ADVERTISEMENT

അച്ഛന്റെ കൺവെട്ടത്തു പോലും വരാതെ ഒളിച്ചു നടക്കുന്ന തലമുറയല്ല ഇപ്പോഴത്തേത്. കണിശക്കാരൻ എന്ന ദുഷ്പേര് ഇന്നത്തെ അച്ഛന്മാർക്കില്ലെങ്കിലും അമ്മമാരോടുള്ള അടുപ്പം പല കുട്ടികള്‍ക്കും അച്ഛന്മാരോടില്ല. തൊട്ടതും പിടിച്ചതും കണ്ടതും കേട്ടതുമെല്ലാം അമ്മമാരോടു പറയുമെങ്കിലും അച്ഛന്റെ അടുക്കലെത്തുമ്പോൾ അവർ കുറച്ചു ‘സിലക്ടീവ്’ ആകുന്നു. കൗമാരത്തിൽ എത്തുന്നതോടെ ഈ അകലം വർധിക്കുക മാത്രമാണ് ചെയ്യുന്നത്.

അച്ഛൻറെ തിരക്കുകൾ കാരണം കുഞ്ഞിനൊപ്പം ചെലവഴിക്കാൻ സമയം കിട്ടാതിരിക്കുക,  ജോലിസംബന്ധമായി ദൂരെയുള്ള താമസം, മക്കളുടെ ഇഷ്ടങ്ങളിലുള്ള താൽപര്യക്കുറവ് എന്നിങ്ങനെ പലതാകാം ഈ അകൽച്ചയ്ക്ക് കാരണം. അച്ഛന്മാരുമായി തുറന്ന സൗഹൃദം സൂക്ഷിക്കുന്ന കുട്ടികളിൽ പ്രതികൂലസാഹചര്യങ്ങളെ മികച്ച രീതിയിൽ നേരിടാനുള്ള കഴിവ് കൂടുതലായി കാണപ്പെടാറുണ്ട്. മനസ്സു വച്ചാൽ നിങ്ങൾക്കും മക്കളുടെ ഒറ്റസുഹൃത്തായി മാറാം.

∙ ഒരുമിച്ച് സമയം ചെലവഴിക്കാം

കുഞ്ഞുങ്ങളുമായി ‘ക്വാളിറ്റി ടൈം’ ചെലവഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വീട്ടിൽ നിന്നും അകലെയുള്ള ജോലി, നൈറ്റ് ഷിഫ്റ്റുകൾ, വിദേശവാസം എന്നിങ്ങനെ നിരവധി തടസങ്ങൾ കുഞ്ഞമൊത്തു സമയം ചെലവഴിക്കുന്നതിൽ കാണുമായിരിക്കും. എങ്കിലും കുറച്ചു സമയമെങ്കിലും ദിവസവും കുട്ടിയോടൊത്ത് ചെലവഴിക്കുക. ഒരു നേരത്തെ ഭക്ഷണമെങ്കിലും ഒരുമിച്ച് കഴിക്കുക, വെറുതെയൊരു കറക്കം, വീട്ടിൽ നിന്നും അകലെയാണെങ്കിൽ ഒരു വിഡിയോ കോൾ എന്നിങ്ങനെ സാധ്യമായ മാർഗങ്ങൾ എല്ലാം പരീക്ഷിക്കുക.

∙ ഇഷ്ടങ്ങൾ മനസിലാക്കാം 

ചാനൽ ചർച്ചകളിലോ സ്പോർട്സിലോ ആയിരിക്കില്ല കുട്ടികളുടെ ഇഷ്ടങ്ങൾ. സ്കൂളിൽ അന്നു കണ്ട പുതിയ കാര്യങ്ങൾ വിവരിക്കുക, ഒളിച്ചു കളിക്കുക തുടങ്ങി നിങ്ങൾക്കു നിസാരമെന്നു തോന്നുന്ന കാര്യങ്ങളിലായിരിക്കാം അത്. മാതാപിതാക്കൾക്കൊപ്പം ചേർന്ന് ചെയ്യുന്ന ചെറിയ ക്രാഫ്റ്റ് വർക്കുകൾ, പൂന്തോട്ട നിർമാണം, പാചകം എന്നിവയും മക്കളെ സന്തോഷവാന്മാരാക്കും.

∙ ചോദിച്ചറിയാം

കുഞ്ഞിന്റെ ഇഷ്ടങ്ങളും പേടികളും മനസ്സിലാക്കിയിരിക്കണം. നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് മാത്രം കുട്ടികളെ നിർബന്ധിക്കരുത്. ഇഷ്ടമുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കു നൽകണം. ഇതോടൊപ്പം മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളും ഒരു നല്ല സഹജീവി ആവാനുള്ള നിർദ്ദേശങ്ങളും പങ്കുവയ്ക്കണം.

∙ സത്യസന്ധരായിരിക്കാം

കള്ളം പറയരുതെന്ന് പറഞ്ഞ് പഠിപ്പിക്കുകയല്ല, പ്രവൃത്തികളിലൂടെ കുട്ടികളെ മനസ്സിലാക്കിക്കുകയാണ് വേണ്ടത്. സത്യസന്ധരായിരിക്കാൻ എപ്പോഴും പറയുന്ന അച്ഛൻ മറ്റുള്ളവരോട് കള്ളം പറയുന്നത് കുട്ടികൾ കണ്ടാലോ? കുട്ടികൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുക എന്നതും പ്രധാനമാണ്. ഒഴിവുകഴിവുകൾ പറയാതെ വാഗ്ദാനങ്ങൾ പാലിക്കണമെന്ന പാഠം വീട്ടിൽ നിന്നു തന്നെ പഠിക്കാം.

∙ ബെസ്റ്റ് ഫ്രണ്ട് ആകാം

ദേഷ്യം കൊണ്ട് വിറയ്ക്കുന്ന അച്ഛനെയല്ല പ്രശ്നങ്ങളിൽ ചേർത്തുനിർത്തുന്ന അച്ഛനെയാണ് മക്കൾ ആഗ്രഹിക്കുന്നത്. പ്രശ്നങ്ങൾ എന്തുതന്നെയായാലും അതു തുറന്നു പറയാനുള്ള സാഹചര്യം വീട്ടിൽ ഉണ്ടായിരിക്കണം. കാര്യങ്ങൾ കേൾക്കുന്ന മാത്രയിൽ ചാടിതുള്ളാതെ അനുഭാവപൂർവം കേൾക്കുക. സാവധാനം കുട്ടികളുടെ പ്രവൃത്തിയിലെ തെറ്റുകൾ ചൂണ്ടി കാണിച്ചുകൊടുക്കുക. എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത് വീട്ടിൽ ഉള്ളത് ചതിക്കുഴികളിൽ വീഴാതിരിക്കാൻ കുഞ്ഞുങ്ങളെ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com