ADVERTISEMENT

‘‘അച്ഛന്റ്യോ അമ്മട്യോ സ്നേഹം കിട്ടാതാണ് നാന്‍ വളർന്നത്. രണ്ടു നേരം പശി അടക്കാന്‍ പറ്റ്യാ ഭാഗ്യം. അത്രയേറെ കഷ്ടപ്പെട്ട്, വെഷമിച്ച്. അത് ഇന്റെ പുള്ളേർക്ക് വരാന് പാടില്ലാന്ന് ഉണ്ടാരുന്ന്. ഓർക്ക് അവസരം ഇല്ലാണ്ട് പോകാന്‍ പാടില്ലാ. അവര്ടെ കഴിവ് വളർത്തണം. അവഗണനയില്‍ തളരാതെ മുന്നോട്ട് പോണം’’

തമിഴ് ചുവയുള്ളതുകൊണ്ട് പറയുന്നത് മനസ്സിലാകാൻ ബുദ്ധിമുട്ടുണ്ടാകും എന്ന മുഖവുരയോടെയാണ് പഴനിസ്വാമി പറഞ്ഞു തുടങ്ങിയത്. എന്നാൽ പ്രതിസന്ധികളോട് പോരാടി ജയിച്ച, നിശ്ചയദാർഢ്യമുള്ള ഒരച്ഛന്റെ ഹൃദയഭാഷയ്ക്ക് പരിധിയോ പരിമിതിയോ ഇല്ലല്ലോ. കേരളത്തിൽ ആദ്യമായി ഗോത്രവിഭാഗത്തിൽ നിന്നുള്ള അനുപ്രശോഭിനി എന്ന പെൺകുട്ടി സൗന്ദര്യ മത്സരത്തിന്റെ ഭാഗമായി ചരിത്രം കുറിച്ചപ്പോൾ അതിനു കാരണമായത് ഈ അച്ഛന്റെ നിശ്ചയദാർഢ്യം കൂടിയായിരുന്നു. അവഗണനയും നിരുത്സാഹപ്പെടുത്തലും പരിഹാസവുമെല്ലാം നേരിടാൻ അവളെ അച്ഛൻ പ്രാപ്തയാക്കിയിരുന്നു. വിജയംകൊണ്ട് മറുപടി പറയാൻ പഠിപ്പിച്ചിരുന്നു. അനുപ്രശോഭിനിയുടെ വിജയകഥ പഴനിസ്വാമിയുടെ പോരാട്ടിന്റെ തുടർച്ചയാണ്. അട്ടപ്പാടിയിലെ ചൊറിയന്നൂരിൽ തുടങ്ങിയ പോരാട്ടത്തിന്റെ തുടർച്ച.

∙ കാട്ടുപഴം തിന്നു ജീവിച്ച കാലം

അമ്മ പഴനിസ്വാമിയെ ഗർഭം ധരിച്ച് ആറു മാസമായപ്പോൾ അച്ഛൻ ഉപേക്ഷിച്ചു പോയി. അച്ഛന്റെ സ്നേഹമോ കരുതലോ ഇല്ലാതെയായിരുന്നു പഴനിയുടെ ബാല്യം. ഏറെ വൈകാതെ അമ്മ വീണ്ടും വിവാഹിതയായി മറ്റൊരു ഊരിലേക്ക് പോയി. അതോടെ ആ സ്നേഹവും നഷ്ടമായി. മുത്തശ്ശിയുടെ സംരക്ഷണയിലായി പിന്നീട് കുഞ്ഞു പഴനിയുടെ ജീവിതം. ദുസ്സഹമായിരുന്നു ബാല്യം. രാവിലെ ആടുകളുമായി മുത്തശ്ശിക്കൊപ്പം കാട്ടിലേയ്ക്കോ മലയിലേയ്ക്കോ പോകും. സൂര്യൻ അസ്തമിക്കുന്നതിനു മുൻപായിരിക്കും തിരിച്ചുവരൽ. വൈകിട്ട് മാത്രമാണ് മുത്തശ്ശി ഭക്ഷണം പാകം ചെയ്യുക. ഇതിന്റെ ബാക്കി പിറ്റേന്ന് രാവിലെ കഴിക്കും. ഉച്ചയ്ക്ക് കാട്ടു പഴങ്ങളോ തേനോ കഴിച്ച് വിശപ്പ് മാറ്റും. ഒന്നും കിട്ടിയില്ലെങ്കിൽ പട്ടിണി.

എങ്ങനെയൊക്കെയോ പത്തു വരെ പഠിച്ചു. ചെറുപ്പം മുതല്‍ നാട്ടു ജോലികൾ ചെയ്തു. പിന്നെ കോട്ടത്തറ ചന്തക്കട ജീപ്പ് സ്റ്റാന്‍ഡിൽ ക്ലീനറായി. പതിയെ ഡ്രൈവിങ് പഠിച്ചു. ജീപ്പ് ഓടിക്കാൻ തുടങ്ങി. അതിനിടയിലാണ് പഴനിയുടെ ജീവിതത്തിന്റെ ഗതിമാറ്റിയ സംഭവം. ജപ്പാൻ ബാങ്കിന്റെ സഹായത്തോടെ അട്ടപ്പാടി ഹിൽ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി പുതിയ പ്രോജക്ട് തുടങ്ങുന്ന സമയമായിരുന്നു അത്. പ്രോജക്ട് ഡയറക്ടർക്ക് ഒരു ഡ്രൈവറെ വേണം. ഗോത്രവിഭാഗത്തിൽ നിന്നുള്ള ആളായിരിക്കണം. ആ അവസരം ഒടുവിൽ പഴനിയെ തേടിയെത്തി. ഈ ലോകം എത്ര വിശാലമാണെന്ന് പഴനിസ്വാമി മനസ്സിലാക്കാൻ തുടങ്ങിയത് അവിടെ നിന്നാണ്. 

the-story-of-palanisamy-and-his-daughter-anuprashibhitha
പഴനിസ്വാമി (ഇടത്) ജീപ്പ് സ്റ്റാന്‍ഡിൽ ജോലി ചെയ്യുന്ന സമയത്തെ ചിത്രം

പ്രോജക്ട് ഡയറക്ടർ ഐഎഎസുകാരനോ ഐഎഫ്എസുകാരനോ ആയിരിക്കും. ലോകത്തു നടക്കുന്ന സംഭവങ്ങളെ കുറിച്ചാണ് അവർ കാറിലിരുന്ന് സംസാരിക്കുക. പഴനിസ്വാമി നിശബ്ദനായിരിക്കും. അഭിപ്രായം ചോദിച്ചാൽ ഒന്നും പറയാന്‍ അറിയില്ല. ‘ഇങ്ങനെ ഇരുന്നാൽ മതിയോ? സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡ്രൈവർക്ക് കുറച്ച് ലോകപരിചയം വേണ്ടേ. അവർ എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയണ്ടേ?’– പഴനി സ്വയം ചോദിച്ചു. എന്തു ചെയ്യും എന്ന ചോദ്യത്തിന് സ്വയം ഉത്തരവും കണ്ടെത്തി. വായിക്കണം. വായനയിലൂടെ ലോകത്തെ അറിയണം. പത്രം, സമകാലിക മാസികകൾ, പുസ്തകങ്ങൾ.... സാധ്യമായ വഴിയിലൂടെയെല്ലാം അദ്ദേഹം ലോകത്തെ അറിഞ്ഞു. 14 വർഷം ആ സാരഥ്യം തുടർന്നു. അക്കാലയളിൽ താൻ പുതിയൊരു മനുഷ്യനായി മാറുകയായിരുന്നുവെന്ന് പഴനി പറയുന്നു. 

അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്നുള്ള 93 പേർ പ്രോജക്ടിൽ ജോലി ചെയ്തിരുന്നു. ഫണ്ട് തീർന്നതോടെ പ്രോജ്ക്ട് അവസാനിപ്പിച്ചു. അപ്രതീക്ഷിതമായി എല്ലാവരുടെയും തൊഴിൽ നഷ്ടപ്പെട്ടു. അതോടെ സമരസമതി രൂപീകരിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി. പളനിസ്വാമി ആയിരുന്നു സമരസമതി ചെയർമാൻ. 23 ദിവസത്തെ സമരത്തെത്തുടർന്ന് വനംവകുപ്പിൽ ജോലി ലഭിച്ചു. 

∙ ആവേശമായ ‘അയ്യപ്പനും കോശിയും’

ഡ്രൈവർ ജോലിക്കിടെ കലാരംഗത്തും പഴനി സജീവമായി. പാടാനോ ആടാനോ അറിയാത്ത ആരും അട്ടപ്പാടിയിലെ ഊരുകളിലില്ല. ഈ തനതു കലാരൂപങ്ങൾക്ക് പക്ഷേ സ്വീകാര്യത ലഭിക്കുന്നില്ല. ചിലതെല്ലാം പതിയെ ഇല്ലാതാകുന്നു. തനതു കലകളുടെ സംരക്ഷണം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന കലാസിതിയിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി. സമതിയുടെ കണ്ടെത്തലായ നഞ്ചിയമ്മ ‘അയ്യപ്പനും കോശിയും’ സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ശബ്ദമായി മാറി. ആ സിനിമയിൽ എക്സൈസ് ഓഫിസർ ഫൈസലിനെ അവതരിപ്പിക്കാൻ പഴനിസ്വാമിക്ക് അവസരം ലഭിച്ചു. ചെറുപ്പം മുതലേ അഭിനയമോഹം കൂടെക്കൂടിയിരുന്നു. ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അവസരം ലഭിച്ചു. എന്നാൽ അയ്യപ്പനും കോശിയിലും ശ്രദ്ധേയമായ കഥാപാത്രം ലഭിച്ചത് ജീവിതത്തിൽ വളരെയധികം സന്തോഷിപ്പിച്ച സംഭവമായിരുന്നു. സംവിധായകൻ സച്ചിയുടെ ധൈര്യമായിരുന്നു പഴനിസ്വാമിക്ക് ആ വേഷം ഉറപ്പാക്കിയത്. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിനാകെ ആവേശം നൽകാൻ അതിലൂടെ സാധിച്ചു. നടന്മാരായ പൃഥ്വിരാജ്, ബിജു മേനോൻ, അസോഷ്യേറ്റ് ജയൻ നമ്പ്യാർ എന്നിവരുടെ പിന്തുണയും പഴനിസ്വാമിക്ക് കരുത്തേകി.

pazhaniswami-and-anu-prasohbini-3
അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടെ സച്ചിക്കും പൃഥ്വിരാജിനുമൊപ്പം

അട്ടപ്പാടി ഒസ്തിയൂരിൽ നിന്നുള്ള ശോഭയെ 2000ലാണ് പഴനിസ്വാമി ജീവിതസഖിയാക്കിയത്. ആദ്യത്തെ കൺമണിയായി അനു പ്രശോഭിനി ജനിക്കും മുൻപേ മക്കളുടെ ജീവിതം തന്റേതു പോലെ ആയിരിക്കരുതെന്ന് പഴനി ഉറപ്പിച്ചിരുന്നു. സ്നേഹവും കരുതലും നൽകി അവരെ വളർത്തണം. ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത്. തനിക്ക് സാധ്യമായ രീതിയിൽ മികച്ച വിദ്യാഭ്യാസം നൽകണം. ഈ ലോകം വലുതാണെന്നു മനസ്സിലാക്കി മക്കൾ വളരണമെന്നും അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. അതിനായി അനുവിനെ ആദ്യം തിരുവനന്തപുരത്തും പിന്നീട് പാലക്കാടും നിർത്തി പഠിപ്പിച്ചു. ആദിത്യന് ഫുട്ബോളിനോടാണ് താൽപര്യം. അതു മനസ്സിലാക്കി മലപ്പുറത്തെ ഫുട്ബോൾ അക്കാദമയിൽ ചേർത്തു.

‘‘ഈ ഭൂമിയിൽ കോടിക്കണക്കിന് ആളുകളുണ്ട്. അതിൽ ഒരാളായി ജീവിച്ചു മരിച്ചിട്ട് കാര്യമില്ല. നമ്മുടെ ജീവിതം ഇവിടെ അടയാളപ്പെടുത്തണം. അതിനായി നമ്മുടെ കഴിവിന് അനുസരിച്ച് ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്യണം. മറ്റുള്ളവർക്കും കൂടിയാകണം നമ്മുടെ ജീവിതം. ഇതൊന്നും വേറെ ഒരാൾ നമുക്ക് വേണ്ടി ചെയ്തു തരില്ല. നമ്മൾ തന്നെ ചെയ്തേ തീരൂ’’– ഇതാണ് പഴനിസ്വാമി മക്കൾക്ക് നൽകുന്ന ഉപദേശം. അവരെ അതിനു പ്രാപ്തമാക്കാൻ സാധ്യമായതെല്ലാം ഈ അച്ഛൻ ചെയ്യുന്നു. അവരുടെ ഏതൊരു ആഗ്രഹവും ചേർത്തു പിടിക്കാന്‍ അയാളുണ്ട്. തന്റെ നേട്ടത്തിന്റെ കാരണങ്ങളിലേക്ക് അനുപ്രശേഭിനി വിരൽചൂണ്ടുമ്പോൾ ആദ്യം പഴനിസ്വാമിക്ക് നേരെ നീളുന്നതും അതുകൊണ്ടാണ്. 

pazhaniswami-and-anu-prasohbini-5
പഴനിസ്വാമി മകൻ ആദിത്യൻ, ഭാര്യ ശോഭ, മകൾ അനു പ്രശോഭിത എന്നിവരോടൊപ്പം

∙ ‘നോ’ പറയാത്ത അച്ഛൻ

മക്കൾക്ക് മോഡലിങ്ങിനാണ് താൽപര്യം എന്ന് അറിഞ്ഞാൽ അതൊന്നും നമുക്ക് യോജിച്ചതല്ല എന്നു മക്കളോട് പറയുന്ന മാതാപിതാക്കൾ നിരവധിയാണ്. എന്നാല്‍ ഉറച്ച പിന്തുണയുമായി അച്ഛനും അമ്മയും ഒപ്പം നിന്നതോടെ അനുവിന് ധൈര്യമായി. എന്തോ മോശമായത് ചെയ്യാൻ പോകുന്നുവെന്നായിരുന്നു നാട്ടിൽ പലരുടെയും ധാരണ. കൂട്ടുകാരിൽ ചിലരും അവഗണനയോടെ പെരുമാറി. അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രവിഭാഗ പെൺകുട്ടിയാണെന്നതും പലപ്പോഴും അവഗണനയ്ക്ക് കാരണമായിട്ടുണ്ട്. പക്ഷേ അതിനൊന്നും അവളെ ഒരിക്കലും തളർത്താനായില്ല. പേരാടി നേടാൻ ഉപദേശിക്കുന്ന, മക്കളെ മനസ്സിലാക്കുന്ന, തളർന്നു പോകുമ്പോൾ താങ്ങാവുന്ന അച്ഛനാണ് ഒപ്പമുള്ളത്. 

‘‘അച്ഛൻ ഒപ്പമുണ്ടെന്നതാണ് ഈ മേഖലയിലേക്ക് വരാനുള്ള ധൈര്യം. ഇഷ്ടമുള്ളതു ചെയ്യാൻ പറഞ്ഞാണ് അച്ഛൻ വളത്തിയത്. ഏത് ആഗ്രഹത്തിനും ഒപ്പം നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. മോഡലിങ് നമുക്ക് പറ്റിയതല്ല എന്ന നിലപാട് അച്ഛനെടുത്തിരുന്നെങ്കില്‍ ഇങ്ങനെയൊരു നേട്ടം എനിക്ക് സാധ്യമാകുമായിരുന്നില്ല. അമ്മ, അനിയൻ, അധ്യാപകർ എന്നിവരുടെ പിന്തുണയും വിലമതിക്കാനാവാത്തതാണ്’’– അനുപ്രശോഭിനി പറയുന്നു.

pazhaniswami-and-anu-prasohbini-6
സൗന്ദര്യമത്സരത്തിനിടെ അനുപ്രശോഭിതയെ കിരീടം അണിയിക്കുന്നു

അറോറ ഫിലിം കമ്പനി സംഘടിപ്പിച്ച മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2021 മത്സരത്തിന്റെ ഫൈനൽ റൗണ്ടിലെത്തിയ അനു മിസ് കേരള ഫോറസ്റ്റ് ഗോഡസ് എന്ന ടൈറ്റിലാണ് സ്വന്തമാക്കിയത്. തന്റെ നേട്ടം പ്രചോദനമാക്കി കൂടുതൽ പെൺകുട്ടികൾ ഈ രംഗത്തേക്ക് കടന്നു വരണമെന്നാണ് അനുവിന്റെ ആഗ്രഹം.

English Summary: The Story of a Hero, The Story of a Father named 'Palanisamy'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com