ADVERTISEMENT

വലിഞ്ഞു മുറുകിയ മുഖവുമായിട്ടായിരിക്കും പങ്കാളി  ഓഫിസിൽനിന്നു വരുന്നത്. കുട്ടികളുടെ കുഞ്ഞു വഴക്കുകൾ കേട്ട് ഉറഞ്ഞുതുള്ളുന്ന പങ്കാളിയെ കണ്ട് അദ്ഭുതപ്പെട്ട നിങ്ങളോടും അവർ തട്ടി കയറിയിട്ടുണ്ടാകും. ഈയൊരു സന്ദർഭത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവർ വിരളമായിരിക്കും. ആവശ്യമില്ലാതെ തന്നോട് വഴക്കിട്ട പങ്കാളിയോടുള്ള നീരസം ഇപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടോ?

അൽപം ശ്രദ്ധിച്ചാൽ ഇത്തരം പൊട്ടിത്തെറികൾ ഒഴിവാക്കാം. ഓഫിസിലെ പ്രശ്നങ്ങൾ വീട്ടിലേക്ക് കൊണ്ടുവരുവാൻ ആരും ബോധപൂർവ്വം ശ്രമിക്കാറില്ല. വിട്ടൊഴിയാത്ത ടെൻഷനിൽനിന്ന് പങ്കാളിയെ അകറ്റി നിർത്തുവാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അവ ഇതാണ്.

കേൾവിക്കാരാകാം

ഒറ്റയ്ക്കിരുന്ന് ടെൻഷനടിക്കുന്നതിനേക്കാൾ ആരോടെങ്കിലും തന്റെ ആകുലതകൾ പങ്കുവയ്ക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നല്ലൊരു കേൾവിക്കാരാകുകയാണ് ഈ സമയം നിങ്ങൾക്ക് ചെയ്യാനാവുന്ന കാര്യം. പ്രശ്നങ്ങളുടെ കാരണം ചികയാതെ ടെൻഷനിലായ വ്യക്തിക്ക് ചെവി കൊടുക്കുക. അവരുടെ ആകുലതകൾ മുഴുവനും കേൾക്കുക. കേൾക്കാൻ ഒരാളുണ്ട് എന്ന തോന്നൽ നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.

പ്രശ്നങ്ങൾ മനസ്സിലാക്കാം

എത്ര ടെൻഷനുണ്ടായാലും വീട്ടിലെ കാര്യങ്ങളൊന്നും വിശദീകരിക്കാതെ മൂടി കെട്ടി വയ്ക്കും. ഒന്നോ രണ്ടോ തവണ ചോദിച്ചാലും ഒന്നുമില്ല എന്നായിരിക്കും മറുപടി. കാര്യങ്ങൾ ഒന്നും അന്വേഷിക്കാതെ ആ വ്യക്തിയെ തനിച്ചു വിടണം എന്നല്ല ഇതിനർഥം. മനസ്സു തുറക്കാൻ അവർക്ക് കുറച്ചുകൂടി സമയം നൽകാം. ടെൻഷനടിച്ചു നടക്കുന്ന പങ്കാളിയുടെ അവസ്ഥയിൽ കുടുംബാംഗങ്ങൾക്കെല്ലാം വിഷമമുണ്ടെന്നും പ്രശ്നങ്ങൾ എന്താണെങ്കിലും അവ പരിഹരിച്ചു വീട്ടിലെ സന്തോഷം തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു മനസ്സിലാക്കുക.

പുതുമകൾ തേടൂ

ഓഫിസ്, ടെൻഷൻ, വീട് എന്നിങ്ങനെ ഒരേ റൂട്ടിലോടുന്ന വ്യക്തിക്ക് ചിലപ്പോൾ ജീവിതത്തിൽ സന്തോഷം തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ല. വ്യായാമം, യാത്ര, കൂട്ടുകാർക്കൊപ്പം ഒത്തുചേരൽ, സിനിമ കാണൽ എന്നിങ്ങനെ സന്തോഷകരമായ എന്തെങ്കിലും ജീവിതത്തിലേക്ക് കൊണ്ടുവരാൻ പങ്കാളിയെ നിർബന്ധിക്കുക. ഇങ്ങനെ പുതുമകൾ പരീക്ഷിക്കുക വഴി ജീവിതത്തിലെ പിരിമുറുക്കത്തിന് അയവുണ്ടാക്കാം.

സ്വന്തം ഇടം കണ്ടെത്താം

ദിവസവും പങ്കാളിയോടൊപ്പം അൽപം സമയം ചെലവഴിക്കാൻ സ്ഥലം കണ്ടെത്തുക. വീടിനു സമീപമുള്ള പാർക്ക്, വീട്ടിലെ പൂന്തോട്ടം, ബാൽക്കണി അങ്ങനെ ഒരിടം. എല്ലാ വേവലാതികളെയും മൊബൈൽ ഫോണിനെയും പുറത്താക്കി പങ്കാളിയോടൊപ്പം അൽപ സമയം ചെലവഴിക്കുക. തിരക്കു നിറഞ്ഞ ഈ ജീവിതത്തിൽ ഒരൽപം സമയം അങ്ങനെ നിങ്ങൾക്കു മാത്രമായി കണ്ടെത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com