മരണഭയമല്ല എന്നെ കീഴടക്കിയത്, മകൾ തനിച്ചായിപ്പോകുമല്ലോ എന്നതാണ്: അംബിക പിള്ള

hair-stylist-ambika-pillai-life-and-fight-against-breast-cancer
SHARE

ഡോക്ടറുടെ മുന്നിലിരിക്കുമ്പോൾ മുറിയിലെ എസിയുടെ തണുപ്പല്ല, ഭയമാണ് പൊതിയുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. പരിശോധനാഫലം നോക്കി ഡോക്ടർ ശാന്തമായി പറഞ്ഞു. ‘കാൻസറാണ്. സ്തനാർബുദം.’ ആ ഒറ്റ നിമിഷം കൊണ്ട് എന്റെ ലോകം കീഴ്മേൽ മറിഞ്ഞു. മരണത്തോടുള്ള ഭയമായിരുന്നില്ല എന്നെ കീഴടക്കിയത്. എന്റെ മകൾ തനിച്ചായിപ്പോകുമല്ലോ എന്നാണ് അപ്പോൾ ഓർത്തത്.

കോവിഡിനൊപ്പം മാറിയ ജീവിതം

കുറച്ചു കാലമായി സമാധാനപൂർണമായ ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ. കോവിഡ് വരുന്നതിന് തൊട്ടുമുൻപാണ് ‘അംബിക പിള്ള’ എന്ന പേരിൽ സൗന്ദര്യവർധക വസ്തുക്കൾ വിപണിയിൽ അവതരിപ്പിച്ചത്. ഓൺലൈനിലൂടെയായിരുന്നു വിൽപന. അടുത്തിടെ ഈ ഉൽപന്നങ്ങൾ കൊച്ചിയിലും തിരുവനന്തപുരത്തും ലുലു മാളിൽ നേരിട്ട് വിൽക്കാൻ തുടങ്ങി. ആ നേട്ടം ഊർജം പകർന്ന സമയത്താണ് കോവിഡിന്റെ വരവും എല്ലാം തകിടം മറിയുന്നതും. ലോക്‌ഡൗൺ കാലത്ത് മുഴുവൻ ബ്യൂട്ടി പാർലർ അടഞ്ഞു കിടന്നു. പിന്നീട് തുറക്കാൻ അനുമതി കിട്ടിയപ്പോഴും കോവിഡ് ഭീതികൊണ്ട് പാർലറിൽ പോകുന്നത് എനിക്ക് ഒഴിവാക്കേണ്ടി വന്നു. ഡൽഹിയിലും കൊച്ചിയിലും ഉണ്ടായിരുന്ന ബ്യൂട്ടി പാർലർ അടച്ചുപൂട്ടി.

സലോണുകളിൽ നിന്നുള്ള വരുമാനം ഇല്ലാതായതോടെ പ്രതിസന്ധികൾ തുടങ്ങി. തിരുവനന്തപുരത്തെ പാർലർ മാത്രമാണ് പ്രവർത്തിക്കുന്നത്. ആ പാർലർ എന്റെ കസിനും പാർട്നറുമായ ഗോവിന്ദ് ആണ് േനാക്കുന്നത്. മറ്റു പാർലറുകൾ അടച്ച ആ സമയത്ത് ഞാൻ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമെടുത്തു. ഇനി വിരമിക്കാമെന്ന്. പതിനേഴാമത്തെ വയസ്സിലായിരുന്നു എന്റെ വിവാഹം. ഇരുപത്തിരണ്ടാം വയസ്സിൽ അമ്മയായി. ഇരുപത്തിനാലാം വയസ്സിൽ വിവാഹമോചനം നേടി. സ്വന്തം വീട്ടിൽ എത്രകാലം വേണമെങ്കിലും എനിക്ക് കഴിയാമായിരുന്നു. കൊല്ലത്തെ വ്യവസായി ഗോപിനാഥൻ പിള്ളയുടെയും ശാന്ത പിള്ളയുടെയും മകളായ ഞാൻ പക്ഷേ, സ്വന്തം കാലിൽ നിൽക്കാനാണ് മോഹിച്ചത്. ബ്യൂട്ടീഷ്യനായി ജോലി നോക്കുന്നതിന് ഡൽഹിയിലെത്തുമ്പോൾ എന്റെ സ്വപ്നങ്ങളും രണ്ട് വയസ്സുള്ള കുഞ്ഞുമായിരുന്നു ഊർജം.

പരിചയമില്ലാത്ത നാട്, ഭാഷ അറിയില്ല. ജോലിയിൽ കയറിയ ആദ്യ ദിവസം തന്നെ മുടി വെട്ടാനറിയില്ല എന്ന് പറഞ്ഞ് എന്നെ പുറത്താക്കി. ഒട്ടും എളുപ്പമായിരുന്നില്ല കരിയറിന്റെ തുടക്കം. അതൊന്നും എന്നെ തളർത്തിയില്ല. എനിക്കെന്റെ കുഞ്ഞിനെ നോക്കണമായിരുന്നു. നമ്മൾ മാത്രം ആശ്രയമായുള്ള ഒരാൾക്ക് തണലൊരുക്കേണ്ടി വരുമ്പോഴാണ് ഏതൊരാളും ഏറ്റവും കഠിനാധ്വാനം ചെയ്യുക.

ഹെയർസ്റ്റൈലിസ്റ്റ്, മേക്കപ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായതോടെ കഷ്ടപ്പാടുകൾ മാറി. എല്ലാ വെല്ലുവിളികളെയും കഠിനാധ്വാനം കൊണ്ടാണ് അതിജീവിച്ചത്. ഇനി വിശ്രമിക്കാൻ സമയമായി എന്ന തോന്നലിലാണ് പാർലറുകൾ അടച്ചു പൂട്ടിയതും ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലിയിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതും. പക്ഷേ, ജീവിതത്തിൽ ഉടനീളം ഉണ്ടായ പ്രതിസന്ധികളൊന്നും ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പിന്നീടു വന്നത്.

കാൻസറിന്റെ വരവ്

കുറേ പണമുണ്ടാക്കുന്നതോ വലിയ വീടുകളും കാറുകളും വാങ്ങുന്നതോ ഒന്നുമല്ല ജീവിതത്തിൽ പ്രധാനം. മറിച്ച് ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്നു ഞാൻ വിശ്വസിച്ചിരുന്നു. അതുകൊണ്ടാകും എന്നെ എപ്പോഴും ഭ യപ്പെടുത്തിയിരുന്ന രോഗമാണ് കാൻസർ. എനിക്ക് ഈ രോഗത്തോടുള്ള പേടി കൊണ്ട് സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെ ഞാൻ പാലിച്ചിരുന്നു. സ്തനാർബുദം തിരിച്ചറിയാനുള്ള സ്വയംപരിശോധന നടത്തേണ്ടതെങ്ങനെയെന്ന് പഠിച്ച് കൃത്യമായി ചെയ്തിരുന്നു. 40 വയസ്സിന് ശേഷം എല്ലാ വർഷവും പാപ്സ്മിയർ (ഗർഭാശയഗളത്തിലെ കാൻസർ തിരിച്ചറിയാനുള്ള പരിശോധന), രണ്ട് വർഷത്തിെലാരിക്കൽ മാമോഗ്രാം (സ്തനാർബുദം തിരിച്ചറിയാനുള്ള പരിശോധന) ഇവ മുടങ്ങാതെ ചെയ്തു. ഇടയ്ക്ക് ഫുൾ ബോഡി ചെക്കപ് ചെയ്തു.

കോവിഡിന്റെ വരവിനു ശേഷം ഞാൻ വീട്ടിൽ നിന്നു പുറത്തേക്കിറങ്ങിയതേയില്ല. വല്ലപ്പോഴും അമ്മയെ കാണാൻ െകാല്ലത്തു മാത്രം േപാകും. ഹോസ്പിറ്റലിൽ പോയുള്ള പതിവ് പരിശോധനകളെല്ലാം മുടങ്ങി. ഒരു ദിവസം കിടന്നിട്ട് എഴുന്നേൽക്കുമ്പോൾ തലകറങ്ങുന്നതു പോലെ തോന്നി. അതിന് മുൻപ് ഇങ്ങനെ ഉണ്ടായിട്ടേയില്ല. ഞാൻ ഉടനെ പതിവായി കാണുന്ന ഫിസിഷ്യനെ വിളിച്ചു. ബിപി നിലയിലെ വ്യത്യാസം കൊണ്ടാകാം തലകറക്കം അനുഭവപ്പെടുന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്. വീട്ടിലെ ബിപി മോണിറ്ററിൽ പരിശോധിച്ചപ്പോൾ ഓരോ തവണ നോക്കുമ്പോഴും ബിപി നിലയിൽ വ്യത്യാസമുണ്ട്. ഇക്കാര്യം പറഞ്ഞപ്പോൾ ഡോക്ടർ നിർദേശിച്ച മരുന്നു രണ്ടു ദിവസം കഴിച്ചിട്ടും തലകറക്കം മാറിയില്ല. അതോടെ കുറേക്കാലമായി മുടങ്ങിയിരുന്ന ഫുൾ ചെക്കപ് ചെയ്യാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഇഎൻടി ഡോക്ടറെ കണ്ടപ്പോൾ വെർട്ടിഗോയാണ് തലകറക്കത്തിന്റെ കാരണമെന്നു കണ്ടെത്തി. ഡോക്ടർ പറഞ്ഞു തന്ന വ്യായാമം രണ്ട് ദിവസം ചെയ്തതോടെ തലകറക്കം മാറി. അതോടെ ടെസ്റ്റുകളുടെ കാര്യം മറന്നു.

ടെസ്റ്റുകളുടെ പരിശോധനാഫലം വന്നപ്പോൾ ആശുപത്രിയിൽ നിന്ന് വിളിച്ചു പറഞ്ഞതനുസരിച്ച് ഞാൻ ഡോക്ടറെ കണ്ടു. പരിശോധനാഫലം നോക്കി ഡോക്ടർ പറഞ്ഞു. ‘അംബിക... മാമോഗ്രാമിൽ ഒരു മുഴ കണ്ടെത്തിയിട്ടുണ്. ഇറ്റ് ലുക്സ് വെരി സസ്പിഷ്യസ്.’ ഞാൻ അമ്പരന്നു. ‘അപ്പോയ്ന്റ്മെന്റ് എടുത്ത് ഏതെങ്കിലും േഡാക്ടറെ കാണേണ്ടതുണ്ടോ?’ ഞാൻ ചോദിച്ചു. ‘അപ്പോയ്ന്റ്മെന്റ് ഞാനെടുത്ത് തരാം. ഉടനെ ഓങ്കോളജിസ്റ്റിനെ കാണണം.’ മനസ്സിൽ ആശങ്കകളുടെ കാർമേഘങ്ങൾ നിറഞ്ഞ ദിവസം. ഓങ്കോളജിസ്റ്റ് ബയോപ്സി പരിശോധന നടത്താൻ ഏർപ്പാട് ചെയ്തു. രണ്ടു ദിവസത്തിനകം റിസൽറ്റ് വന്നു. സ്തനാർബുദമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഒരു മുഖമേ എന്റെ മനസ്സിൽ തെളിഞ്ഞുള്ളൂ. കവിയുടേത്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മോൾക്ക് ആരുണ്ടാകും?.... അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA