ADVERTISEMENT

ഓരോ പ്രണയവും വ്യത്യസ്തമായിരിക്കും. കമിതാക്കളുടെ സ്നേഹപ്രകടനവും അതിനനുസരിച്ച് സവിശേഷമായിരിക്കും. അത്തരമൊരു ദമ്പതികളെ സമൂഹമാധ്യമത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് മയങ്ക് ഔസ്റ്റിൻ സൂഫി എന്ന യുവാവ്. ഡൽഹിയിലെ സരായ കാലെ ഖാനിലെ ചായക്കടയിലാണ് ഒരേ ഗ്ലാസിൽ ചായകുടിക്കുന്ന ദമ്പതികളെ മയങ്ക് കണ്ടത്. കൗതുകം തോന്നിയ മയങ്ക് ഇവരെ പരിചയപ്പെട്ടു. അവരുടെ പ്രണയകഥ ചോദിച്ചറിഞ്ഞു. ആ പ്രണയകഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. അതിങ്ങനെ. 

‘‘രണ്ടു പേർക്കും ചായ വളരെ ഇഷ്ടമാണ്. ഒന്നിച്ച് ചായ കുടിക്കുമ്പോഴെല്ലാം ഒരേ ഗ്ലാസിലാണ്  കുടിക്കാറുള്ളത്. ‘‘ഒരേ ഗ്ലാസിൽ കുടിക്കുമ്പോൾ സന്തോഷം തോന്നും. കാരണം ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു’’ എന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അഫ്സൽ പറഞ്ഞത്. 

അഫ്സലിന് 21ഉം സബീനയക്ക് 19ഉം വയസ്സുണ്ട്. ഇരവരും ഓരേ പാത്രത്തിൽനിന്നാണ് ഇരുവരും ആഹാരം കഴിക്കുന്നതും. ഒരു വർഷം മുമ്പായിരുന്നു ഇവർ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മാതാപിതാക്കള്‍ എതിർത്തു. അഫ്സൽ കൂലിപ്പണിക്കാരനാണ് എന്നതും ഇരുവരും ചെറുപ്പം മുതലേ പരിചയക്കാരാണ് എന്നതുമായിരുന്നു കാരണം. 2019 ലെ മഞ്ഞുകാലം വരെ ഇവർക്കിടയിൽ പ്രണയം ഉണ്ടായിരുന്നില്ല. എന്നാൽ ചന്തയിലേക്കുള്ള ഒരു യാത്രയാണ് ഇവരെ അടുപ്പിച്ചത്. അഫ്സലിന്റെ ഹെയർസ്റ്റൈലും സംസാരരീതിയുമാണ് സബീനയ്ക്ക് പ്രിയങ്കരം. സബീനയുടെ സ്വഭാവവും ദുപ്പട്ട ധരിക്കുന്ന ശീലവും അഫ്സലിന് ഇഷ്ടമാണ്. 

വിവാഹശേഷം ഇരുവരും വാടകയ്ക്ക് മുറിയെടുത്ത് താമസം തുടങ്ങി. മാതാപിതാക്കളുടെ വീടിനോട് ചേർന്നാണ് ഇത്. എല്ലാ ദിവസവും വൈകീട്ട് ജോലി കഴിഞ്ഞെത്തി അഫ്സൽ സബീനയെ പാചകത്തിന് സഹായിക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും ഇടയ്ക്ക് വഴക്കിടാറുണ്ടെന്നും ദമ്പതികൾ പറയുന്നു. 

വിവാഹജീവിതം ഒരു വർഷം പിന്നിടുമ്പോൾ രണ്ടു പേരിലും നിരവധി മാറ്റങ്ങൾ സംഭവിച്ചു. ‘‘എനിക്ക് കൂടുതൽ ഉത്തരവാദിത്തബോധം വന്നു. കൂടുതല്‍ കഠിനമായി അധ്വാനിക്കാൻ തുടങ്ങി. 300 രൂപയാണ് ഒരു ദിവസത്തെ വരുമാനം. അതുകൊണ്ട് ഒരു കുടുംബം നടത്താനാകില്ല. ഇപ്പോൾ കഠിനമായി ജോലി ചെയ്യേണ്ടതുണ്ട്’’– അഫ്സൽ പറഞ്ഞു. അമ്മയുടെ ചീത്ത പറച്ചിൽ ഇപ്പോൾ കേൾക്കേണ്ടതില്ലെന്ന തമാശായാണ് വിവാഹജീവിതം വരുത്തിയ മാറ്റമായി സബീന പറഞ്ഞത്. പൊതു ഉദ്യാനത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങില്‍ പെപ്സിയും വെള്ള രസഗുളയുമായിരുന്നു വിഭവങ്ങൾ. 

ചായ കുടിച്ചു തീർന്നതോടെ ഇരുവരും വീട്ടിലേക്ക് പോയി’’– മയങ്ക് കുറിച്ചു. ഇവരുടെ പ്രണയാർദ്രമായ ഏതാനും ചിത്രങ്ങളും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com