ADVERTISEMENT

പൈറേറ്റ്സ് ഓഫ് ദ് കരീബിയനിൽ ക്യാപ്റ്റൻ ജാക്ക് സ്പാരോയെ അവതരിപ്പിച്ച് നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഉയർന്ന ഹോളിവുഡ് താരമാണ് ജോണി ഡെപ്പ്. ലോകത്തെ ഏറ്റവും പ്രശസ്തരും പ്രതിഫലം പറ്റുന്നവരുമായ നടന്മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം വരെ ഡെപ്പ് നേടിയിട്ടുണ്ട്. എന്നാല്‍ ഇന്നെല്ലാം മാറിമറഞ്ഞിരിക്കുന്നു. മുൻഭാര്യയും നടിയുമായ ആംബർ ഹേർഡുമായുള്ള നിയമപോരാട്ടത്തിന്റെ പേരിലാണ് ‍ഡെപ്പ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. താൻ ഗാര്‍ഹിക പീഡനം നേരിട്ടിരുന്നുവെന്ന് ആംബർ പത്രക്കുറിപ്പിലൂടെ ആരോപിച്ചത് തന്നെ അപകീർത്തിപ്പെടുത്തിയെന്നും സിനിമാ മേഖലയിലെ അവസരങ്ങൾ ഇല്ലാതാക്കിയെന്നുമാണ് ഡെപ്പ് വാദിക്കുന്നത്. ഇതിനു പരിഹാരമായി 50 ദശലക്ഷം ഡോളർ (ഏകദേശം 380 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. എന്തായാലും പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെയായി കോടതി രംഗങ്ങൾ സിനിമയെ വെല്ലുന്ന രീതിയിൽ മുന്നോട്ടു പോവുകയാണ്. 

എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു ജോണി ഡെപ്പ്. മദ്യപിച്ച് ലക്കുകെട്ട് പൊതുപരിപാടികൾക്ക് വരുന്ന ഡെപ്പ് ഹോളിവുഡിലെ സ്ഥിരം കാഴ്ചയായിരുന്നു. അത്യാഡംബരവും നിയന്ത്രണമില്ലാത്തതുമായ ജീവിതമാണ് താരം നയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ടും കേസുകൾ ഉണ്ടായിട്ടുണ്ട്. 2016 ല്‍ ആയിരുന്നു അതിലൊന്ന്. തന്റെ ബിസിനസ് കാര്യങ്ങളില്‍ ഗുരുതരമായ നിര്‍വഹണ പിഴവ് വരുത്തിയെന്ന് ആരോപിച്ച് ദി മാനേജ്‌മെന്റ് ഗ്രൂപ്പിനെതിരെ(ടിഎംജി) ഡെപ്പ് 25 ദശലക്ഷം ഡോളറിന്റെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു. ഇതിന് ടിഎംജി നൽകിയ മറുപടി  ഡെപ്പിന്റെ ആഡംബര ജീവിതത്തിലേക്ക് വിരൽചൂണ്ടി. 

johnny-depp-2
ജോണി ഡെപ്പും മുൻഭാര്യ ആംബറും∙ Image Credits: BAKOUNINE/ Shutterstock.com

താരത്തിന്റെ ആവശ്യങ്ങൾക്ക് ഒരു മാസം 20 ലക്ഷം ഡോളര്‍ (ഏകദേശം 150 കോടി ഇന്ത്യൻ രൂപ) വേണമെന്നാണ് ദി മാനേജ്‌മെന്റ് ഗ്രൂപ്പ് വ്യക്തമാക്കിയത്. മദ്യപാനിയായ ഡെപ്പിന് വൈനിനോട് പ്രത്യേക പ്രിയമുണ്ട്. ഇതു വാങ്ങാൻ മാത്രം ഒരു മാസം 30,000 ഡോളർ (ഏകദേശം 20 ലക്ഷം ഇന്ത്യൻ രൂപ) ചെലവഴിക്കാറുണ്ടത്രേ. സ്വകാര്യ ജെറ്റുകൾക്ക് 2 ലക്ഷം ഡോളറും സുരക്ഷ ഒരുക്കുന്നതിന് 1.5 ലക്ഷം ഡോളറും ജോലിക്കാർക്കുള്ള ശമ്പളയിനത്തിൽ മൂന്ന് ലക്ഷം ഡോളറും ചെലവഴിക്കുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ജീവിതരീതിയാണ് ഡെപ്പ് പിന്തുടരുന്നതെന്ന് അന്ന് എതിർകക്ഷി ആരോപിച്ചു.

14 വീടുകളും 70 ഗിറ്റാറുകളും നിരവധി ദ്വീപുകളും ഒരു ഫ്രഞ്ച് ഗ്രാമവും ‍ഡെപ്പിന് സ്വന്തമായുണ്ട്. 2004ലാണ് 3.6 ദശലക്ഷം ഡോളര്‍ ചെലവിട്ട് ‘ലിറ്റില്‍ ഹാള്‍ഡ് പോണ്ട് കേ’ എന്നൊരു ദ്വീപ് സ്വന്തമാക്കിയത്. 24 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഈ ദ്വീപിന് മകള്‍ ലില്ലി റോസിന്റെ പേരും താരം നല്‍കി. 2001ലാണ് ഫ്രഞ്ച് റിവേറയില്‍ ഗ്രാമം വാങ്ങിയത്. ഇതിന്റെ യഥാര്‍ത്ഥ വില പുറത്ത് വിട്ടിട്ടില്ലെങ്കിലും 55 ദശലക്ഷമെങ്കിലും ചെലവായി കാണുമെന്ന് ഊഹകണക്കുകള്‍ വന്നിരുന്നു. സംഗീതപ്രിയനായ ഡെപ്പ് വിലകൂടിയ ഗിറ്റാറുകൾ എവിടെ കണ്ടാലും വാങ്ങുമായിരുന്നു. 

johnny-depp-3
Image Credits: johnny Depp/Facebook

ഇവിടെയും തീരുന്നില്ല ഡെപ്പിന്റെ ലക്ഷക്കണക്കിന് ഡോളര്‍ പൊടിക്കുന്ന ശീലങ്ങള്‍. മരണപ്പെട്ട സുഹൃത്ത് ഹണ്ടര്‍ എസ്.തോംപ്‌സണിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഡെപ്പ് തീരുമാനിച്ചു. തന്റെ ചിതാഭസ്മം പീരങ്കിയില്‍ വച്ച് പൊട്ടിക്കണം എന്നായിരുന്നു എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഹണ്ടറിന്റെ ആഗ്രഹം. ഇതിനായി 30 ലക്ഷം ഡോളര്‍ ചെലവഴിച്ച് പീരങ്കി വാങ്ങിയ ഡെപ്പ് നിരവധി സെലിബ്രിറ്റികളെ ക്ഷണിച്ച് പാട്ടും കരിമരുന്ന് പ്രയോഗവുമൊക്കെയായി ചടങ്ങ് ആഘോഷമാക്കി.

ആഡംബരത്തിന് പുറമേ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ആരാധകരുടെ ക്യാപ്റ്റൻ പണം മാറ്റി വയ്ക്കാറുണ്ട്. ചില്‍ഡ്രന്‍സ് ഹോസ്പിറ്റൽ ലോസ് ആഞ്ചലസ്, വാര്‍ ചൈല്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി ഫൗണ്ടേഷനുകള്‍ക്ക് 2008 മുതല്‍ 10 ലക്ഷം ഡോളറിലധികം ഡെപ്പ് നല്‍കി. 

പല വരുമാന സ്രോതസ്സുകളുള്ള നടനാണ് ഡെപ്പ്. ഏതു സിനിമയിലെ അഭിനയത്തിനും 20 ദശലക്ഷം ഡോളര്‍ പ്രതിഫലം ലഭിക്കും. ഇതിന് ശേഷം ബോക്‌സ് ഓഫിസ് വരുമാനത്തിന്റെ 20 ശതമാനം ബാക്ക് എന്‍ഡ് റോയൽറ്റി ഇനത്തിൽ കിട്ടും. പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍ റോളുകളിലൂടെയും ആലിസ് ഇന്‍ വണ്ടര്‍ലാൻഡ് ഫ്രാഞ്ചൈസിയിലൂടെയും 200 ദശലക്ഷം ഡോളറിലധികം സമ്പാദിച്ചു. ചലച്ചിത്ര നിർമാണമാണ് മറ്റൊരു വരുമാന മാർഗം. 2011ല്‍ പുറത്തിറങ്ങിയ ഹ്യൂഗോ, 2013ലെ ലോണ്‍ റേഞ്ചര്‍, 2015 ലെ മോര്‍ട്ട്‌ഡെക്കായ് എന്നിവയെല്ലാം ഡെപ്പ് നിർമിച്ചതോ എഴുതിയതോ ആയ ചിത്രങ്ങളാണ്. ഇവയിലൂടെയും ദശലക്ഷക്കണക്കിന് ഡോളര്‍ താരത്തിന്റെ അക്കൗണ്ടിൽ എത്തി.

johnny-depp-4
ജോണി ഡെപ്പും മുൻ ഭാര്യം ആംബറും ∙ Image Credits: Matteo Chinellato / Shutterstock.com

ഡിയോര്‍ സവാഷ് എന്ന പെര്‍ഫ്യൂം ബ്രാന്‍ഡുമായുള്ള സഹകരണം മൂന്ന് മുതല്‍ അഞ്ച് ദശലക്ഷം ഡോളര്‍ നേടി കൊടുത്തു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലൂടെയും ഡെപ്പ് പണം വാരുന്നു. 2007ല്‍ 9.2 ദശലക്ഷം ഡോളര്‍ മുടക്കി വാങ്ങിയ അഞ്ച് പെന്റ് ഹൗസുകള്‍ 2016 ല്‍ 12.78 ദശലക്ഷം ഡോളറിന് മറിച്ചു വിറ്റു. ഇത് പോലെ 20 ദശലക്ഷം മുടക്കി വാങ്ങിയ ഒരു ആഡംബര നൗക 28.9 ദശലക്ഷം ഡോളറിനും വിറ്റു. ഹാരിപോട്ടര്‍ എഴുത്തുകാരി ജെ.കെ.റൗളിങ്ങാണ് ഇതു സ്വന്തമാക്കിയത്. 

ഇങ്ങനെ തൊട്ടതിലെല്ലാം ലാഭമുണ്ടാക്കാൻ സാധിച്ച ഡെപ്പിന് പക്ഷേ ദാമ്പത്യത്തിൽ കൈപൊള്ളി. 2015ൽ വിവാഹിതരായ ഡെപ്പും ആംബറും 2017 ൽ വേർപിരിഞ്ഞു. എന്നാൽ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നു. ഇങ്ങനെയാണെങ്കിൽ പെട്ടെന്നൊന്നും അവസാനിക്കാനും സാധ്യതയില്ല. കോടതിയിലെ ഡെപ്പിന്റെ തുറന്നു പറച്ചിലുകൾ പലതും സ്വയം നാണം കെടുത്തുന്നവയാണ്. ഈ ഹോളിവുഡ് സൂപ്പർ താരത്തിന്റെ ജീവിതത്തിൽ ഇനി എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. 

English Summary: Johnny Depp's 'extravagant and extreme' lifestyle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com