ADVERTISEMENT

ദ്വാപരയുഗം അവസാനിക്കുന്ന സമയം. നാരദ മുനി പിതാവായ ബ്രഹ്മാവിനെ സമീപിച്ചു – ‘‘ഏറ്റവും വിഷമം പിടിച്ച യുഗം തുടങ്ങാൻ പോവുന്നു. ജീവികൾക്ക് കലിയുഗത്തിൽ രക്ഷ നേടാൻ എന്താണു മാർഗം? ’’

‘‘ ആദിപുരുഷനായ ഭഗവാൻ നാരായണന്റെ നാമം ചൊല്ലിയാൽ മതി, കലിയുഗ പാപങ്ങളിൽ നിന്നു രക്ഷ നേടാം’’ –ബ്രഹ്മാവ് മറുപടി നൽകി. 

ഏതാണാ നാമങ്ങൾ എന്നു നാരദൻ ചോദിച്ചപ്പോൾ ‘‘ ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ, ഹരേ രാമ, രാമ രാമ ഹരേ ഹരേ’’ എന്ന 16 വാക്കുകളും ബ്രഹ്മാവ് ഉപദേശിച്ചു.

കലിസന്ധാരണോപനിഷത്തിൽ ‘നാമ മാഹാത്മ്യ’ത്തെക്കുറിച്ചു പറയുന്ന ഈ ഭാഗം  ലോകശ്രദ്ധയിലേക്കു  കൊണ്ടുവരുന്നത് ചൈതന്യ മഹാപ്രഭുവാണ്. 16–ാം നൂറ്റാണ്ടിൽ.  പിന്നീട് ഇസ്കോൺ ഗ്രൂപ്പിന്റെ മുഖമായും ഹരേ രാമ മന്ത്രം മാറി.

swami-abhedananda7
തിരുവനന്തപുരത്ത് നെയ്യാറ്റിൻകര ആറയൂർ ഗ്രാമത്തിൽ പണയിൽ വീട്ടിൽ കൃഷ്ണപിള്ളയുടെയും ലക്ഷ്മി പിള്ളയുടെയും മകനായിട്ടാണ് വേലായുധൻ എന്ന ‘വേലുക്കുട്ടി’യുടെ ജനനം.

പക്ഷേ കേരളത്തിൽ ഈ നാമജപമാഹാത്മ്യം ആഴത്തിൽ വേരുറച്ചത് സ്വാമി അഭേദാനന്ദനിലൂടെയാണ്. 

മഹാമന്ത്രാലയങ്ങൾ എന്നറിയപ്പെടുന്ന രണ്ട് ആശ്രമങ്ങൾ സ്ഥാപിച്ച്, അദ്ദേഹം തുടക്കമിട്ടത് അവിശ്വസനീയമായ  ഒരു യജ്ഞത്തിനാണ് – അഖണ്ഡ നാമജപം. ജന്മനാടായ തിരുവനന്തപുരത്താണ് സ്വാമിജി രണ്ട് ആശ്രമങ്ങളും സ്ഥാപിച്ചത് – 1946ൽ നെയ്യാറ്റിൻകര ആറയൂരിലും 1955ൽ കിഴക്കേക്കോട്ടയിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തും.

 

എന്തു കൊണ്ട് അവിശ്വസനീയം?  

swami-abhedananda4
ചട്ടമ്പി സ്വാമികളെക്കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹത്തെ ഒരിക്കൽ സന്ദർശിച്ചതും ‘വേലായുധ’ന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി.

ഭക്തിലഹരിയോടെ നഗരം ചുറ്റിയുള്ള നാമസങ്കീർത്തനവും ഭജനയും സത്സംഗങ്ങളും വഴി  ആധ്യാത്മികതയുടെ പുതിയൊരു ലോകം തുറന്ന അഭേദാനന്ദ സ്വാമി 1955ൽ കിഴക്കേക്കോട്ടയിലെ ആശ്രമത്തിൽ തുടക്കമിട്ട അസാധാരണ യജ്ഞമാണ് അഖണ്ഡനാമജപം. ആശ്രമത്തിലെ അഖണ്ഡനാമ വേദിയിൽ അഭേദാനന്ദ സ്വാമി കൊളുത്തിയ കെടാവിളക്കു സാക്ഷിയായി തുടക്കമിട്ട ഹരേ രാമ.. മന്ത്രജപം പിന്നെ നിലച്ചിട്ടില്ല.  67 വർഷങ്ങൾ പിന്നിട്ട്, ഒരിക്കൽ പോലും തടസ്സപ്പെടാതെ, ഇടവേളയില്ലാതെ ആ ജപയജ്ഞം ഇപ്പോഴും തുടരുകയാണ്.   കെടാവിളക്കിനു ചുറ്റും ഒരാൾ രാമമന്ത്രം ജപിച്ച് ഒരു മണിക്കൂർ വലംവയ്ക്കുന്നു. അതു തീരുന്നനിമിഷം മറ്റൊരാൾ തയാറായി നിൽപുണ്ടാവും – ഈ ജപച്ചരട് മുറിയാതെ അടുത്ത ഒരു മണിക്കൂർ ചൊല്ലാൻ.  ചൊല്ലുന്നവർ സങ്കൽപപ്രകാരം നാരദൻ തന്നെയാണ് – ഒരു തംബുരുമീട്ടി ആ വ്യക്തി നാമം ജപിച്ചു നീങ്ങും. അടുത്തു വരുന്നയാൾ ഇദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ച് തംബുരു ഏറ്റുവാങ്ങും. അതോടെ അദ്ദേഹമാകുന്നു നാരദൻ. ഇങ്ങനെ 67 വർഷമായി ഈ അഖണ്ഡനാമവേദിയിൽ ഹരേ രാമ ഇടതടവില്ലാതെ മുഴങ്ങുന്നു. രാപകൽ വ്യത്യാസമില്ലാതെ. ഇതുപോലെ  ആറയൂരിലെ ആശ്രമത്തിലും അഖണ്ഡനാമജപം വർഷങ്ങളായി നടക്കുന്നുണ്ട്.  ഗിന്നസ് റെക്കോർഡിൽ ഉൾപ്പെടാനോ ഒന്നും ആശ്രമ ട്രസ്റ്റ് ശ്രമിക്കാത്തതിനാൽ മാത്രം, ഇത് രേഖപ്പെടുത്തപ്പെട്ടില്ല എന്നു പറയാം. 

 

swami-abhedananda3
ഭക്തിലഹരിയോടെ നഗരം ചുറ്റിയുള്ള നാമസങ്കീർത്തനവും ഭജനയും സത്സംഗങ്ങളും വഴി ആധ്യാത്മികതയുടെ പുതിയൊരു ലോകം തുറന്ന അഭേദാനന്ദ സ്വാമി 1955ൽ കിഴക്കേക്കോട്ടയിലെ ആശ്രമത്തിൽ തുടക്കമിട്ട അസാധാരണ യജ്ഞമാണ് അഖണ്ഡനാമജപം.

കാരണക്കാരനായ ആ രാമഭക്തൻ – ഒരു അദ്ഭുതകഥ

1954ൽ  അഭേദാനന്ദ സ്വാമി തിരുവനന്തപുരത്ത് തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നാലു മാസം നീളുന്ന ചതുർമാസ്യ അഖണ്ഡ നാമ ജപയജ്ഞം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.  വിഷ്ണു സഹസ്രനാമ ലക്ഷാർച്ചനയോടു കൂടിയാണ് യജ്ഞം അവസാനിക്കുന്നത്. അഖണ്ഡനാമജപം അവസാനിക്കാറായി. തംബുരു മീട്ടി മഹാമന്ത്രം പാടിക്കൊണ്ടിരുന്ന ഗുരുവിന്റെ ശബ്ദം നേർത്തുനേർത്ത് ഒടുവിൽ നിലച്ചു. പരിപൂർണ നിശ്ശബ്ദനായി ധ്യാനത്തിലാണ്ട ഗുരുവിനൊപ്പം ക്ഷേത്രാന്തരീക്ഷമാകെ നിശ്ശബ്ദതയിലായി. ഈ സമയം യജ്ഞമണ്ഡപത്തിനു പിന്നിൽ നിന്ന് വലിയൊരു ശബ്ദമുണ്ടായി. കണ്ണു തുറന്ന ഗുരുദേവൻ ശബ്ദംകേട്ട ഭാഗത്തേക്കു തുറിച്ചുനോക്കി അൽപസമയം ഇരുന്നുവത്രെ. എന്നിട്ട് ആരതി നിർവഹിച്ച് പൂക്കൾ ഉപയോഗിച്ച് വിളക്കണച്ച് അവിടെ നിന്നെഴുന്നേറ്റു പോയി. അവിടെ നിന്ന ഒരു പ്ലാവിന്റെ വലിയ ശിഖരം ആരോ വലിച്ചൊടിച്ചതു പോലെ ഒടിഞ്ഞു തൂങ്ങിയ ശബ്ദമായിരുന്നു കേട്ടത്. പിന്നീട് ഗുരു അതേക്കുറിച്ച് ഇങ്ങനെ പറഞ്ഞു – ‘‘രാമ നാമ ജപം കേട്ടുകൊണ്ട് ആഞ്ജനേയൻ ആ മരത്തിലിരിപ്പുണ്ടായിരുന്നു. ജപം നിർത്തിയത് ഇഷ്ടപ്പെടാത്തതു കൊണ്ടാകണം  ചില്ല ഒടിച്ചത്.’’ 

swami-abhedananda1
വൻ വിജയമായ ചിത്രത്തിന്റെ വിജയാഹ്ലാദത്തിനുശേഷം സ്വാമിക്ക് ഒരു വാഹനാപകടം ഉണ്ടായി. ഈ അപകടം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.

 

എന്തായാലും അതിനു ശേഷമാണ്, നിലയ്ക്കാത്ത ജപമാണു വേണ്ടതെന്ന് ഗുരു തീരുമാനമെടുത്തതും കിഴക്കേക്കോട്ടയിലെ ആശ്രമത്തിൽ അഖണ്ഡനാമജപം തുടങ്ങിയതും. ഇവിടെ ആഞ്ജനേയനെയും പ്രതിഷ്ഠിച്ചു. ഇപ്പോഴും ഇവിടെ അഖണ്ഡനാമ ജപത്തിനിടെ ആരെങ്കിലും ഉറങ്ങിപ്പോയാൽ ആഞ്ജനേയൻ ‘ഇടപെടും’ എന്ന് അന്തേവാസികൾ പറയുന്നു. 

നാമ ജപം ആണ് ഈ ആശ്രമത്തിന്റെ ജീവൻ എന്ന് ഗുരു ഉപദേശിച്ച സാരം ഗ്രഹിച്ചുതന്നെ ഇന്നും ആശ്രമ ട്രസ്റ്റും ഭക്തരും പ്രവർത്തനങ്ങൾ തുടരുന്നു.  ഫണ്ട് സ്വരൂപിക്കുകയോ ആശ്രമത്തിനു ശാഖകൾ ഉണ്ടാക്കുകയോ ലക്ഷ്യമിടാതെ,.അഖണ്ഡനാമജപം മുടങ്ങാതെ തുടരണം എന്നതിൽ ശ്രദ്ധയൂന്നിയാണ് ഇവിടത്തെ പ്രവർത്തനങ്ങൾ . ഇക്കാരണം കൊണ്ടാണ് കോവിഡ് കാലത്തു ക്ഷേത്രം അടച്ചിട്ടപ്പോൾ പോലും മുടങ്ങാതെ അഖണ്ഡനാമജപ യജ്ഞം തുടരാനായതെന്നും അഭേദാശ്രമം ജന.സെക്രട്ടറി വി.രാംകുമാർ പറഞ്ഞു.

swami-abhedananda5
റിഷികേശിൽ വച്ച് സ്വാമി സ്വരൂപാനന്ദ ഭാരതി എന്ന മഹാത്മാവിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി അഭേദാനന്ദ ഭാരതി എന്ന പേരു സ്വീകരിച്ചു. അഭേദാനന്ദ മഹാരാജ് എന്നു പിന്നീട് അറിയപ്പെട്ടു.

 

1909 ഏപ്രിൽ 8ന് വിശാഖം നക്ഷത്രത്തിൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകര ആറയൂർ ഗ്രാമത്തിൽ പണയിൽ വീട്ടിൽ കൃഷ്ണപിള്ളയുടെയും ലക്ഷ്മി പിള്ളയുടെയും മകനായിട്ടാണ് വേലായുധൻ എന്ന ‘വേലുക്കുട്ടി’യുടെ ജനനം. സുബ്രഹ്മണ്യനെ പ്രാർഥിച്ചു കിട്ടിയ കുട്ടി മുരുകന്റെ ജന്മനക്ഷത്രമായ വിശാഖത്തിനു തന്നെ പിറന്നതിനാലാണു വേലായുധൻ എന്നു പേരിട്ടത്.  പിതാവിന്റെ സഹോദരനും ‘മഹാത്മാവ്’ എന്ന് പിൽക്കാലത്ത് സ്വാമി തന്നെ വിശേഷിപ്പിക്കുകയും ചെയ്ത പത്മനാഭപിള്ളയാണ് വേലുക്കുട്ടിയെ ക്ഷേത്രങ്ങളിൽ ഭജനയ്ക്കു കൊണ്ടുപോയിരുന്നതും സംസ്കൃതം പഠിപ്പിച്ചതുമൊക്കെ. ഇദ്ദേഹമാണ് തന്റെ ആദ്യ ഗുരു എന്ന് അഭേദാനന്ദ സ്വാമി പിന്നീടു പറയുകയുണ്ടായി. ചട്ടമ്പി സ്വാമികളെക്കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹത്തെ ഒരിക്കൽ സന്ദർശിച്ചതും ‘വേലായുധ’ന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി.  ഇരുപതാം വയസ്സിൽ രമണ മഹർഷിയുടെ ആശ്രമത്തിലെത്തുകയും അദ്ദേഹത്തിനൊപ്പം കു‌റച്ചുകാലം ചെലവഴിക്കുകയും ചെയ്തു. ആധ്യാത്മിക വളർച്ചയിൽ ഏറെ നിർണായകമായ കാലഘട്ടമായിരുന്നു ഇത്. ഭക്തിയിലേക്കു കൂടുതൽ ശ്രദ്ധയൂന്നാൻ വേലായുധൻ എന്ന അഭേദാനന്ദനെ പ്രേരിപ്പിച്ചത് രമണമഹർഷിയായിരുന്നു.  മുരുകഭക്തനായ വേലായുധൻ ‘മുരുകാനന്ദൻ’ എന്ന പേരു സ്വീകരിക്കുകയും ഈശ്വരാന്വേഷിയായി ഇന്ത്യയൊട്ടാകെ തീർഥങ്ങളും പുണ്യസ്ഥലങ്ങളും സന്ദർശിച്ച് യാത്ര ചെയ്യുകയും ചെയ്തു. രണ്ടുദിവസം പോലും ഒരു സ്ഥലത്തു തങ്ങാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

 

ചലച്ചിത്രനടൻ, ഗായകൻ... !

swami-abhedananda2
ശ്രീനാരായണ ഗുരുവിനെയും പരമ ഭട്ടാരക ചട്ടമ്പി സ്വാമികളെയും ശിവാനന്ദ സിദ്ധരെയും പോലുള്ള നൂറുകണക്കിന് ആത്മീയഗുരുക്കന്മാർ ജാതിവിവേചനത്തിനെതിരെ നിലകൊണ്ടത് ആധ്യാത്മികതയിലൂടെയാണ് . അതേ സന്യാസ പരമ്പരയിൽപെട്ട ഗുരുവായിരുന്നു സ്വാമി അഭേദാനന്ദനും.

ആത്മീയാന്വേഷകനെന്നതിലുപരി, സംഗീതം മുതൽ നാടക, ചലച്ചിത്ര അഭിനയം വരെ വിവിധ കലകളിൽ പ്രാവീണ്യമുള്ള ഒരു ബഹുമുഖപ്രതിഭയുമായിരുന്നു സ്വാമി അഭേദാനന്ദൻ. അസ്സൻ ദാസ് എന്ന കൊൽക്കത്തക്കാരനായ നിർമാതാവ് അദ്ദേഹത്തെ ഭക്ത നന്ദനാർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചു. സാക്ഷാൽ കെ.ബി.സുന്ദരാംബാൾ ആയിരുന്നു കൂടെ അഭിനയിക്കുന്നത്. സംഗീതത്തിലും ആത്മീയതയിലും സാമിക്കുള്ള അവഗാഹം സുന്ദരാംബാളിനെ ആകർഷിക്കുകയും അവസാനകാലം വരെ നീണ്ട സൗഹൃദബന്ധത്തിലേക്കതു നയിക്കുകയും ചെയ്തു. വൻ വിജയമായ ചിത്രത്തിന്റെ വിജയാഹ്ലാദത്തിനുശേഷം സ്വാമിക്ക് ഒരു വാഹനാപകടം ഉണ്ടായി. ഈ അപകടം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.  സ്വപ്നദർശനം നൽകിയ മഹർഷിതുല്യന്റെ ചോദ്യങ്ങൾ അഭേദാനന്ദനെ തന്റെ ജീവിതലക്ഷ്യമെന്തെന്നതിലേക്കു ശ്രദ്ധപതിക്കാൻ  പ്രേരിപ്പിച്ചു. അത് അഭിനയമോ കലാപ്രവർത്തനമോ അല്ലെന്നു മനസ്സിലാക്കിയ സ്വാമി അസം ദാസിന് ഒരു കത്തെഴുതി വച്ച് വിലകൂടിയ വസ്ത്രങ്ങളും അസംദാസ് നൽകിയിരുന്ന എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച്  വാരാണസിയിലേക്കു തിരിച്ചു. റിഷികേശിൽ വച്ച് സ്വാമി സ്വരൂപാനന്ദ ഭാരതി എന്ന മഹാത്മാവിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി അഭേദാനന്ദ ഭാരതി എന്ന പേരു സ്വീകരിച്ചു. അഭേദാനന്ദ മഹാരാജ് എന്നു പിന്നീട് അറിയപ്പെട്ടു. 

 

സ്നേഹമെന്ന ജാതി 

swami-abhedananda6
1983 ഒക്ടോബർ 29ന് ഹരിദ്വാറിൽ വച്ചായിരുന്നു സ്വാമി അഭേദാനന്ദ മഹാരാജിന്റെ സമാധി.

ഇന്ത്യയിൽ ജാതി വിവേചനത്തിന്റെയും വർണവെറിയുടെയും വേരുകൾ അന്വേഷിച്ചുപോയാൽ പലപ്പോഴും അത് വിശ്വാസങ്ങളിൽ തട്ടിയാണു നിൽക്കുക. എന്നാൽ ജാതി വിദ്വേഷങ്ങൾക്കെതിരെ ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചിട്ടുള്ളവരാണ് ആധ്യാത്മികഗുരുക്കന്മാർ.  ശ്രീനാരായണ ഗുരുവിനെയും പരമ ഭട്ടാരക ചട്ടമ്പി സ്വാമികളെയും ശിവാനന്ദ സിദ്ധരെയും പോലുള്ള നൂറുകണക്കിന് ആത്മീയഗുരുക്കന്മാർ ജാതിവിവേചനത്തിനെതിരെ നിലകൊണ്ടത് ആധ്യാത്മികതയിലൂടെയാണ് . അതേ സന്യാസ പരമ്പരയിൽപെട്ട ഗുരുവായിരുന്നു സ്വാമി അഭേദാനന്ദനും. 

 

ജാതി ഭേദമില്ലാതെ ഭക്തരെ ഒന്നിപ്പിച്ച കോടി അർച്ചന

അഭേദാനന്ദസ്വാമി  ആദ്യമായി ‘കോടി അർച്ചന’ എന്ന വിഷ്ണുസഹസ്രനാമാർച്ചന സംഘടിപ്പിക്കുന്നത് 1958ൽ ആണ്. അതും മദ്രാസിൽ. ശൈവ – വൈഷ്ണവ വിഭാഗീയതയും ജാതി വെറിയും മുറ്റി നിൽക്കുന്ന തമിഴ്നാട്ടിലെ ആ കാലഘട്ടത്തിൽ ജാതി–മത ഭേദമെന്യേ ആൺ പെൺ വ്യത്യാസമില്ലാതെ ആർക്കും വന്ന് വിഷ്ണുസഹസ്രനാമാർച്ചന നടത്താനുള്ള അവസരം സ്വാമി ഒരുക്കുകയായിരുന്നു. ഒരു കോടി തവണ നാമാർച്ചന നടത്തണം എന്നതായിരുന്നു ലക്ഷ്യം. ഇത് പരമ്പരാഗത ഹിന്ദു മതവിഭാഗങ്ങളെ ക്ഷുഭിതരാക്കി. പക്ഷേ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പതിനായിരക്കണക്കിന് ആളുകൾ കോടി അർച്ചനയ്ക്കായി ഒഴുകിയെത്തുകയും 7 ദിവസം കൊണ്ട് ഒരു കോടി തവണ നാമാർച്ചന നടത്തി അതു പൂർത്തിയാക്കുകയും ചെയ്തു.

വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ആശ്രമത്തിൽ ഇക്കഴിഞ്ഞ മാസം  കോടിയർച്ചന നടത്തുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.   മഹാവിഷ്ണുവിന്റെ ആയിരം നാമങ്ങളടങ്ങിയ വിഷ്ണുസഹസ്രനാമം ഒരു കോടിയെത്തും വരെ ചൊല്ലുന്നതാണ് കോടി അർച്ചന. 

 

അപൂർവ പ്രതിഷ്ഠ

കിഴക്കേക്കോട്ടയിലെ ആശ്രമത്തിൽ ബാല കൃഷ്ണന്റെ പ്രതിഷ്ഠയും അൽപം കൂടി മുതിർന്ന സങ്കൽപത്തിലുള്ള രാധാദേവിയുടെ പ്രതിഷ്ഠയുമാണ് പ്രധാനമായി ഉള്ളത്. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് പ്രതിഷ്ഠയും. ഒരു കോടി മഹാമന്ത്രം എഴുതി (ലിഖിതജപം) സമർപ്പിച്ച് അതിനുമുകളിലായിട്ടാണ് ഇവിടെ പ്രതിഷ്ഠ. സ്വാമി പ്രതിഷ്ഠ നടത്താൻ തീരുമാനിച്ചപ്പോൾ  നാലു കോടിയിലേറെ ലിഖിതജപമാണ് എത്തിച്ചേർന്നത്. ഒരു  വലിയ നിലവറയിൽ ഈ മന്ത്രങ്ങളെല്ലാം സ്ഥാപിച്ച് അതിനു മുകളിലായി   സ്വാമി രാധാദേവിയുടെ പ്രതിഷ്ഠ നടത്തി. ഇപ്പോഴും ഭക്തർ എഴുതി എത്തിക്കുന്ന മന്ത്രങ്ങൾ അവിടെ നിക്ഷേപിക്കുന്നു. രാധാദേവി കൃഷ്ണന് അഭിമുഖമായി നിൽക്കുന്ന ഏക ക്ഷേത്രവും ഇതുതന്നെ. 

 

1983 ഒക്ടോബർ 29ന് ഹരിദ്വാറിൽ വച്ചായിരുന്നു സ്വാമി അഭേദാനന്ദ മഹാരാജിന്റെ സമാധി. ഭക്തിയുടെ കാഠിന്യത്തിൽ ഊതിക്കാച്ചിയെടുത്തതിനാലാവണം, ‘‘ താൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും മൃദുലഹൃദയൻ’’ എന്ന് ശ്രീ എം തന്റെ ഗുരുസമക്ഷം എന്ന ആത്മകഥയിൽ എഴുതിയ ഈ മഹാത്മാവ് ഇന്നും ജനഹൃദയങ്ങളിൽ ആധ്യാത്മികവഴികാട്ടിയായി ജീവിക്കുന്നു. 

 

English Summary: Life Story of Swami Abhedananda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com