കാഴ്ചയും കേൾവിയും പൂർണമായും നഷ്ടപ്പെട്ടിരുന്നെങ്കിലും കേൾവി തിരികെക്കിട്ടി. നിലവിൽ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ചികിത്സയിലാണ് ദേവുചന്ദന. നിന്ന നിൽപിൽ തന്നെ ഓക്സിജൻ താഴുന്നതിനാൽ ദേവുചന്ദനയ്ക്കായി ഒരു ചെറിയ ആശുപത്രി തന്നെ വീട്ടിൽ ഒരുക്കിയിട്ടുണ്ട് രജിത. ഒരു മാസം 22000 രൂപയുടെ മരുന്നു വേണം. വയറുകീറി ട്യൂബ് ഇട്ടിരിക്കുകയാണ്. അതുവഴി ഭക്ഷണവും മരുന്നും നൽകും. ട്യൂബ് ഇട്ടയിടം ഇൻഫക്ഷൻ വന്ന് പഴുക്കുമ്പോൾ ആശുപത്രിയിലേക്ക് മാറണം. ‍കഴിഞ്ഞ വർഷം മാത്രം 15 ലക്ഷം രൂപ ചികിത്സക്കായി ചെലവായി.

 

രജിത കിടപ്പിലായതോടെ രജിതയുടെ അമ്മ എസ്. ജയയാണ് ചന്ദനയെ നോക്കുന്നത്. രജിതയുടെ പിതാവ് പി. രമേശൻ ഹോട്ടലുകളിൽ പണിയെടുത്ത് കിട്ടുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം. ‘അവൾടെ അച്ഛൻ ചെയ്തപോലെ എനിക്ക് ചെയ്യാൻ കഴിയില്ലല്ലോ.. വെന്റിലേറ്ററിൽ നിന്നു കിട്ടിയപ്പോൾ എല്ലും തോലുമായിരുന്നു അവൾ. അവിടുന്ന് ശരീരം വപ്പിച്ചെടുത്തത് ഞാനാണ്. എന്ത് ചെയ്തിട്ടാണെങ്കിലും എനിക്കെന്റെ കുഞ്ഞിനെ തിരിച്ചു വേണം. അവൾ മാത്രമേ എനിക്ക് സ്വന്തമായി ഉള്ളൂ.. തളർന്നാൽ താങ്ങാൻ ആരെങ്കിലും വേണ്ടേ.. എങ്കില്ലേ തളർച്ച അറിയൂ.. കണ്ണടയുന്നതിനു മുന്നേ മകളേ എണീപ്പിച്ചു നിർത്തണം. അടുത്തവർഷം എല്ലാം നടക്കും.’ ജീവിതത്തിന്റെ വീഥിയിൽ തനിച്ചായിപ്പോയവളുടെ സകല വേദനകളും പേറി 2 ആഴ്ച മുൻപ് വർഷാന്ത്യത്തിൽ രജിത മനോരമയോട് പറഞ്ഞു.

 

ഇവർക്കായി കാനറ ബാങ്ക് നൂറനാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

Account Number: 3015101009582.

J.R. RAJITHA

IFSC Code: CNRB0003015

Ph: 9526520463

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com