ADVERTISEMENT

പുരുഷനും സ്ത്രീയും പങ്കാളിയിൽനിന്ന് ആഗ്രഹിക്കുന്നത് വ്യത്യസ്തമായ കാര്യങ്ങളാകും. ചിലപ്പോൾ ഇതൊന്നും തുറന്നു പറയാൻ ഇരുവരും തയാറാകുകയില്ല. പരസ്പരം തിരിച്ചറിഞ്ഞാൽ മാത്രമേ പ്രണയവും ദാമ്പത്യവും നിലനിൽക്കുകയുള്ളൂ. 

തന്റെ പങ്കാളിയിൽനിന്നും പുരുഷൻ ആഗ്രഹിക്കുന്നത് എന്താവും? പ്രിയപ്പെട്ടവന്റെ ഹൃദയത്തോടു ചേർന്നു നിൽക്കാൻ, ഒരുമിച്ചുള്ള കാലം മുഴുക്കെ പ്രണയം നിറയ്ക്കാൻ സ്ത്രീ എന്താണു ചെയ്യേണ്ടത്. 

അഭിനന്ദനങ്ങൾ ലഭിക്കുകയെന്നത് ആഹ്‌ളാദമേകുന്ന കാര്യമാണ്. അത് തങ്ങൾക്കേറ്റവും പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ ആ സന്തോഷത്തിന് മധുരം അലപ്ം കൂടുതലായിരിക്കും. സ്ത്രീകളെപ്പോലെ പുരുഷന്മാരും പങ്കാളിയിൽ നിന്നുള്ള അഭിനന്ദനങ്ങളിൽ അതിയായി സന്തോഷിക്കുന്നവരാണ്. അതുകൊണ്ടു തന്നെ യാതൊരു മടിയും കൂടാതെ അവൻ ചെയ്ത, നല്ലതെന്നു തോന്നിയ കാര്യത്തെ മനസ്സറിഞ്ഞ് പ്രശംസിക്കൂ. ആ ദിനത്തെ അയാൾക്കേറ്റവും പ്രിയപ്പെട്ടതാക്കാൻ നിങ്ങളുടെ ആ വാക്കുകൾക്ക് കഴിയുമെന്നു തീർച്ച.

അവളെടുക്കുന്ന ഏതൊരു തീരുമാനത്തിലും തന്റെ കൂടി അഭിപ്രായം ആരായുന്നത് അവനെ സന്തോഷിപ്പിക്കും. നിസാരമെന്നു തോന്നുമെങ്കിലും വാങ്ങുന്ന വസ്ത്രത്തിന്റെ കാര്യമായിക്കൊള്ളട്ടെ, കരിയറിലെ സുപ്രധാന തീരുമാനമാകട്ടെ അവനോടൊന്നു ചോദിക്കൂ, ആ അഭിപ്രായം കേൾക്കൂ. പ്രിയപ്പെട്ടവനെ സന്തോഷിപ്പിക്കാൻ ഇതിലും മികച്ച മാർഗം വേറെന്താണുള്ളത്?

സംസാരം ബന്ധങ്ങളെ ദൃഢമാക്കുമെന്നതിൽ എതിരഭിപ്രായം ഉണ്ടാകാനിടയില്ല. ഒരു ദിവസത്തിലെ മുഴുവൻ വിശേഷങ്ങളും അവനോടു പങ്കുവയ്ക്കുമ്പോൾ ഓർക്കുക, നിങ്ങളോട് തിരിച്ചും പറയാനുണ്ടെന്ന്. ഉള്ളു തുറന്ന് പറയുമ്പോൾ ചെവി കൊടുത്തു കേൾക്കുക. നല്ലൊരു കേൾവിക്കാരിയാകുന്നതും അഭിപ്രായങ്ങൾ പറയുന്നതും അവനിൽ അടുപ്പം വളർത്തും, ആനന്ദം നിറയ്ക്കും. 

പുതിയ വസ്ത്രം ധരിക്കുമ്പോൾ, തലമുടിയിൽ പുതിയ ഹെയർ കട്ടുകൾ പരീക്ഷിക്കുമ്പോൾ, നെയിൽ പോളിഷ് മാറ്റുമ്പോൾ പ്രിയപ്പെട്ടവൻ അതൊന്നു ശ്രദ്ധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ വിരളമാണ്. നന്നായിരിക്കുന്നു എന്നവൻ അഭിപ്രായപ്പെടുക കൂടി ചെയ്താൽ അതിരില്ലാത്ത ആനന്ദത്തിലാകും അവൾ. താൻ ചെയ്യുന്നതെല്ലാം അവൻ ശ്രദ്ധിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നതു പോലെ തന്റെ താൽപര്യങ്ങളെ അറിഞ്ഞ് അവളുമൊന്നു സംസാരിച്ചിരുന്നുവെങ്കിലെന്ന് അവന്റെ മനസ്സിലുമുണ്ട്. അവനിഷ്ടപ്പെടുന്ന വിഷയത്തെ കുറിച്ച്, അതിപ്പോൾ ഇഷ്ട ഗെയിമിനെക്കുറിച്ചായാലും വാഹനങ്ങളെക്കുറിച്ചായാലും രാഷ്ട്രീയത്തെക്കുറിച്ചായാലും കേൾക്കാൻ അയാൾ ആഗ്രഹിക്കുന്നു.

ജന്മദിനങ്ങൾക്കോ വിവാഹവാര്‍ഷികത്തിനോ അതുമല്ലെങ്കിൽ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുമ്പോഴോ സർപ്രൈസ് സമ്മാനങ്ങള്‍ നല്‍കാം. അയാൾക്കും അതേറെ ഹൃദ്യമായ അനുഭവമായിരിക്കും. 

ചില സമയങ്ങളിൽ തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന പുരുഷന്മാരുണ്ട്. എത്ര ഊഷ്‌മളമായ ബന്ധമാണെങ്കിലും തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ അതിനനുവദിക്കുന്നതാണ് ഉത്തമം. തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചത് കൊണ്ടാണോ മിണ്ടാതിരിക്കുന്നതെന്നു ചോദിച്ച് ശുണ്ഠിപിടിപ്പിക്കാതെ കുറച്ചു സമയം അവനു മാത്രമായി നൽകൂ. അല്പസമയത്തിനു  ശേഷം പഴയതിലും ഉണർവോടെ അയാൾ നിങ്ങൾക്കരികിലേക്കെത്തും.

ഇടയ്ക്കൊന്നു സുഹൃത്തുക്കൾക്കൊപ്പം കൂടുന്നത് അവരിൽ ഉത്സാഹം നിറയ്ക്കും. വിലക്കുകളില്ലാതെ, ഇത്തരം കൂടിച്ചേരലുകൾക്കു അവസരങ്ങൾ ഒരുക്കൂ, നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും അവനിൽ വർധിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.

പ്രിയപ്പെട്ടവനിൽ നീരസമുണ്ടാകുമെന്നു കരുതി താല്പര്യമില്ലാത്ത കാര്യങ്ങൾ സമ്മതിക്കുന്നത് ഗുണകരമല്ല. വിസമ്മതമുണ്ടെങ്കിൽ തുറന്നു പറയുന്നത് തന്നെയാണ് ഉത്തമം. അല്ലാത്ത പക്ഷം നിങ്ങളിലുണ്ടാകുന്ന താൽപര്യമില്ലായ്മകൾ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്താനേ ഉപകരിക്കൂ. 

പങ്കാളിയുടെ നല്ല സമയത്തു മാത്രമല്ല, മോശം സമയത്തും അവനൊപ്പം നിൽക്കുക. അയാളിൽ  വിശ്വസിച്ചുകൊണ്ട് നിങ്ങൾ സമ്മാനിക്കുന്ന ഒരു നോട്ടം മതിയാകും അയാളിൽ ആത്മവിശ്വാസം നിറയ്ക്കാനും പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു പോകാനും. ഒരിക്കലെങ്കിലും പ്രിയപ്പെട്ടവനോട് പറഞ്ഞു നോക്കൂ... തനിക്ക് ഈ ജീവിതത്തിൽ ലഭിച്ച മഹാഭാഗ്യവും ഏറ്റവും വലിയ അനുഗ്രഹവുമാണ് അവനെന്ന്. അയാളിലെ ആത്മവിശ്വാസം ആകാശത്തോളം ഉയരുന്നതും സന്തോഷത്തിനു അതിരുകളില്ലാതാകുന്നതും അനുഭവിച്ചറിയാൻ നിങ്ങൾക്കു കഴിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com