ADVERTISEMENT

റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുട്ടിന്റെ മകളും ജനിറ്റിക്സ് ഗവേഷകയും മുൻ അക്രോബാറ്റിക്സ് നർത്തകിയുമായ കാതറിന റ്റികനോവ പ്രണയിക്കുന്നത് സെലിൻസ്കിയെ! യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയല്ല, ജർമനിയിലെ മ്യൂണിക്കിൽ ബാലേ നർത്തകനായ ഇഗോർ സെലിൻസ്കിയാണ് കാതറിനയുടെ പ്രേമഭാജനം. കാതറിനയിൽ ഒരു കുട്ടിയും ഇഗോറിനുണ്ടെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാമുകനെ കാണാനായി കഴിഞ്ഞ രണ്ടുവർഷത്തിനിടെ അൻപതിലധികം തവണ കാതറിന റഷ്യയിൽ നിന്നു മ്യൂണിക്കിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യൻ സർക്കാരിന്റെ ചാർട്ടഡ് ഫ്ലൈറ്റുകളിൽ പുട്ടിന്റെ പ്രസിഡൻഷ്യൽ അംഗരക്ഷകരുടെ സുരക്ഷാ അകമ്പടിയോയെടായിരുന്നു ഈ പറക്കലുകൾ.

പുട്ടിന്റെ രണ്ടാമത്തെ പുത്രിയും 35 വയസ്സുകാരിയുമായ കാതറിന പുട്ടിന്റെ സുഹൃത്തിന്റെ മകനും ബിസിനസുകാരനുമായ കിറിൽ ഷാമലോവിനെയാണ് ആദ്യം വിവാഹം കഴിച്ചത്. സെന്റ് പീറ്റേഴ്സ്ബർഗിലെ ആഡംബര റിസോർട്ടിൽ രഹസ്യമായിട്ടും എന്നാൽ ആർഭാടപൂർവമായിട്ടുമായിരുന്നു ഇവരുടെ വിവാഹം. വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിലാണു ദമ്പതിമാർ വിവാഹത്തിനെത്തിയതെന്ന് അന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. യുഎസ് ഇടക്കാലത്ത് ഷാമലോവിനു മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിന്നീട് കാതറിന–ഷാമലോവ് ദമ്പതിമാർ വേർപിരിഞ്ഞു. ജനിറ്റിക്സ് ഗവേഷകയും സംരംഭകയുമായ കാതറിന ചിലപ്പോഴൊക്കെ റഷ്യൻ ടിവി ചാനലുകളിൽ ജനിറ്റിക്സുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടാറുണ്ട്. 

52 വയസ്സുകാരനാണ് കാതറിനയുടെ കാമുകനായ ഇഗോർ സെലിൻസ്കി. റഷ്യൻ വംശജനായ ഇദ്ദേഹം യാന സെറെബ്രിയക്കോവ എന്നൊരു മുൻ ബാലേ നർത്തകിയെ വിവാഹം കഴിച്ചിരുന്നെങ്കിലും വേർപിരിഞ്ഞു.

IGOR
ഇഗോർ സെലിൻസ്കി∙ ചിത്രം: ട്വിറ്റർ

കാതറിനയെ കൂടാതെ മരിയ വെറോന്റ്സോവ എന്നൊരു മൂത്ത മകളും പുട്ടിനുണ്ട്. പുട്ടിന്റെ മുൻഭാര്യയായ ല്യുഡമിലയിൽ പിറന്ന മക്കളാണു കാറ്ററീനയും മറിയയും. 36കാരിയായ മരിയ സെന്റ് സെന്റ് പീറ്റേഴ്സ്ബർഗ് സർവകലാശാലയിലെ ബയോളജി പഠനത്തിനു ശേഷം മോസ്കോ സ്റ്റേറ്റ് സർവകലാശാലയിൽ മെഡിസിൻ പഠിച്ചു.

നിലവിൽ റഷ്യയിലെ പ്രമുഖ എൻഡോക്രൈനോളജി സ്പെഷലിസ്റ്റും ഗവേഷകയുമാണു മരിയ. കുട്ടികളിലെ വളർച്ചാ മുരടിപ്പിനെപ്പറ്റി അവർ ഒരു ഗ്രന്ഥവും എഴുതിയിട്ടുണ്ട്. ഇതിനെല്ലാമപ്പുറം ശക്തയായ ഒരു ബിസിനസുകാരി കൂടിയാണ്. റഷ്യയിൽ ബൃഹത്തായ ഒരു മെഡിക്കൽ സെന്റർ സ്ഥാപിക്കാൻ മരിയ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഡച്ച് ബിസിനസുകാരനും റഷ്യൻ ഊർജകമ്പനികളിലെ വമ്പനുമായ ഗാസ്പ്രോമിൽ പങ്കാളിയായ ജോറിത് ജൂസ്റ്റ് ഫാസനാണ് മറിയയുടെ ഭർത്താവ്.

യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യയ്ക്ക് വലിയ കളങ്കമായി മാറിയ സംഭവമാണ് ബുച്ച കൂട്ടക്കൊല. ബുച്ചയിൽ റഷ്യ വൻ കൂട്ടക്കൊല നടത്തിയെന്ന് യുക്രെയ്ൻ ആരോപിച്ചിരുന്നു. ഇതെത്തുടർന്ന് കാതറിനയും മരിയയും യുഎസിന്റെ  ഉപരോധം നേരിട്ടിരുന്നു. പുട്ടിന്റെ പുത്രിമാർ റഷ്യൻ ഭരണകൂടത്തെ പരോക്ഷമായി സഹായിക്കുന്നെന്നും പുട്ടിൻ ഇവർക്കായി സ്വത്തുകൾ നൽകിയിരിക്കാം എന്ന സംശയവുമാണ് ഉപരോധത്തിലേക്കു നയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com