ADVERTISEMENT

പ്രണയിച്ചു വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ആരോടും പ്രണയം തോന്നാത്തതുകൊണ്ടാണ് വിവാഹിതയാകാത്തതെന്നും നടി സുബി സുരേഷ്. മഴവില്‍ മനോരമയിലെ പണം തരും പടം ഷോയില്‍ മത്സരാർഥിയായി എത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം. മുൻപ് പ്രണയം ഉണ്ടായിരുന്നെന്നും യോജിച്ചു പോകാനാവില്ലെന്നു തോന്നയതുകൊണ്ട് പരസ്പരധാരണയിൽ വേർപിരിയുകയായിരുന്നെന്നും താരം പറഞ്ഞു.

സുബിയുടെ വാക്കുകള്‍: ‘‘ജീവിതത്തിൽ സമാധാനം വേണമെന്നുള്ളതു കൊണ്ട് എന്നു പറയാം. എന്നു കരുതി സമാധാനം പോകും എന്നല്ല. എനിക്ക് ഒരു പ്രേമവിവാഹത്തോടാണ് താൽപര്യം. പ്രേമിച്ചിട്ടുമുണ്ട്. പക്ഷേ അതൊരു പരസ്പരധാരണയിൽ വേണ്ടെന്നു വയ്ക്കുകയായിരുന്നു. വീട്ടുകാര്‍ക്കെല്ലാം അറിയുന്ന ആളായിരുന്നു. യോജിച്ചു പോകാന്‍ സാധിക്കില്ല എന്നു തോന്നി. ജീവിതത്തിലേക്ക് വന്നതിനുശേഷം യോജിച്ചു പോകാൻ ശ്രമിച്ചാൽ പിന്നെ നടന്നെന്നു വരില്ല. ആദ്യം ഞാൻ തന്നെയാണ് അക്കാര്യം തിരിച്ചറിഞ്ഞത്. പുള്ളിക്കാരൻ ഒരു പുറംരാജ്യത്തേക്ക് പോയി. നമ്മൾ അൽപം ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന സമയം ആയിരുന്നു അത്. വീട്ടില്‍ എന്റെ വരുമാനം മാത്രമായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്. ‘അമ്മ ചെറുപ്പമല്ലേ, അമ്മയെ എന്തെങ്കിലും ജോലിക്ക് വിട്ടൂടേ? ഞാൻ വേണമെങ്കിൽ ഒരു ജോലി ശരിയാക്കാം’ എന്ന് അദ്ദേഹം അവിടെ ഇരുന്ന് പറഞ്ഞു.

ഇത്ര വയസ്സു വരെ അവർ എന്നെ നോക്കി. നന്നായിത്തന്നെ വളർത്തി. അമ്മ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ഈ പ്രായത്തിൽ ഇനി അമ്മയെ ജോലിക്ക് വിട്ട് എനിക്ക് എന്തായാലും ഭക്ഷണം കഴിക്കണ്ട. അതിനുശേഷമാണ് ഞാൻ ആ ബന്ധത്തെക്കുറിച്ച് പുനരാലോചന തുടങ്ങിയത്. അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. നല്ല മനുഷ്യനായിരുന്നു. നല്ല ജോലി ഉണ്ടായിരുന്നു. വിവാഹം ചെയ്തിരുന്നെങ്കിൽ എന്നെ നന്നായി നോക്കിയേനെ. പക്ഷേ വീടുമായുള്ള എന്റെ ബന്ധം ചിലപ്പോൾ നഷ്ടപ്പെടും എന്നു തോന്നി. എനിക്ക് ഒരിക്കലും എന്റെ അമ്മയെ വിട്ട് മാറി നിൽക്കാനും പറ്റില്ല. അടുത്തു വല്ല സ്ഥലത്തും ആണെങ്കില്‍ വന്നു കാണുകയെങ്കിലും ചെയ്യാം. അങ്ങനെ ഒരു സാഹചര്യത്തിൽ പരസ്പരധാരണയിൽ വേണ്ട എന്നു വച്ചു. 

പ്രേമിക്കാന്‍ ലൈസൻസ് കിട്ടാത്ത സമയത്താണ് പ്രണയിച്ചത്. അതു കഴിഞ്ഞ് കുറേ നാൾ കഴിഞ്ഞപ്പോള്‍ മമ്മി പറഞ്ഞു നിന്റെ വിവാഹം ഞങ്ങളുടെ സ്വപ്നമാണ്. പണ്ടത്തെപ്പോലെ അല്ല നിനക്ക് ഇത്തിരി ബുദ്ധിയും ബോധവും വച്ചു എന്ന് തോന്നുന്നുണ്ട്. അതുകൊണ്ട് നിനക്ക് ഇഷ്ടമുള്ള ഒരാളെ തിരഞ്ഞെടുത്താൽ ജാതിയും മതവും ഒന്നും പ്രശ്നമല്ല. ഇപ്പോഴും അതു തന്നെ ആണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ലൈസൻസ് കിട്ടയതിൽ പിന്നെ എനിക്ക് പ്രേമം വരുന്നില്ല. ഒരാളെ കണ്ടെത്താന്‍ കഴിയുന്നില്ല. പ്രേമത്തിന്റെ ക്ലച്ച് അടിച്ചു പോയി എന്നു തോന്നുന്നു’’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com