ADVERTISEMENT

‘മാംസനിബദ്ധമല്ല രാഗം’ എന്നാണ് കവിതയെങ്കിലും ആര്യയുടെയും നാദിർഷയുടെ പ്രണയകഥ നിറയെ മസിലാണ്. രണ്ടു മതത്തിൽപ്പെട്ടവർ വിവാഹിതരായപ്പോൾ വീട്ടുകാരും നാട്ടുകാരുമെല്ലാം നന്നായി മസിലു പിടിച്ചു. പക്ഷേ, അവർ തിരികെ മസിലു കാണിച്ചത് ബോഡി ബിൽഡിങ് മത്സരവേദികളിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മിസ് കൊല്ലം മത്സരത്തിൽ റണ്ണർ അപ്പായത് ആര്യ, മിസ്റ്റർ കൊല്ലം 65–70 സീനിയർ കാറ്റഗറിയിൽ ഒന്നാമനായി നാദിർഷ.

ചന്ദനത്തോപ്പ് കുന്നുംപുറത്തു വീട്ടിൽ എച്ച്.സലീമിന്റെയും എസ്.സീനത്തിന്റെയും മകൻ നാദിർഷ സലീമും പെരുമ്പുഴ ആര്യഭവനിൽ പരേതനായ വിക്രമൻപിള്ളയുടെയും ലതാകുമാരിയുടെയും മകൾ എൽ.ആര്യയും പ്രണയിച്ചു തുടങ്ങിയത് പ്ലസ് ടു പഠനകാലത്താണ്. നാദിർഷയുടെ ജൂനിയറായിരുന്നു ആര്യ. പ്രണയകഥ താമസിയാതെ വീട്ടുകാരും അറിഞ്ഞു. ഇരുവരുടെയും ഡിഗ്രി പഠനം രണ്ടിടത്തായി.

ഡിഗ്രി കഴിഞ്ഞപ്പോൾ ആര്യയ്ക്കു വിവാഹാലോചനകൾ വന്നു തുടങ്ങി. നാദിർഷ വീട്ടിലെത്തി ആര്യയുടെ അമ്മയോടു സംസാരിച്ചെങ്കിലും ബന്ധുക്കൾക്ക് കടുത്ത എതിർപ്പായിരുന്നു. നാദിർഷയെക്കുറിച്ച് രണ്ട് കണ്ടെത്തലുകളുമായി അവരിൽ ചിലരെത്തി. ഒന്ന്: ‘ആര്യയെ മതം മാറ്റലാണ് അവന്റെ ലക്ഷ്യം’. രണ്ട്: ‘ചെക്കൻ കഞ്ചാവാണ്’.രണ്ടും ആര്യയെ ചിരിപ്പിക്കാൻ പോന്നതായിരുന്നു. ഇന്നു വരെ പള്ളിയിൽ പോയിട്ടില്ലാത്തതിന് നാട്ടിൽ കുപ്രസിദ്ധനാണ് നാദിർഷ. സ്കൂൾ കാലം മുതൽ ബോഡി ബിൽഡിങ് മാത്രം സ്വപ്നത്തിലുള്ളതിനാൽ ഒരു സിഗരറ്റ് പോലും വലിച്ചു നോക്കിയിട്ടില്ല.

arya-nadirsha-1

2019 ജൂലൈ 17 കുണ്ടറയിലെ സബ് റജിസ്ട്രാർ ഓഫിസിൽ വച്ച് ആര്യയും നാദിർഷയും വിവാഹിതരായി. നാദിർഷയ്ക്കു പ്രായം 23, ആര്യയ്ക്ക് 21. നാദിർഷയുടെ ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. ഒരു മാസം കഴിഞ്ഞപ്പോൾ അവിടെ നിന്ന് ഇറങ്ങി. ആര്യക്കു മതം മാറിക്കൂടേയെന്ന് ബന്ധു ചോദിച്ചതാണ് നാദിർഷയെ ദേഷ്യം പിടിപ്പിച്ചത്. രണ്ടു മതത്തിൽ തുടർന്നു കൊണ്ടു തന്നെ ഒരുമിച്ചു ജീവിക്കുമെന്ന് വിവാഹത്തിനു മുൻപേ തീരുമാനിച്ചതായിരുന്നു അവർ. പിന്നീട് രണ്ടു വർഷത്തോളം വാടകവീട്ടിൽ. വീണ്ടു മതം മാറൽ ഉപദേശവുമായി വന്ന ചിലർക്ക് നാദിർഷയുടെ മസിലിന്റെ കരുത്ത് അനുഭവിച്ചറിയാനുമായി.

വിവാഹിതനാകുമ്പോൾ ഒരു ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായിരുന്നു നാദിർഷ. ശമ്പളമായി കിട്ടുന്ന 5,500 രൂപയായിരുന്നു രണ്ടു പേരുടെയും വരുമാനം. പിന്നീട് കടം വാങ്ങിയും ലോണെടുത്തും 20 ലക്ഷം രൂപ ചെലവിട്ട് കേരളപുരത്ത് ‘റോ ഫിറ്റ്നസ് സെന്റർ’ ഇരുവരും ചേർന്നു തുടങ്ങി. പതുക്കെ ഫിറ്റ്നസിനോട് ഇഷ്ടം തോന്നിത്തുടങ്ങിയപ്പോൾ ആര്യ, ട്രെയിനറാകാനുള്ള കോഴ്സിനു ചേർന്നു. സ്വന്തം ജിമ്മിൽ തന്നെ പരിശീലകയായി. ഒരു വർഷം നീണ്ട പരിശീലനത്തിനൊടുവിൽ ആദ്യ മത്സരത്തിൽ തന്നെ മിസ് കൊല്ലം റണ്ണറപ് നേട്ടം.

ഇപ്പോൾ ഇരുവരുടെയും വീടുകളിൽ പ്രശ്നങ്ങളൊക്കെ തീർന്നു. വീട്ടുകാർക്കിപ്പോൾ എന്നോടുള്ളതിനെക്കാൾ സ്നേഹം ആര്യയോടാണെന്ന് നാദിർഷ. ആര്യയുടെ അനുജത്തി ആരതി ചെന്നൈയിൽ പഠനത്തിനു പോയപ്പോൾ അമ്മ വീട്ടിൽ ഒറ്റയ്ക്കായതിനെ തുടർന്ന് നാദിർഷയും ആര്യയും അവിടേക്കു താമസം മാറ്റി. ആരതിയുടെ പഠനച്ചെലവുകളെല്ലാം മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്തു നിന്ന് വഹിക്കുന്നത് നാദിർഷയാണ്.

ഇപ്പോൾ രാവിലെ 4.30 ന് ഉണർന്ന് ഭക്ഷണം തയാറാക്കി ഇരുവരും ഒരുമിച്ച് ജിമ്മിലേക്കു പോകും. ആദ്യം സ്വയം പരിശീലനം. പിന്നെ മറ്റുള്ളവർക്കു ട്രെയിനിങ്. 9 മണിയോടെ വീട്ടിലേക്ക്. പിന്നെ വൈകിട്ട് 5 മുതൽ 9 വരെയും.

ജിമ്മിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്നുണ്ട്. ബാങ്ക് ലോൺ ഒഴികെയുള്ള കടങ്ങളെല്ലാം വീട്ടി. പക്ഷേ, ലഭിക്കുന്ന പണത്തിന്റെ മുക്കാൽ ഭാഗവും തങ്ങളുടെ ട്രെയിനിങ്ങിനും ഡയറ്റിനും വേണ്ടിയാണ് ഇവർ ചെലവഴിക്കുന്നത്.

arya-nadirsha-2

ദിവസം 40 മുട്ടയുടെ വെള്ള, ഒരു കിലോ ചിക്കൻ, പ്രോട്ടീൻ, വൈറ്റമിൻ ടാബ്‌ലെറ്റുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയടങ്ങുന്നതാണ് നാദിർഷയുടെ ഡയറ്റ്. ജങ്ക് ഫുഡുകളെല്ലാം ഒഴിവാക്കുമെന്നതൊഴിച്ചാൽ ആര്യ പ്രത്യേക ഡയറ്റുകളൊന്നും പിന്തുടരുന്നില്ല.

ഭാവിയെക്കുറിച്ച് കൃത്യമായ കണക്കുകൂട്ടലുകളുണ്ട് ഇവർക്ക്. ഒരു ദേശീയ തല മത്സരത്തിലെങ്കിലും പങ്കെടുക്കണം. അതിനു ശേഷം ഉപരിപഠനത്തിനായി യുകെയിലേക്കു പോകാനാണ് അര്യയുടെ പദ്ധതി. നാദിർഷയ്ക്കും അവിടെയൊരു ജോലി കണ്ടെത്തണം.

ഇത്രയും വർഷം പ്രണയിച്ചെങ്കിലും ഒരു പ്രണയദിനം പോലും ആഘോഷിക്കാനായില്ലെന്ന് ഇരുവരും പറയുന്നു. സാമ്പത്തികപ്രശ്നം തന്നെ കാരണം. ഇത്തവണ പ്രണയ ദിനത്തോടു ചേർന്ന് മിസ്റ്റർ കൊല്ലം, മിസ് കൊല്ലം മത്സരങ്ങളിലെ നേട്ടം കൂടി വന്ന സ്ഥിതിക്ക്, ഇന്നത്തെ ദിവസം തകർക്കാൻ തന്നെയാണ് തീരുമാനം–ഡംബലാണ് സത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com