ADVERTISEMENT

വീട്ടുജോലികള്‍ ഒന്നിച്ചു ചെയ്യുന്നത് പങ്കാളികള്‍ തമ്മിലുള്ള ഇഴയടുപ്പം വർധിക്കാനും ദാമ്പത്യം കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കുമെന്ന് പഠനം. യൂട്ടാ സര്‍വകലാശാലയിലെ ഫാമിലി ആന്‍ഡ് കണ്‍സ്യൂമേഴ്‌സ് സ്റ്റഡീസ് അസോസിയേറ്റ് പ്രഫസര്‍ ഡാനിയല്‍ എല്‍.കാള്‍സണ്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

 

ഒരേ ജോലി ഇടവിട്ട ദിവസങ്ങളിലോ ആഴ്ചകളിലോ മാറിമാറി ചെയ്യുന്ന രീതിക്ക് പകരം ഒന്നിച്ച് ചെയ്യുന്നതിനെയാണ് വീട്ടുജോലി പങ്കുവയ്ക്കുക എന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഡാനിയല്‍ പറയുന്നു. ചില ജോലികള്‍ ഒരാള്‍ക്കും മറ്റു ചില ജോലികള്‍ മറ്റേയാൾക്കും എന്ന നിലയിലുള്ള ജോലി വിഭജനം പങ്കാളികള്‍ക്ക് സംതൃപ്തി നല്‍കില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

പങ്കാളിയുമായി വീട്ടുജോലി പങ്കുവയ്ക്കുന്ന സ്ത്രീകള്‍ എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്ന സ്ത്രീകളേക്കാൾ സന്തോഷവതികളാണെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ജോലി വിഭജിച്ച് ചെയ്യുന്ന സ്ത്രീകള്‍ എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്യുന്ന സ്ത്രീകളേക്കാൾ സംതൃപ്തരല്ല. വിഭജിക്കുമ്പോൾ കഠിനമായ ജോലികൾ തനിക്ക് തരുന്നുവെന്ന തോന്നൽ ഇത്തരം സാഹചര്യത്തിൽ നിലനിർക്കുന്നവെന്നാണ് കണ്ടെത്തൽ.

 

ജോലികള്‍ വിഭജിക്കപ്പെടുകയോ പങ്കുവയ്ക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയെക്കാള്‍ ഒന്നും ചെയ്യാതെ ഇരിക്കാനാണ് പുരുഷന്മാര്‍ക്ക് ഇഷ്ടം. എന്നാല്‍ ജോലികൾ പങ്കുവച്ച് ചെയ്യുന്ന പുരുഷന്മാര്‍ വീട്ടു ജോലിയൊന്നും ചെയ്യാത്ത പുരുഷന്മാരേക്കാള്‍ സന്തോഷവാന്മാരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 

ജോലി പങ്കുവച്ച് ചെയ്യുന്ന പങ്കാളികള്‍ തമ്മില്‍ ആശയവിനിമയത്തിനുള്ള സാധ്യതയും കൂടുതലാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിലും ഈ കൂട്ടായ്മ ഉണ്ടാകും. ഇവയെല്ലാം ബന്ധത്തെ ഊട്ടിയുറപ്പിക്കുമെന്നും പങ്കാളികള്‍ക്കിടയിലെ ലൈംഗികത അടക്കമുള്ള കാര്യങ്ങളില്‍ ഈ ഊഷ്മളത പ്രകടമാകുമെന്നും ഡാനിയല്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com